വിവരണം – Joshna Sharon Johnson.

ലഡാക്ക് സുന്ദരമാണ്. പക്ഷെ കേരളമല്ല ലഡാക്ക്. അവിടത്തെ ഓക്സിജൻ ലെവൽ, വായുവിലെ ഈർപ്പം, ഇവയെല്ലാം വളരെ കുറവാണ്. നിലവിലെ സാഹചര്യത്തിൽ മണാലി വഴി റോഡ് മാർഗം, അല്ലെങ്കിൽ ലേയിലേക്കു നേരിട്ട് ഫ്ലൈറ്റ് മാർഗമാണ് ലേയിൽ എത്താനുള്ള രണ്ടു വഴികൾ. ഫ്ലൈറ്റ് വഴി വരുകയാണെങ്കിൽ പ്രേത്യേകിച്ച് ആസ്ത്മ, ബിപി മുതലായ ആരോഗ്യ പ്രശ്നം ഉള്ളവരാണെങ്കിൽ ഡോക്ടറെ കണ്ടു അഭിപ്രായം തേടിയതിനു ശേഷം ലേയിലേക്ക് വരുക. ഡൈമോക്സ് മുതലായ ടാബ്ലെറ്റുകളാണ് കൂടുതൽ പേരും റെക്കമെന്റ് ചെയ്യുന്നത്. അല്ലാത്തവർ നല്ലവണ്ണം വെള്ളം കുടിക്കുക. കുറഞ്ഞത് നാലു ലിറ്റർ. വരുന്നതിനു രണ്ടു ദിവസം മുൻപും വന്നു രണ്ടു മുതൽ മൂന്നു ദിവസം വരെയും ഇത് തുടരുക. പിന്നീട് രണ്ടോ മൂന്നോ ലിറ്റർ കുടിച്ചാൽ മതിയാകും. വെള്ളം ആവശ്യത്തിന് കുടിച്ചാൽ ഓക്സിജൻ മാസ്ക്കൊക്കെ വെറും കോമഡിയാകും.

സൺഗ്ലാസ് മറക്കരുത്. കണ്ണടിച്ചു പോകും അല്ലെങ്കിൽ. ഡസ്റ്റ് മാസ്കും അത്യാവശ്യം. മണാലി വഴി റോഡ് മാർഗം വരുന്നവർക്കും വെള്ളം കുടി ബാധകമാണ്. വണ്ടികളെല്ലാം ബസ് ആയാലും ഷെയർ ടാക്സി ആയാലും ഇടക്കൊക്കെ നിർത്തിത്തരുന്നത്കൊണ്ട് മറ്റുള്ള ശങ്കളൊന്നും വേണ്ട. വരുന്ന വഴിക്ക് കിട്ടുന്നതെല്ലാം വലിച്ചു തിന്നരുത്, പണി കിട്ടും. പനി, വയറ്റിളക്കം, തലവേദന മുതലായവ. ഫ്രൂട്സും, ഡ്രൈ ഫ്രൂട്സും വെള്ളവും പെർഫെക്റ്റ് ചോയ്‌സ് ആണ്. തണുപ്പിന് സിഗരറ്റ് വേണ്ട. ഈ യാത്രയിൽ അതൊഴിവാക്കുന്നതാണ് ഉത്തമവും. ചായ, കോഫീ, സൂപ്പ് എന്നിവ ആകാം.

ബൈക്ക് നല്ലവണ്ണം ഓടിക്കാനറിയാമെങ്കിൽ മാത്രം റെന്റ് ബൈക്ക് എടുത്തു വരുക. മണാലി മുതൽ ലേഹ് വരെ 473 കിലോമീറ്റർ ദൂരമെന്നത് 1000 കിലോമീറ്റർ ആയി കൂട്ടണം. റോഡ് മോശമാണ്. കൊടും തണുപ്പ്, മഞ്ഞു വീഴ്ച, കാറ്റ്, മഴ എന്നിവ തീർച്ചയായും പ്രതീഷിക്കാം. ഹെൽമെറ്റ് ചെക്ക് ചെയ്യാനായി ആരുമുണ്ടാകില്ല. എന്നാൽ ഹെൽമെറ്റ് വക്കാതിരുന്നാൽ 8+8=16 ന്റെ പണി കിട്ടും. ഇങ്ങോട്ടു വരും വഴി ഹെൽമെറ്റ് ഊരിവച്ച്‌ പ്രകൃതി ഭംഗി ആസ്വദിയ്ക്കാൻ നിന്ന ഒരു സുഹൃത്തിന്റെ തലയിൽ കല്ല് (shooting stone) വീണു പണികിട്ടിയത് അടുത്താണ്.ബൈക്കിൽ കയറുമ്പോൾ വയ്ക്കുന്ന ഹെൽമെറ്റ് ഇവിടെ വന്നിട്ട് ഊരിയാൽ മതി.

മണാലിയിൽനിന്ന് ഒറ്റദിവസം കൊണ്ട് മാരത്തൺ നടത്താതെ രണ്ടു ദിവസം കൊണ്ട് വന്നാൽ സ്ഥലങ്ങളും കാണാം. ശരീരവും നന്നായിരിക്കും. തിരക്ക് കുറഞ്ഞ അവസ്ഥയിൽ റൂമുകൾ ബുക്ക് ചെയ്തു വന്നില്ലെങ്കിലും കുഴപ്പമില്ല. അത്യാവശ്യം സൗകര്യങ്ങളുള്ള രണ്ടുപേർക്ക് ഉപയോഗിക്കാവുന്ന മുറികൾ 500 രൂപമുതൽ മുകളിലേക്ക് കിട്ടും. ഡോർമെട്രികളും ഉണ്ട്. സിം ഇവിടെ വന്നു എടുക്കുന്നതിലും നല്ലത്, എയർടെൽ, BSNL മുതലായ സിമ്മുകളാണെങ്കിൽ പോസ്റ്റ് പെയ്ഡ് ആക്കി കൊണ്ടുവരുക. മറ്റുള്ള നെറ്റ്-വർക്കിലുള്ള സിമ്മുകൾ കസ്റ്റമർ കെയറിൽ വിളിച്ചുപറഞ്ഞു വരും മുൻപ് മാറ്റി കൊണ്ടുവരാം.

സ്ഥലങ്ങൾ കാണാനുള്ള പെർമിറ്റിന് ടൂർ ഇൻഫർമേഷൻ സെന്ററിൽ പോയാൽ മതി. പോകും മുൻപ് ഒരു കഫെയിൽ കയറി ഓൺലൈൻ അപ്ലിക്കേഷൻ കൊടുത്തു, അതിന്റെ പ്രിന്റ് എടുത്ത് അതുംകൊണ്ട് പോകുക. പ്രിന്റിങ് ചാർജ്, ഫില്ലിംഗ് ചാർജ് ഉൾപ്പെടെ 100 രൂപയിൽ അധികമാകില്ല. ബാക്കി അടക്കേണ്ട പണം ആ പ്രിന്റിൽ ഉണ്ടാകും. അത് ടൂർ ഇൻഫർമേഷൻ ഓഫീസിൽ അടക്കുക. മണ്ടത്തരം പറ്റി ആയിരങ്ങൾ കളയാൻ നിൽക്കരുതെന്നാണ് ഉദ്ദേശിച്ചത്.

മണാലിയിൽ നിന്നുള്ള റെന്റ് ബൈക്ക് കർതുന്ഗ്ല വഴി കയറ്റി വിടില്ല. സ്വന്തം വണ്ടികൾക്ക് പ്രശ്നമില്ല. അതുകൊണ്ടു മണാലിയിൽ നിന്ന് വണ്ടിയെടുക്കുന്നവർ ഇത് പറഞ്ഞാൽ രണ്ടു ദിവസത്തെ പണത്തിന്റെ ഇളവ് അവർ ചെയ്തു തരും. ആ പണത്തിന് ലേയിൽ നിന്ന് വണ്ടി റെന്റിനെടുക്കാം. ഇത് അവരോടു മുൻകൂട്ടി പറഞ്ഞില്ലെങ്കിൽ തിരികെ ചെല്ലുമ്പോൾ അവർ സമ്മതിക്കില്ല. ഇനി ഏതെങ്കിലും കാരണവശാൽ അവിടെ നിന്ന് വണ്ടിയെടുക്കുകയും അവിടെ ഇക്കാര്യം സൂചിപ്പിക്കാൻ മറക്കുകയും ചെയ്താൽ, വന്ന ദിവസം പെർമിറ്റ് എടുത്തതിനു ശേഷം പിറ്റേന്ന് അതിരാവിലെ (5-6) കർതുന്ഗ്ല കയറുക. ചെക്കിങ് ഗവണ്മെന്റ് ചെക്കിങ് അല്ല. ഇവിടുത്തെ ലോക്കൽ അസോസിയേഷൻ ചെക്കിങ് ആണ്. അതുകൊണ്ടു തന്നെ ഇത് ലംഘിച്ചാലും നിയമപ്രശ്നങ്ങൾ ഇല്ല.

അവിടുത്തെ നെറ്വർക്കിന്റെ ഗുണം കൊണ്ട് കാർഡ്, ഓൺലൈൻ പേയ്മെൻറ്സ് തീരെയില്ല, ഉള്ളതൊക്കെ ദുരന്തമാണ്. അതുകൊണ്ടു ലിക്വിഡ് ക്യാഷ് കയ്യിൽ കരുതണം. കള്ളന്മാർ ലേയിൽ വംശനാശം സംഭവിച്ച ജീവികളാണ്. അതുകൊണ്ടു മോഷണഭീതി വേണ്ട. ലേയിൽ നിന്ന് മറ്റിടങ്ങളിൽ സ്വന്തമായുള്ള അല്ലെങ്കിൽ റെന്റ് വണ്ടിയിൽ കറങ്ങാൻ പോകുമ്പോൾ പെട്രോൾ അല്ലെങ്കിൽ ഡീസൽ കയ്യിൽ കരുതുക. അവിടുത്തെ ഉൾമേഖലയിലുള്ള പമ്പുകളെല്ലാം വെറും കാഴ്ചക്ക് മാത്രമാണ്. പണി കിട്ടാതിരിക്കാനും കിട്ടിയാലും സഹായങ്ങൾക്കും വിളിക്കാം – 8086932149, 8848392395.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.