വിവരണം – ജോഷ്‌ന ഷാരോൺ ജോൺസൻ

പാന്ഗോങ് എന്നൊരു തടാകം ലഡാക്കിൽ ഉണ്ടെന്നുപോലും ഞാൻ അറിഞ്ഞിട്ട് അധികമായില്ല. അതിനെ വിവരമില്ലായ്മ എന്ന് പറയാൻ കഴിയില്ല. നാലു വർഷം തിരുവനന്തപുരത്തു താമസിച്ചിട്ട് കോവളം ബീച്ചും കന്യാകുമാരിയും പോയിക്കാണാനുള്ള മനസോ സമയമോ ഇല്ലാതിരുന്ന ആഗോളമടിച്ചിയായിരുന്നു ഞാൻ.

ലഡാക്കിൽ ഡ്രൈഡേ എന്നൊരു സംഭവം ഉണ്ട്. പച്ചക്കറിദിവസം എന്ന് ഞാനതിനെ വിളിക്കും.അന്നേദിവസം ഇറച്ചി, മീൻ, മുട്ട ഒന്നും പാടില്ല. റെസ്റ്റോറന്റിൽ തിരക്ക് തീരെ കുറവാകും. അങ്ങനെയുള്ളൊരു ദിവസം തലേന്ന് ഉച്ചക്ക് സുധി എന്നേം കൂട്ടിയിറങ്ങി. ത്രീ ഇഡിയറ്സ് സീനൊക്കെ കാണിച്ചുള്ള സുധിയുടെ സൈക്കോളജിക്കൽ മൂവിൽ ‘സുധിയുടെ മൂട്ട’ (ഞാൻ) മൂക്കും കുത്തി വീണു എന്ന് വേണം പറയാൻ.

കഴിഞ്ഞ മലാന യാത്രയുടെ ഓർമയിൽ ഞാൻ ഒരു ജോഡി ഡ്രസ്സ് മാത്രം അധികമെടുത്തു. സുധി മൂന്നു സ്ലീപ്പിങ് ബാഗും പുതപ്പും ടെന്റുമെല്ലാം എടുക്കുന്നതു കണ്ടു ഞാൻ കളിയാക്കി തെറിച്ചു നടന്നു. ഫ്ലാസ്കിൽ ചൂടുവെള്ളമൊക്കെ എടുക്കുന്നതും മണ്ണെണ്ണ സ്റ്റവ്വിൽ മണ്ണെണ്ണ നിറക്കുന്നതൊക്കെ കണ്ട് അവിടെ സ്ഥിരതാമസമാക്കാൻ പോകുവാണോ എന്ന് പോലും ഞാൻ ചിന്തിച്ചു. ബിസ്കറ്റും നൂഡിൽസും ഒക്കെ സുധി കെട്ടി ഭാണ്ഡമാക്കി. അങ്ങനെ യാത്ര തുടങ്ങി.

ലേയിൽ നിന്ന് പാങ്കോങ്ങിലേക്ക് 230 കിലോമീറ്റർ ഉണ്ട്. ഏകദേശം 6 മണിക്കൂർ യാത്രയുണ്ട്. സുഹൃത്തിന്റെ വണ്ടിയും കൊണ്ടാണ് യാത്ര തിരിച്ചത്. യാത്ര തുടങ്ങി ഒരു മണിക്കൂറിൽ നെറ്റ്‌വർക്ക് പോയി. അതോടുകൂടി ഫോണിൽ കുത്തൽ അവസാനിപ്പിച്ച ഞാൻ പുറത്തേക്ക് നോക്കി യാത്ര ആസ്വദിക്കാൻ തുടങ്ങി.

പലയിടത്തും റോഡ് മോശമാണ്. നമ്മുടെ നാട്ടിലെ ആറ് വറ്റിച്ചാൽ എങ്ങനെയിരിക്കും, അതാണ് പലയിടത്തും റോഡ്. എന്നാൽ ചിലയിടങ്ങളിൽ കിക്കിടു റോഡ്. അങ്ങനെ പാഞ്ഞു പോകുമ്പോൾ കടന്ന് പോയ പാലങ്ങളെല്ലാം മിലിറ്ററി പണിതതാണ് എന്നറിഞ്ഞപ്പോൾ ഞാനിടക്ക് ഇന്ത്യൻ മിലിറ്ററിക്ക് ജയ്‌വിളിച്ചു. ഇടക്കിടക്ക് വേഗത്തിലോടിച്ച് സുധി എന്നെ പേടിപ്പിക്കാൻ നോക്കി. ഞാനേ ജോൺസന്റെ മോളാ.. ഒരു ഹർത്താലിന് തിരുവനന്തപുരത്തുനിന്ന് തന്നെ എന്റെ പാട്ട വണ്ടിയും കൊണ്ട് വന്ന്‌ അങ്ങളെന്റെ കയ്യിന്നു ആവശ്യത്തിന് കുത്ത് 8 വര്ഷം മുൻപ് വാങ്ങിട്ടുണ്ട് ഞാൻ.. ആ എങ്ങനെയാ സുധി എന്ന മാക്രി പേടിപ്പിക്കാൻ നോക്കുന്നെ. പക്ഷെ ഇടക്കൊക്കെ പേടിച്ചു എന്നത് പരമസത്യം.

അങ്ങനെ ഏകദേശം 100 കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും മുൻപിൽ ഒരു 200 മീറ്റർ അകലെ ഒരു ചെറിയ അരുവി കണ്ടു. മഞ്ഞുരുകി വന്നതാണ്. കണ്ടപ്പോഴേ വേഗം കുറച്ചു നിർത്താൻ ഞാൻ പറഞ്ഞു. അത് ചെറിയതല്ലേ കേറിപ്പോകും എന്ന് പറഞ്ഞു സുധി മുൻപോട്ട് പോയി. എന്നാൽ ചെല്ലും തോറും അതിന്റെ ഒഴുക്കും വലിപ്പവും കൂടിവന്നു. വണ്ടി പതിയെ സുധി ഇറക്കി. ഒരു മീറ്റർ കഴിയാൻ ബാക്കിയുള്ളപ്പോൾ വണ്ടി കുടുങ്ങി. ഒഴുക്ക് കൂടി വന്നു. ബാഗും ക്യാമറയും ഫോണുമെല്ലാം ഞാനും സുധിയും കരക്കെത്തിച്ചു. ആരെയും കാണാനുമില്ല. നേരം വൈകാനും തുടങ്ങി.

ഞാൻ പേടിച്ച് സുധിയെ ഉപദ്രവിക്കാനും വഴക്കുണ്ടാക്കാനും തുടങ്ങി. ഞാൻ ചത്താലും നീ ചാകില്ല എന്നും പറഞ്ഞു സുധി ഫോണിൽ റേഞ്ച് കിട്ടുമോ എന്നറിയാൻ മുകളിലേക്ക് കയറിനോക്കി. ആ സമയം കരയിൽ കുത്തിയിരുന്ന് ഞാൻ ഒരുപാക്കറ്റ് കടല തിന്നുതീർത്തു. ചാകുന്ന സമയത്തും തീറ്റ മുടക്കരുത്. അതാണെന്റെ പോളിസി. റേൻജ് കിട്ടില്ല എന്ന സത്യം മനസിലാക്കി വന്ന് സുധിയും ഒപ്പം കൂടി. വെയിൽ മങ്ങിയതോടെ ഒഴുക്ക് ചെറുതായി കുറഞ്ഞു. നേപ്പാളികളായ കുറച്ചു പേര് ഒരു വണ്ടിയിൽ വരുന്നുണ്ടായിരുന്നു. അവർ വന്നതും വണ്ടി നിർത്തി ഇറങ്ങി. ചെറുതായി വണ്ടി ബാക്കിൽനിന്ന് പൊക്കി തള്ളിക്കയറ്റാൻ നോക്കി ദയനീയമായി പരാജയപ്പെട്ടു.

പിന്നെ അവർ കല്ലും മണ്ണുമെടുത്ത് വണ്ടിക്കടിയിലേക്കിട്ടു തുടങ്ങി. പിന്നെ ഇത്തിരിപ്പോന്ന ഒരു ചെക്കൻ വണ്ടി മുന്പോട്ടെടുത്തു. വണ്ടി കരകയറി. ഇത്തരത്തിൽ മൂന്നോ നാലോ സ്ഥലങ്ങളിൽ അവർ ഞങ്ങൾക്കായി കാത്തു നിന്ന് ഞങ്ങൾ കയറിയതിനു ശേഷം അവർ പോയി. സുധിടെ കെട്ടിലെ മൂന്നുപാക്കറ്റ് ബിസ്കറ്റും നൂഡിൽസും കൊടുത്ത് ഞാനവരെ നന്ദിയറിയിച്ചു.

ഞങ്ങൾ പാന്ഗോങ് എത്തിയപ്പോഴക്കും രാത്രിയായി. കുറച്ചു ദൂരം മുന്പോട്ടുപോയി റൂമുകൾ അന്വേഷിച്ചിട്ടും കിട്ടിയില്ല. ഏതോ ഒരു നിരപ്പിൽ ഒരു അരുവിയുടെ അരികിൽ വണ്ടി നിർത്തി സുധി ടെന്റ് അടിച്ചു. മണ്ണെണ്ണ സ്റ്റവ് കത്തിച്ചു അരുവിയിൽനിന്ന് വെള്ളമെടുത്തു വച്ചു. നൂഡിൽ വേവിച്ചു. തണുപ്പുകാരണം അനങ്ങാൻ വയ്യാതെ ഞാനൊരു മൂലക്ക് കുത്തിയിരിപ്പായി.

പതിയെ ഒരു ശങ്ക എന്നെ പിടിമുറുക്കിയിരുന്നു. അവിടെവച്ചാണ് ഒന്നിനും രണ്ടിനും ടോയ്‌ലറ്റ് ആവശ്യമില്ല എന്ന പാഠം സുധി എന്നെ പഠിപ്പിച്ചത്. പൂച്ചകളുടെ രീതി പിന്തുടരാൻ എന്റെ കെട്ടിയോൻ എന്നെ ഉപദേശിച്ചു. ജോൺസന്റെ മോൾ വഴങ്ങിയില്ല. അല്ല.. അതൊക്കെ വല്യ നാണക്കേടല്ലേ.. കുഞ്ചിത്തണ്ണിലുള്ള ആരേലും അറിഞ്ഞാലോ.. രാത്രിയാണെലും ആരേലും ടോർച്ചടിച്ച് നോക്കിയാലോ. പക്ഷെ രാത്രിയായപ്പോൾ ഞാൻ വെറും സുധിയുടെ മൂട്ടയായി മാറി. നാണക്കേടും കുഞ്ചിത്തണ്ണിയും പറന്നുപോയി.

രാത്രി കിടക്കും മുൻപ് തൊട്ടടുത്ത് അരുവിയുണ്ടായിട്ടും സുധി വെള്ളം എടുത്തു വക്കുന്നതും കണ്ടു ഞാൻ ചിരിച്ചു മടുത്തു. ഞാൻ പതിയെ നൂഡിൽസും കഴിച്ച് ടെന്റിൽ കയറി. ഒരു ബ്ലാന്കെറ് ബാഗ് സുധി ടെന്റിൽ തുറന്നു വിരിച്ചു. ഒരു ബ്ലാന്കെറ് ബാഗിൽ എന്നെ കുത്തിക്കയറ്റി. സുധി ഒരു ബ്ലാന്കെറ് ബാഗിൽ കയറി. ഒരു പുതപ്പും പുറമെ പുതച്ചു. തണുപ്പ് എന്നിട്ടും മാറിയില്ല. വിരിച്ച ബ്ലാങ്കറ്റും വച്ച് എന്നെ പൊതിഞ്ഞു. പുതച്ചിരുന്ന പുതപ്പ് രണ്ടായി മടക്കി പൊതിഞ്ഞിട്ടും തണുപ്പ് മാറാൻ സമയമെടുത്തു.

സുധിയാണെൽ ഒരു കനംകുറഞ്ഞ ബ്ലാന്കെറ്ബാഗിൽ ഒതുങ്ങി. പാവം തോന്നി. എന്നാലും പുതപ്പു മാറ്റിയാൽ ഞാൻ ചത്തുപോകുമോ എന്നുപോലും ഞാൻ പേടിച്ചു. ഒന്നുറങ്ങിവരുമ്പോഴേക്കും ശ്വാസം മുട്ടി എഴുന്നേൽക്കും. വെള്ളത്തിലേക്കു മുങ്ങിപ്പോകുമ്പോലെ തോന്നും. ഇത്രയും തണുപ്പ് സുധിയും പ്രതിക്ഷിച്ചിരുന്നില്ല. പതിയെ എപ്പോഴോ ഞാനുറങ്ങിപ്പോയി. എനിക്ക് സുധിയോട് ഏറ്റവും സ്നേഹം തോന്നിയ നിമിഷങ്ങളിലൊന്നായിരുന്നുവത്.ആ ദിവസം മുതൽ ഇന്നുവരെ അപ്പിച്ചിയില്ലാത്തതിന്റെപേരിൽ എനിക്ക് സങ്കടം തോന്നിയിട്ടില്ല.

രാവിലെ കണ്ണുതുറക്കുമ്പോൾ നല്ല വെളിച്ചമായിരുന്നു. സുധി പുറത്ത് എന്തോ ചെയ്യുന്ന ശബ്ദം കേട്ടു. ഞാൻ പതുക്കെ ടെന്റിന്റെ സിബ് തുറന്നു. പുറകിലേക്ക് വീണുപോയി. ഞങ്ങൾ കിടന്നിരുന്നത് പാന്ഗോങ് ലേക്കിന്റെ 50 മീറ്റർ മാത്രം അകലെയായിരുന്നു. സത്യം പറഞ്ഞാൽ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും ഏറ്റവും ഏറ്റവും മനോഹരമായ കാഴ്ച.

പുറത്തിറങ്ങി അരികിലുള്ള അരുവി നോക്കിയപ്പോൾ അരുവിയുടെ പൂടപോലും ഇല്ല. ഉച്ചക്ക് മഞ്ഞുരുകുമ്പോൾ മണിക്കൂറുകൾ മാത്രം നീളുന്ന നീരൊഴുക്കാണത്. അപ്പോഴാണ് സുധി വെള്ളമെടുത്തു വച്ചതിന്റെ രഹസ്യം എനിക്ക് മനസിലായത്.

പല്ലും തേച്ചു വന്നപ്പോഴേക്കും നൂഡിൽസും ചായയും സുധിയുണ്ടാക്കിയ വകയിൽ ഞാൻ കഴിച്ചു. പിന്നെ ലേക്ക് കാണാൻ ഇറങ്ങി.  കരീന കപൂർ വണ്ടിയോടിച്ച ആമിർഖാൻ പട്ടം പറത്തിയ മണലിൽ ഞാൻ നടന്നു. ഇടക്ക് വെള്ളത്തിലിറങ്ങി. നല്ല തണുപ്പ്. അത്രയും വലിയ ഉയരത്തിൽ വെള്ളത്തിന് ഉപ്പു രുചിയും. അതിനു കാരണം ആ മണ്ണിലെ മിനറൽസ് ആണെന്ന് Sudeesh Pullamplavil പറഞ്ഞു.

അവിടെ സ്കൂട്ടറിൽ ഇരുന്നു ഫോട്ടോയെടുക്കാൻ പൈസ വേണം എന്ന് പറഞ്ഞതുകൊണ്ട് ഞാനവരെ കൊഞ്ഞനം കുത്തി. അവര് കാണാതെ ഫോട്ടോ കട്ടെടുക്കാൻ നോക്കിയെങ്കിലും പണി പാളി. ഏകദേശം രണ്ടു മണിക്കൂറോളം അവിടെ ചിലവഴിച്ച് ഞങ്ങൾ തിരിച്ചു. തിരിച്ചുവരും വഴി പിന്നെയും ട്വിസ്റ്റ്. കുറെ മിലിറ്ററി ട്രക്കുകൾ ഒരുമിച്ചു നിർത്തിയിട്ടിരിക്കുന്നതുകണ്ടു. അതിലൊരു ട്രക്കിൽനിന്നു പാട്ട്. “ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..” ആഹാ.. അന്തസ്.. മലയാളിയന്തസ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.