കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ് തിരുവനന്തപുരം അഥവാ ട്രിവാൻഡ്രം. അനന്തപുരി എന്ന പേരിലും ഇത് അറിയപെടുന്നു.
നഗരത്തിന്റെ തന്നെ മുഖമുദ്രയായ അനന്തശായിയായ പത്മനാഭ സ്വാമിക്ഷേത്രമാണ് നഗരത്തിന് ഈ പേര് വരാൻ കാരണം. ആയിരം തലയുള്ള അനന്തൻ എന്ന സർപ്പത്തിന്മേൽ വിശ്രമിക്കുന്ന മഹാവിഷ്ണുവാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ. അനന്തന്റെപുരം (നഗരം) എന്നതിനോട് ബഹുമാനസൂചകമായി “തിരു’ ചേർത്തതുകൊണ്ടാണ് തിരുവനന്തപുരം എന്നുപേരുവന്നത്. തിരുവനന്തപുരം എന്നതിന്റെ ആദിരൂപം തിരു അനന്ദപുരമായിരുന്നു എന്ന് ഇളംകുളം കുഞ്ഞൻ പിള്ള പറയുന്നു. പത്മനാഭസ്വാമി ക്ഷേത്രം സ്ഥാപിക്കപ്പെടുന്നതിനു മുൻപ് ആ സ്ഥലം ആനന്ദൻകാട് എന്നുപേരുളള ഒരു കാടായിരുന്നുവത്രേ!
ഇങ്ങനെയൊക്കെ വാദഗതികളുണ്ടെങ്കിലും അനന്തൻ എന്ന നാഗത്തിൽ നിന്നുതന്നെയാണ‌് തിരുവനന്തപുരം എന്ന പേര് ഉരിത്തിരിഞ്ഞത് എന്നുതന്നെ കരുതപ്പെടുന്നു. 1991 വരെ തിരുവനന്തപുരത്തിനെ, ഔദ്യോഗികമായി- ‘ട്രിവാൻഡ്രം‘ എന്ന് പരാമർശിക്കപ്പെട്ടിരുന്നു. അതിനു ശേഷം, സർക്കാർ ഉത്തരവു പ്രകാരം, എല്ലായിടത്തും-‘തിരുവനന്തപുരം’ എന്നുതന്നെ ഉപയോഗിച്ചുപോരുന്നു. എന്നിരുന്നാലും ആഗോളതലത്തിലും വിനോദ സഞ്ചാരികളും, ഉത്തരേന്ത്യക്കാരും മറ്റും ഇപ‌്പോഴും ട്രിവാൻഡ്രം എന്നുതന്നെ ഉപയോഗിക്കുന്നു.
തിരുവനന്തപുരം നഗരത്തിന്റെ അതിപുരാതനമായ കച്ചവട ചരിത്രം ക്രി.മു 1000-ആം ആണ്ടിലേക്ക് പോകുന്നു. കേരളത്തിലെ മറ്റ് നഗരങ്ങൾ പോലെ തന്നെ സുഗന്ധ വ്യഞ്ജനങ്ങളായിരുന്നു തിരുവനന്തപുരത്തും വ്യാപാരം ചെയ്തിരുന്നത്. എന്നിരുന്നാലും, അക്കാലത്ത് തിരുവനന്തപുരത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലം മറ്റ് നഗരങ്ങളിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു. കൊച്ചി, കോഴിക്കോട് എന്നീ പ്രമുഖ നഗരങ്ങളുടെയത്രയും വ്യാപാരം ഇവിടെ നടന്നിരുന്നില്ല.
പ്രാചീന കാലത്ത് ഇവിടം ഭരിച്ചിരുന്നത് ആയ് രാജവംശമായിരുന്നു. ക്രി.വ. 10-ആം നൂറ്റാണ്ടിൽ ഭരണം വേണാട് രാജവംശത്തിന്റെ കീഴിൽ വന്നു. 1684 ൽ ഉമയമ്മ റാണിയുടെ കാലത്താണ് തിരുവനന്തപുരത്തുനിന്നും 32 കിലോ മീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ് എന്ന പ്രദേശത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത്.. തിരുവനന്തപുരം ആധുനികതയുടെ ആദ്യ ചുവടു വയ്പ്പുകൾ നടത്തിയത് 1729-ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭരണാധികാരി ആയതിന് ശേഷമാണ്. 1745-ലാണ് തിരുവനന്തപുരം, തിരുവിതാംകൂറിന്റെ തലസ്ഥാനമാക്കപ്പെട്ടത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ, സ്വാതിതിരുനാൾ മഹാരാജാവും ആയില്യം തിരുനാൾ മഹാരാജാവും രാജ്യം ഭരിച്ചിരുന്ന സമയത്താണ് ഈ പട്ടണത്തിന്റെ സുവർണ്ണ കാലഘട്ടം എന്നു പറയാവുന്നത്. സ്വാതിതിരുനാളിന്റെ കാലഘട്ടത്തിലാണ് ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം(1834), നക്ഷത്രനിരീക്ഷണാലയം (1837) എന്നിവ നിർമ്മിച്ചത്. ആയില്യം തിരുനാളിന്റെ കാലഘട്ടത്തിൽ ജനറൽ ആശുപത്രി (1839), ഓറിയന്റൽ റിസേർച്ച് ഇൻസ്റ്റിട്ട്യൂട്ട്, മാനുസ്ക്രിപ്റ്റ് ലൈബ്രറി, യൂണിവേഴ്സിറ്റി കോളേജ് (1873) എന്നിവ സ്ഥാപിച്ചത്. സംസ്കൃത കലാലയം, ആയുർവ്വേദ കോളേജ്, ലോ കോളേജ്, എന്നിവ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് സ്ഥാപിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാഷ്ട്രീയമായും സാമൂഹികമായും വലിയ മാറ്റങ്ങൾക്ക് നഗരം സാക്ഷ്യം വഹിച്ചു.
1904-ൽ സ്ഥാപിച്ച ശ്രീമൂലം അസംബ്ലി ആണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ, ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭാ സമിതി. ഒരിക്കലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ ആയിരുന്നില്ല എങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഈ നഗരം സജീവമായി പങ്കെടുത്തു.
1931-ൽ അധികാരം ഏറ്റെടുത്ത ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലഘട്ടത്തിൽ പല പ്രധാന സംഭവങ്ങൾക്കും നഗരം സാക്ഷ്യം വഹിച്ചു. ഈ സമയത്താണ് പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം (1936) നടന്നത്. പിന്നീട് കേരള സർവ്വകലാശാല എന്നു പുനർ നാമകരണം ചെയ്യപ്പെട്ട തിരുവിതാംകൂർ സർവ്വകലാശാല ഈ കാലത്താണ് (1937) സ്ഥാപിച്ചത്.
1947-ൽ ബ്രിട്ടിഷ് ഭരണം അവസാനിച്ചപ്പോൾ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരാൻ തീരുമാനിച്ചു. 1948 മാർച്ച് 24 നു പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റു. 1949-ൽ തൊട്ടടുത്ത രാജ്യമായിരുന്ന കൊച്ചിയുമായി കൂട്ടിച്ചേർത്ത് ഉണ്ടാക്കിയ തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം മാറി. ഇങ്ങനെ രൂപവത്കരിച്ച തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി 1949 ജൂലൈ 1 മുതൽ 1956 ഒക്ടോബർ 31 വരെ ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവ് ഭരിച്ചു.
1949ൽ- തിരു-കൊച്ചി സംയോജന സമയം തിരുവിതാംകൂറിലുണ്ടായ മൂന്ന് റവന്യൂ ഡിവിഷനുകളിൽ ഒന്ന് മാത്രമായിരുന്നു തിരുവനന്തപുരം. സംയോജനത്തിനുശേഷം റവന്യൂ ഡിവിഷനുകൾ ജില്ലകളായി മാറി. ദിവാൻ പേഷ്കാർ ജില്ലാ കളക്റ്ററായി. അഗസ്തീശ്വരം, തോവാള, കൽക്കുളം, വിളവൻകോട് താലൂക്കുകൾ അടിസ്ഥാനപരമായി തമിഴ് സംസാരിക്കുന്ന സ്ഥലങ്ങളാകയാൽ തമിഴ്നാടിനോട് ചേർക്കപ്പെട്ടു. 1956 നവംബർ 1-നു കേരളസംസ്ഥാനം രൂപവത്കരിച്ചപ്പോൾ തിരുവനന്തപുരം അതിന്റെ തലസ്ഥാനമായി മാറി.
1962-ൽ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിതമായതോടെ തിരുവനന്തപുരം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ കളിത്തൊട്ടിൽ ആയി മാറി. 1963-ൽ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വാഹനം വിക്രം സാരാഭായ് സ്പേസ് സെൻററിൽ നിന്ന് വിക്ഷേപിച്ചു. ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷന്റെ (ISRO) പല അനുബന്ധ സ്ഥാപനങ്ങളും ഇവിടെ പിന്നീട് സ്ഥാപിച്ചു. തിരുവനന്തപുരം നഗരത്തിന്റെ അടുത്ത കാലത്തെ പ്രധാന നാഴികക്കല്ലുകളിൽ ഒന്ന് 1995-ൽ ഇവിടെ സ്ഥാപിതമായ റ്റെക്നോപാർക് ആണ്. ഇത് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ. ടി. പാർക്ക് ആണ്. ഐ.ടി ഭീമന്മാരായ ഇൻഫോസിസ്,ടി.സി.എസ് എന്നിവയ്ക്ക് പുറമേ 240-ഓളം ചെറുതും വലുതുമായ കമ്പനികളിൽ ഏതാണ്ട് 30,000 ഓളം ജീവനക്കാർ ജോലി ചെയ്യുന്നു.
തിരുവനന്തപുരത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് സംഭാവനകൾ നൽകുന്ന മറ്റൊരു പ്രധാന തൊഴിൽ രംഗമാണ് ടൂറിസം. മെഡിക്കൽ ടൂറിസം, പരമ്പരാഗത ടൂറിസം എന്നിവയിൽ ആഗോള തലത്തിൽ അറിയപ്പെടുന്ന ഒരു ലക്ഷ്യ കേന്ദ്രമാണ് തിരുവനന്തപുരം. അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട്. വിദേശ രാജ്യങ്ങളിൽ ആയുർവേദത്തിനുള്ള മതിപ്പ് ഇതിനു കാരണമാണ്. കൂടാതെ ശ്രീ ചിത്ര, ആർ.സി.സി തുടങ്ങിയ പ്രശസ്ത സർക്കാർ ആശുപത്രികളും കിംസ്, എസ്.യൂ.ടി., കോസ്മോ, ജീ.ജീ., അനന്തപുരി തുടങ്ങിയ പ്രശസ്തമായ സ്വകാര്യ ആധുനിക ചികിത്സാ കേന്ദ്രങ്ങളും തിരുവനന്തപുരം നഗരത്തിനുള്ളിലുണ്ട്. ബീച്ച് റിസോർട്ടുകൾ, മലയോര സുഖവാസ കേന്ദ്രങ്ങൾ എന്നിവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖ ചികിത്സാ സ്ഥാപനങ്ങളും മെഡിക്കൽ ടൂറിസത്തിനു സംഭാവനകൾ നൽകുന്നുണ്ട്.
നഗരത്തിനകത്ത് സിറ്റി ബസ്സുകളും ഓട്ടോറിക്ഷകളും ടാക്സി കാറുകളും പോക്കുവരവിനു സഹായിക്കുന്നു. ആളുകൾ സൈക്കിളുകൾ, മോട്ടോർ സൈക്കിളുകൾ, സ്കൂട്ടറുകൾ, കാറുകൾ മുതലായവയും ഉപയോഗിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കെ.എസ്.ആർ.ടി.സി. യെയാണ് നഗരത്തിനകത്തേക്ക് പൊതുഗതാഗതത്തിനായി ജനങ്ങൾ മുഖ്യമായും ആശ്രയിക്കുന്നത്. എണ്ണത്തിൽ കുറവെങ്കിലും സ്വകാര്യ ബസ്സുകളും നഗരത്തിനുള്ളിൽ മാത്രം സർവീസ് നടത്തുന്നുണ്ട്.
തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം സിറ്റി ഡിപ്പോ, ആറ്റിങ്ങൽ, പാപ്പനംകോട്,നെടുമങ്ങാട്, വിഴിഞ്ഞം, നെയ്യാറ്റിൻകര, പൂവാർ, പാറശ്ശാല എന്നീ ഒൻപത് ഡിപ്പോകളിൽ നിന്നും വെള്ളറട, പേരൂർക്കട, കിളിമാനൂർ, ആനയറ ,വികാസ് ഭവൻ, കാട്ടാക്കട, വെള്ളനാട്, വെഞ്ഞാറമൂട് എന്നീ സബ് ഡിപ്പോകളിൽ നിന്നും പാലോട്, ആര്യനാട്, വിതുര എന്നീ ഓപ്പറേറ്റിങ്ങ് ഡിപ്പോകളിൽ നിന്നുമായി കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തുന്നു. പുതിയ ബസ്സുകളും ഇലക്ട്രോണിക് ടിക്കറ്റുകളുമായി ഈ സർവീസുകൾ 2005-ൽ നവീകരിക്കുകയുണ്ടായി.
സെൻട്രൽ സിറ്റി ഡിപ്പൊ പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള കിഴക്കേകോട്ടയിൽ സ്ഥിതി ചെയ്യുന്നു. അന്തർസംസ്ഥാന സർവീസുകളും സെൻട്രൽ ബസ് സ്റ്റാൻഡും ഇവിടെനിന്ന് 1 കിലോമീറ്റർ അകലെ തമ്പാനൂരിലാണ്. ഇവിടെനിന്നും കേരളത്തിലെ മിക്കവാറും എല്ലാ പട്ടണങ്ങളിലേയ്ക്കും തെന്നിന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളായ ചെന്നൈ ബംഗളൂരു ,മംഗളുരു എന്നിവിടങ്ങളിലെയ്ക്കും ബസ് സർവീസുകളുണ്ട്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ തമ്പാനൂരിൽ (വിമാനത്താവളത്തിൽ നിന്ന് 8 കി.മീ. അകലെയായി) സ്ഥിതിചെയ്യുന്നു. ദിനം പ്രതി അമ്പതോളം തീവണ്ടികൾ പുറപ്പെടുന്ന ഒരു പ്രധാന സ്റ്റേഷൻ ആണ് ഇത്. ഈ ജില്ലയിലൂടെ റെയിൽ പാത ഏകദേശം 80 കി.മീ. ൽ 20 സ്റ്റേഷനുകളുമായി സർവ്വീസ് നടത്തുന്നു. തിരുവനന്തപുരം ഇന്ത്യയിലെ മറ്റ് എല്ലാ പ്രധാന നഗരങ്ങളുമായി റെയിൽ വഴി ബന്ധിപ്പിക്കപ്പെട്ടിരിയ്ക്കുന്നു.
ഇന്ത്യയിൽ ഏറ്റവുമധികം ദൂരം സർവിസ് നടത്തുന്ന ട്രെയിനായ കന്യാകുമാരി -ദിബ്രുഗർ (അസം) വിവേക് എക്സ്പ്രസ്സ് ,കൂടാതെ ഇന്ത്യയിലെ രണ്ടാമത്തെ ബഹുദൂര തീവണ്ടിയായ കന്യാകുമാരി- ജമ്മു താവി സർവീസിലെ തെക്കുനിന്നുള്ള ഒന്നാമത്തെ പ്രധാന സ്റ്റോപ്പ് ആണ് തിരുവനന്തപുരം. 2005 ൽ വിമാനത്താവളത്തിനടുത്ത് കൊച്ചുവേളിയിൽ ഒരു ചെറിയ അനുബന്ധ സ്റ്റേഷൻ കൂടി തുറക്കുകയുണ്ടായി. ചണ്ഡീഗഡ് ,ഡെറാഡൂൺ ,അമൃത്സർ എന്നിവിടങ്ങളിലേക്ക് കൊച്ചുവേളി യിൽ നിന്ന് പ്രതിവാര സർവീസുകൾ ഉണ്ട്. കൊച്ചുവേളിയെ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പ്രധാന സബ് സ്റ്റേഷനായി മാറ്റാനുള്ള നവീകരണ പ്രവർത്തനങ്ങൾ ഇവിടെ പുരോഗമിക്കുന്നു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മധ്യപൗരസ്ത്യ ദേശങ്ങൾ, സിംഗപ്പൂർ, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്ക് നേരിട്ട് വിമാന സർവീസുകൾ ഉണ്ട്. സൈനികാവശ്യത്തിനായുള്ള രണ്ട് വിമാനത്താവളങ്ങളും – (ഒന്നു അന്താരാഷ്ട്രവിമാനത്താവളത്തിനടുത്തായും മറ്റൊന്ന് ഇന്ത്യൻ വ്യോമസേനയുടെ ആക്കുളത്തുള്ള ദക്ഷിണ വ്യോമ കമാന്റ് ആസ്ഥാനത്തും)- ഉണ്ട്.
ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള എയർപോർട്ട് എന്ന പ്രത്യേകതയും തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രാധാന്യത്തിനുകാരണമായിട്ടുണ്ട്. ശ്രീലങ്ക, മാലിദ്വീപ് എന്നിവയോട് ഏറ്റവും അടുത്തുകിടക്കുന്നതിനാൽ അവിടങ്ങളിലേയ്ക്ക് പോകുവാനായി തിരുവനന്തപുരത്തുനിന്ന് ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ചെലവും കുറവായിരിക്കും.
വിദേശികളും മറുനാട്ടുകാരും, തിരുവനന്തപുരം വാസികളെ ‘ട്രിവാൻഡ്രമൈറ്റ്’ എന്ന് വിളിക്കാറുണ്ട്. എന്നിരുന്നാലും ആ നാമം പ്രചുര പ്രചാരം നേടിയിട്ടില്ല. തിരുവനന്തപുരത്തിന് തനതായ ഒരു സാംസ്കാരിക പശ്ചാത്തലം ഉണ്ട്. അത് തിരുവിതാംകൂർ രാജവംശത്തിന്റെ കലാ സാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് പറയാം. തിരുവനന്തപുരം ഒരുപാട് പ്രതിഭകളെ കലാ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത്, മഹാരാജാ സ്വാതി തിരുനാൾ ബാലരാമ വർമ്മയും, രാജാ രവിവർമ്മയും ആണ്.
കർണാടക സംഗീതത്തിന്റെ വളർച്ചയിൽ മഹാരാജാ സ്വാതി തിരുനാളിന്റെ പങ്ക് കുറച്ച് കാണാവുന്ന ഒന്നല്ല. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പേരിൽ ഒരു സംഗീത കലാലയം തന്നെ ഉണ്ട്. രാജാരവി വർമ്മ, ലോക പ്രശസ്തി നേടിയ ഒരു ചിത്രകാരനായിരുന്നു. ഇന്ത്യൻ ചിത്രകലാ ശാഖക്ക് അദ്ദേഹം വളരെയധികം സംഭാവന ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ വിശ്വ വിഖ്യാതമായ പല ചിത്രരചനകളും ശ്രീ ചിത്രാ ആർട്ട് ഗാലറിയിൽ ഇന്നും പ്രദർശിപ്പിച്ചിരിക്കുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, അതിനു ചുറ്റിനും ഉള്ള കോട്ട മതിൽ, നേപ്പിയർ കാഴ്ചബംഗ്ലാവ്, മൃഗശാല, വിക്റ്റോറിയ ടൌൺ ഹാൾ, പാളയം ജുംആ മസ്ജിദ്, പാളയം പള്ളി എന്നിവ നഗരത്തിന്റെ പഴമ വിളിച്ചോതുന്ന കെട്ടിടങ്ങളാണ്. വേളി കായലും ശംഖുമുഖം കടൽ തീരവും അവിടുത്തെ മത്സ്യകന്യകയുടെ ശില്പവും പ്രശസ്തമാണ്.
പുറമേ നിന്നു നോക്കുന്നവർക്ക് തിരുവനന്തപുരം ഒരു ശാന്തമായ അന്തരീക്ഷമാണ് കാട്ടുന്നതെങ്കിലും, ഉള്ളിൽ സാംസ്കാരിക പ്രവർത്തനങ്ങളുടെ ധ്വനി പ്രകടമാണ്. ഓണം നാളുകളിലും, അത് കഴിഞ്ഞുള്ള വിദേശ സഞ്ചാര സീസണിലും തിരുവനന്തപുരം അതിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നു. തിരുവനന്തപുരത്തെ മറ്റ് പ്രധാന ഉത്സവങ്ങൾ ആറ്റുകാൽ പൊങ്കാല, പുഷ്പ ഫല മേള, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്, ബീമാപള്ളി ഉറൂസ്, വെട്ടുകാട് പള്ളി പെരുനാൾ എന്നിവയാണ്. കിഴക്കേകോട്ടയിലെ സി.വി.എൻ കളരി, കളരിപ്പയറ്റ് അഭ്യസിപ്പിക്കുന്നതിൽ വിശ്വപ്രസിദ്ധമാണ്. മാർഗ്ഗി കേന്ദ്രം കഥകളി പഠിപ്പിക്കുന്നതിലും പ്രശസ്തമാണ്.
നിറയെ തേങ്ങയും സുഗന്ധ വ്യഞ്ജനങ്ങളും ചേർത്ത കേരളീയ പാചകരീതിയാണ് ഇവിടെയും ഉള്ളത് എങ്കിലും, ചെട്ടിനാടൻ, പാണ്ടിനാടൻ, ചൈനീസ്, വടക്കേ ഇന്ത്യൻ, കോണ്ടിനെന്റൽ തുടങ്ങി എല്ലാ പാചകരീതികളും ഇവിടെ സുലഭമാണ്. സായംകാലങ്ങളിലെ തട്ടുകടകൾ ഭക്ഷണ പ്രിയരായ എല്ലാവർക്കും ഒരു നല്ല അനുഭവം തന്നെയായിരിക്കും. സംസ്ഥാന കേന്ദ്ര ഗ്രന്ഥശാല (1829), സർവ്വകലാശാലാ ഗ്രന്ഥശാല, കുട്ടികൾക്കുള്ള ഗ്രന്ഥശാല, കൈയെഴുത്ത് പ്രതി ഗ്രന്ഥശാല, വികസന പഠന കേന്ദ്ര ഗ്രന്ഥശാല, ബ്രിട്ടീഷ് ഗ്രന്ഥശാല, പ്രിയദർശനി ഗ്രന്ഥശാല എന്നിവ നഗരത്തിലെ പ്രമുഖ ഗ്രന്ഥശാലകളാണ്.
വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. തന്മൂലം “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നായ കെൽട്രോണിന്റെ ആസ്ഥാനവും ഇവിടെയാണ്. പ്രസിദ്ധമായ പദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം, പാളയം ഒ.ടി.സി. ഹനുമാൻ ക്ഷേത്രം, പഴവങ്ങാടി ഗണപതിക്ഷേത്രം, ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, പാളയം ജുമാ മസ്ജിദ് എന്നിവയും ഈ നഗരത്തിൽ സ്ഥിതി ചെയ്യുന്നു.