വിവരണം – Vishnu A S Pragati.
നാടും നഗരവും കാടും മേടുമേതുമായാലും ഭക്ഷണസംസ്കാരമെന്നത് എന്നും വൈവിധ്യങ്ങൾ നിറഞ്ഞവയാണ്. പുലർകാലേ തീകൂട്ടിയ വിറകടുപ്പിലെ മുനിഞ്ഞു പുകയുന്ന കൊതുമ്പിന്റെ ബലത്തിൽ ഊറ്റിവടിച്ചതിന്റെ ബാക്കിപത്രമായ കഞ്ഞിവെള്ളം വിളമ്പുന്ന നാട്ടിമ്പുറത്തെ കടകൾ മുതൽ ഏമാന്റെ മുന്നിൽ മേൽപ്പറഞ്ഞ കഞ്ഞിവെള്ളത്തിൽ മുക്കിയ വടിപരുവത്തിലെ കുപ്പായവും അങ്കലോറിയവും വാകചാർത്തും കൊണ്ട് നക്ഷത്രപദവികൾ നമുക്ക് മുന്നിലേക്ക് വയ്ക്കുന്ന ഗജഭീമൻ ഹോട്ടലുകൾ വരെ നീളുന്നു ഈ വൈവിധ്യങ്ങളുടെ തുടർക്കഥകൾ. വിശപ്പിന്റെ നിർവൃതി എന്നൊരൊറ്റ ഏച്ചുകെട്ടലൊഴിച്ചാൽ പരസ്പര പൂരകങ്ങളായ ഇത്തരം ഭക്ഷണശാലകൾക്കിടയിൽ സ്വതേ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരുകൂട്ടരുണ്ട് – ഹോംഷെഫ്മാർ !!
ഹോംഷെഫ് എന്ന പ്രയോഗം കേൾക്കുമ്പോൾ തന്നെ തിരുവനന്തപുരത്തുകാരുടെ മനസ്സിൽ ആദ്യമെത്തുന്ന പേരുകളിൽ ഒന്നാണ് സ്വപ്ന രാകേഷ്. പൊതിച്ചോറിൽ തുടങ്ങി ബിരിയാണിയും അച്ചാറുകളും കേക്കുകളും ഉലർത്തിയതും പൊരിച്ചതും കരിച്ചതുമായി ഒരുപക്ഷേ കേട്ടുകേൾവിപോലുമില്ലാത്ത എണ്ണമറ്റ വിഭവങ്ങൾ ഈ മണ്ണിനായി ഒരു മുത്തശ്ശി കൈപ്പുണ്യത്തോടെ പരിചയപ്പെടുത്തിയ ഹോംഷെഫ്..
ബിരിയാണിയിൽ കൈവിഷം കൊടുക്കപ്പെട്ടവർ പോലെയാണ് സ്വതേ മലയാളികൾ. മെനു കാർഡ് തിരിച്ചും മറിച്ചും നോക്കിയാലും അവസാനം ചെന്നു നിൽക്കുന്നത് ബിരിയാണിയെന്ന വിഭവത്തിലാണ്. ഉത്ഭവകാല ചരിത്രം പരിശോധിച്ചാൽ ‘പേർഷ്യ’ മുതൽ ‘മുംതാസ് മഹലും’ കഴിഞ്ഞ് ‘ഊൺ സോറും’ കേരളം സന്ദർശിച്ച അറബികൾ വരെ നീളുന്ന കഥയുണ്ടാകും ബിരിയാണിയെന്ന വിഭവത്തിന് പറയാൻ.
അങ്ങനെ നല്ലൊരു ബിരിയാണി കഴിക്കണമെന്നൊരു ആഗ്രഹത്തിൽ സ്വപ്‍ന ചേച്ചിയോട് ആവശ്യമറിയിച്ചത് അവരുടെ ട്രേഡ്മാർക്ക് വിഭവമായ ഗ്രീൻ മസാല ദം ബിരിയാണിയും കറിവേപ്പില ചിക്കൻ കറിയും പിന്നെ വിശപ്പ് മാറിയില്ലെങ്കിൽ മാത്രം കഴിക്കാനായി ഗീ റൈസ്- ചിക്കൻ പിരളൻ കോംബോ എന്നിവയായിരുന്നു.
ഗ്രീൻ മസാല ദം ബിരിയാണി ഒരു രക്ഷയുമില്ലാത്ത കിടുക്കാച്ചി ബിരിയാണി. പാർസൽ തുറക്കുമ്പോൾ തന്നെ ടോപ്പ് ക്ലാസ് കൈമ അരിയിൽ ചാലിച്ച മദാലസയായ നെയ്യിന്റെ ഗന്ധം നാസാദ്വാരങ്ങളെ ഇങ്ങനെ പുളകം കൊള്ളിച്ചു കൊണ്ട് നാവിൽ വെള്ളമൂറിക്കാൻ തുടങ്ങി.
കിണ്ടിക്കിളച്ചപ്പോൾ കിട്ടിയ രണ്ട് മുട്ടൻ കോഴിക്കഷ്ണങ്ങൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കൂടെയുള്ള സലാഡ് ലേശം വെരവണം. ശേഷം തൊട്ടാൽ എല്ലിനെ വിട്ട് നമ്മുടെകൂടെ ഇറങ്ങിപ്പോരുന്ന ഇറച്ചി ചീന്തിയെടുത്ത് ഉരുളയ്ക്കുള്ളിലായി വച്ചു കഴിക്കണം. വെറും സ്വർഗ്ഗം !!
ഓരോ അരിയിലും അത് കഴിക്കേണ്ടവന്റെ പേരെഴുതി വച്ചിട്ടുണ്ടെന്നാണ് പ്രമാണമെങ്കിൽ ഈ ബിരിയാണിയിലെ ഓരോ അരിയിലും അതിന്റെ മസാല ഒന്നൊഴിയാതെ സമാസമം ചേർന്നിട്ടുണ്ട്. ചുമ്മാ നാവിൽ വച്ചാൽ പല്ലിനൊന്നും അധികം പണികൊടുക്കാതെ അലിഞ്ഞിറഞ്ഞങ്ങിപ്പോകുന്ന ബിരിയാണി. പാകവും പരുവവും എല്ലാം പക്കാ കുറിക്ക് വച്ചത് പോലെ..
പുളിപ്പ് കുറഞ്ഞ യോഗർട്ടിലെ സലാടും അത്യുജ്ജലമായ തേനിലിട്ട ഡേറ്റ്സ് – മാംഗോ അച്ചാറും കിക്കിടിലം. മധുരവും പുളിപ്പും ചവർപ്പും നൂൽ പിടിച്ചപോലെ നാവിന് രുചിപകർന്ന അച്ചാർ വെറും വിജ്രംഭിച്ച കിടുക്കാച്ചി. ചുരുക്കിപ്പറഞ്ഞാൽ ബിരിയാണി മാത്രമല്ല കൂടെയുള്ള തൊടുകറികളും ഘനഗംഭീരം തന്നെ. കഴിച്ചു കഴിഞ്ഞാൽ തലയ്ക്ക് മന്ദീഭാവവും വയറിന് രൗദ്രഭാവവുമൊന്നും ഏർപ്പെടുത്താത്ത നല്ല ക്ലാസ് ബിരിയാണി.! ഒരുപക്ഷേ എന്റഭിപ്രായത്തിൽ തിരുവനന്തപുരം നഗരത്തിൽ ലഭിക്കാവുന്ന ഏറ്റവും അത്യുഗ്രൻ ബിരിയാണി. രുചിയുടെ കാര്യത്തിൽ വേറെ ലെവൽ.
കറിവേപ്പില ചിക്കൻ കറി മറ്റൊരു വ്യത്യസ്ത വിഭവം. പേരു പോലെ കറിവേപ്പിലയ്ക്ക് മുൻതൂക്കം കൊടുത്തത് കൊണ്ടാകണം നല്ല പച്ച നിറത്തിലുള്ള കറി എന്നാലോ രുചിയിൽ പ്രതീക്ഷിക്കപ്പെട്ട കറിവേപ്പിലയുടെ ആ ചവർപ്പ് ലവലേശമില്ല താനും. ചെറുചൂടോടെ ചപ്പാത്തി – ദോശ എന്നിവയുടെ കൂടെ പുതിയ രുചിയാനുഭവങ്ങൾ നൽകാൻ കഴിയുന്ന വിഭവം. സാധാരണഗതിയിൽ ഇത്തരമൊരു വിഭവം ഞാൻ കഴിച്ചിട്ടില്ല. വ്യത്യസ്തതയാണല്ലോ മുന്നേറ്റത്തിന് ആധാരം എന്നത് പോലെ പുതുരുചികൾ പരീക്ഷിക്കാൻ താത്പര്യപ്പെടുന്നവർ കറിവേപ്പില ചിക്കൻ കറി ഉറപ്പായും പരീക്ഷിച്ചിരിക്കേണ്ടതാണ്. രുചി എന്നതിലുപരി ഇതിലെ ചിക്കന്റെ പാകം പറയാതെ വയ്യ.. എങ്ങനെ സാധിക്കുന്നുവോ ആവോ..
ഗീ റൈസ് – ചിക്കൻ പിരളൻ കോംബോ.. ഗീ റൈസ് നെയ്യിന്റെ മണവും ക്യൂബ് പരുവത്തിൽ അരിഞ്ഞിട്ട ക്യാരറ്റിന്റെ രൂപം കൊണ്ടുമെല്ലാം കിടിലമാണെങ്കിലും രുചിയുടെ കാര്യത്തിൽ ശരാശരി നിലവാരം മാത്രം പുലർത്തി. തേങ്ങാക്കൊത്തും അസാധ്യ രുചിയുള്ള അരപ്പും കൊണ്ട് ചിക്കൻ പിരളൻ നിറഞ്ഞാടിയെങ്കിലും ‘സീറോ സൈസ്’ മാംസം കുറഞ്ഞ ചിക്കൻ കഷ്ണങ്ങൾ പ്രതീക്ഷകളെ കുണ്ഠിതപ്പെടുത്തി. മുൻപല്ലുകൾ കൊണ്ട് ക്രാവിയെടുത്ത നന്നേകുറവായിരുന്ന ഇറച്ചികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നുവെന്ന് സാരം. അല്ലേലും കണ്ണുതട്ടാതിരിക്കാൻ എന്തേലും വേണമല്ലോ.. ഏത് !!!
വിലവിവരം : ഗ്രീൻ മസാല ദം ബിരിയാണി(ചിക്കൻ) – 220 Rs, കറിവേപ്പില ചിക്കൻ കറി – 180 Rs, ഗീ റൈസ് – ചിക്കൻ പിരളൻ കോംബോ – 200 Rs.
അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്നതു പോലെ ബ്ലോഗറിൽ നിന്നും ഹോംഷെഫിലേക്കെന്ന വിശേഷണമാകും സ്വപ്ന ചേച്ചിക്ക് കൂടുതൽ ചേരുക. ഇന്ത്യൻ ഭരണഘടനയ്ക്ക് അത്യധികം പ്രാധാന്യം കൊടുത്ത സ്വപ്‍ന ചേച്ചിയുടെ വീട്ടുകാർ പതിനെട്ടാമത്തെ വയസ്സിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ തന്നെ രാകേഷ് ചേട്ടനുമായുള്ള വിവാഹം നടത്തി. ശേഷം പഠനം തുടർന്ന സ്വപ്ന ചേച്ചി ഡിഗ്രിയും എം.ബി.എയും നേടിയെടുത്തതോടെ ക്യാമ്പസ് സെലക്ഷന്റെ ഭാഗമായി തിരുവനന്തപുരം ആക്സിസ് ബാങ്കിൽ ജീവക്കാരിയായി ജോലി ലഭിച്ചെങ്കിലും രണ്ടാമത്തെ കുട്ടിയുടെ ജനനത്തോടെ ജോലി വിട്ട പുള്ളിക്കാരി ശേഷം സ്വസ്ഥം ഗ്രഹഭരണമെന്ന നിലയിൽ കഴിഞ്ഞുകൂടി.
‘അമ്മക്കുട്ടി’ എന്നതിനേക്കാൾ ‘അമ്മൂമ്മക്കുട്ടി’യായിരുന്ന സ്വപ്‍ന ചേച്ചിക്ക് തന്റെ അമ്മൂമ്മയുടെ പാചകരീതികളും വൈവിധ്യമാർന്ന കലവറ രഹസ്യങ്ങളുമെല്ലാം സ്വായാത്തമാക്കി. പാചകത്തിൽ സ്വതേ തല്പരയായിരുന്ന പുള്ളിക്കാരി ഗ്രഹഭരണത്തിന് ശേഷം ഒഴിവു സമയങ്ങളിൽ ചിലവഴിച്ചിരുന്നത് ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ താൻ പാചകം ചെയ്ത വിഭവങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തും അവയുടെ റെസിപ്പി എഴുതിയുമായിരുന്നു..
അങ്ങനെയാണ് ഗ്രൂപ്പിലെ പോസ്റ്റുകൾ കണ്ട് ഒരു പ്രമുഖ ബ്ലോഗിൽ റെസിപ്പി എഴുതാനായി സ്വപ്‍ന ചേച്ചിക്ക് ക്ഷണം ലഭിക്കുന്നത്. ഓരോ റെസിപ്പിക്കും 600 രൂപ That’s their offer.. എത്ര റെസിപ്പി വേണോ എഴുതാം, എഴുതുന്നതിനനുസരിച്ചാണ് അക്കൗണ്ടിൽ ക്യാഷ് വീഴുക. ഏതാണ്ട് മൂന്നാല് മാസം ഈ പരിപാടി പിന്നിട്ടപ്പോഴാണ് ഈ പരിപാടി കൊണ്ട് അവർക്കെന്തു നേട്ടമെന്ന ‘മലയാളി ചിന്ത’ സ്വപ്ന ചേച്ചിക്ക് ഉടലെടുത്തത്. രണ്ടും കൽപ്പിച്ചു ബ്ലോഗ് ഉടമയോട് കാര്യം ചോദിച്ചതോടെ പിള്ള മനസ്സിൽ കള്ളമില്ല എന്ന പോലെ ബ്ലോഗിലെ റെസിപ്പിക്ക് ഇടയിൽ വരുന്ന ഗൂഗിൾ പരസ്യങ്ങൾ വഴിയാണ് വരുമാനമെന്ന സത്യം പുള്ളി വെളിപ്പെടുത്തിയത്.
എന്നാൽപ്പിന്നെ ഈ പരിപാടി എനിക്ക് തുടങ്ങിക്കൂടെ എന്ന ചിന്തയോടെ 2013ൽ സ്വന്തമായൊരു റെസിപ്പി ബ്ലോഗ് തുടങ്ങിയത്. ആദ്യ വരുമാനം എണ്ണായിരം രൂപ. റെസിപ്പി എഴുതിക്കൊടുത്തു കിട്ടിയിരുന്നതിനെക്കാൾ വരുമാനം ആദ്യ മാസങ്ങളിൽ കുറഞ്ഞതോടെ എടുത്തുചാട്ടം കൊണ്ടു തുടങ്ങിയ വെബ്സൈറ്റ് പാലും വെള്ളവും സമാസമം ചേർത്തു പണി തന്നോ എന്ന് കരുതിയെങ്കിലും പതികാലത്തിൽ കൊട്ടിത്തുടങ്ങി മാസങ്ങൾ കൊണ്ടുതന്നെ ബ്ലോഗിലേക്കുള്ള ഫോളോവേഴ്സിന്റെ എണ്ണം കൂടാൻ തുടങ്ങി, തുടർന്ന് കൂടുതൽ ഗൂഗിൾ പരസ്യങ്ങളും ലഭിക്കാൻ തുടങ്ങിയതോടെ വരുമാനവും വർധിച്ചു. ഏതാണ്ട് ആയിരത്തിനോടടുത്തു റെസിപ്പികൾ തന്റെ ബ്ലോഗിൽ സ്വപ്‍ന ചേച്ചി പോസ്റ്റ് ചെയ്തിരുന്നു.
ഓർക്കണം 2013 – 2014 കാലഘട്ടമാണ് അന്നൊക്കെ ബ്ലോഗ് വഴി വരുമാനം ലഭിക്കുന്ന വനിതയെന്ന ലേബൽ നടാടെയാണ്. അതിനാൽ തന്നെ ഇന്ത്യൻ എക്സ്പ്രസ്, ദി ഹിന്ദു, ഡെക്കാൻ ക്രോണിക്കൾ തുടങ്ങിയ പത്രങ്ങളിലും മറ്റ് പ്രമുഖ വാരികകളിലും വാർത്താപ്രാധാന്യമേറിയ വ്യക്തിയായി മാറി സ്വപ്ന രാകേഷ്..
തൽഫലമായി തന്റെ കൈപ്പുണ്യം പരീക്ഷിച്ചു ടെലിവിഷൻ മുഖാന്തരം ജനങ്ങളിലെത്തിക്കാൻ ജയ് ഹിന്ദ് ടി.വി. ചാനലുകാർ ‘സ്വാദ്’ എന്ന പേരിൽ പരിപാടി അവതരിപ്പിച്ചപ്പോഴാണ് എന്തുകൊണ്ട് ബ്ലോഗ്, മാസികകൾ, ടി.വി.പ്രോഗ്രാം എന്നിവയിൽ തളച്ചിടാതെ പുറംലോകത്തേക്കൊരു മുതൽക്കൂട്ടായി, ഒരു ഹോംഷെഫായിക്കൂടാ എന്ന ചോദ്യം സംഘാടകർ മുന്നിലേക്ക് വച്ചത്..
ഭർത്താവ്, മക്കൾ, വീട് തുടങ്ങിയവ അടിസ്ഥാന ജീവിതമാറാപ്പുകൾ കാരണം ആദ്യമൊന്നു പകച്ചെങ്കിലും പിന്നീട് ഭർത്താവായ രാകേഷ് രാജ്കുമാർ ചേട്ടൻ നൽകിയ ആത്മവിശ്വാസവും തന്റെ കൈപ്പുണ്യത്തിലെ വിശ്വാസവും മുതൽക്കൂട്ടാക്കി ഹോംഷെഫ് അരങ്ങത്തേക്ക് കാലെടത്തുവയ്ക്കാൻ സ്വപ്ന ചേച്ചിക്ക് മറിച്ചൊന്നു ചിന്തിക്കേണ്ടി വന്നില്ല.
കാലമെത്ര കഴിഞ്ഞാലും മലയാളികൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ഒന്നാണല്ലോ പൊതിച്ചോറ്, അങ്ങനെ വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോർ എന്ന ആശയവുമായി 2016ൽ ഹോംഷെഫെന്ന മേലാപ്പും ചാർത്തി ഇന്ന് തിരുവനന്തപുരത്തിന്റെ വൈവിധ്യമാർന്ന ഭക്ഷണശാലകളെ ഒരു കുടക്കീഴിൽ നിരത്തിയ Eat At Trivandrum എന്ന ഫേസ്ബുക് കൂട്ടായ്മയുടെ സഹായത്തോടെ ജനങ്ങളിലേക്കെത്തി.
പൊതിച്ചോറിന്റെ വില 180 Rs. സ്വർണ്ണം കൊണ്ടുള്ള ഇലയിലെ പൊതിച്ചോറാണോ എന്ന് ചോദിച്ചവരോട് കൈപ്പുണ്യം കൊണ്ട് രുചിയുടെ പെരുമ്പറ മുഴക്കിയ വിഭവങ്ങൾ ഇലയടക്കം വടിച്ചു കൂട്ടിയ ഭക്ഷണപ്രേമികളായിരുന്നു മറുപടി. പാലം കുലുങ്ങിയാലുണ്ടോ കേളൻ കുലുങ്ങുന്നു. അങ്ങനെ അമ്മയും അമ്മച്ചിയും കഴിഞ്ഞാൽ തിരുവനന്തപുരത്തിന്റെ ആദ്യകാല ഹോംഷെഫ്മാരിൽ ഒരാളായി സ്വപ്ന രാകേഷ്.
ക്രമേണ പൊതിച്ചോർ മാത്രമെന്നത് സദ്യയും, ബിരിയാണിയും, വിവിധതരം അച്ചാറുകളും, ചിക്കൻ, മട്ടൻ, താറാവ്, പോർക്ക്, ബീഫ്, മീൻ വിഭവങ്ങളും, കേക്കുകളും, മസാലക്കൂട്ടുകളും, ചൈനീസ് വിഭവങ്ങളും, മധുര പലഹാരങ്ങളെന്നു വേണ്ട കൈവയ്ക്കാത്ത വിഭവങ്ങൾ തുലോം കുറവാണെന്നു തന്നെ പറയാം. കൂടാതെ ഇപ്പോൾ കാറ്ററിംഗ് പരിപാടിയും ഉണ്ടെന്നാണ് അറിവ്.
ഇന്ന് വന്ന് നാളെ പ്രമുഖരാകുന്നതല്ല ഒരു ഹോംഷെഫ്മാരും. ഓരോരുത്തരുടെ പുറകിലും ‘ആഹാര’മെന്ന മൂന്നക്ഷരത്തോട് ‘പാഷനെ’ന്ന മൂന്നക്ഷരം ‘അദ്ധ്വാന’മെന്ന മൂന്നക്ഷരത്തോട് കൂട്ടിക്കെട്ടിയ ഒരുപാട് കഥകൾ പറയാനുണ്ടാകും. പിള്ളയുടെയും നായരുടെയും ദൈനംദിന കാര്യങ്ങൾ കൃത്യവിലോപമില്ലാതെ നടത്തിക്കൂട്ടി വീട്ടുകാര്യങ്ങൾ കഴിഞ്ഞും ഉറക്കമിളച്ചും ലുബ്ദിച്ചു കൂട്ടിയ സമയം കൊണ്ട് ചട്ടിയോടും കലത്തിനോടും തവിയോടും സ്വകാര്യം പറയുന്നവർ, അടുക്കളയെ പ്രണയിക്കുന്നവർ. അതാടോ ഹോംഷെഫ്മാർ. ഇവരെയും അറിയണം. അറിയാതെ പോകരുത്.
ഓരോ സംരംഭത്തിനും അതിന്റേതായ കഷ്ടപ്പാടുകളുണ്ട് നേരും നെറിയുമുണ്ട്. ചുമ്മാ പിടിച്ചു കുലുക്കിയാൽ പണം പെയ്യുന്ന മരമാണ് ഹോംഷെഫ് സംരംഭം എന്ന രീതിയിൽ മുന്നോട്ട് വന്നവർ നിലനിന്ന ചരിത്രവും ഈ നാടിനില്ല. ഓർക്കണം. ഓർത്താൽ നന്ന്.
റേറ്റ് ഒരൽപ്പം കൂടുതലെന്ന് തോന്നിയെങ്കിലും രുചിയിലും ഗുണത്തിലും ആ വില സാധൂകരിക്കുന്നത് കൊണ്ട് ഒന്നും പറയാനില്ല. എന്നിരുന്നാലും നല്ലത് എല്ലാവരിലുമെത്തണം എന്നുള്ള സ്വാർത്ഥ താൽപര്യം മുൻനിർത്തി റേറ്റ് ഒന്ന് കുറയ്ക്കണമെന്നാണ് ആഗ്രഹം. പരിസ്ഥിതി സൗഹാർദ്ദപരമായ പാക്കിംഗ് പ്രതീക്ഷിക്കുന്നു. ഓർഡർ ചെയ്യാൻ താൽപ്പര്യപ്പെടുന്നവർക്കായി – Swapna Rakesh : 8848088964, 8891231977.