വിവരണം – സത്യ പാലക്കാട്.

അങ്ങനെ ഒരുപാട് സഞ്ചാരികളുടെ സ്നേഹങ്ങളും സഹായങ്ങളും കാരണം മനസിൽ കാത്ത്സൂക്ഷിച്ച യാത്ര തുടങ്ങുന്ന ദിവസം.. രാത്രി എട്ട് മണി, പുറത്ത് ഇടിവെട്ടും, വീടിനകത്ത് ദോശയും കഴിച്ചിരിക്കുന്ന ഞാനും. അമ്മയായി സംസാരിച്ച് സൈക്കിളുമായി (ഓജ ) എട്ടരയാകുമ്പോ പുറത്തേക്ക് ഇറങ്ങി. അമ്മി യാത്രക്ക് എത്ര സമയമെടുക്കും എന്നൊന്നും എനിയ്കറിയില്ല. ഒരു എത്തും പിടിത്തോം ഇല്ലാത്ത യാത്രയാണ് ഇറങ്ങുവാണ് … ശരിയെന്ന ..ട്ടോ ..! അഞ്ഞൂറ് രൂപ കൈതന്നിട്ട് പറഞ്ഞ് “ഇത് കയ്യിൽ വെക്ക് ,പിന്നെ ഫോൺ വിളിച്ച എടുത്തോണം വേറെ പ്രത്യേകിച്ച് ഒന്നൂല്ല , അപ്പൊ ശരി നീ വിട്ടോ മകനെ …! മഴക്ക് മുന്നേ ട്രെയിൻ കേറിക്കോ ..!”

പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ പെയ്തിരുന്ന മുഴുവൻ മഴയും ഇടിവെട്ടായി കൊണ്ട് പാർസൽ ഓഫീസിൽ കേറി ഓജക്കുള്ള മുപ്പതുരൂപ ട്രെയിൻ ചാർജും കൊടുത്ത് നനഞ്ഞു പിണ്ടിയായി ജനറലിൽ കേറി , രാജാവായി ഒറ്റഉറക്കം. പിന്നെ അടുത്ത സീൻ ട്രിവണ്ടറത്ത്. രാവിലെ എത്തി ഓജയെ വാങ്ങിച്ച് തമ്പാനൂരിൽ ഒരു കുളിയും പാസാക്കി ചുമ്മാ കറങ്ങി. മാനവീയം വീഥി എത്തി. ട്രിവാൻഡത്ത് പണ്ട് ജോലി ഉണ്ടായിരുന്നത് കൊണ്ട് സിറ്റി മുഴുവനായി അറിയാം.

എനിക്ക് ട്രിവണ്ടറത്ത് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താച്ചാ നഗരം കളർഫുള്ളാണ്. മനസിനെ സന്തോഷത്തിൽ എത്തിക്കാൻ കണ്ണിലെ കാഴ്ചകൾ പറ്റും. മുക്കിലും മൂലയിലും ആര്ട്ട് ആണ്. ട്രിവണ്ടറത്ത് എത്തിയാൽ ആദ്യം വിളിക്കുക മ്മടെ മുത്ത് തമ്പിച്ചേട്ടനെയാണ്. വെറുതെ പറയല്ല , മാസാണ് പൊളിയാണ്.. സ്നേഹിച്ച് കൊല്ലും മനുഷ്യനെ. എന്നെ മാത്രല്ല മൂപ്പർടെ കൂടെ നിക്കണ എല്ലാരേയും. ശരീരം മൊത്തം സ്നേഹമുള്ള മനുഷ്യനാണ്. അതാണ് ആ തടിയുടെ പ്രത്യേകത.. പഴയ ജോലി സ്ഥലത്ത് കിട്ടിയ മുത്താണ് ഈ മുത്ത്. ഞാൻ വിളിച്ചു, വന്നു വീട്ടികൊണ്ടുപോയി. ഒരുപാട് ഭക്ഷണം, സന്തോഷം അങ്ങനെ എല്ലാം, അന്നത്തെ ദിവസം കറക്കത്തോട് കറക്കം.

തിരുവനതപുരത്ത് കാണാത്ത സ്ഥലങ്ങൾ ഇല്ല. മുക്കും മൂലയും കടത്തിണ്ണകളും എല്ലാം പണ്ട് പോയിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട് .. ഈ യാത്രയിൽ എന്റെ മനസിനെ പറഞ്ഞ് പഠിപ്പിച്ചത് “സത്യാ ഈ പോകുന്ന യാത്രയിൽ കാണുന്നതെല്ലാം പുതിയാതായി അനുഭവിക്കുക. അതിൽ നിന്ന് സന്തോഷത്തിന്റെ അളവ് കൂട്ടാൻ ശ്രമിക്കുക. ഒരു പ്രവാസി പത്ത് വർഷം കഴിഞ്ഞ് നാട്ടിലേക്ക് വന്നാലുള്ള മാനസിക അവസ്ഥ അല്ലേൽ ഒരു ഫോറിനർ ആദ്യമായി കേരളം കണ്ടാലുള്ള അതേ അനുഭൂതിയിൽ കാണുക.. പിന്നെ വേറെ ഒരു വ്യക്തമായ കാര്യം പോകുന്ന യാത്രയിൽ സ്ഥലത്തേക്കാൾ ജീവിതങ്ങളും മനുഷ്യരെയും കാണുക എന്നതാണ്. ഈ യാത്രയിൽ സമയം എന്നതിന് സ്ഥാനമില്ല. കാണാത്ത ഒരുപാട് പേരെ കാണണം. അതൊക്കെ അല്ലെ ജീവിതത്തിൽ ഒരു ത്രില്ല്. ഏഹ്..”

ബാലുച്ചേട്ടൻ : ബാലുച്ചേട്ടനെ ഒരുപാട് പേർക്ക് വയലിനിസ്റ്റായി അറിയാം. വയലിൻ കൊണ്ട് ഒരുപാട് വിസ്മയിപ്പിച്ചിട്ടുണ്ട് , കോരിത്തരിപ്പിച്ചിട്ടുണ്ട് , താലോലിച്ചിട്ടുണ്ട് , കരയിപ്പിച്ചിട്ടുണ്ട് …! ഇതെല്ലാത്തിനും അപ്പുറം ബാലുച്ചേട്ടൻ പച്ചമനുഷ്യനാണ്. നേരിട്ട് കണ്ടവർക്കറിയാം. തമ്പിച്ച ചേട്ടനെ കണ്ട അതേ സമയത്തൊക്കെയാണ് തമ്പിച്ചേട്ടൻ എനിക്ക് ബാലുച്ചേട്ടനെ (ബാലഭാസ്കർ) പരിചയപെടുത്തി തരുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഫോട്ടോ എടുക്കാനോ മറ്റൊന്നിനും തോന്നിയില്ല. അത്രക്ക് സിമ്പിൾ ബാലുച്ചേട്ടൻ. ആ ദിവസം തന്നെ പറഞ്ഞു സത്യാ അപ്പൊ കാണാം. ആ കാണാം എന്ന് പറഞ്ഞത്. ബാലുച്ചേട്ടന്റെ കൂടെയുള്ള സൗഹൃദം അവസാന രണ്ട് വർഷമായി ഉണ്ട്. അനന്തപുരി നഗരം ഏറ്റവും കൂടുതൽ അടിച്ച് പൊളിച്ചത് തമ്പിച്ചേട്ടനും ബാലുച്ചേട്ടനും കൂടെ ഉള്ളപ്പോഴാണ്.

ബാലുച്ചേട്ടൻ കൂടെ ഉണ്ടേൽ കൂടെ ഉള്ളവരും അതെ സന്തോഷത്തിലായിരിക്കും. ഒരുപാട് യാത്രകൾ, ഭക്ഷണങ്ങൾ, മനുഷ്യർ , അങ്ങനെ എന്നെ സംബന്ധിച്ചിടത്തോളം ബാലുച്ചേട്ടന്റെ കൂടുയുള്ളപ്പോ മാജിക്ക് പോലെയാണ്. അതുപോലെ തന്നെ തമ്പിച്ചേട്ടന്റെയും ബാലുച്ചേട്ടന്റെയും സൗഹൃദം അത് വേറെ ലെവൽ ആണ്.. ബാലുച്ചേട്ടന്റെ കൂടെ നിന്ന് എല്ലാ ചെറിയ കാര്യത്തിലും സന്തോഷം കണ്ടെത്താൻ ഇപ്പഴും ശ്രമിക്കാറുണ്ട്.. ബാലുച്ചേട്ടൻ ആൾക്കാരോട് ഇടപഴകുന്നത് കണ്ടാൽ തന്നെ ആരായാലും സ്നേഹത്തോടെ ചിരിച്ച് കൂടെ നിൽക്കും. എപ്പഴും എങ്ങനെയാണ് ഈ പുഞ്ചിരി നിലനിർത്തുന്നത് എന്ന് ഇന്നേവരെ എനിക്ക് മനസിലായിട്ടില്ല ….!

യാത്രയുടെ തലേദിവസം ബാലുച്ചേട്ടനുമായി ഒരുപാട് നേരം സംസാരിച്ചിരുന്നു. വല്ലാത്ത മോട്ടിവേഷനാണ്. നമ്മൾ മനസ്സറിഞ്ഞ് ഇഷ്ടപ്പെടുന്നത് കണ്ടാൽ ബാലുച്ചേട്ടൻ കട്ടക്ക് കൂടെ നിൽക്കും. അതിപ്പോ ആരായാലും അങ്ങനെ തന്നെയാണ്. കട്ടനും മുറുക്കും കഴിച്ച് ബാലുച്ചേട്ടൻ ഒരു ഹഗ്ഗും തന്ന നിറപുഞ്ചിരിയോടെ “പോയിട്ട് വാടാ, എല്ലാം പോസറ്റീവ് ആവട്ടെ” എന്ന് പറഞ്ഞ് ബാലുച്ചേട്ടൻ പോയി. ഈ ദിവസം ബാലുച്ചേട്ടനെ കാണുന്നത് അവസാനമായിട്ടായിരിക്കും എന്നെനിക്കറിയില്ലാർന്നു. അവസാനത്തെ ഞാൻ കണ്ട കാഴ്ച “സത്യാ സന്തോഷായി പോയിട്ട് വാട്ടോ, എന്തേലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വിളിക്കെന്ന് പറഞ്ഞ് എപ്പഴുമുള്ള ചിരി. ബാലുച്ചേട്ടൻ കൂടെ ഉള്ളവര് സങ്കടമായി കാണുന്നത് ഇഷ്ടല്ലാത്തത് കൊണ്ട് കാര്യങ്ങൾ സന്തോഷമായിമായി തന്നെ എഴുതിപിടിപ്പിക്കാൻ ഞാൻ കഴിവതും ശ്രമിച്ചിട്ടുണ്ട്. ഇന്നും യാത്രയിൽ ഇടക്കൊക്കെ ബാലുച്ചേട്ടൻ പറഞ്ഞതൊക്കെ ഓർമ്മ വന്നുപോകും.

അങ്ങനെ വൈകിട്ട് 9 മണിക്ക് ശേഷം മ്മടെ ചങ്ക് മഹേഷ് ആയി പാളയം മാർക്കറ്റ് വരെപോയി. കൊറേ കറങ്ങി. ഒരു കുഞ്ഞ് ഗിഫ്റ്റും തന്ന് ഓൾ ദി ബെസ്റ്റും ..! നാളെ യാത്ര തുടങ്ങുന്നത് കൊണ്ട് ഉറക്കത്തിനു സ്ഥാനമിലാർന്നു രാത്രിയിൽ. പോകുന്ന യാത്രയിൽ എവിടെയാണ് താമസം , ഭക്ഷണം,എവിടെക്കാ പോണ്ടത് , ആലോചിച്ചിട്ട് ഒരു എത്തും പിടിയും ഇല്ലാത്തത് കൊണ്ട് സുഖായി കിടന്നുറങ്ങി. വരുന്നത് വരട്ടാടാ , ബാലുച്ചേട്ടൻ പറഞ്ഞ പോലെ പോസിറ്റീവ് ആയി മാത്രം ആലോചിക്കുക .. ന്തലായാലും മ്മടെ കേരളം അല്ലെ ..!

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.