ആഴ്ചകൾക്ക് മുൻപ് കേരളത്തിനുള്ളിൽ വെച്ച് ബസ് യാത്രയ്ക്കിടെ ട്രോളി ബാഗ് നഷ്ടപ്പെട്ട അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഒരു വാർത്ത ആനവണ്ടി ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് പ്രസിദ്ധീകരിച്ചു രണ്ടു മൂന്നു ദിവസത്തിനകം നഷ്ടപ്പെട്ട ബാഗ് ഉടമസ്ഥയ്‌ക്കു തിരികെ ലഭിച്ചു എന്ന സന്തോഷകരവും അഭിമാനകരവുമായ വാർത്തയാണ് ഇപ്പോൾ ഞങ്ങൾ നിങ്ങളോട് പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നത്. അതിനു മുൻപ് നടന്ന സംഭവം എന്താണെന്നു ഒരിക്കൽക്കൂടി വിശദീകരിക്കാം.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിനിയും പെരിയ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിനിയുമായ അനഘ ബാബു കഴിഞ്ഞ ഏപ്രിൽ 12 നു കോളേജിൽ നിന്നും നാട്ടിലേക്ക് അവധിക്കാലം ചെലവഴിക്കുവാനായി പുറപ്പെടുകയുണ്ടായി. യാത്രയ്ക്കായി പഞ്ചിക്കൽ – കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ‘പീറ്റേഴ്‌സ്’ എന്ന പ്രൈവറ്റ് ബസ്സിലായിരുന്നു അനഘ ഓൺലൈനായി സീറ്റ് ബുക്ക് ചെയ്തിരുന്നത്. വിഷു – ഈസ്റ്റർ അവധിയായതിനാൽ അത്യാവശ്യം ലഗേജുകളും ഇവരുടെ പക്കലുണ്ടായിരുന്നു.
അന്നേ ദിവസം വൈകീട്ട് കാസർഗോഡ് ജില്ലയിലെ പെരിയയിൽ നിന്നും ഇവർ ലഗേജുകളുമായി ബസ്സിൽ കയറുകയും കൂട്ടത്തിൽ നഷ്ടപ്പെട്ട ട്രോളി ബാഗ് മുൻഭാഗത്തെ ഡോറിനും അതിനു മുന്നിലെ സീറ്റിനും ഇടയിലായിട്ടുള്ള ഭാഗത്ത് വെക്കുകയും ചെയ്തു. ഇതേ ബസ് കാഞ്ഞങ്ങാട് പോലീസ് എയ്‌ഡ് പോസ്റ്റിനു സമീപത്ത് എത്തിയപ്പോൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ടില്ലാത്ത ഒരു ഫാമിലി ബസ് ജീവനക്കാരോട് സീറ്റ് ഉണ്ടോയെന്ന് അന്വേഷിക്കുകയും, സീറ്റ് ലഭ്യമായതിനാൽ ബസ്സിൽ കയറുകയും ചെയ്തു. ഈ കയറിയ ഫാമിലിയിലെ ഒരാൾ അനഘയുടെ അടുത്തായിരുന്നു ഇരുന്നിരുന്നതും.
അങ്ങനെ ബസ് കോട്ടയം ലക്ഷ്യമാക്കി യാത്ര തുടർന്നു. രാത്രിയായപ്പോൾ ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്തു. പ്രസ്തുത ബസ് വെളുപ്പിനു നാലു മണിയോടെ എറണാകുളം കലൂരിൽ എത്തുകയും മുൻപ് പറഞ്ഞ ആ ഫാമിലി അവിടെ ഇറങ്ങുകയും ചെയ്തു. പിന്നീട് ബസ് കൂത്താട്ടുകുളത്ത് എത്തിയപ്പോൾ അനഘ അവിടെ ഇറങ്ങുവാൻ തയ്യാറെടുക്കുന്നതിനിടെയാണ് ട്രോളി ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടനെ കാര്യം ബസ് ജീവനക്കാരോടും മറ്റു യാത്രക്കാരോടും പറയുകയും ചെയ്തു. അപ്പോഴാണ് യാത്രക്കാരിൽ ചിലർ മുൻപ് കലൂരിൽ ഇറങ്ങിയ ഫാമിലി ഈ ബാഗും എടുത്തുകൊണ്ട് ഇറങ്ങിയത് കണ്ടതായി പറഞ്ഞത്. ബസ് ജീവനക്കാരും ഇത് സ്ഥിരീകരിച്ചതോടെ ബാഗ് ആ ഫാമിലിയുടെ കൈവശം ഉണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തു.
ഇതിനു ശേഷം അനഘയും കുടുംബാംഗങ്ങളും എറണാകുളം നോർത്ത് പോലീസിൽ പരാതി നൽകുകയും, ബസ് നിർത്തിയതിനു സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. പക്ഷേ നിർഭാഗ്യവശാൽ സിസിടിവിയിൽ ബസ്സിന്റെ പിൻഭാഗം മാത്രമേ റെക്കോർഡ് ചെയ്യപ്പെട്ടുള്ളൂ. ഈ ഫാമിലിയാകട്ടെ മുന്ഭാഗത്തു കൂടിയായിരുന്നു ഇറങ്ങിപ്പോയതും. അതോടെ ആ മാർഗ്ഗവും അടഞ്ഞു. ബസ്സിൽ ആണെങ്കിൽ സിസിടിവിയും ഇല്ല. ദീർഘദൂര ബസ്സുകളിൽ സിസിടിവി ഘടിപ്പിക്കുന്നതു കൊണ്ടുള്ള ഉപയോഗം ഇപ്പോൾ എല്ലാവർക്കും മനസ്സിലായിക്കാണുമല്ലോ അല്ലേ?
നഷ്ടപ്പെട്ട ട്രോളി ബാഗിൽ ഗവേഷണ വിദ്യാർത്ഥിനിയായ അനഘയുടെ പ്രധാനപ്പെട്ട വിവരങ്ങളും നോട്സും അടങ്ങിയ ബുക്കുകളും, കൂടാതെ ഫാൻസി ആഭരണങ്ങളുടെ ഒരു കളക്ഷനും ഉണ്ടായിരുന്നു. ബാഗ് കിട്ടാൻ യാതൊരു വഴിയും ഇല്ലെന്നു കണ്ടതോടെ “ബാഗ് നഷ്ടപ്പെട്ടതായി ഒരു വാർത്ത കൊടുക്കാമോ?” എന്ന അഭ്യർത്ഥനയുമായി അനഘ ആനവണ്ടി ബ്ലോഗിൽ മെസ്സേജ് അയയ്ക്കുകയും തുടർന്ന് ഞങ്ങളുടെ എഡിറ്റർ അനഘയെ ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിച്ചു വാർത്ത പ്രസിദ്ധീകരിക്കുകയുമായിരുന്നു. അബദ്ധത്തിൽ ബാഗും എടുത്തുകൊണ്ട് എറണാകുളത്ത് ഇറങ്ങിയ ആ ഫാമിലി ആനവണ്ടി ബ്ലോഗിൽ വന്ന വാർത്ത കണ്ടപ്പോൾ ഉടൻ തന്നെ വർത്തയോടൊപ്പമുണ്ടായിരുന്ന അനഘയുടെ നമ്പറിൽ വിളിച്ച് ബാഗ് തങ്ങളുടെ കൈവശമുണ്ടെന്ന് അറിയിക്കുകയായിരുന്നു.
തങ്ങൾ അറിയാതെ എടുത്തുകൊണ്ടു പോയ ബാഗിന്റെ ഉടമയെ കണ്ടെത്താൻ കഴിയാതെ ആ ഫാമിലി വിഷമിക്കുകയായിരുന്നു. തുടർന്ന് അവരുടെ ബന്ധുവായ ഒരു പോലീസുകാരനെ അവർ കാര്യം അറിയിക്കുകയും, ബ്ലോഗിലെ വാർത്ത കണ്ട പോലീസുകാരൻ വിവരം ആ കുടുംബത്തെ അറിയിക്കുകയുമായിരുന്നു. എന്തായാലും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നുകരുതിയ ബാഗ് അനഘയ്ക്ക് രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ തിരികെ ലഭിച്ചു. ഇനി അനഘയ്ക്ക് തൻ്റെ പഠനം തുടരാം. ഈ സംഭവത്തിൽ ആനവണ്ടി ബ്ലോഗിന് നന്ദി പറഞ്ഞുകൊണ്ട് അനഘ ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് ഇടുകയുമുണ്ടായി. ഞങ്ങൾ കാരണം ഒരു പാവം വിദ്യാർത്ഥിനിയുടെ പുസ്തകങ്ങൾ അടങ്ങിയ ബാഗ് തിരികെ ലഭിക്കുവാനിടയായത് ഞങ്ങൾക്കും സന്തോഷവും അഭിമാനവും പകരുന്ന ഒരു സംഭവമാണ്. എല്ലാവർക്കും നന്ദി.