നമ്മൾ അയച്ച ഒരു പാർസൽ അല്ലെങ്കിൽ കൊറിയർ ലക്ഷ്യ സ്ഥാനത്തെത്തുവാൻ പരമാവധി എത്ര ദിവസമെടുക്കും? കൂടി വന്നാൽ ഒരാഴ്ച. അതിനപ്പുറം പോകാറില്ല. അതുമല്ലെങ്കിൽ നമ്മൾ മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലെ തിരുവനന്തപുരത്ത് റോഡ് മാർഗ്ഗം എത്തിച്ചേരുവാൻ എത്ര ദിവസമെടുക്കും? അത് വാഹനത്തിന്റെ വേഗതയനുസരിച്ചിരിക്കും.. എന്നാലും ഏറിപ്പോയാൽ മാക്സിമം ഒരു മാസം.

എന്നാൽ ഒരു വർഷമായിട്ടും മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട ട്രക്ക് ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിച്ചേ മതിയാകൂ. സംഭവം സത്യമാണ്. മഹാരാഷ്ട്രയിലെ അംബർനാഥിൽ നിന്നും കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിലുള്ള വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്ക് 70 ടൺ ഭാരമുള്ള ഒരു വലിയ കാർഗോയുമായി ട്രക്ക് പുറപ്പെടുന്നത് 2019 ജൂലൈ മാസത്തിലായിരുന്നു. എന്നാൽ 2020 ജൂലൈ പകുതി കഴിഞ്ഞിട്ടും ട്രക്ക് ലക്ഷ്യത്തിലേക്കുള്ള വഴിയിലാണ്.

വോൾവോ FM12 ട്രക്കാണ് 70 ടൺ ഭാരമുള്ള ഭീമൻ എയ്‌റോസ്‌പേസ് ഓട്ടോക്ലേവ് വഹിച്ചുകൊണ്ട് യാത്ര നടത്തുന്നത്. 74 വീലുകളുള്ള ഈ ട്രക്കിന് (ട്രെയിലർ) കാർഗോയുടെ അസാധാരണമായ വലിപ്പം കാരണം വളരെ പതുക്കെ മാത്രമേ സഞ്ചരിക്കാനാകൂ. അതായത് ഒരു ദിവസം ഏകദേശം അഞ്ചോ ആറോ കിലോമീറ്റർ ദൂരം മാത്രമാണ് ട്രക്ക് നിരങ്ങിനീങ്ങി പിന്നിടുന്നത്.

7.5 മീറ്റർ ഉയരവും 6.65 മീറ്റർ വീതിയുമുള്ളതാണ് ട്രക്ക് വഹിക്കുന്ന കാർഗോയായ ഈ യന്ത്രസാമഗ്രികൾ. ഇതിൻറെ ഭാരവും വലിപ്പവും വീതിയുമൊക്കെ കാരണം തിരക്കേറിയതും വീതി കുറഞ്ഞതുമായ റോഡുകളിലൂടെയുള്ള യാത്ര അത്യന്തം ദുഷ്ക്കരവുമാണ്. അതിനാൽ ട്രക്ക് സഞ്ചരിക്കുന്ന സമയത്ത് മിക്കവാറും അതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുത്താറുണ്ട്. കൂടാതെ പോലീസും വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരും ഒക്കെ ചേർന്ന് ട്രക്കിന് വഴിയൊരുക്കി അകമ്പടി നൽകുകയും ചെയ്തു.

ട്രക്ക് വഹിക്കുന്ന യന്ത്രസാമഗ്രികൾ വലിയ ഷീറ്റുകൾ കൊണ്ട് മൂടിയിട്ടാണ് സഞ്ചാരം. ട്രക്ക് സഞ്ചരിക്കുമ്പോൾ വശങ്ങളും മുകൾഭാഗവുമൊക്കെ എവിടെയും മുട്ടുകയില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി 32 ജീവനക്കാർ ഇതിനൊപ്പമുണ്ട്. ഇവർ പതിയെ സഞ്ചരിക്കുന്ന ട്രക്കിനൊപ്പം നടന്നാണ് വഴിയൊരുക്കുന്നത്.

മുംബൈ പോർട്ടിൽ ഷിപ്പ്മെന്റിന്റെ ഉയരം കാരണം എൻട്രി സാധ്യമല്ലാത്തതിനാലാണ് ഈ ചരക്കു കടത്തലിനായി റോഡ് മാർഗം സ്വീകരിച്ചത്. നാസിക്കിനും വട്ടിയൂർക്കാവിനും ഇടയിലുള്ള ദൂരം 1700 ഓളം കിലോമീറ്ററുകളാണ്. ഇത്രയും ദൂരം ഒരു സാധാരണ ട്രക്കിനു സഞ്ചരിക്കുവാൻ, ബ്ലോക്കുകളൊന്നും കിട്ടിയില്ലെങ്കിൽ ഏകദേശം ഒരാഴ്ചയോളം മതിയാകും.

അംബര്‍നാഥില്‍ നിന്ന് നാസിക്, ആന്ധ്രാപ്രദേശ് വഴി ബംഗളുരുവിലെത്തിയ വാഹനം തമിഴ്‌നാട്ടിലെ സേലം, തിരുനല്‍വേലി, കന്യാകുമാരി, മാര്‍ത്താണ്ഡം വഴിയായിരുന്നു സഞ്ചാരം. 2020 ജൂലൈ ആദ്യവാരമാണ് ട്രക്ക് കേരളത്തിനുള്ളിൽ പ്രവേശിച്ചത്. കേരളത്തിലേക്കു കടക്കുമ്പോള്‍ മാര്‍ത്താണ്ഡം പാലമാണ് വാഹനസംഘത്തിനു വെല്ലുവിളിയായിരുന്നത്. വാഹനത്തിന്റെ ഭാരക്കൂടുതല്‍ കാരണം പാലം പൊളിഞ്ഞുവീഴുമോയെന്ന സംശയമുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ട് അത്തരം അനിഷ്ട സംഭവമൊന്നും ഉണ്ടായില്ല. ട്രക്കിനു കടന്നുപോകാനായി കളിയിക്കാവിള ചെക്ക് പോസ്റ്റ് നീക്കം ചെയ്യുകയും അത് പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

പൊതുവെ റിഫൈനറിയിലേക്കും മറ്റുമുള്ള ഭീമൻ യാത്രാഭാഗങ്ങളുമായി പോകുന്ന ട്രക്കുകളൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഒരു വർഷമെടുത്ത ഇതുപോലൊരു ചരക്കുനീക്കം ആദ്യമായിട്ടായിരിക്കും നിങ്ങൾ കാണുന്നത്. എന്തായാലും യാതൊരു അപകടവും കൂടാതെ ഇത്രയും ദൂരം ഇത് ഇവിടെയെത്തിച്ചതിനുള്ള ക്രെഡിറ്റ് ഇതിലെ ജീവനക്കാർക്കും, അതുപോലെത്തന്നെ അതാത് സ്ഥലങ്ങളിലെ വൈദ്യുതിബോർഡ്, പോലീസ് എന്നിവർക്ക് ഒക്കെ തന്നെയാണ്.

വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.