മാസങ്ങൾക്ക് മുൻപ് എല്ലാവരെയും വേദനിപ്പിച്ചതും നാണക്കേടുണ്ടാക്കിയതുമായ ഒരു വാർത്തയാണ് കാസർഗോഡ് നിർത്തിയിട്ട ലോറിയുടെ ചേസിസിൽ നിന്നും ഹൈവേക്കള്ളന്മാർ വീലുകൾ അഴിച്ചെടുത്തു കൊണ്ടുപോയ സംഭവം. ഉത്തരഖണ്ഡിൽ നിന്നും ട്രക്ക് ചെയിസിസുമായി കേരളത്തിലെത്തിയ ജുമാഖാൻ എന്ന ഡ്രൈവർ കാസർഗോഡ് ചെറുവത്തൂർ എന്ന സ്ഥലത്ത് വാഹനം റോഡരികിൽ നിർത്തി ഉറങ്ങിയെണീറ്റപ്പോഴാണ് 2 ലക്ഷത്തിലധികം രൂപ വിലവരുന്ന ടയറുകൾ കള്ളന്മാർ കൊണ്ടുപോയ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്.
ഈ തുക ഡ്രൈവറായ താൻ കമ്പനിയ്ക്ക് വീട്ടണമെന്നറിഞ്ഞ ജുമാഖാന് അത് ഇടിത്തീ വീണത് പോലെയായി. കേരളം ആയതിനാൽ സുരക്ഷിതമാണല്ലോ എന്നോർത്താണ് ആ പാവം ഡ്രൈവർ മലയാളികളെ വിശ്വസിച്ച് കിടന്നുറങ്ങിയത്. എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു എന്നു മാത്രം. വാർത്ത വൈറലായതോടെ കേരളം മൊത്തം പാവം ഡ്രൈവറുടെ ഒപ്പം താങ്ങായി നിന്നു. ഇതിനിടെ ഡ്രൈവർക്കു നിയമസഹായങ്ങൾ ആവശ്യമെങ്കിൽ സൗജന്യമായി ചെയ്യുവാൻ തയ്യാറായി വയനാട് സ്വദേശി അഡ്വ. ശ്രീജിത്ത് പെരുമാനയും രംഗത്തെത്തി.
ഇങ്ങനെയൊരു വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത് സുപ്രഭാതം ലേഖകനും അധ്യാപകനുമായ വിനയൻ പിലിക്കോട് എന്ന വിനയൻ മാഷ് ആയിരുന്നു. ആരും അറിയപ്പെടാതെ പോകുമായിരുന്ന ഈ സംഭവം ഇത്തരത്തിലൊരു ജനശ്രദ്ധ നേടിയ വാർത്തയാക്കുവാൻ വിനയൻ മാഷും മറ്റുള്ള മാധ്യമ സുഹൃത്തുക്കളും എടുത്ത പ്രയത്നം വെറുതെയായില്ല. ഈ സംഭവം കേരളത്തെയാകെ നാണംകെടുത്തിയപ്പോൾ, വേണ്ടരീതിയിലുള്ള ഇടപെടലുകളിലൂടെ നമ്മുടെ നാടിന്റെയും ആളുകളുടെയും സ്നേഹവും നന്മയും അറിയിക്കുവാൻ ഇവർക്ക് സാധിച്ചു.
മുഖ്യധാരാ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ജുമാഖാൻ വഴി വിനയൻ മാഷ് അവരുടെ കമ്പനി അധികൃതർക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഇതോടെ സംഭവത്തിന്റെ നിജസ്ഥിതിയും, പാവം ഡ്രൈവറുടെ ദയനീയാവസ്ഥയും മനസിലാക്കിയ കമ്പനി അധികൃതർ, ഒപ്പമുള്ള മറ്റു വണ്ടികളിലെ സ്റ്റെപ്പിനി ടയറുകൾ അഴിച്ചെടുത്ത്, വീലുകൾ മോഷണം പോയ ലോറിയിൽ ഘടിപ്പിച്ച് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുവാൻ ആവശ്യപ്പെട്ടു. അതോടൊപ്പം ഡ്രൈവറിൽ നിന്നും നഷ്ടപ്പെട്ട വീലുകളുടെ തുകയായ 2 ലക്ഷം രൂപ ഈടാക്കില്ലെന്ന ഉറപ്പും നൽകി.
എന്തായാലും ഈ വാർത്ത കണ്ടു മനസ്സ് നീറിയ മലയാളി സുഹൃത്തുക്കൾക്ക് ഇനി ആശ്വസിക്കാം. നമ്മുടെ നാടിനെയും നാട്ടുകാരെയും വിശ്വസിച്ചു വന്ന ഒരാൾക്ക് ആപത്തു പിണഞ്ഞപ്പോൾ കൈത്താങ്ങായി നിന്നതും നമ്മുടെ ആളുകൾ തന്നെയാണ്. ആ പാവം ഡ്രൈവർ ഒരിക്കലും മറക്കില്ല ഇനി കേരളത്തെയും, മലയാളികളുടെ സ്നേഹത്തെയും. അതോടൊപ്പം തന്നെ വീലുകൾ മോഷ്ടിച്ച കള്ളന്മാരെ പിടികൂടാനുള്ള ഊർജ്ജിത ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.
അങ്ങനെ ട്രാജഡി ആയിത്തീരേണ്ട ഒരു സംഭവത്തിന്റെ ക്ളൈമാക്സ് നന്മയും സന്തോഷവും കൊണ്ട് തീർന്നിരിക്കുന്നു. ഇതിനായി മുന്നിട്ടിറങ്ങിയ വിനയൻ മാഷും സുഹൃത്തുക്കളും മുതൽ വാർത്ത ഷെയർ ചെയ്തു വൈറലാക്കിയ എല്ലാ മലയാളി സുഹൃത്തുക്കളും അഭിനന്ദനങ്ങൾ അർഹിക്കുന്നു…
കടപ്പാട് – Vinodkumar Vinu.