ഇത് ഒരു 67 വയസായ സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ്. ലത ഭഗവാൻ ഖാരെ എന്ന അറുപത്തേഴു വയസ്സുള്ള സ്ത്രീ അവരുടെ മൂന്നു പെൺമക്കളും ഭർത്താവുമൊന്നിച്ച് മഹാരാഷ്ട്രയിലെ ഭുൽധാന ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജീവിച്ചു വരികയായിരുന്നു. അവരും ഭർത്താവും എല്ലുമുറിയെ പണിയെടുത്ത് സമ്പാദിച്ചത് മുഴുവൻ മൂന്നു പെൺകുട്ടികളുടെയും വിവാഹം ഭംഗിയായി നടത്താൻ വിനിയോഗിക്കുകയും ചെയ്തു.

മക്കളുടെ വിവാഹം കഴിഞ്ഞ് അവരും ഭർത്താവും ദിവസക്കൂലിക്ക് അടുത്തുള്ള കൃഷിസ്ഥലങ്ങളിൽ ജോലിക്ക് പോകാൻ തുടങ്ങി. പെട്ടെന്നൊരു ദിവസം അവരുടെ ഭർത്താവിന് ഗുരുതരമായ ഒരണുബാധയുണ്ടായി. ഈ അവസ്ഥയിൽ ആവശ്യത്തിന് പണം കയ്യിലില്ലാതിരുന്നത് കൊണ്ട് അവരാകെ വിഷമത്തിലായി. എന്തുചെയ്യണമെന്നറിയാതെ ഭർത്താവിനെയും കൊണ്ട് അടുത്തുള്ള സർക്കാരാശുപത്രിയിലെത്തി. വിദഗ്ധചികിത്സക്കായി അദ്ദേഹത്തെ നല്ലൊരാശുപത്രിയിലേക്ക് റഫർ ചെയ്ത് ഡോക്ടർമാർ അവരെ യാത്രയാക്കി.

ഭർത്താവ് സ്വന്തം കൈകളിൽ കിടന്നു മരിക്കുന്നത് അവർക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. ദുഃഖവും നിസ്സഹായതയും കൊണ്ട് അവർ പൊട്ടിക്കരഞ്ഞു. ധൈര്യം സംഭരിച്ച് അയൽക്കാരോടും ബന്ധുക്കളോടും പരിചയക്കാരോടുമെല്ലാം യാചിച്ച് നേടിയ ചെറിയ തുകയുമായി അവർ മറ്റു പരിശോധനകൾക്കും ലാബ് ടെസ്റ്റുകൾക്കുമായി ബാരമതിയിലേക്ക് ഭർത്താവിനെയും കൊണ്ട് പുറപ്പെട്ടു.

ഡോക്ടർ ഭർത്താവിനെ പരിശോധിക്കുമ്പോൾ അവർ കണ്ണീരോടെ അദ്ദേഹത്തിന്റെ ആയുസ്സിനായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. പരിശോധന കഴിഞ്ഞ് ഡോക്ടർ പുറത്തുവന്നപ്പോൾ പ്രിയപ്പെട്ടവന്റെ അസുഖം ഭേദമാവുമെന്നോർത്ത് അവരുടെ കണ്ണുകൾ തിളങ്ങി. എന്നാൽ ഡോക്ടർ വിലകൂടിയ മരുന്നുകളും ടെസ്റ്റുകളുമാണ് വീണ്ടും നിർദ്ദേശിച്ചത്. എന്തുചെയ്യണമെന്നറിയാതെ ലതയുടെ ലോകം കീഴ്മേൽ മറിഞ്ഞു. ഭർത്താവിന്റെ ചികിത്സക്കായി ഒരു രൂപപോലുമെടുക്കാൻ അപ്പോഴവരുടെ കയ്യിലില്ലായിരുന്നു. ഹൃദയവേദനയോടെ അവർ വിലപിച്ചു കൊണ്ടിരുന്നു.

സങ്കടവും വിശപ്പും തളർത്തിയ അവർ ആശുപത്രിക്കു പുറത്തു സമൂസ വിൽക്കുന്നയാളുടെ അടുത്തെത്തി നിന്നു. രണ്ടു സമൂസ പൊതിഞ്ഞു കിട്ടിയ മറാത്തി ന്യൂസ്പേപ്പറിൽ അവരുടെ കണ്ണുകളുടക്കി. ഹൃദയം ഉച്ചത്തിൽ മിടിച്ചു. അത് ബാരമതി മാരത്തോണിനെയും അതിന്റെ സമ്മാനത്തുകയെയും കുറിച്ചുള്ള ഒരു പരസ്യമായിരുന്നു. പലതരം ചിന്തകൾ അവരുടെ മനസ്സിലൂടെ കടന്നുപോയി.

പിറ്റേന്ന് ബാരാമതി മാരത്തോൺ ആരംഭിക്കുകയാണ്. പങ്കെടുക്കുന്നവരൊക്കെ അവരുടെ സ്പോർട്സ് ഷൂവും വിലകൂടിയ ട്രാക്ക്സ്യൂട്ടുകളും ധരിച്ച് എത്തിയിരുന്നു. അപ്പോഴാണ് അവർ വന്നത്. 67 വയസ്സുള്ള ലത ഭഗവാൻ ഖാരെ എന്ന ആ സ്ത്രീ. അവരുടെ കീറിപ്പോയ സാരിയിൽ, നഗ്നപാദയായി, നിറഞ്ഞ കണ്ണുകളുമായി. മാരത്തോൺ നിയമങ്ങൾക്ക് അവരെ പങ്കെടുപ്പിക്കാൻ സാധ്യമല്ലായിരുന്നു. അവരാകട്ടെ സംഘാടകരോട് തർക്കിച്ചു, കരഞ്ഞു, യാചിച്ചു. ഒടുവിൽ അവർക്ക് മരത്തോണിൽ പങ്കെടുക്കാൻ അനുവാദം കിട്ടി.

മാരത്തോൺ ആരംഭിച്ചു. മുട്ടിനുമുകളിലേക്ക് സാരിയെടുത്തു കുത്തി ഒരു മന്ത്രവാദിനിയെപ്പോലെ അവരോടാൻ തുടങ്ങി. ശരിക്കും പതിനാറുകാരിയുടെ ചുറുചുറുക്കോടെ. ഒന്നിനെക്കുറിച്ചുമാലോചിക്കാതെ. അവരാകെ കണ്ടത് ഭർത്താവിന്റെ വേദനയും, വിജയിച്ചാൽ കിട്ടാൻ പോകുന്ന സമ്മാനത്തുകയും മാത്രമായിരുന്നു. മുമ്പിലെ പാറക്കല്ലുകളും പൊട്ടി ചോരയൊഴുകുന്ന പാദങ്ങളും അവർ ശ്രദ്ധിച്ചില്ല. അവർ നിർത്താതെ ഓടിക്കൊണ്ടിരുന്നു. അതവർക്ക് ജീവിതമായിരുന്നു.ഭർത്താവിന്റെ ജീവന്റെ വിലയായിരുന്നു.

ജനക്കൂട്ടം ആർത്തുവിളിച്ചു. ഒടുവിൽ അവർ ഫിനിഷിംഗ് പോയിന്റിൽ ഒന്നാമതായി എത്തിയപ്പോൾ പ്രഗത്ഭരായ മറ്റു മത്സരാർത്ഥികൾ അവിടേക്ക് എത്തുന്നതെ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും ആശ്ചര്യത്തോടെയായിരുന്നു ലത ഭഗവാൻ ഖാരെയെ നോക്കിക്കണ്ടത്. സിനിമകളിൽ ഇത്തരം രംഗങ്ങൾ എല്ലാവരും കണ്ടിട്ടുണ്ട്. എന്നാൽ അത് ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു.

ബാരമതിയുടെ തെരുവുകളിൽ അവർക്കായുള്ള കരഘോഷം ഉയർന്നു. സമ്മാനത്തുക കൈപ്പറ്റി ഭർത്താവിന്റെ ചികിത്സ പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തി. ഇതാണ് സ്നേഹം, ഇതാണ് പ്രാർത്ഥന. അവരൊന്ന് ഇമചിമ്മിയില്ല. എങ്ങനെ മാരത്തോൺ ജയിച്ചെന്ന് അവർക്കിപ്പോഴും ചിന്തിക്കാൻ കഴിയുന്നില്ല. നഗ്നപാദങ്ങളുമായി അവരെങ്ങനെ ഓടിയെന്ന്. എങ്ങനെ ആ ദൂരം കടന്നുവെന്ന്. അവർക്കൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ ഭർത്താവിന്റെ ജീവൻ രക്ഷിക്കണം. ലത ഭഗവാൻ ഖാരെ എന്ന സ്ത്രീയുടെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ നമുക്ക് ശിരസ്സു കുനിയ്ക്കാം. ഒഴിവുകഴിവുകളുടെ ഈ ലോകത്ത് നിങ്ങളൊരു മാതൃകയാണ്.

കടപ്പാട് ടെലിഗ്രാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.