കഴിഞ്ഞ ദിവസം പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാന്റിനു സമീപം ഒരു യുവതി തൻ്റെ സ്‌കൂട്ടറുമായി സൂപ്പർഫാസ്റ്റ് ബസിനു വട്ടം വെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നല്ലോ. സംഭവത്തിൽ ചിലർ കെഎസ്ആർടിസി ഡ്രൈവറെ കുറ്റം പറഞ്ഞു, മറ്റു ചിലർ ആ യുവതിയെയും. സംഭവം കെഎസ്ആർടിസി ബസ് വന്നത് റോംഗ് സൈഡിൽത്തന്നെയാണ്, എന്നാൽ ഈ വീഡിയോയുടെ സത്യാവസ്ഥ ആരെങ്കിലും തിരക്കിയോ? എന്തു വീഡിയോ കണ്ടാലും വ്യക്തമായ കാര്യമറിയുന്നതിനു പകരം വൈറലാക്കാൻ നടക്കുന്ന മഹത് വ്യക്തികൾ ഇതൊന്ന് വായിക്കണം. സംഭവസ്ഥലത്ത് ദൃക്ഷാക്ഷിയായുണ്ടായിരുന്ന ഒരാളുടെ കുറിപ്പാണിത്.

“നിങ്ങൾ കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം. സംഭവം നടന്നത് പെരുമ്പാവൂർ – വട്ടക്കാട്ടുപടി (old Muvattupuzha) റോഡിൽ ആണ്. കെഎസ്ആർടിസി സ്റ്റാന്റിനു സമീപത്തെ ഓട്ടോ സ്റ്റാന്റിനു പുറകിൽ ഉള്ള മുസ്ലീം പള്ളിയുടെ മുന്നിൽ സ്കൂൾ കുട്ടികളെ ഇറക്കുന്നതിനായി ഒരു സ്കൂൾ ബസ് നിറുത്തിയിരുന്നു. സ്കൂൾ ബസിനു പുറകിൽ കഥയിലെ വില്ലനായ (എന്റെ കാഴ്ചപ്പാടിൽ നായകനായ) KSRTC ബസ് വന്നു നിന്നു. ചെറിയ കുട്ടികൾ ഇറങ്ങാൻ സമയം കൂടുതൽ എടുക്കും എന്നതുകൊണ്ട് സ്കൂൾ ബസ് ഡ്രൈവർ കയറിപ്പോകുവാൻ സിഗ്നൽ കൊടുത്തതു കൊണ്ടാണ് KSRTC സൂപ്പർഫാസ്റ്റ് ബസ് സ്കൂൾ ബസിനെ ഓവർ ടേക്ക് ചെയ്യാനായി വന്നത്.

പകുതിക്ക് മുകളിൽ സ്കൂൾ ബസിനെ മറി കടന്ന KSRTC ബസിന്റെ മുന്നിലാണ് ഈ യുവതിയുടെ അഭ്യാസപ്രകടനം. ഇതിനിടയിൽ സ്കൂൾ ബസ് ഇടതു വശത്തുകൂടെ കടന്നുപോവുകയും ചെയ്തു. ഒരിക്കലും ആ KSRTC ബസ് ഓവർ സ്പീഡിൽ അല്ലായിരുന്നു. ഏതൊരു വാഹനവും മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്തു കയറി വരുമ്പോൾ എതിരെ വരുന്ന ശരാശരി മല്ലൂ ഡ്രൈവേഴ്സ് സ്വയം സ്പീഡോന്നു കൂട്ടി വെച്ചു കൊടുക്കും. Cheap complex. അതു തന്നെയാണ് ഇവിടേയും സംഭവിച്ചത് എന്നൊന്നും ഞാൻ പറയില്ല. യാദൃശ്ചികമായി സംഭവിച്ചതായിരിക്കാം.
റോഡിൽ പരസ്പരം വിട്ടുവീഴ്ച ചെയ്യണം. ഇല്ലെങ്കിൽ ചിലപ്പോൾ അപകടങ്ങൾ സംഭവിച്ചേക്കാം.

ഈ സംഭവം നേരിൽ കണ്ട ഒരാൾ പോലും ആ സ്ത്രീ ചെയ്തതിനെ പൂർണമായി അംഗീകരിക്കില്ല. എല്ലാ KSRTC ഡ്രൈവേഴ്സും ചെയ്യുന്നത് ശരിയെന്ന് ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ ഈ സംഭവത്തിൽ ആ KSRTC ഡ്രൈവർ മാന്യനാണ്. A good driver. മാന്യമായി ജോലി ചെയ്ത ഒരാളെയാണ് ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയ കരിവാരിത്തേച്ചത്. ഡ്രൈവറ് ചേട്ടന് ഫുൾ സപ്പോർട്ട്… എന്ന് ദൃക്സാക്ഷി.

ഈ ദൃക്‌സാക്ഷി വിവരണം സോഷ്യൽ മീഡിയയിൽ വീഡിയോടൊപ്പം തന്നെ വൈറലായതോടെ, ആദ്യം ബസ് ഡ്രൈവറെ കുറ്റപ്പെടുത്തിയ ആളുകൾ പിന്നീട് കാര്യം മനസ്സിലാക്കുകയാണുണ്ടായത്. കാസർഗോഡ് ഡിപ്പോയുടെ, കോട്ടയം റൂട്ടിലോടുന്ന RPK 539 എന്ന സൂപ്പർഫാസ്റ്റ് ബസ്സായിരുന്നു കഥയിൽ ആദ്യം വില്ലനും പിന്നീട് നായകനുമായി മാറിയത്. നിയമപരമായി ഈ യുവതി ചെയ്തത് തെറ്റാണെന്നു പറയുന്നില്ല. എന്നാൽ റോഡിൽ വാഹനവുമായി ഇറങ്ങുമ്പോൾ ചില അവസരങ്ങളിൽ നമ്മൾ ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യണം. ഒരു Give and take Policy, ഡ്രൈവർമാർ തമ്മിൽ അത് അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.