വിവരണം – വിഷ്‌ണു എ.എസ് പ്രഗതി.

ഇനിയും കാണാത്ത, ഇനിയും അറിയാത്ത രുചികൾ തേടിയൊരു യാത്ര പോകണം.. നാടും നഗരവും വിട്ടകന്ന് അറിയാത്ത വീഥികളിലൂടെ പുതുരുചികളെന്ന ലക്ഷ്യം മാത്രം മുന്നിൽക്കണ്ട് ചില യാത്രകൾ. ബ്രാൻഡിന്റെ മാഹാത്മ്യവും നക്ഷത്രങ്ങളുടെ മേലാപ്പുമില്ലാത്ത നാടൻ മണ്ണിന്റെ ചൂടും ചൂരും തേടിയുള്ള യാത്ര. നഗരത്തിന്റെ മുരൾച്ചയും തളർച്ചയും താല്ക്കാലികമായി ഒഴിവാക്കി നാട്ടിമ്പുറത്തെ കൈപ്പുണ്യം മാത്രം തേടിയുള്ള യാത്ര. പേരറിയാത്ത കിളികളും, വീശുന്ന കാറ്റും സ്വാഗതമരുളുന്ന കിഴക്കന്റെ തട്ടുകടയിലേക്കൊരു യാത്ര.

തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്തു നിന്നും ഉദ്ദേശം 23 കിലോമീറ്റർ ഉള്ളിലായാണ് കാട്ടാക്കട-നെയ്യാർ ഡാം പോകുന്ന റൂട്ടിൽ നിന്നും കള്ളിക്കാട് പോകുന്ന വഴിയിൽ വീരണകാവ് എന്ന സ്ഥലത്ത് ഇടതു വശത്തായി ഓടിട്ട മേൽക്കൂരയും നീല പട്ടീൽ ഭിത്തികളും പേരിനൊരൊറ്റ ബോർഡുമായി മടത്തിക്കോണം ‘കിഴക്കൻ തട്ടുകടയെന്ന’ കുഞ്ഞു രുചിയിടം ഒളിഞ്ഞിരിക്കുന്നത്. ആളെക്കൂട്ടാനും കണ്ണുകിട്ടാനുമായി യാതോരു വിധ അലങ്കോല പണികളും അങ്കലോറിയവും ഇല്ലാത്ത ഒരു പാവം പാവം കുഞ്ഞു കട..

സുദീർഘമായൊരു യാത്രയ്ക്ക് ശേഷം ശകടം ശകലം റോഡിന്റെ ഒരു അരൂന് ഒതുക്കിയ ശേഷം, കൈ കഴുകി നേരെ കിഴക്കൻ തട്ടുകടയുടെ അകത്തളങ്ങളിലേക്ക് വച്ചു പിടിച്ചു. ആകെ മൊത്തം നാല് ബെഞ്ചും ഡെസ്കും, അതിൽ കാലുകൾ കവച്ചു വച്ചാൽ 12 പേർക്കും ഒന്ന് തട്ടിമുട്ടി ഇരുന്നാൽ 16 പേർക്കും ആസനസ്ഥാനാകാം. അതാണ് അവസ്ഥ..

കിട്ടിയ ബെഞ്ചിൽ സ്ഥാനമുറപ്പിച്ചിട്ട് സംശയമന്യേ ഈ കടയിലെ വിശ്വവിഖ്യാതമായ ‘കല്ലാമം’ എന്ന പന്നിതോരനും അവിച്ച മരിച്ചീനിയും ഉത്തരവിട്ടു. യഥാർത്ഥത്തിൽ ‘കല്ലാമം’ എന്നത് കാട്ടാക്കടയ്ക്ക് ഇതിന് അടുത്തുള്ള ഒരു സ്ഥലത്തിന്റെ പേരാണ്. ഇവിടുത്തെ പന്നി ഫാമിലെ ഇറച്ചി ഉപയോഗിക്കുന്നതിനാൽ തദ്വാരാ കല്ലാമമെന്ന പേരു വന്നെന്നു മാത്രം.

ഒരു ചെറു പുഞ്ചിരിയോടെ മുന്നിൽ വീണ വാഴയിലയിൽ വിഭവങ്ങൾ ഒന്നൊന്നായി ഹാജർ വയ്ക്കാൻ തുടങ്ങി. പന്നിതോരൻ ഒരു രക്ഷയില്ലാത്ത കിടുക്കാച്ചി.. ഞാൻ ഇതുവരെ കഴിച്ചിട്ടുള്ളതിൽ വച്ചേറ്റവും കിടുക്കാച്ചി പന്നിതോരൻ.. അത്യുഗ്രൻ !! കാട്ടാക്കട ഭാഗമായത് കൊണ്ട് പിന്നെ കപ്പയുടെ കാര്യം പറയണ്ട.. നല്ല ഒന്നാംതരം വെന്ത മാവുള്ള മരച്ചീനി.. കട്ടിക്ക് കട്ടി എന്നാലോ പെരുവിരലൊന്നാമർത്തിയാൽ മെഴുക് ഉരുകും പോലെ പതം വരുന്ന നല്ല വെടിച്ചില്ലൻ കപ്പ.

പെരുവിരൽ അമർത്തി പതം വന്ന മരച്ചീനിയിൽ ഒന്ന് – രണ്ടു പന്നിതോരൻ കഷ്ണങ്ങളും ആ പൊടിയും കൂട്ടിയൊരു പിടിപിടിക്കണം. കിടു.. കിടിലം.. കിക്കിടിലം.. കിടുക്കാച്ചി… ഏറ്റവും അന്ത്യത്തിൽ പാത്രത്തിന്റെ അടിയിലായി പന്നിത്തോരന്റെ പൊടി കിട്ടും.. അതുംകൂട്ടിയൊരു വട്ടം കൂടി.. വീണ്ടും വിജ്രംഭിച്ച കിടുക്കാച്ചി. വേറെ ലെവൽ ഐറ്റം. ഞാൻ കഴിച്ചിട്ടുള്ള വിഭവങ്ങളിൽ ഏറ്റവും മികച്ച ചിലതിൽ ഇനി കിഴക്കന്റെ കല്ലാമത്തിന്റെ പേരും കൂടി എഴുതി ചേർത്തു..
അജ്ജാതി രുചി.. വെറും മാസ്മരികം..

കൂട്ടിനായി വാങ്ങിയ ബീഫ് റോസ്റ്റും, നാടൻ ചിക്കൻ പിരട്ടും, ഇറച്ചിക്കോഴി തോരനും അതിലുമപ്പുറം…ഏതാണ് മികച്ചതെന്ന് പറയാൻ ഒരു നിവർത്തിയുമില്ല..മുജ്ജന്മ വൈരാഗ്യം പോലെ അടിച്ചു പരത്തി ചിതറിച്ച പൊറോട്ടയുടെ അടുക്കുകൾക്കിടയിൽ ഉരുളിയിൽ കിടന്നു വെന്തു പരുവം പറ്റി കറുത്തു തുടങ്ങിയ ബീഫിന് കൃത്യമായ സ്ഥാനക്കയറ്റം നൽകിയ ശേഷം വായിലേക്ക് ആനയിക്കണം. ഒന്നും പറയാനില്ല… അരപ്പും മസാലക്കൂട്ടും അത്യുഗ്രൻ !! അനിതരസാധാരണമായ രുചി.

നാടൻ കോഴി പിരട്ടും നാടൻ അപ്പവും മറ്റൊരു അടിപൊളി കൂട്ടുകെട്ട്. നാടൻ പിരട്ടിന്റെയൊക്കെ ആ മസാലയുണ്ടല്ലോ. അതൊക്കെ വേറെ വേറെ ലെവലാണ്. ആ മസാല അരപ്പ് മാത്രം മതി പള്ള നിറയും വരെ കഴിക്കാൻ. കൈപ്പുണ്യമെന്നു പറഞ്ഞാൽ ഒടുക്കത്തെ കൈപ്പുണ്യം. അപ്പം തനി വീട്ടിൽ ഉണ്ടാക്കുന്നത് പോലെ. അരത്തവി മാവ് കൊണ്ട് ഭൂഗോളം വരയ്ക്കുന്ന ചേട്ടന്മാരിൽ നിന്നും വിഭിന്നമായി നമ്മുടെയൊക്കെ വീട്ടിൽ ഉണ്ടാകുന്നത് പോലെ നടുവിൽ കട്ടി കൂടി പഞ്ഞി പോലത്തെ അരികൊക്കെ ലേശം കരിഞ്ഞ അപ്പം. അപ്പത്തിന്റെ അരിക് ഒടിച്ച് പിരട്ടിന്റെ അരപ്പും വിരലുമായുള്ള മൽപ്പിടുത്തത്തിൽ ലഭ്യമായ ഇറച്ചിയും കൂട്ടി കഴിക്കണം.

കഷ്ടപ്പെട്ട് വിരല് കൊണ്ട് തോണ്ടിയും പല്ലുകൾ കൊണ്ട് ക്രാവിയുമെടുത്ത ശേഷം കൂന കൂട്ടിയ നാടൻ കോഴി പിരട്ടിന്റെ അസ്ഥിപഞ്ജരങ്ങളെ നോക്കി നെടുവീർപ്പിട്ടു കൊണ്ട് ഞാൻ മനസ്സിലാക്കി… ഈ കോഴിപിരട്ട് ഞാൻ വിചാരിച്ചതിലും ഉഗ്രോഗ്രമാണെന്ന്, കിടിലോൽക്കിടിലം.

ഇറച്ചിക്കോഴി തോരൻ മറ്റൊരു അസാധ്യ വിഭവം. ചെറിയുള്ളിയും പച്ചമുളകും പാകത്തിന് ഉപ്പും നിർന്നിമേഷനായ കോഴിയുടെ കഷ്ണങ്ങളും ഒത്തുചേർന്ന നല്ല കെങ്കേമം വിഭവം. അരപ്പും രുചിയും എല്ലാം ഇറച്ചിയുടെ അകം വരെ നന്നായി പിടിച്ചിട്ടുണ്ട്. കിണ്ണം കാച്ചിയ രുചി. മേൽപ്പറഞ്ഞ കറികളുടെ കൂടെ ചേർക്കുന്ന കറിവേപ്പിലയ്ക്ക് വരെ ഒരുജ്ജാതി ഒടുക്കത്തെ രുചിയാണ്.

ഇടതടവില്ലാതെ ഓരോ വിഭവങ്ങൾ കഴിക്കുന്നതിനിടയിൽ ഞാൻ വിട്ടുപോയ ഒരാളുണ്ടായിരുന്നു – കോംപ്ലിമെന്ററി ചിക്കൻ ഗ്രേവി. ചില കടകളിൽ ആർക്കോ വേണ്ടി തരുന്ന ആപ്പ-ഊപ്പാ ഗ്രേവിയല്ല, പകരം നല്ല ആറ്റിക്കുറുക്കിയ ഒന്നാംതരം ഗ്രേവി.. ആ ഗ്രേവിയുടെയൊക്കെയൊരു നിറവും കൊഴുപ്പുമൊക്കെ അറിയണം, കാണണം കൂടെ അതിനെയൊക്കെ കവച്ചു വയ്ക്കുന്ന അസാധ്യ രുചിയും. സത്യമായിട്ടും ആദ്യം ഗ്രേവിയാണ് കൈവച്ചിരുന്നെങ്കിൽ മറ്റുള്ളവ കൈ വയ്ക്കാൻ ഒന്ന് മടിച്ചേനെ. എണ്ണയുടെ ആധിക്യം ഉള്ളോളം കൂടുതലെങ്കിലും നല്ല കുടുംബത്തിൽപ്പിറന്ന ഗ്രേവി.

ഏറ്റവും അവസാനം ഭംഗിക്ക് ഒരു രസവട. ഇജ്ജാതി രുചിയുള്ള രസവട ജീവിതത്തിൽ കഴിച്ചിട്ടില്ല.. രസവടയുടെ പരുവം നമുക്ക് മാറ്റിനിർത്താം പക്ഷേ ആ രസമുണ്ടല്ലോ അത്… അതൊരു സംഭവമാണ്. കണ്ടു ശീലിച്ച പൊടി കലക്കിയ രസത്തിന് പകരം കായം കശക്കി, വെളുത്തുള്ളിയും മല്ലിയിലയും കടുകും തക്കാളിയും താളിച്ച കുരുമുളകിന്റെ കുത്തും എല്ലാംകൂടി തിളപ്പിച്ചെടുത്ത നല്ല ഒന്നാംതരം രസം.. കാണുമ്പോൾ തന്നെ അറിയാം കലക്ക വെള്ളം പോലെ കട്ടിക്ക് കുഴഞ്ഞു മറിഞ്ഞ തെളിഞ്ഞതല്ലാത്ത നല്ല കിണ്ണം കാച്ചിയ രസം.

വെണ്ണ മുറിച്ചെടുത്ത പോലെ മുറിഞ്ഞ പരിപ്പുവട ആ രസത്തിൽ നനച്ചു മുക്കിയെടുത്തു മല്ലിയിലയുടെ തണ്ടും ചേർത്തു കഴിക്കണം.. വെറും വിജ്രംഭിച്ച കിടുക്കാച്ചി. രാസകേളി നടനമാടിയ ഉശിരൻ രസവട !! അനുഭവിച്ചറിയുക ഈ അനുഭൂതിയെന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഈ കടയിൽ പോയാൽ നിങ്ങളീ രസവട മറക്കരുത്.. അതൊരു സംഭവമാണ്.

അവസാനം ദിഗന്തങ്ങൾ ശ്രവിക്കുമാർ കഠോരമായൊരു ഏമ്പക്കവും വിട്ടിട്ട് കൈയ്യും കഴുകി കാശും കൊടുത്തു ഇറങ്ങിക്കഴിഞ്ഞ് തട്ടുകടയുടെ തൊട്ടടുത്തുള്ള ‘എൽസി’ അമ്മൂമ്മയുടെ മുറുക്കാൻ കടയിൽ നിന്നും ഒരു ‘മാലഡു’ കൂടെ കഴിക്കണം. കൂടെ പച്ചപ്പിനെ തത്തി വരുന്ന വഷളൻ കാറ്റും.. ആഹാ.. അന്തസ്സ്! മണ്ണിനോട് ചേരും മുന്നേ ഇങ്ങനെയും ചില ഓർമകൾ.

ചില കടകൾ ഇങ്ങനെയാണ്.. വലിയ പേരും പത്രാസുമൊന്നുമില്ലെങ്കിലും ഒരു രക്ഷയില്ലാത്ത രുചിയായിരിക്കും. കഴിക്കുന്ന ഓരോ വിഭവവും ഒരിക്കലും മറക്കാത്ത ഓരോ ഓർമകളാക്കി മാറ്റുന്ന അനുഭവങ്ങളാകും. കഴിച്ച ഓരോ വിഭവങ്ങളും സ്വാഭാവിക രുചിക്കൂട്ടുകൾ കൊണ്ട് അസ്വാഭാവിക രുചികൾ തരുന്നവയാകും. ഓരോന്നും ഒന്നുക്കൊന്നുക്ക് മികച്ചവയാകും.. ആരോടും എപ്പോഴും ഹൃദയത്തിൽ കൈവച്ചു കൊണ്ട് 101% ഗ്യാരണ്ടിയോടെ പറയാവുന്ന കടകളാകും.. ഇനി അക്കൂട്ടത്തിൽ കിഴക്കൻ തട്ടുകടയും.

വിലവിവരം : മരച്ചീനി – 20, പൊറോട്ട – 6, അപ്പം – 5, ‘കല്ലാമം’ അഥവാ പന്നിതോരൻ :- 80, ബീഫ് റോസ്റ്റ് – 80, നാടൻ കോഴിപിരട്ട് – 100, ഇറച്ചിക്കോഴി തോരൻ – 80, രസവട – 7, മാലഡു – 5. ചില വിഭവങ്ങൾ പാഴ്സലിന് വില കൂടുതലാണ്. ഉദാഹരണത്തിന് നാടൻ കോഴി പിരട്ട് പാർസൽ 120. അതിനനുസരിച്ചു അളവും കൂടുതലാണെന്നാണ് അറിവ്.

കിഴക്കന്റെ കഥ നടക്കുന്നത് കാട്ടാക്കടയാണെങ്കിലും അതിന്റെ ഉടമയായ രാജൻ മാമന്റെ വേരോടുന്നത് തിരുവനന്തപുരത്തെ ജഗതിയിലാണ്. എഴുത്തുകുത്തുകളിൽ ശ്രീ.രാജൻ നായർ എന്ന ഔദ്യോഗിക നാമം പേറുന്ന നാട്ടാരുടെ കണ്ണൻ മാമന്റെ സ്വദേശം തിരുവനന്തപുരം ജഗതിയിലാണ്. അച്ഛൻ കെ. രാഘവൻ നായർ 1968 മുതൽ 1991 വരെ നമ്മുടെ ഡി.പി.ഐയിൽ ചായക്കട നടത്തിയിരുന്നു..

അന്നൊക്കെ സമോവർ കഴുകാനും കടയിലേക്കുള്ള സാധനം വാങ്ങാനും പിന്നെ കീശയിലേക്കുള്ള മണികിലുക്കത്തിന് മാത്രമായും ചായക്കട ദർശിച്ചിരുന്ന രാജൻ മാമൻ സ്വപ്നേന നിരീച്ചു കാണില്ല താനൊരു ഹോട്ടൽ നടത്തുമെന്ന്. കാള കളിച്ചു നടന്ന് കാലക്രമേണ മീശയ്ക്കും ജീവിതത്തിനും കട്ടി കൂടിയപ്പോൾ ശ്രദ്ധ പലമേഖലകളിലേക്കും തിരിഞ്ഞു.

മുറുക്കാൻ കട തുടങ്ങിയ മറ്റു പല മേഖലകളിലുമായി പലതും നടത്തി നോക്കിയെങ്കിലും ഒന്നും അത്രയ്ക്കങ്ങട് പച്ച പിടിച്ചില്ല. അങ്ങനെ അവസാനത്തെ കച്ചിത്തുരുമ്പെന്ന നിലയിലാണ് കിഴക്കൻ തട്ടുകട തുടങ്ങിയത്. ജന്മനാ കിട്ടിയ കൈപ്പുണ്യം അശ്രാന്ത പരിശ്രമവും കൂടിയായപ്പോൾ പിന്നെ കൈവിട്ട ജീവിതത്തിന്റെ കടിഞ്ഞാൺ തന്റെ വരുതിക്കുള്ളിലാക്കാൻ രാജൻ മാമന് അധികം സമയം വേണ്ടി വന്നില്ല..

പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഈ തട്ടുകട അന്നുമിന്നും നാട്ടാരുടെയും മറുനാടന്മാരുടെയും കുംഭയും മനസ്സും നിറച്ചു കൊണ്ടൊരു അശ്വമേധ കുതിര പോൽ ജൈത്രയാത്ര തുടരുന്നു.

മേൽപ്പറഞ്ഞ പോലെ കടയിൽ സൗകര്യങ്ങളും മറ്റും കഷ്ടിയാണ്, എന്നിരുന്നാലും കാത്തുസൂക്ഷിക്കുന്ന വൃത്തിയും വെടിപ്പും എടുത്തു പറയാതെ വയ്യ. അകത്തും പുറത്തുമായുള്ള ഭിത്തികളിൽ ഇന്നത്തെ കാലത്ത് തുലോം പ്രാധാന്യമർഹിക്കുന്ന തത്വചിന്തകൾ എഴുതി വച്ചിരിക്കുന്നു. ജീവിതത്തിൽ പകർത്താൻ നിവർത്തിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ആളാകാൻ പറ്റിയ വരികൾ..

നമ്മുടെ കണ്ണിൻമുന്നിലെ ഉരുളികളിലാണ് വിഭവങ്ങൾ തയ്യാറാകുന്നത്. രുചിക്കും മണത്തിനും വീട്ടിൽ ചേർക്കുന്ന കൂട്ടുകൾ എന്നതിലുപരി യാതൊരു വിധ ‘ആനയെ മയക്കുന്ന അരിങ്ങോടരുടെ വിദ്യയൊന്നും’ ഇവിടെയില്ല…

കടയിൽ നിന്നും കുറച്ചകലെയുള്ള പേഴമൂട് എന്ന സ്ഥലത്ത് നിന്നുമാണ് കോഴിയും, ബീഫും എല്ലാം വാങ്ങുന്നത്.. പന്നിയിറച്ചി കല്ലാമത്തെ ഫാമിൽ നിന്നും വാങ്ങും. നാടൻ കോഴി മാത്രം ഇപ്പോൾ നാട്ടുകാരിൽ നിന്നും വാങ്ങി വീട്ടിൽ സൂക്ഷിച്ചു ആവശ്യാനുസരണം വെട്ടി കൊടുക്കും. മുൻപ് ഇറച്ചിക്കോഴിയും അങ്ങനെ തന്നെയാണ് ചെയ്തിരുന്നതെങ്കിലും ശാരീരിക അസ്വസ്ഥകളും മെനക്കേട് കാരണവും മുൻപറഞ്ഞത് പോലെ ചന്തയിൽ നിന്നും വെട്ടി വാങ്ങുകയാണ് പതിവ്.

പാചകത്തിന്റെ മുഖ്യ സംവിധായകൻ രാജൻ മാമൻ തന്നെങ്കിലും സതീഷ് അണ്ണനും ജോയ് അണ്ണനും സഹസംവിധായകരായി ചേരുന്നതോടെ കൈപ്പുണ്യത്തിന്റെ അളവ് നിസ്തുലമായി മാറുന്നു. വയ്പ്പും വിളമ്പും എല്ലാം ഇവർ തന്നെയാണ്.. അതിഥികളെ എങ്ങനെ തൃപ്തിപ്പെടുത്തണമെന്നത് ഇവരെക്കണ്ട് പഠിക്കണം. മുറുമുറുപ്പോ വീൺവാക്കുകളോ ഒട്ടുമേയില്ലാതെ എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന കൂട്ടർ.

കഴിച്ചിറങ്ങുന്ന ഓരോരുത്തരോടും അഭിപ്രായം ചോദിച്ച ശേഷമേ പുള്ളി വിടാറുള്ളൂ. അതായത് കടയുടെ നടത്തിപ്പും ദേഹണ്ഡക്കാരനും അഭിപ്രായം രേഖപ്പെടുത്തുന്ന പുസ്തകവും എല്ലാം ഈ മനുഷ്യൻ തന്നെ. ചുരുക്കിപ്പറഞ്ഞാൽ കിഴക്കൻ തട്ടുകടയുടെ ‘ബാലചന്ദ്രമേനോനാണ്’ രാജൻ മാമനെന്നു സാരം. അശേഷം ഫലിതപ്രിയനും, സംസാരപ്രിയനും, ഒരു പരിധി വരെ തത്വചിന്തകനുമായതിനാൽ എല്ലാർക്കും പുള്ളിയോട് വല്ലാത്ത അടുപ്പവുമാണ്.

കിഴക്കൻ തട്ടുകടയെന്ന പേരിനുമില്ലേ ഒരു പ്രത്യേകത? അതിനുമൊരു കാരണമുണ്ട്. കട തുടങ്ങാൻ നേരത്ത് പലരും ‘നാടൻ തട്ടുകട’, ‘തനിനാടൻ’ മുതലായ നാമങ്ങൾ നിർദേശിച്ചെങ്കിലും തന്റെ അമ്മയും അച്ഛനും കിഴക്ക്നി ന്നുള്ളവരായതിനാൽ (മാർത്താണ്ഡം) കിഴക്കൻ തട്ടുകടയെന്ന പേര് മതിയെന്ന ശാഠ്യത്തിൽ നൽകിയ പേരാണ് “കിഴക്കൻ തട്ടുകട.”

ഈ കൈപ്പുണ്യമൊക്കെ എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് “അതൊക്കെ ദൈവത്തിന്റെ ഒരു വികൃതി” എന്നാണ് ഒരു പുഞ്ചിരിയോടെ രാജൻ മാമന്റെ മറുപടി. പറഞ്ഞത് ശെരിയാകും അല്ലാതെ ഇങ്ങനെ വരാൻ വഴിയില്ല.

ഇങ്ങനെയും ചില രുചിയിടങ്ങളുണ്ട്. ആളും മേളവും ഒഴിഞ്ഞ സ്ഥലങ്ങളിൽ ജീവിതത്തിന്റെ രണ്ടറ്റവും കരുപ്പിടിപ്പിക്കാൻ ദൈവം കനിഞ്ഞനുഗ്രഹിച്ച ‘കൈപ്പുണ്യമെന്ന’ ചട്ടുകവും പേറി ഊട്ടാനായി മാത്രം ജന്മം കൊണ്ട ചിലർ. ഇവരെയും അറിയണം… അറിയാതെ പോകരുത്.

NB :- രാവിലെ 11.30 – 12.00 മണിക്ക് തുടങ്ങുന്ന കട രാത്രി 9.30 – 10.00 മണി വരെ പ്രവർത്തിക്കും.. തിങ്കൾ, ചൊവ്വാ എന്നീ ദിവസങ്ങൾ അവധിയാണ്. പോകുന്നവർ കണ്ടറിഞ്ഞു പോവുക. ലൊക്കേഷൻ :- Thattukada, Thiruvananthapuram – Neyyar Dam Rd, Veeranakavu, ഫോൺ – 9747497043.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.