ആലപ്പുഴയെക്കുറിച്ച് അധികമൊന്നും മുഖവുര ആവശ്യമില്ലല്ലോ അല്ലെ? കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന, സായിപ്പന്മാരുടെ ‘ആലപ്പി’ നമുക്ക് ആലപ്പുഴയാണ്. പേരിലുള്ളതുപോലെ തന്നെ ഇവിടെ നിറയെ കായലും തോടും പുഴയുമൊക്കെയാണ്. ആലപ്പുഴയിൽ പ്രധാനമായും രണ്ടു കാര്യങ്ങൾക്കാണ്‌ വിനോദസഞ്ചാരികൾ വരുന്നത്. ഒന്ന് കായൽ യാത്ര ആസ്വദിക്കാനും രണ്ട് നല്ല ഉഗ്രൻ ചെത്തു കള്ള് കുടിക്കുവാനും ഷാപ്പിലെ രുചികൾ അറിയുവാനും. ഈ പറഞ്ഞതിൽ ആദ്യത്തേതിനാണ് പ്രധാനം. ധാരാളം ആളുകൾ ആലപ്പുഴയിൽ വന്ന് കായൽയാത്ര ആസ്വദിച്ചു തിരികെ പോകാറുണ്ട്. ഒരുതവണ വന്നവരെയൊക്കെ വീണ്ടും വീണ്ടും ഇവിടേക്ക് ആകർഷിക്കുവാൻ മിടുക്കിയാണ് ആലപ്പുഴയും അവളുടെ മക്കളായ കുട്ടനാടൻ തുരുത്തുകളും.

ആലപ്പുഴയിൽ ബോട്ട് യാത്ര നടത്തണം എന്നാഗ്രഹമുള്ള ആളുകളുടെയുള്ളിൽ സ്വതവേ പൊങ്ങിവരുന്ന സംശയമാണ് ഏതു തരം ബോട്ടിൽ യാത്ര ചെയ്യണം എന്നത്. നിരവധിയാളുകളാണ് ഈ കാര്യം ചോദിച്ച് സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ പോസ്റ്റുകൾ ഇടുന്നത്. ഇവർക്കായുള്ള ഉത്തരമാണ് ഈ ലേഖനത്തിലൂടെ ഞങ്ങൾ പബ്ലിഷ് ചെയ്യുന്നത്.

ആലപ്പുഴയിൽ ഏതുതരം ആളുകൾക്കും കായൽയാത്രകൾ ആസ്വാദിക്കുവാനുള്ള വകുപ്പുണ്ട് എന്ന കാര്യം ആദ്യമേ മനസ്സിലാക്കുക. കുറച്ച് ലക്ഷ്വറി യാത്ര ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അങ്ങനെയാണെങ്കിൽ നിങ്ങൾ ഒരു ദിവസത്തേക്ക് ഒരു ഹൗസ് ബോട്ട് വാടകയ്ക്ക് എടുക്കുന്നതായിരിക്കും നല്ലത്. കുടുംബമായി യാത്ര ചെയ്യുന്നവർക്കും ഹണിമൂൺ ആഘോഷിക്കുന്നവർക്കും പറ്റിയ ഏറ്റവും ബെസ്റ്റ് ചോയ്‌സ് ഹൗസ്‌ബോട്ട് തന്നെയാണ്. ചെലവ് അൽപ്പം കൂടുമെങ്കിലും കായലോളങ്ങളിൽ ചാഞ്ചാടിയുള്ള ആ യാത്ര ഒരിക്കലും മറക്കാനാകില്ല. ഒപ്പം നല്ല ആലപ്പി മീൻകറി ഉൾപ്പെടെയുള്ള അടിപൊളി നാടൻ ഭക്ഷണവും ഹൗസ്ബോട്ടിലെ യാത്രയ്ക്കിടയിൽ രുചിക്കാം.

ഹൗസ്‌ബോട്ടിൽ ജീവനക്കാർ ഉണ്ടെങ്കിലും നിങ്ങളുടെ സ്വകാര്യതയ്ക്ക് 100% ഗ്യാരണ്ടി ഉറപ്പുവരുത്താവുന്നതാണ്. ആലപ്പുഴയിലും പരിസരത്തും ധാരാളം ഹൌസ് ബോട്ടുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഹൗസ്‌ബോട്ടിലെ യാത്രയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ വിശ്വസ്തമായ ഏജൻസികളിൽ നിന്നും മുൻകൂട്ടി പാക്കേജ് ബുക്ക് ചെയ്യുന്നതായിരിക്കും ഉത്തമം. അതുപോലെതന്നെ നിങ്ങളുടെ യാത്ര ഓഫ് സീസൺ സമയത്താണെങ്കിൽ ബോട്ടിന്റെ വാടക കുറയുകയും ചെയ്യും. ഹൌസ് ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നതിനായി പ്രത്യേകം ലൈസന്‍സ് ഒക്കെ അവര്‍ക്ക് ആവശ്യമാണ്‌. എന്നാല്‍ ഇത്തരത്തില്‍ ലൈസന്‍സ് ഇല്ലാതെ ചില ബോട്ടുകളും ഇവിടെ സര്‍വ്വീസ് നടത്തുന്നുണ്ടത്രേ. നിങ്ങള്‍ ബുക്ക് ചെയ്യുന്ന ഹൌസ് ബോട്ട് ലൈസന്‍സ് ഉള്ളതാണെന്ന് ഉറപ്പു വരുത്തുവാന്‍ ശ്രമിക്കുക. ഏതെങ്കിലും ആലപ്പുഴക്കാരൻ സുഹൃത്ത് നിങ്ങൾക്കുണ്ടെങ്കിൽ ബുക്ക് ചെയ്യുന്നതിന് മുൻപ് അദ്ദേഹത്തിൻറെ സഹായം തേടാനും മടിക്കേണ്ട. ചിലപ്പോൾ ആ സുഹൃത്തിന്റെ പരിചയത്തിൽ കുറഞ്ഞ ചെലവിൽ നല്ല സർവ്വീസ് നൽകുന്ന ബോട്ട് നിങ്ങൾക്ക് ലഭിച്ചാലോ?

ഹൗസ്‌ബോട്ട് വാടകയ്ക്ക് എടുക്കുമ്പോൾ അതിൽ ഒരു ദിവസം താമസിക്കാവുന്ന പാക്കേജ് നോക്കി എടുക്കുക. സന്ധ്യയായാൽ ഹൗസ്‌ബോട്ടുകൾക്ക് കായലിലൂടെ സഞ്ചരിക്കുവാൻ അനുമതിയില്ല. ആ സമയത്ത് നല്ലൊരു കടവ് നോക്കി അവർ ബോട്ട് അടുപ്പിക്കുകയാണ് ചെയ്യാറുള്ളത്. മിക്കവാറും ബോട്ടിലെ ജീവനക്കാരുടെ വീടിനു സമീപത്തായിരിക്കും ഇങ്ങനെ ബോട്ടുകൾ രാത്രി കെട്ടിയിടുന്നത്. ഈ സമയം സഞ്ചാരികള്‍ക്ക് ബോട്ടില്‍ നിന്നുകൊണ്ട് രാത്രിയുടെ കായല്‍ സൗന്ദര്യവും കാറ്റും ആസ്വദിക്കാം. ഹണിമൂണ്‍ കപ്പിള്‍സ് ആണെങ്കില്‍ പറയുകയേ വേണ്ട… നല്ല പ്രണയാതുരമായ അനുഭവങ്ങള്‍ ലഭിക്കും ഇവിടെ.. നിങ്ങൾക്ക് എന്താവശ്യമുണ്ടെങ്കിലും ബോട്ട് ജീവനക്കാരോട് പറഞ്ഞാൽ മതിയാകും. അടിപൊളി ഡിന്നറൊക്കെ കഴിച്ച് രാത്രി ബോട്ടിൽ തങ്ങിയിട്ട് അതിരാവിലെ ബോട്ട് കെട്ടിയിട്ടിരിക്കുന്ന കരയിലൂടെ പ്രഭാത സവാരി നടത്തുവാൻ ഒരിക്കലും മറക്കരുതേ. ഈ സവാരിയ്ക്ക് തദ്ദേശവാസിയായ ബോട്ട് ജീവനക്കാരുടെ സഹായം നിങ്ങൾക്ക് ആവശ്യപ്പെടാം.

കുടുംബ സംഗമങ്ങൾക്കും കോർപ്പറേറ്റ് മീറ്റുകൾക്കും രാവിലെ മുതൽ വൈകുന്നേരം വരെ ഹൗസ്‌ബോട്ടുകൾ വാടകയ്ക്ക് എടുക്കുവാൻ സാധിക്കും. ചുരുക്കിപ്പറഞ്ഞാൽ കുറച്ച് കാശ് മുടക്കുവാൻ തയ്യാറാണെങ്കിൽ ഈ പറഞ്ഞതുപോലെയൊക്കെ ലക്ഷ്വറിയായി ഒരു ആലപ്പുഴ ട്രിപ്പ് പോയി വരാവുന്നതാണ്. ഹൌസ് ബോട്ട് ബുക്കിംഗിനായി വിളിക്കാം: 9847843843 (Cathay Holidays). ഹൗസ് ബോട്ടുകളെക്കൂടാതെ ‘ശിക്കാര’ (കാശ്മീരിലെ ദാൽ തടാകത്തിൽ ഉള്ളത് പോലത്തെ ബോട്ടുകൾ) എന്നറിയപ്പെടുന്ന ചെറിയ ബോട്ടുകളും ഇവിടെ ടൂറിസ്റ്റുകൾക്കായി ലഭ്യമാണ്. നിങ്ങളുടെ താല്പര്യത്തെ നോക്കി ഇവ തിരഞ്ഞെടുക്കുക.

ഇനി മറ്റൊരു കാര്യം കൂടി.. നേരത്തെ പറഞ്ഞതുപോലെ ലക്ഷ്വറിയായി മാത്രം കാണാൻ പറ്റുന്ന ഒരു സ്ഥലമല്ല ആലപ്പുഴ. മുകളിൽ പറഞ്ഞതുപോലെ പണം മുടക്കി ഹൗസ് ബോട്ടുകൾ എടുത്ത് യാത്ര ചെയ്യാൻ സാധിക്കാത്ത സാധാരണക്കാർക്കും ഇവിടെ കായൽയാത്ര ആസ്വദിക്കാവുന്നതാണ്. അതിനു നമ്മൾ ആദ്യം നന്ദി പറയേണ്ടത് നമ്മുടെ സർക്കാരിനോടാണ്… ഒപ്പം ജലഗതാഗത വകുപ്പിനോടും. ഒരു സോഡാ സർബത്ത് കുടിക്കുന്ന കാശു മുടക്കുവാൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് ജലഗതാഗത വകുപ്പിന്റെ (SWTD) യാത്രാബോട്ടുകളിൽ കയറി കായൽ യാത്ര ആസ്വദിക്കാവുന്നതാണ്. ഈ യാത്ര വെറും സിംപിളാണ്. ജെട്ടിയിൽ നിന്നും ബോട്ടിൽ കയറുക, ടിക്കറ്റ് എടുക്കുക, യാത്ര ആസ്വദിക്കുക.. കണ്ടില്ലേ എന്തു സിംപിളാണ്…  ആലപ്പുഴ KSRTC ബസ് സ്റ്റാൻഡിനടുത്തുള്ള ബോട്ട് ജെട്ടിയിൽ നിന്നുമാണ് വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രാബോട്ടുകൾ പുറപ്പെടുന്നത്. അവയിൽ നെടുമുടിയിലേക്കുള്ള ബോട്ട് യാത്രയായിരിക്കും നിങ്ങളെ കൂടുതൽ സംതൃപ്തനാക്കുന്നത്.

ഇങ്ങനെയുള്ള ബോട്ട് യാത്രയിൽ നിഷ്‌ക്കളങ്കരായ ധാരാളം ആളുകളെയും നമുക്ക് പരിചയപ്പെടുവാൻ സാധിക്കും. കായലിന്‍റെ വിരിമാറിലൂടെ ബോട്ട് നീങ്ങുമ്പോള്‍ കണ്ണിന് ഇമ്പമേകുന്ന കാഴ്ചകളോടൊപ്പം ആ നാടിന്‍റെ – നാട്ടുകാരുടെ ജീവിതവും നാം കാണുകയാണ്. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് എന്താവശ്യത്തിനും വള്ളം അല്ലങ്കില്‍ ബോട്ടിനെ ആശ്രയിക്കേണ്ടി വരുന്ന നന്മയുള്ള ഒരു ജനതയുടെ ജീവിതം. സുഖസൗകര്യങ്ങളുടെ നാട്ടിൽ നിന്നും കേരളം കാണുവാനായി വരുന്ന വിദേശസഞ്ചാരികൾ ഉൾപ്പെടയുള്ളവർ നമ്മുടെ സർക്കാർ ബോട്ടിലെ യാത്ര തിരഞ്ഞെടുക്കാറുണ്ട്. അധികം ജെട്ടികളിൽ എടുക്കാത്ത സൂപ്പർ എക്സ്പ്രസ്സ് ബോട്ട് ആണെങ്കിൽ ആലപ്പുഴ – നെടുമുടി യാത്ര ഏകദേശം ഒന്നര മണിക്കൂറോളം എടുക്കും. ഇപ്പോഴത്തെ ചാർജ്ജ് അനുസരിച്ച് ഈ യാത്രയ്ക്ക് വെറും 12 രൂപയുടെ ടിക്കറ്റ് മാത്രം മതി. അതാണ് നേരത്തെ പറഞ്ഞത് ഒരു സോഡാ സർബത്ത് കുടിക്കുന്ന കാശുണ്ടെങ്കിൽ ഒരു കിടിലൻ ബോട്ട് യാത്ര നടത്താൻ പറ്റുമെന്ന്.

പക്ഷേ ഹൌസ് ബോട്ടുകളിൽ ലഭിക്കുന്ന സ്വകാര്യത ഇവിടെ കിട്ടില്ല എന്നോർക്കുക. സാധാരണക്കാരായ ആളുകളായിരിക്കും സർക്കാർ ബോട്ടിലെ നിങ്ങളുടെ സഹയാത്രികർ. സാധാരണ ദിവസങ്ങളിൽ കാലത്തും വൈകീട്ടും ബോട്ടിൽ അത്യാവശ്യം തിരക്ക് അനുഭവപ്പെടാറുണ്ട്. ഒഴിവു ദിവസമാണെങ്കിൽ മിക്കവാറും എല്ലാ ട്രിപ്പിലും യാത്രക്കാർ അധികമുണ്ടാകും. സാധാരണക്കാർക്കും കിടിലൻ കായൽയാത്ര ആസ്വദിക്കുവാനായി ഇങ്ങനെയൊരു അവസരം നമ്മുടെ സർക്കാർ ഒരുക്കിയിട്ടുണ്ട് എന്ന് അറിയാത്തവര്‍ ഇനിയെങ്കിലും അറിയണം.

ഇപ്പോൾ മനസ്സിലായില്ലേ ഏതു തരക്കാർക്കും അവരവരുടെ താൽപര്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ് ആലപ്പുഴയിലെ ബോട്ട് യാത്രകൾ. ഏതുതരം ബോട്ടിലെ യാത്രയാണെങ്കിലും അവയ്ക്ക് അവയുടേതായ ഗുണങ്ങളും പ്ലസ് പോയിന്റുകളും ഉണ്ട്. എന്തായാലും കാണുന്ന കാഴ്ചകൾ ആലപ്പി എന്ന നമ്മുടെ ആലപ്പുഴയുടെ സൗന്ദര്യമല്ലേ? അതിനു മാറ്റമൊന്നും ഉണ്ടാകില്ലല്ലോ.

കവർ ചിത്രം – ശ്യാംരാജ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.