വയനാട് എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഓടിയെത്തുന്നത് താമരശ്ശേരി ചുരവും കുറുവ ദ്വീപും മുത്തങ്ങ വന്യജീവി സങ്കേതവും ഒക്കെയായിരിക്കും. മിക്കവരും വയനാട്ടിലേക്ക് യാത്ര പോകുമ്പോള്‍ ഈ സ്ഥലങ്ങള്‍ ഒക്കെ തന്നെയായിരിക്കും സന്ദര്‍ശിക്കുന്നതും. എന്നാല്‍ അധികമാരും അറിയാതെ വന്യമായ മറ്റൊരു മുഖം ഒളിപ്പിച്ചു വെച്ചുകൊണ്ട് ചില സ്ഥലങ്ങള്‍ വയനാട്ടില്‍ ഉണ്ട്. കണ്ടാല്‍ ഇത് വയനാട് തന്നെയാണോ എന്ന് തോന്നിപ്പിക്കുന്ന ചില സ്ഥലങ്ങള്‍. അത്തരത്തില്‍ രണ്ടു സ്ഥലങ്ങളെയാണ് ഇവിടെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്.

അരണമല : മേപ്പാടിയിൽ നിന്ന് ചൂരൽമല റോഡിലൂടെ പോവുമ്പോൾ കള്ളാടിയിൽ അമ്പലത്തിനടുത്ത്‌ നിന്ന് തിരിഞ്ഞുപോവുന്ന വഴിയിലൂടെ മലകയറിയെത്തുന്നത്‌ അരണമലയെന്ന വിസ്മയക്കാഴ്ചകളുടെ അദ്ഭുതലോകത്തേക്കാണ്‌. ഇവിടേക്കുള്ള വഴി കടന്നുപോവുന്നത്‌ ഏലത്തോട്ടത്തിലൂടെയും വനത്തിലൂടെയുമാണ്‌. വയനാട്ടിലെ മികച്ച ഏലത്തോട്ടങ്ങള്‍ അരണമലയിലാണ്‌ എന്നുവേണമെങ്കില്‍ പറയാം. ഏലം മണക്കുന്ന വഴികളിലൂടെ കടന്നു ചെല്ലുന്നത്‌ വനത്തിനുള്ളിൽ ഇരുവശവും തലയുയർത്തി നിൽക്കുന്ന പുൽമേടുകൾ നിറഞ്ഞ മലകളുടെ ഇടയിലെ വഴിയിലേക്കാണ്‌. മിക്കവാറും സമയങ്ങളില്‍ ഇവിടെ നല്ല കാറ്റ് അനുഭവപ്പെടാറുണ്ട്.

ഇവിടേക്ക് അനധികൃതമായി പ്രവേശിക്കുന്നത് വളരെ അപകടകരമാണ്. കാരണം വന്യമൃഗങ്ങളൊക്കെ ഇറങ്ങുന്ന സ്ഥലമല്ലേ? പരിചയമില്ലാതെ വരുന്നവര്‍ പെട്ടുപോകും എന്നുറപ്പ്. അതുകൊണ്ട് പരിചയമുള്ളവരുടെ സാന്നിധ്യത്തില്‍ മാത്രം അരണമല കയറുവാന്‍ ശ്രമിക്കുക. ടൂവീലറുകളുമായി വരുന്നവര്‍ കുറച്ച് ബുദ്ധിമുട്ടേണ്ടിവരും. കാരണം, കുറേ ദൂരത്തേക്ക് വഴിയുടെ അവസ്ഥ അങ്ങനെയാണ്. അരണമലയുടെ മുകളിലായി ഒരു റിസോര്‍ട്ട് ഉണ്ട്. ഇവിടേക്ക് വിവിധതരം പാക്കേജുകളും ലഭ്യമാണ്. പാക്കേജിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ‘ഡിസ്കവർ വയനാടി’നെ വിളിക്കാം: 9072299665.

തൊള്ളായിരം കണ്ടി : ആദ്യമേ തന്നെ പറയട്ടെ.. തൊള്ളായിരം കണ്ടി വാക്കാൽ വിവരിക്കുക വളരെ ബുദ്ധിമുട്ടാണ്, അവിടം അനുഭവിച്ചു തന്നെ അറിയണം. ഈ പറയുന്നതില്‍ കാര്യമുണ്ടെന്ന് ഒരു തവണ നിങ്ങള്‍ അവിടെ ചെന്നാല്‍ മനസ്സിലാകും. തൊള്ളായിരം കണ്ടി എന്നാല്‍ 900 ഏക്കര്‍ എന്നാണു അര്‍ത്ഥമാക്കുന്നത്. തൊള്ളായിരം ഏക്കര്‍ സ്ഥലം പല ആളുകളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഇന്ന്. ജീപ്പിനു മാത്രമേ തൊള്ളായിരം കണ്ടിയിലേക്ക് മര്യാദയ്ക്ക് പോയിവരാന്‍ പറ്റുള്ളൂ. ഇതൊക്കെ കേട്ടിട്ട് ബൈക്കിലും മറ്റും പോകാന്‍ പ്ലാന്‍ ഉണ്ടേല്‍ അത് സ്വന്തം റിസ്ക്കില്‍ മാത്രം പോകുക. കാരണം തൊള്ളായിരം കണ്ടി ഒരു പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ്. അനുമതിയില്ലാതെ കയറുന്നവര്‍ക്ക് ചിലപ്പോള്‍ പണി കിട്ടാന്‍ ചാന്‍സ് ഉണ്ട്.

കാടിനു നടുവിലൂടെ ഒരു കിടിലന്‍ യാത്ര… അതാണു തൊള്ളായിരം കണ്ടി യാത്രയുടെ പ്രധാന ആകര്‍ഷണം. കാട് എന്നു പറയുമ്പോള്‍ ചുറ്റും തോട്ടങ്ങളാണ്. പക്ഷേ രാത്രിയായാല്‍ ആനയും മറ്റു മൃഗങ്ങളുമൊക്കെ സ്വതന്ത്രരായി വിഹരിക്കുന്ന ഒരു ഇടം കൂടിയാണ് ഇവിടം. കിളികളുടെ ശബ്ദം മാത്രമേ ഇവിടെ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കൂ. ഏകദേശം ഒരു മണിക്കൂറിനടുത്ത് എടുക്കും തൊള്ളായിരം കണ്ടിയുടെ മുകളില്‍ എത്തിച്ചേരാന്‍.

പോകുന്ന വഴിയില്‍ ചിലയിടങ്ങളില്‍ കാട്ടുചോലകള്‍ കാണാവുന്നതാണ്. അവിടത്തെ ഔഷധഗുണമുള്ള വെള്ളത്തിന്‍റെ രുചി ഒന്ന് വേറെതന്നെയാണ്‌. ഓഫ് റോഡ്‌ യാത്രയും കാട്ടിലെ കാഴ്ചകളും ശുദ്ധവായുവും ഒക്കെ ആസ്വദിച്ച് അവസാനം മുകളിലെ ഒരു ഹോം സ്റ്റേയില്‍ എത്തിച്ചേരാം. ‘എല ബ്ലൂം’ എന്നാണു അതിന്‍റെ പേര്. അവിടെ ഒരു നോക്കിനടത്തിപ്പുകാരന്‍ ചേട്ടനും പിന്നെ അദ്ദേഹത്തിനു കൂട്ടായി പൂച്ചകളും പറ്റിയും ഒക്കെയാണുള്ളത്. സഞ്ചാരികള്‍ വരുന്ന സമയങ്ങളില്‍ മാത്രം മറ്റു മനുഷ്യസ്പര്‍ശമേല്‍ക്കുന്ന ഒരു സ്ഥലമാണ് അവിടം.

ഒരിക്കലും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരനുഭവമായിരിക്കും തൊള്ളായിരം കണ്ടിയിലേക്കുള്ള ഈ യാത്ര… ശരിക്കും എല്ലാ ടെന്‍ഷനുകളും മാറിപ്പോകുന്ന ഒരു അനുഭവം തരുന്ന തൊള്ളായിരം കണ്ടി ഒരു വയനാടന്‍ അത്ഭുതം തന്നെ… . 900 കണ്ടി പോകാനും അവിടെ താമസിക്കാനും ഡിസ്കവറി വയനാടിനെ വിളിക്കാം 9072299665.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.