വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.
യാത്രികനായ ഞാൻ ഓരോ പ്രാവശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വർണ്ണിക്കാൻ കഴിയാത്ത അനുഭവ സമ്പത്താണ് കിട്ടുന്നത്. അതാണ് എനിക്ക് എന്റെ യാത്രകളിലൂടെ കിട്ടുന്നതും സ്നേഹമുള്ള യാത്രികരിലേക്ക് എത്തിക്കുന്നതും. കണ്ണ് വേഗത്തിൽ മുന്നോട്ട് യാത്ര ചെയ്യുന്നതും , മനസ്സ് അതിവേഗത്തിൽ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നതും യാത്രകളിലാണ് .
യാത്രികൻ ഇവന്റ് നമ്പർ 186 യാത്രികൻ കൊല്ലം യൂണിറ്റ് നടത്തിയ പ്രോഗ്രാമിന്റെ വിശേഷങ്ങളിലേക്ക്. “ഓഫ് റോഡ് ജീപ്പ് ട്രൈക്കിങ് ഉറുമ്പിക്കര.” യാത്രികൻ കൊല്ലം യൂണിറ്റിനൊപ്പം മറക്കാൻ കഴിയാത്ത ഒരു ഉറുമ്പിക്കര ഓഫ് റോഡ് ജീപ്പ് യാത്ര വിശേഷങ്ങളിലേക്ക് യാത്രികരെ നിങ്ങളെയും കൊണ്ട് പോകാം. കഥക്കൾക്കപ്പുറമുള്ള ഉറുമ്പിക്കരയെ തേടി ഇറങ്ങിയത് പതിനേഴ് യാത്രികർക്കൊപ്പമായിരുന്നു ഈ ഓഫ് റോഡ് ജീപ്പ് യാത്ര .
ഓരോ പ്രഭാതങ്ങളിലും ഒരു നൂറായിരം ആഗ്രങ്ങളുണ്ട്. അതിൽ പുഞ്ചിരികളുണ്ട് ആ പുഞ്ചിരി ഉറുമ്പിക്കരയിലേക്ക് യാത്രികർ വാരി വിതറാൻ തുടങ്ങുകയാണ്. മലനിരകൾ കാവൽ നിൽക്കുന്ന ഏന്തയാർ എന്ന ഗ്രാമപശ്ചാത്തലത്തിൽ കോട്ടയത്തിന്റെയും , ഇടുക്കി ജില്ലയുടെയും ഹൃദയഭാഗങ്ങൾ പരസ്പരം ചേരുന്നിടത്ത് , വാഗമണ്ണിന് മറുഭാഗത്ത് അധികമാരും അറിയപ്പെടാതെ ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് ഉറുമ്പിക്കര, നിഗൂഢ കഥകളുടെ ഉറവിടം . അങ്ങനെ ഞങ്ങൾ യാത്രികർ ഒരേ മനസ്സോടെയും , കൂട്ടായ്മയോടു കൂടി ഉറുമ്പിക്കരയുടെ ഉയരങ്ങളിലേക്ക് യാത്ര തുടങ്ങി പ്രിയ യാത്രികരെ , സ്നേഹിതരെ നിങ്ങളെയും കൊണ്ടു പോകാം .
ഏന്തയാർ – കിഴക്കൻ മലനിരകളുടെ താഴ്വരയിലെ ഈ ഗ്രാമത്തെ കുറിച്ച് എത്ര പേർക്കറിയാം ? വടക്കേമല, തെക്കേമല, പോത്തൻമല, ഉറുമ്പിക്കര മല, മുതുകോര മല ഇങ്ങനെ ചുറ്റുപാടും തലയുയർത്തി നിൽക്കുന്ന എത്രയെത്ര മലകൾ. മണിമലയാറും , പുല്ലകയാറും സംഗമിക്കുന്ന ഇടുക്കി ജില്ലയിലെ മുണ്ടക്കയത്ത് നിന്നും 12 കിലോമീറ്റർ അകത്തേക്ക് സഞ്ചരിച്ചാൽ ഏന്തയാറെത്താം. തികച്ചും ഗ്രാമ പശ്ചാത്തലം ഇവിടെ പ്രകൃതി ഒരുക്കി തരുന്ന കാഴ്ചകളുടെ കലവറ വർണ്ണനാതീതമാണ് .
ഉറുമ്പിക്കര മലയിൽ നിന്നും ഉത്ഭവിക്കുന്ന പാപ്പാനിത്തോട്, നനഞ്ഞു വഴുതി കിടക്കുന്ന പാപ്പാനിത്തോട് വഴി മുകളിലേക്കു കയറിയാൽ നമ്മുക്ക് കീഴടക്കാൻ പറ്റാത്ത ചെങ്കുത്തായ ഉയരങ്ങൾ നിരവധിയാണ് , പാറക്കെട്ടുകളിൽ വെള്ളത്തിന്റെ പളുങ്ക് മണി മുത്തുകൾ ചന്നം ചിന്നം ചിതറി ദ്യശ്യം വശ്യമാക്കി താഴേക്ക് പതിക്കുന്ന മൂന്ന് നെടുനീളൻ വെള്ളച്ചാട്ടങ്ങൾ കാണാം . വേനൽക്കാലമായതിനാൽ വെള്ളച്ചാട്ടത്തിൽ വെള്ളമില്ല , നല്ല കിടിലൻ ഓഫ് റോഡാണ് ഉറുമ്പിക്കര യാത്രികർക്ക് സമ്മാനിക്കുന്നത്.
ദേശാടന പക്ഷികൾ കൂട്ടമായി പറക്കുന്നതു പോലെ ഞങ്ങൾ ഓഫ് റോഡ് യാത്ര ആരംഭിച്ചു . പിന്നെ എടുത്ത് പറയേണ്ട ഒന്ന് ഓഫ് റോഡ് യാത്രയ്ക്ക് ജീപ്പുകളുടെ ഒരു പ്രധാന പങ്ക് തന്നെയാണ് വഹിക്കുന്നത് ഉറുമ്പിക്കരയിലെ പ്രകാശേട്ടനും , സോമൻ ചേട്ടനും പ്രത്യേകം അഭിനന്ദനങ്ങൾ.
കേരളത്തിലെ റെഡേസിന്റെ ഈറ്റില്ലമാണ് ഉറുമ്പിക്കര എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു . ഞങ്ങളുടെ യാത്രയുടെ ആദ്യ പകുതിയിൽ തന്നെ ഒരു മനോഹരമായ വെള്ളച്ചാട്ടമാണ് കണ്ടത് വേനൽക്കാലമായതിനാൽ വെള്ളം തീരെയില്ല .
ഓഫ് റോഡ് ആയതിനാൽ വഴിയിൽ മാർഗ്ഗം തടസ്സം ഒരു പാട് വന്നെങ്കിലും ലക്ഷ്യം മുന്നിൽ കണ്ട് ഓഫ് റോഡിൽ ഞങ്ങൾ യാത്രികർ പറന്ന് ഉയർന്നു . മുന്നോട്ടു ചെല്ലും തോറും വഴി കൂടുതൽ മോശമായി തുടങ്ങി. 100% റിസ്കി ഓഫ്‌റോഡ്. ഫോർ വീൽ ജീപ്പുകൾ കഷ്ടിച്ച് കയറിപ്പോകുന്ന വഴികൾ പക്ഷേ ആരും പകച്ച് നിന്നില്ല ഒരു പതറലും , കൂസലുമില്ലാതെ മുന്നോട്ട് യാത്ര തുടർന്നു.
അങ്ങനെ ഞങ്ങൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു . ചെറിയ കോടമഞ്ഞും , ഇളം കാറ്റും ഞങ്ങൾ യാത്രികരെ പുൽകിയപ്പോൾ ഒരു സിനിമാ തിയറ്ററിൽ ഇരുന്ന് കഥകൾക്കപ്പുറം ഉറുമ്പിക്കര ക്യാൻവാസിൽ കണ്ട പ്രതീതിയാണ് അനുഭപ്പെട്ടത് .
പ്രിയപ്പെട്ടവർ വീഡിയോയും , ഫോട്ടോകളും എടുക്കാൻ ഓടി നടക്കുന്നു . പ്രകൃതിയുടെ മനോഹാരിത വർണ്ണനാതീതം. അരുവികളും , വെള്ളച്ചാട്ടവും ബ്രിട്ടഷ് ഭരണത്തിന്റെ ബാക്കി പാത്രമായ ടീ ഫാക്ടറിയും മദാമ്മ കുളവും , ഇരുമല്ലച്ചി കല്ലും , കൺ കുളിരേ കണ്ടതും ഹൃദയത്തിൽ നിന്ന് മായുന്നില്ല .
ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ കാഴ്ച്ച കാണണം, ഈ തണുപ്പറിയണം, ആകാശത്തിലെ കാർമേഘങ്ങൾ തമ്മിൽ പരസ്പരം നോക്കി സംസാരിച്ച കഥകൾ. എന്താണെന്ന് അറിയണം , കിലോമീറ്ററുകൾ താഴെയായി പച്ച പുതച്ച താഴ്‌വര വശ്യ സുന്ദരമായ പ്രകൃതി വീണ്ടും വീണ്ടും കാട്ടി തരുകയാണ് പ്രകൃതിയുടെ മനോഹാരിതയിലെ കണ്ണാടിയിലൂടെ ഞങ്ങൾ കയറിയ മലനിരകളുടെ ചുവടുഭാഗം മാത്രം. അതിനപ്പുറം ഏന്തയാറിലേക്കുള്ള ഓഫ്‌റോഡ് ഒരു നൂൽ പാലം പോലെ കാണാം.
ഏലവും, കാപ്പിയും, കുരുമുളകും, അങ്ങനെ എണ്ണിയാൽ തീരാത്ത കേരളത്തിന്റെ അമൂല്യ സമ്പത്തിന്റെ ഉറവിടമാണ് ഇവിടം . മലമ്പാതയിലൂടെ കൊടും തണുപ്പിലൂടെയുള്ള ഈ യാത്രയുടെ സുഖമുണ്ടല്ലോ. പ്രകൃതി മനോഹരമായ കാഴ്ചകൾ ഏതൊരു ക്യാമറ പകർത്തുന്നതിനേക്കാട്ടിലും എന്റെ കണ്ണുകൾ പകർത്തി എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു . പുതിയ സൗഹൃദങ്ങൾ ഈ യാത്രയിലും മതിയാവോളം കിട്ടി ആരുടെയും പേര് എടുത്ത് പറയുന്നില്ല കാരണം എല്ലാവരും എന്റെ ഹൃദയത്തിലാണ് . ഉറുമ്പിക്കര മലമുകളിലേക്ക് ആരും ആഗ്രഹിക്കുന്ന ഒരു സ്വപ്ന തുല്യമായ യാത്ര തന്നെ ആയിരുന്നു .
ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങൾ പോലും നാം ശരിക്ക് കണ്ട് തീർക്കാറില്ലല്ലോ. നമ്മുടെ നാട്ടിൽ തന്നെ കാണാൻ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങൾ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലിൽ യാത്ര തുടരുന്നു .