വിവരണം – വിഷ്ണു എ.എസ്.നായർ.
കൂണുകൾ പോലെ മുളച്ചു പൊന്തുന്ന നഗരത്തിലെ ഭക്ഷണശാലകളിൽ നിന്നും വ്യത്യസ്തമായി തീർത്തും കൈപ്പുണ്യവും അതിഥികളോടുള്ള മനോഭാവവും കൊണ്ട് മാത്രം പതിറ്റാണ്ടുകളായി നിലനിന്നു പോകുന്ന അനവധി കടകൾ നമുക്കിടയിലുണ്ട്. പോസ്റ്റുകളും പരസ്യങ്ങളും ഒന്നുമില്ലാതെ വർഷങ്ങളായി ഒരു നിറപുഞ്ചിരിയോടെ മാത്രം അന്നം വിളമ്പുന്നവർ. സോഷ്യൽ മീഡിയയുടെ പ്രവാഹം പെറ്റിടും മുൻപേ തന്നെ വാമൊഴിയായി ജനപ്രവാഹം പൊൻതൂവൽ ചാർത്തിയ അനേകം രുചിയിടങ്ങൾ. അവയിലൊന്നാണ് ഇതും. “ഉള്ളൂർ ഉത്തമൻ മാമന്റെ പുട്ടുകട !!!”
കൃത്യം ഉള്ളൂർ ജംഗ്ഷനിലായി ഓട്ടോ സ്റ്റാൻഡിനടുത്തായി കുഞ്ഞനൊരു ഹോട്ടലുണ്ട്. കുഞ്ഞെന്നു പറഞ്ഞാൽ തിരക്കിനിടയിൽ സൂക്ഷിച്ചു നോക്കിയില്ലെങ്കിൽ ഹോട്ടൽ ആണെന്ന് പോലും മനസ്സിലാകില്ല. ബോർഡുമില്ല ഫ്ലെക്സുമില്ല പേരുമില്ല, പകരം ഒറ്റൊരു വിലാസം മാത്രം – ‘ഉത്തമൻ മാമന്റെ കട.’ അത് മതി, ആ ഭാഗത്തെ ഏതൊരാളും മഞ്ഞ ഭിത്തിയോട് കൂടിയ ഒരു കെട്ടിടം ചൂണ്ടാണി നിവർത്തി കാട്ടിത്തരും.
രാവിലെ അതികലശലായ വിശപ്പും കൊണ്ടാണ് ഉത്തമൻ മാമന്റെ കടയിലേക്ക് വച്ചുപിടിച്ചത്. വെറും പത്തു പേർക്ക് മാത്രം ഇരുന്നു കഴിക്കാൻ പറ്റുന്ന ഒരു ഹോട്ടൽ.. ഒരേ സമയം രണ്ടു പേർ അങ്ങോട്ടും ഇങ്ങോട്ടും പോകേണ്ടി വന്നാൽ ‘ഇടംചെറുപ്പാകുന്ന’ സ്ഥലം മാത്രം. വിശന്നു പോകുന്നവന് എന്ത് ആമ്പിയൻസ്.
ചെന്നു കയറി ഒരു ‘അരൂന്’ ഇടം പിടിച്ചിട്ട് അപ്പവും മുട്ടക്കറിയും കട്ടനും പറഞ്ഞു. നാലായി കീറിയ വാഴയിലയിലൊരു ഭാഗം മുന്നിലേക്ക് വീണു. അതിലേക്ക് ചൂട് അപ്പവും മുട്ടക്കറിയും ചൂടോടെ വന്നെത്തി. അപ്പം ശരാശരി നിലവാരം പുലർത്തി. പക്ഷേ ആ മുട്ടക്കറി കിക്കിടിലം. ശെരിക്കും വീട്ടിലെ പോലെ ധാരാളം വറുത്ത കടുകും നീളത്തിൽ അരിഞ്ഞ പച്ചമുളകും സവാള അരിഞ്ഞിട്ട് കുറുകി പതം വന്ന ഗ്രേവിയും.
നടുക്ക് കട്ടികൂടിയ കുഞ്ഞൻ അപ്പത്തിന്റെ മൊരിഞ്ഞ പുറം ഭാഗം കീറി ഗ്രേവി വടിച്ചെടുത്തു കഴിക്കണം “എന്റെ പൊന്നോ”. ഒരു നിമിഷത്തേക്ക് ബീഫിനെ തള്ളിപ്പറയുമോ എന്നുപോലും ചിന്തിച്ചു പോയി. ഒടുക്കത്തെ രുചി. ഗ്രേവി കുറച്ചേ ഉള്ളുവെങ്കിലും സംഭവം കിടുക്കാച്ചി. സത്യത്തിൽ രണ്ട് അപ്പത്തിനുള്ള ഗ്രേവിയേ ഉള്ളുവെങ്കിലും അത്യുജ്ജലമായ എന്റെ പ്രകടനത്തോടെ മൂന്ന് അപ്പം കഴിച്ചു.
വിശപ്പിന് അത്രയ്ക്കങ്ങട് ശമനം തോന്നാത്തത് കൊണ്ട് അടുത്തതായി ചിരട്ട പുട്ട് പറഞ്ഞു. പപ്പടവും കൂട്ടി പൊടിച്ച പുട്ട് മുട്ടക്കറിയുടെ അവസാന പൊട്ടും പൊടിയും വടിച്ചെടുത്തു കഴിച്ചു. നല്ല കിണ്ണം കാച്ചിയ കോമ്പിനേഷൻ. സത്യത്തിൽ ഇവർ രണ്ടുപേരുമായിരുന്നു ഒന്നു ചേരേണ്ടത്. അല്ലേലും നല്ല ബുദ്ധി താമസിച്ചല്ലേ തോന്നാറുള്ളൂ.
പിന്നീടൊരു മുട്ടക്കറി പറയാൻ വയ്യാത്തതിനാൽ കിഴങ്ങു കറി കൂട്ടി കഴിച്ചു. കിഴങ്ങു കറി തരക്കേടില്ല. എല്ലാത്തിനും പക്കാ ഹോംലി രുചി. വിളമ്പാൻ നേരം ഉത്തമൻ മാമന്റെ ചിരി കൂടെയാകുമ്പോൾ രുചി ഇരട്ടിക്കും. അല്ലേലും വിളമ്പുന്നതും ഒരു കലയാണ്.
കാശും കൊടുത്തു ഇറങ്ങാൻ നേരത്താണ് ഊണ് റെഡി എന്നൊരു ബോർഡ് ഉള്ളിൽ വച്ചിരിക്കുന്നത് കണ്ടത്. “ഇവിടെ ഊണും കിട്ടോ” എന്ന ചോദ്യത്തിന് ഉച്ചയ്ക്കൊരു പന്ത്രണ്ടരയ്ക്ക് ശേഷം വന്നാൽ മതിയെന്നുള്ള സ്നേഹം നിറഞ്ഞ മറുപടി. എന്നാൽപ്പിന്നെ അങ്ങനെയാകട്ടെയെന്നു ഞാനും. അല്ലേലും കുഞ്ഞു കടകളോട് ഭയങ്കര വിശ്വാസമാണ്, അവര് മാസാണ്.
അങ്ങനെ ഉച്ചയ്ക്കൊരു ഒന്നരയായപ്പോൾ വീണ്ടും ഹാജർ വയ്ക്കാൻ ഉത്തമൻ മാമന്റെ കടയിലേക്ക് ഞാനെത്തി. രാവിലെത്തതിൽ നിന്നും തീർത്തും വിഭിന്നമായി സൂചി കുത്താൻ ഇടമില്ലാത്ത രീതിയിൽ തിരക്ക്. ഹോട്ടലിന്റെ അതിർത്തി വരമ്പുകൾ ലംഘിച്ചു നടപ്പാതയിലേക്ക് നീളുന്ന വരി. നഗരത്തിലെ ഓരോ കടയിലും ആളെ കയറ്റനായി ഓരോരോ വിക്രിയകൾ കാണിക്കുന്ന ‘ന്യൂജെൻ’ ഹോട്ടലുകൾക്കിടയിൽ യാതൊരു ആർഭാടവുമില്ലാതെ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുത്ത ഇത്തരം ‘മൂപ്പിലാൻ’ കടകളുടെ കാര്യമാലോചിച്ചു കൊണ്ട് ചുണ്ടുകോട്ടി ആ വരിയിൽ ഞാനുമൊരാളായി മാറി.
ഏതാണ്ട് 20 മിനുട്ടത്തെ കാത്തുനിൽപ്പിന് ശേഷം എനിക്കുള്ള നറുക്ക് വീണു. മുൻപേ നിന്ന പതിവുകാർ ചെയ്തത് പോലെ കണ്ണാടിപ്പെട്ടിക്കുള്ളിൽ നിന്നും വാഴയിലെയൊരണ്ണം കഴുകി വിരിച്ചു. തിരക്ക് കാരണം ക്രമത്തിൽ വിളമ്പുന്നതിനു പകരം ആദ്യം മുന്നിലെത്തിയത് ചോറാണ്. നല്ല ആവി പറക്കുന്ന ജയയരി ചോർ. ശേഷം ഒന്നൊന്നായി അച്ചാറും ബീറ്റ്‌റൂട്ട് കിച്ചടിയും കാബേജ് തോരനും പിന്നെ നമ്മുടെ സ്വന്തം ബീഫ് കറിയും.
കൂന കൂട്ടിയ ചോറിന്റെ ഒത്തനടുക്കായി കുഴി കുഴിച്ച ശേഷം പരിപ്പൊഴിക്കണം. അതിലേക്ക് ആദ്യം വച്ച പപ്പടവും എക്സ്ട്രാ ഒരു പപ്പടവും വാങ്ങി പൊടിച്ചു ചേർക്കണം. ഓടുന്ന പരുവം മാറി ഉരുള ഉരുട്ടിയാൽ ഉരുണ്ടിരിക്കുന്ന പരുവമായതിനു ശേഷം ഗ്രേവി മുക്കിയൊരു ബീഫ് കഷ്‌ണമെടുത്തു ചോറിന്റെ ഉള്ളിൽ തിരുകി വയ്ക്കണം. ശേഷം ഉപ്പിലിട് ഒന്ന് തൊട്ട് നാക്കിൽ വച്ച ശേഷം ഉരുള ഉരുട്ടി കഴിക്കണം. കിടുക്കാച്ചി ബീഫ് കറി, അടിപൊളി പരിപ്പ് കറി !!!
മസാലയുടെ പാകവും ബീഫിന്റെ പരുവവും ബലാബലം പരീക്ഷിക്കപ്പെടുന്ന ഇറച്ചിക്കറി. ഒരു രക്ഷയില്ലാത്ത അരപ്പ്. സംഭവം ഒരുപക്ഷേ ഹോട്ടലിലെ കറിയാണെന്നു അറിയാതെ കഴിച്ചാൽ നിശ്ചിന്തം വീട്ടിലെ ബീഫ് കറിയെ വെല്ലുന്ന രുചി. ശേഷം വന്ന സാമ്പാറിനെയും പുളിശ്ശേരിയെയും എടുത്തു പറയാതെ വയ്യ. എല്ലാം ഒന്നിനൊന്നു മെച്ചം.
പിന്നെ തൊടുകറികളൊഴികെ ഒഴിക്കാൻ എല്ലാം അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന ചേട്ടന്മാരോട് ആംഗ്യം കാണിച്ചാൽ മതി എടുത്തു തരും. അത്രയ്ക്കുള്ള ഇട്ടാവട്ടമേ ഈ ഹോട്ടലിനുള്ളൂ. വരുന്നവരിൽ ഭൂരിഭാഗം ആൾക്കാരും പതിവുകാരാണ്. ഓട്ടോ ചേട്ടന്മാരും ഗ്യാസ് കൊടുക്കുന്ന അണ്ണന്മാരും പണിക്കാരും അങ്ങനെയങ്ങനെ യഥാർത്ഥ സോഷ്യലിസം കാണുന്ന അത്യപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണ് ഈ പുട്ടുകടയും. വിലവിവരം : അപ്പം – 5 Rs, മുട്ടക്കറി : 20 Rs, ചിരട്ട പുട്ട് – 7 Rs, ഊണും ബീഫ് കറിയും – 130 Rs.
ഉത്തമൻ മാമന്റെ അച്ഛനായി തുടങ്ങിവച്ച ഈ ഭക്ഷണശാല കഴിഞ്ഞ 40 വർഷങ്ങൾക്ക് മേലെയായി ഉള്ളൂർ പരിസരവാസികൾക്ക് പരിചിതമാണ്. ഈ കുഞ്ഞൻ കടയിലെ രുചിയനുഭവങ്ങൾക്കായി പതിവുകാർക്കൊപ്പം കേട്ടറിഞ്ഞു ചെല്ലുന്നവരും കുറവല്ല.
ഇങ്ങനെയും ചില ഭക്ഷണശാലകളുണ്ട്, കൈപ്പുണ്യത്തിന്റെ നിറവും വർഷങ്ങളുടെ തഴക്കവും കൊണ്ട് പതിറ്റാണ്ടുകൾ മുന്നേ രുചിലോകത്തിലേക്ക് മാളോരെ കൈപിടിച്ചു ആനയിച്ചവർ. വന്ന കാറ്റിനെയും കൊണ്ട മഴയേയും തഴമ്പേറ്റിയ അനുഭവങ്ങളാക്കി മാറ്റിയവർ, ഇനിയും കടപുഴകാത്ത അത്യുത്തമന്മാരായ ഭക്ഷണോത്തമന്മാർ.
രാവിലെ എട്ടു മണിയോടെ കാപ്പി കിട്ടുമെങ്കിലും, ബീഫ് ഉച്ചയോടെ മാത്രമേ ലഭ്യമാവുകയുള്ളൂ. ലൊക്കേഷൻ :-Uthaman Chettans Puttu Kada, Kochulloor, Ulloor, Thiruvananthapuram, Kerala 695011.