ഭാരതത്തിൽ, ജനസംഖ്യയനുസരിച്ച് ഒന്നാമത്തേയും വിസ്തീർണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. ലഖ്‌നൗ ആണ് തലസ്ഥാനം; കാൺപൂർ, ഏറ്റവും വലിയ നഗരമാണ്. പുരാണങ്ങളിലും പുരാതന ഭാരതീയചരിത്രത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള അനവധി സ്ഥലങ്ങൾ ഈ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ നെപ്പോളിയൻ എന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തന്റെ സ്തൂപം സ്ഥിതിചെയ്യുന്ന അലഹബാദ്, ഹർഷവർദ്ധന്റെ ആസ്ഥാനമായിരുന്ന കാനൂജ് തുടങ്ങിയവ ഇവയിൽ ചിലതാണ്. കൂടാതെ പിൽക്കാല ഭാരതചരിത്രത്തിലെ പലഘട്ടങ്ങളും ഉത്തർപ്രദേശ് എന്ന സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
സിക്കന്ദർ ലോധി പണികഴിപ്പിക്കുകയും, 16-17 നൂറ്റാണ്ടുകളിൽ മുഗൾ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിത്തീരുകയും ചെയ്ത ആഗ്ര ഈ സംസ്ഥാനത്തിലാണ്. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ താജ് മഹൽ, തീർത്ഥാടനകേന്ദ്രമായ കാശി, ഒന്നാം സ്വാതന്ത്ര്യസമരം തുടങ്ങിയ മീററ്റ് എന്നീ പ്രദേശങ്ങളും ഉത്തർപ്രദേശിൽ സ്ഥിതിചെയ്യുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്തിയ ജവഹർലാൽ നെഹ്രു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ചരൺ സിംഗ്, വി.പി. സിംഗ്, ചന്ദ്രശേഖർ, അടൽ ബിഹാരി വാജ് പേയ് തുടങ്ങിയ നേതാക്കൾ ഈ സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്.
ഉത്തർപ്രദേശിന്റെ പടിഞ്ഞാറ്, കേന്ദ്രഭരണപ്രവിശ്യയായ ഡൽഹിയും ഹിമാചൽപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും തെക്ക് മധ്യപ്രദേശും കിഴക്ക് ബീഹാറും സ്ഥിതിചെയ്യുന്നു. ഹിമാലയസാനുക്കളിലൂടെ നീളുന്ന വടക്ക് ഉത്തരാഖണ്ഡും, നേപ്പാളുമായുള്ള അന്താരാഷ്ട്ര അതിർത്തിയുമാണ്. ഇക്കാരണംകൊണ്ട് ഉത്തർപ്രദേശിനെ അതിർത്തിസംസ്ഥാനങ്ങളിൽ ഒന്നായി ഗണിക്കാവുന്നതാണ്. ഉത്തർപ്രദേശിന്റെ മറ്റ് അതിരുകളും ഏറെക്കുറെ നൈസർഗിക വിഭാജകങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുന്നു; പടിഞ്ഞാറ് യമുനാനദിയും തെക്കുപടിഞ്ഞാറും തെക്കും വിന്ധ്യാപർവതനിരകളും കിഴക്ക് ഗണ്ഡക് നദിയും ആണ് അതിരുകളായി നിർണയിക്കപ്പെട്ടിരിക്കുന്നത്.
പ്രാക്കാലത്ത് മധ്യദേശം എന്നറിയപ്പെട്ടിരുന്ന മേഖലയാണ് ഇന്നത്തെ ഉത്തർപ്രദേശ്. തന്ത്ര പ്രധാനമായ സ്ഥാനംമൂലം ഉത്തരേന്ത്യയുടെ ചരിത്രവുമായി ഈ പ്രദേശത്തിന് അഭേദ്യമായ ബന്ധമുണ്ട്. മിർസാപൂർ, ബുന്ദേൽഖണ്ഡ് എന്നിവിടങ്ങളിൽനിന്നു കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങൾ ഉത്തർപ്രദേശിന്റെ പൗരാണികത്വത്തിലേക്കു വെളിച്ചം വീശുന്നു.
ഋഗ്‌വേദകാലം മുതൽ മാത്രമേ ഏതാണ്ട് സുവ്യക്തമായ ഒരു ചരിത്രം ഈ പ്രദേശത്തെ സംബന്ധിച്ച് ലഭിക്കുന്നുള്ളു. സപ്തസിന്ധു (ആധുനിക പഞ്ചാബ്) വിൽ കുടിയേറിയ ആര്യന്മാർ ക്രമേണ കിഴക്കോട്ടു നീങ്ങി ആര്യസംസ്കാരം സരസ്വതി-ഗംഗ നദികൾക്കിടയിലുള്ള ഭൂഭാഗത്തേക്ക് വ്യാപിപ്പിച്ചു. തുടർന്നുള്ള ചരിത്രത്തെപ്പറ്റി വ്യക്തമായ രേഖകളില്ല; പുരാണങ്ങൾ അവ്യക്തമായ ഒരു ചിത്രമാണ് നൽകുന്നത്.[
എന്നാൽ ബി. സി. 6 ആം ശതകത്തോടെ കൂടുതൽ വ്യക്തമായ ഒരു ചരിത്രം ലഭിക്കുന്നുണ്ട്. മേധാവിത്വത്തിനുവേണ്ടി മത്സരിച്ചിരുന്ന നിരവധി മഹാജനപഥങ്ങൾ (രാജ്യങ്ങൾ) ഇക്കാലത്ത് രൂപം കൊണ്ടിരുന്നു. കുരു, പാഞ്ചാലം, ശൂരസേനം, വത്സം,കോസലം, മല്ലം, കാശി, ചേതി, അംഗം, മഗധ, വ്രിജി, മത്സ്യം, അശ്മകം, അവന്തി, ഗാന്‌ധാരം, കാബോജം എന്നിവയായിരുന്നു ജനപഥങ്ങൾ. ഇതിൽ ആദ്യത്തെ എട്ടെണ്ണം മാത്രമേ ഉത്തർപ്രദേശിൽ പെട്ടിരുന്നുള്ളു. ഇവയ്ക്കു പുറമേ കപിലവസ്തുവിലെ ശാക്യന്മാർ, ശുംശുമാർഗിരിയിലെ ഭഗന്മാർ, പവ്വയിലെ മല്ലന്മാർ, കുഷിനാരന്മാർ എന്നിവരും ഉത്തർപ്രദേശിൽ പെട്ടവരായിരുന്നു. ശക്തിയേറിയ ജനപഥങ്ങൾ മറ്റുള്ളവയെ ആക്രമിച്ചുപോന്നു; കോസലം കാശിയും, അവന്തി വത്സവും കീഴടക്കി. പിന്നീട് മഗധ കോസലവും അവന്തിയും കീഴടക്കി ഏറ്റവും പ്രബലമായിത്തീർന്നു. ഹരിയങ്ക, ശിശുനാഗ, നന്ദ രാജവംശങ്ങൾ ക്രമത്തിൽ മഗധരാജ്യം ഭരിച്ചു.
നന്ദവംശം ബി. സി. 333 മുതൽ 321 വരെ മഗധയിൽ ആധിപത്യം നിലനിറുത്തിയിരുന്നു. ഇന്നത്തെ പഞ്ചാബും, ഒരു പക്ഷേ ബംഗാളും ഒഴികെയുള്ള ഉത്തരേന്ത്യ മുഴുവൻ നന്ദരാജാക്കന്മാരുടെ അധീനതയിലായിരുന്നു. ഇക്കാലത്താണ് (ബി. സി. 326) അലക്സാണ്ടർ ഇന്ത്യ ആക്രമിച്ചത്. മഗധരാജ്യത്തിലെ നന്ദന്മാരെ ഭയന്നാണ് അലക്സാണ്ടർ മടങ്ങിപ്പോയതെന്ന് പറയപ്പെടുന്നു. എന്നാൽ വളരെ കഴിയുന്നതിനു മുമ്പുതന്നെ (ബി. സി. 323) അവർ ചന്ദ്രഗുപ്തമൗര്യന് അടിയറവു പറയേണ്ടി വന്നു. ചന്ദ്രഗുപ്തൻ, ബിന്ദുസാരൻ, അശോകൻ എന്നീ ഭരണകർത്താക്കളുടെ കാലത്ത് ഉത്തർപ്രദേശ് ശാന്തിയുടേയും സമൃദ്ധിയുടേയും കേളീരംഗമായിരുന്നു. അശോകശാസനങ്ങൾ, അശോകസ്തംഭങ്ങൾ എന്നിവ ഇന്നത്തെ ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിലായുള്ള സാരാനാഥ്, അലഹബാദ്, മീററ്റ്, കൗശാംബി, ശങ്കീസ, കാൽസി, ബസ്തി, മിർസാപൂർ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. അശോകനുശേഷം മഗധയ്ക്ക് ബലക്ഷയം നേരിട്ടു. അവസാന രാജാവായ ബൃഹദ്രഥമൗര്യനെ ബി. സി. 185-ൽ പുഷ്യമിത്രസുംഗൻ വധിച്ചു.
പുഷ്യമിത്രൻ മഗധരാജ്യത്തിന്റെ കെട്ടുറപ്പു നഷ്ടപ്പെടാതെ സൂക്ഷിച്ചു ഇൻഡൊ-ബക്ട്രിയൻ രാജാവായ ഡെമെട്രിയസ്സിന്റെ ആക്രമണത്തെ ഇദ്ദേഹം ചെറുത്തു; അയോധ്യയ്ക്കു നേരെയുള്ള മറ്റൊരാക്രമണം തെക്കൻ ഉത്തർപ്രദേശിൽ ഒരു യുദ്ധത്തിൽ പുഷ്യമിത്രന്റെ പൗത്രനായ വസുമിത്രൻ പരാജയപ്പെടുത്തി. ബാക്രിയന്മാർ പിൻവാങ്ങിയെങ്കിലും അവർ കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ സിയാൽക്കോട് തലസ്ഥാനമാക്കി ഭരണം തുടങ്ങി. ഡെമെട്രിയസ്സിന്റെ ഭരണം ബി. സി. 145 വരെ നിലനിന്നു.
സുംഗവംശത്തിനു ശേഷം കണ്വവംശം മഗധയിൽ അധികാരമേറ്റു; അവസാനത്തെ സുംഗരാജാവായ് ദേവഭൂതിയെ വധിച്ചിട്ടാണ് അദ്ദേഹത്തിന്റെ സചിവനായ വസുദേവൻ ബി. സി. 73-ൽ കണ്വവംശം സ്ഥാപിച്ചത്. 45 വർഷം ഭരണം നടത്തിയ കണ്വവംശത്തെ ബി. സി. 28-ൽ ആന്ധ്ര (ശാതവാഹന) രാജവംശ സ്ഥാപകനായ സിമുകൻ തുടച്ചുനീക്കി. കണ്വവംശത്തിന്റെ അധികാരപരിധി വ്യക്തമല്ലെങ്കിലും മിത്ര എന്ന വാക്കിലവസാനിക്കുന്ന നാണയങ്ങളും ശിലാലിഖിതങ്ങളും ഉത്തർപ്രദേശിൽ മിക്കവാറും എല്ലാ ഭാഗങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അതിനാൽ ബി.സി. ഒന്നാം ശതകത്തിൽ ഉത്തർപ്രദേശ് മുഴുവൻ സുംഗവംശത്തോടു ബന്ധപ്പെട്ട രാജാക്കന്മാർ ഭരിച്ചിരുന്നതായി അനുമാനിക്കാം.
തുടർന്ന് സിതിയന്മാർ, പാർഥിയന്മാർ, കുഷാനന്മാർ എന്നീ വിദേശീയർ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ആക്രമണം നടത്തി. കുഷാനവംശത്തിലെ ഏറ്റവും പ്രശസ്ത രാജാവായ കനിഷ്കന്റെ നാണയങ്ങൾ, ശിലാലിഖിതങ്ങൾ എന്നിവ ഉത്തർപ്രദേശിന്റെ ഏറിയഭാഗവും കുഷാനസാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നതായി വ്യക്തമാക്കുന്നു. അക്കാലത്ത് മഥുര ഒരു വലിയ കലാകേന്ദ്രമായിരുന്നു.
എ. ഡി. 4- ശതകത്തിൽ ഗുപ്തസാമ്രാജ്യ സ്ഥാപനത്തോടെ ഇന്ത്യയുടെ രാഷ്ട്രീയൈക്യം മൗര്യകാലത്തെന്നപോലെ പുനഃസ്ഥാപിക്കപ്പെട്ടു. തുടർന്നുള്ള രണ്ടു നൂറ്റാണ്ടുകളിൽ രാജ്യത്തിലെ പൊതുവായ ഐശ്വര്യത്തിന്റെ ഗുണഫലങ്ങൾ ഉത്തർപ്രദേശിനുണ്ടായി. ഗുപ്തസാമ്രാജ്യത്തിന്റെ തകർച്ചയോടെ ഛിദ്രവാസനകൾ വീണ്ടും തലപൊക്കി. ഉത്തർപ്രദേശിന്റെ ഗണ്യമായ ഭാഗത്ത് അധികാരം സ്ഥാപിച്ചിരുന്ന കനൗജിലെ മൗഖാരികൾ മാളവത്തിലെ ഗുപ്തന്മാരുമായി ഏറ്റുമുട്ടി. മൗഖാരിരാജാവായ ഗ്രഹവർമനെ എ. ഡി. 606-ൽ മാളവരാജാവായ ദേവഗുപ്തൻ വധിച്ചപ്പോൾ, മൗഖാരികൾ കനൗജിന്റെ ഭരണം ഗ്രഹവർമന്റെ സ്യാലനായ ഹർഷനെ (സ്ഥാനേശ്വർ അഥവാ താനേശ്വർ) ഹർഷനെ ഏൽപ്പിച്ചു. ഹർഷനുശേഷം ഉത്തർപ്രദേശ് മേഖല വീണ്ടും അരക്ഷിതാവസ്ഥയുടെ രംഗമായി മാറി. ഇക്കാലത്തെ ചരിത്രം ആകെക്കൂടി അവ്യവസ്ഥിതമാണ്.
എ. ഡി. 9-ഉം 10-ഉം ശതകങ്ങളിൽ ഗുർചര-പ്രതിഹാരന്മാർ വടക്കേ ഇന്ത്യയിൽ പ്രബലരായി; 11-ം ശതകത്തിന്റെ മുഹമ്മദ് ഗസ്നിയുടെ ആക്രമണം വരെ ഈ നില തുടർന്നു. പ്രതിഹാരന്മാരുടെ തിരോധാനം ഉത്തർപ്രദേശിൽ രാഷ്ട്രീയാസ്വാസ്ഥ്യങ്ങൾക്കും അരക്ഷിതാവസ്ഥയ്ക്കും വഴിയൊരുക്കി. ഇക്കാലത്ത് ഗഹർവന്മാർ രംഗപ്രവേശം ചെയ്തു. രാജ്യത്ത് ക്രമവും ഐശ്വര്യവും പുനഃസ്ഥാപിച്ചു. ഈ രാജവംശത്തിലെ രാജാക്കന്മാർ ഗോവിന്ദ്ചന്ദ്രനും (1104-54) ജയചന്ദ്രനും (1170-93) ആയിരുന്നു. മുഹമ്മദ് ഗോറിയുമായുള്ള യുദ്ധത്തിൽ ചമാനരാജാവായിരുന്ന പൃഥ്വീരാജൻ III-നെ സഹായിക്കാൻ ജയചന്ദ്രൻ വിസമ്മതിച്ചു 1192-ലെ ടെറയിൽ യുദ്ധത്തിൽ പൃഥ്വിരാജൻ തോല്പിക്കപ്പെട്ടു; തുടർന്ന് ജയചന്ദ്രനും മീററ്റ്, അലിഗഡ്, അശ്നി, കനൗജ്, വാരാണസി എന്നീ ജനപദങ്ങളും ഗോറിക്കു കീഴടങ്ങി.
1206-ൽ ഗോറിയുടെ ലഫ്റ്റനന്റായിരുന്ന കുത്ബുദ്ദീൻ ഐബക്ക് ഡൽഹി കേന്ദ്രമാക്കി അടിമവംശം സ്ഥാപിച്ചു; തുടർന്ന് ഖിൽജി, തുഗ്ലക് വംശങ്ങൾ അധികാരത്തിൽ വന്നു. ഡൽഹി സുൽത്താൻന്മാരുടെ ഭരണകാലത്ത് ഉത്തർപ്രദേശ് അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 13- ഉം 14-ഉം ശതകങ്ങളിൽ ഉത്തർപ്രദേശിന്റെ ചരിത്രം ആക്രമണത്തിന്റെയും അതിനെ വീരോചിതം നേരിട്ടതിന്റെയും ഇതിഹാസമാണ്. തുഗ്ലക്‌വംശം ക്രമേണ ശിഥിലമാവുകയും 1394-ൽ ജാൻപൂർ കേന്ദ്രമാക്കി മുഹമ്മദ് തുഗ്ലക്കിന്റെ ഗവർണറായിരുന്ന മാലിക് സർവർ ഖ്വജാ ജഹാൻ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയും ചെയ്തു.[
1398-ൽ തിമൂർ ഇന്ത്യ ആക്രമിച്ചു. ഡൽഹി, പഞ്ചാബ്, മീററ്റ്, ഹരിദ്വാർ, കാതെഹാൻ എന്നിവിടങ്ങളിൽ ഈ ആക്രമണത്തിന്റെ കെടുതികൾ അനുഭവപ്പെട്ടു. 1414 മുതൽ 1526 വരെ സയ്യിദ്-ലോദി വംശങ്ങൾ ഡൽഹി കേന്ദ്രമാക്കി ഭരിച്ചു ലോദിവംശക്കാലത്ത് 1478-ൽ ജൻപൂർ വീണ്ടും ഡൽഹിയുടെ നിയന്ത്രണത്തിലായി. സിക്കന്ദർ ലോദിയുടെ കാലത്ത് ആഗ്രയെ ഉപതലസ്ഥാനമായി ഉയർത്തിയത് ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്നു.
1526-ൽ ബാബർ ഇബ്രാഹിം ലോദിയെ പാനിപ്പത് യുദ്ധത്തിൽ പരാജയപ്പെടുത്തുകയും ആഗ്ര കൈവശപ്പെടുത്തുകയും ചെയ്തു. എതിർത്തുനിൽപ്പിനു ശേഷം സംബൽ, ജാൻപൂർ, ഘാസിപൂർ, കാല്പി, കനൗജ് എന്നീ പ്രദേശങ്ങളും ബാബറിനു കീഴടങ്ങി. അങ്ങനെ ഇന്ത്യയിൽ മുഗൾവംശത്തിനു തുടക്കമിട്ടു. ബാബറിനുശേഷം ഭരണമേറ്റ ഹുമായൂണിനെ ഷേർഷാ അധികാരഭ്രഷ്ടനാക്കി. ഷേർഷായുടെ മരണശേഷം വീണ്ടും ഹുമയൂൺ സിംഹാസനം കരസ്ഥമാക്കി. ഹുമയൂണിന്റെ പുത്രനായ അക്ബറിന്റെ മന്ത്രിമാരിൽ ഏറ്റവും പ്രധാനികളായ തോഡർമൽ, ബീർബൽ എന്നിവർ ഉത്തർപ്രദേശുകാർ ആയിരുന്നു.
ഔറംഗസീബിന്റെ ഭരണകാലത്ത് ബുന്ദേൽഖണ്ഡ് മുഗൾ ഭരണവുമായി ഇടയുകയും, ബുന്ദേലാ നേതാവ് ഛത്രസാലൻ, പേഷ്വ ബാജിറവുവിന്റെ സഹായം തേടുകയും ചെയ്തു. ഈ സഹായത്തിനു പ്രതിഫലമെന്നോണം തന്റെ രാജ്യത്തിന്റെ ഏതാനും ഭാഗങ്ങൾ പേഷ്വയ്ക്കു വിട്ടുകൊടുക്കുവാൻ അദ്ദേഹം സമ്മതിച്ചു. അങ്ങനെ ഉത്തർപ്രദേശിൽ മറാത്താ ശക്തിക്കു പ്രവേശം ലഭിച്ചു. 1732-ൽ അവധ് ഗർണറായ സാദത്ത്ഖാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
ഷുജാ ഉദ് ദൗലയുടെ ഭരണകാലത്ത് (1754-75) അവധ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു. 1764-ലെ ബക്സാർ യുദ്ധത്തിൽ ഷുജാ ഉദ് ദൗലയെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തി. ബ്രിട്ടിഷ് സമ്പർക്കം മൂലം അവധിന് നിരവധി പ്രദേശങ്ങൽ പല സന്ദർഭങ്ങളിലായി നഷ്ടപ്പെട്ടു.
അവധിലെ നവാബുമാരും ബ്രിട്ടീഷുകാരുമായുള്ള ബന്ധം ചരിത്രത്തിലെ ദുഃഖകരമായ ഒരധ്യായമാണ്; ഒരുവശത്ത് ബലഹീനതയുടെയും മറുവശത്ത് ശക്തിയുടെയും വിശ്വാസവഞ്ചനയുടെയും ചരിത്രമാണത്. 1856-ൽ അവധ് ബ്രിട്ടീഷ് സാമ്രാജ്യത്തോടു ചേർക്കപ്പെട്ടു; 1857-ലെ ബ്രിട്ടീഷ് വിരുദ്ധസമരത്തിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് ഈ നടപടിയായിരുന്നു. വടക്കു പടിഞ്ഞാറൻ പ്രോവിൻസുകൾ (ആധുനിക ഉത്തർപ്രദേശ്) ഈ സമരത്തിൽ മഹത്തായ ഒരു പങ്കുവഹിച്ചു. 1877-ൽ വടക്കു പടിഞ്ഞാറൻ പ്രോവിൻസ്കളും അവധും സംയോജിപ്പിക്കുകയുണ്ടായി; ആഗ്ര-അവധ് വടക്കു പടിഞ്ഞാറൻ പ്രോവിൻസുകൾ എന്നപേരിൽ ഇതറിയപ്പെട്ടു.
UP എന്ന പേര് വന്ന വഴി : 1902-ൽ ഇതിന്റെ പേര് ആഗ്രാ-അവധ് സംയുക്ത പ്രോവിൻസുകൾ എന്നാക്കിമാറ്റി. 1921-ൽ ഇത് ഒരു ഗവർണറുടെ കീഴിലാക്കി; ലക്നൗ തലസ്ഥാനമായി. 1937-ൽ സംയുക്ത സംസ്ഥാനങ്ങൾ (United Province , UP) എന്ന പേരിൽ ഇതിന്റെ പേർ വീണ്ടും ചുരുക്കുകയുണ്ടായി. 1950 ജനുവരി 12-നു ഉത്തർപ്രദേശ് എന്ന ആധുനികനാമം ഈ പ്രദേശത്തിനു നൽകപ്പെട്ടു. 1950 ജനുവരി 26-ൽ നിലവിൽവന്ന ഭരണഘടന പ്രകാരം ഉത്തർപ്രദേശിന് ഇന്ത്യൻ യൂണിയനിലെ സംസ്ഥാന പദവി ലഭിച്ചു. മിക്കയാളുകളുടെയും വിചാരം ഉത്തർ പ്രദേശ് എന്നതിന്റെ ചുരുക്കപ്പേരാണ് യു.പി. എന്നതെന്നാണ്. പക്ഷേ
United Province എന്ന പേരിൽ നിന്നുമാണ് UP എന്ന ചുരുക്കപ്പേര് ലഭിച്ചതെന്ന് ഇപ്പോൾ മനസ്സിലായില്ലേ?
ഉത്തർപ്രദേശിൽ മൊത്തം 98,877 കി. മീ. റോഡുകളുണ്ട്. 1969-ൽ 2,352 കി. മീ. നാഷണൽ ഹൈവേകൾ ഉൾപ്പെടെ 29,713 കി. മീ. താർ റോഡുകളാണ് ഉണ്ടായിരുന്നത്. അഞ്ചുവർഷം കൊണ്ട് താർ റോഡുകളുടെ മൊത്തം ദൈർഘ്യം 36,000 കി. മീ. ആയി വർദ്ധിപ്പിക്കുവാൻ നാലാം പഞ്ചവത്സര പദ്ധതിയിൽ തുക കൊള്ളിച്ചിരുന്നു. ഒറ്റപ്പെട്ട ഗ്രാമങ്ങളെയും കരിമ്പു കൃഷി കേന്ദ്രങ്ങളേയും രാജപാതകളുമായി ബന്ധിപ്പിക്കുന്ന 10 കി. മീറ്ററിൽ താഴെ ദൂരം വരുന്ന റോഡുകളുടെ നിർമ്മാണത്തിനും, കൊള്ളക്കാരുടെ ശല്യവും വരൾച്ചബാധയും സാധാരണമായുള്ള കേന്ദ്രങ്ങളിലേക്ക് ഗതാഗതസൗകര്യം ഏർപ്പെടുത്തുന്നതിനും മുൻഗണന നൽകപ്പെട്ടു.
ഉത്തർപ്രദേശിൽ ഉടനീളം കാണപ്പെടുന്ന നദികൾ റോഡു വികസനത്തെ സാരമായി ബാധിക്കുന്ന ഘടകമാണ്. സംസ്ഥാനത്ത് 61 മേജർ പാലങ്ങൾ നേരത്തേ തന്നെ ഉണ്ടായിരുന്നു. 1965-ൽ പണി പൂർത്തിയായ ഘാഘ്‌രയ്ക്കു കുറുകേയുള്ള പാലത്തിന് 1137.5 മീ. നീളമുണ്ട്. ഹിമാലയ നിരകൾക്ക് സമാന്തരമായി ബാരെയ്‌ലി മുതൽ ദെവോരിയ വരെയുള്ള റോഡ് പൂർത്തിയാവുമ്പോൾ 5 വൻകിട പാലങ്ങളും 37 സാധാരണ പാലങ്ങളും 46 ചെറിയ പാലങ്ങളും ഉണ്ടായിരിക്കും. പാലം പണിക്കായി ഉത്തർപ്രദേശിൽ പ്രത്യേക കോർപറേഷൻ രൂപവത്കരിച്ചിട്ടുണ്ട്.
ഗംഗയിൽ മിർസാപൂർ, ഘാസിപൂർ, ഹരിദ്വാർ എന്നിവിടങ്ങളിലും ഗോമതിയിൽ ജാൻപൂരിലും ചംബലിൽ ഇത്താവായിലും ബേലൻ നദിയിൽ മിർസാപൂരിലും രാംഗംഗയിൽ ഫൈസാബാദിലും വൻകിട പാലങ്ങൾ പൂർത്തിയായിട്ടുണ്ട്; മേല്പറഞ്ഞവ ഉൾപ്പെടെ 123 പ്രധാന പാലങ്ങളുടെ പണി കോർപറേഷൻ ഏറ്റെടുത്തിരിക്കുന്നു. ഉത്തർപ്രദേശിൽ 8,706 കി. മീ. റയിൽ പാതകൾ ഉണ്ട്. ഇതിൽ 39%-വും മീറ്റർ ഗേജ് ആണ്; സംസ്ഥാനത്തിന്റെ കിഴക്കേ പകുതിയിലെ റയിൽ പാതകളിൽ ഭൂരിഭാഗവും ഇതിൽപ്പെടുന്നു. ഉത്തരപൂർവ റയിൽ മേഖലയുടെ ആസ്ഥാനം ഗോരഖ്പൂരിലാണ്. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉത്തർപ്രദേശ് റയിൽ സൗകര്യങ്ങളിൽ മുന്നാക്കം നിൽക്കുന്നുവെങ്കിലും തികച്ചും പര്യാപ്തമായ അവസ്ഥയിൽ എത്തിയിട്ടില്ല. ഹിമാലയ മേഖലയിൽ റയിൽപ്പാതകൾ നന്നെ കുറവാണ്.