വിവരണം – ആഷ്‌ലി എൽദോസ് (The Lunatic-Rovering Ladybug).

പ്രളയശേഷമുള്ള ആദ്യയാത്ര എത്രപോയാലും എന്നും പ്രിയപ്പെട്ട വാഗമണിലേക്കായിരുന്നു. വെള്ളപ്പൊക്കവും മഴക്കെടുതികളും പല നൊമ്പരപ്പെടുത്തുന്ന തിരിച്ചറിവുകളും മനുഷ്യന് ബാക്കിവെച്ചാണ് കടന്നുപോയത്. പ്രെത്യേകിച് അതനുഭവപ്പെട്ടത് കേരളത്തിലെ മലയോര പ്രദേശങ്ങളുടെ ഇപ്പോളത്തെ അവസ്ഥ നേരിട്ട് കണ്ടപ്പോളാണ്. വല്ലാത്ത ഒരു മൂകത എങ്ങും തളം കെട്ടി നില്കുന്നുന്നപോലെ., ആകെ ഒരു മരവിപ്പ്… എന്നും ഒച്ചയും ആളനക്കവുമായി സജീവമായി നിന്നിരുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട പലയിടങ്ങളും ഒഴിഞ്ഞു കിടക്കുന്നു. കടകളെല്ലാം അടഞ്ഞുതന്നെ. ഒന്ന് ഭക്ഷണം കഴിക്കാനായി കിലോമീറ്ററുകൾ അലയേണ്ടി വന്നു.

എനിക്ക് കേവലം ഒരു ദിവസമുണ്ടായ ഈ ഒരു ചെറിയ ബുദ്ധിമുട്ടിനേക്കാൾ എന്നെ അലോസരപ്പെടുത്തിയ ചിന്ത അവിടുത്തെ സ്വദേശീയരായ ആളുകളെകുറിച്ചാണ്. സഞ്ചാരികളെകൊണ്ട് ജീവിതമാർഗം കണ്ടെത്തിരിയുന്ന ഒരു പറ്റം ഗ്രാമീണർ. ഈ അടഞ്ഞു കിടക്കുന്ന കടകളിലെ ജീനനക്കാർ, അവരെ മാത്രം ആശ്രയിച്ചുള്ള അവരുടെ കുടുംബത്തിന്റെ കഷ്ടതകൾ. പലരും ചിലപ്പോൾ വീട് പോലും നഷ്ടപെട്ട അവസ്ഥയിലാകാം. അവരുടെയൊക്കെ ജീവിതമാണ് വഴിമുട്ടിപോയത്. എത്ര വലിയ സാമ്പത്തീക ആഘാതമാകാം അവർക്കു നേരിടേണ്ടി വന്നിട്ടുണ്ടാകുക. സഞ്ചാരികളുടെ വരവ് നിന്നതോടെ അവർ എങ്ങനെയാകും നിത്യ ചിലവിനുള്ള വക കണ്ടെത്തിയിട്ടുണ്ടാകുക…

അങ്ങനെ ഭാരപ്പെട്ട ചിന്തകൾ പലതും കാടു കയറിപോയെങ്കിലും ചുറ്റും കണ്ട കാഴ്ചകളിൽ മനസ്സുടക്കാതെയിരുന്നില്ല. മഴയ്ക്ക് ശേഷം പ്രക്രതിയാകെ ഒന്ന് കുളിചൊരുങ്ങിയ പോലെ. മാലിന്യകൂമ്പാരമെല്ലാം ഒഴുകിപോയതുകൊണ്ടു തന്നെ എങ്ങും പുതു പച്ചപ്പും പ്രസന്നതയും. ആകെയൊരു നവോന്മേഷം. ഇനിയെങ്കിലും നമ്മൾ അതൊക്കെ ദുരുപയോഗം ചെയ്യാതെ നന്നായി സൂക്ഷിക്കണേയെന്നൊരു ആഗ്രഹമേയുള്ളു. അതെങ്ങനെ എത്ര കിട്ടിയാലും പഠിക്കാത്തവൻ ആണലോ മനുഷ്യൻ. വലിയ പ്രത്യാശക്കു വകയുണ്ടെന്നു തോന്നുന്നില്ല.

റോഡ്‌ മുഴുവൻ പൊളിഞ്ഞിളകി കിടക്കുയാണ്, പലതും കാറുകൾക്കുപോലും സഞ്ചാര യോഗ്യമല്ലാത്ത രീതിയിൽ വരെ പൊട്ടി പൊളിഞ്ഞിട്ടുണ്ട് പലയിടത്തും. എങ്കിലും മനസുള്ളവർക്കു ഒന്ന് ആയാസപ്പെട്ടായാലും പോകാവുന്നതേയുള്ളു. 2 വഴിയിലൂടെയാണ് പോയതും വന്നതും. thodupuzha – muttam – erattupetta റോഡ് പിടിച്ചാണ് അങ്ങെത്തിയത്. ഭാഗ്യം പരീക്ഷിക്കാനായി മലയിറക്കം മറ്റൊരു വഴിയിലൂടെയാക്കാൻ തീരുമാനിച്ചു. vagamon – kanjar – muttam – thodupuzha. രണ്ടും കണക്കാണ്, എങ്കിലും ഈരാറ്റുപേട്ട റോഡ് ആണ് കുറച്ചുകൂടി മെച്ചമായി തോന്നിയത്. (പോയിവന്നത് ഓഗസ്റ്റ് 30നാണു, ഇപ്പോളത്തെ അവസ്ഥ മെച്ചപ്പെട്ടോ എന്നറിയില്ല).

വാഗമൺ : ഇടുക്കി,കോട്ടയം‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 28 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്.

പശ്ചിമഘട്ടത്തിന്റെ അതിരിൽ സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിൽ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. തേയിലത്തോട്ടങ്ങൾ, പുൽത്തകിടികൾ, മഞ്ഞ്, ഷോളമലകൾ, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. മൊട്ടക്കുന്നുകളും, അനന്തമായ പൈൻ മരക്കാടുകളും വാഗമണിന്റെ മറ്റ് പ്രത്യേകതകളാണ്. ഇവിടങ്ങളിലെ മലമ്പാതയിലൂടെ ഉള്ള യാത്ര അതിമനോഹരമാണ്. വാഗമൺ മലകളുടെ അടിവാരം തീക്കോയി വരെ നീണ്ടുകിടക്കുന്നു. തങ്ങൾ മല, മുരുകൻ മല, കുരിശുമല എന്നീ മൂന്നു മലകളാൽ വാഗമൺ ചുറ്റപ്പെട്ടിരിക്കുന്നു. ഇവ മൂന്നും തീർത്ഥാടക പ്രാധാന്യമുള്ള സ്ഥലങ്ങളുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.