വിവരണം – ഡോ. ഒ.കെ.അസീസ്.
എപ്പോഴും മോഹിപ്പിക്കുന്ന ഒരു റൂട്ട് ആണ് ആതിരപ്പള്ളി വാഴച്ചാൽ വഴി വാൽപ്പാറ യിലേക്കുള്ള റോഡ്. ഇപ്രാവശ്യം ഫാമിലിയുടെ കൂടെയാണ് ഈ ട്രിപ്പ്. അതി രാവിലെ വാഴച്ചാൽ ചെക്ക്പോസ്റ്റിൽ എത്തണം എന്നായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ ഫാമിലി ആയതുകൊണ്ടും ഒരുക്കങ്ങൾ ഒന്നും ചെയ്യാത്തതു കൊണ്ടും ഉദ്ദേശിച്ച സമയത്ത് പുറപ്പെടാൻ കഴിഞ്ഞില്ല. നാലു മണിയോടെ കോട്ടക്കൽ നിന്ന് പുറപ്പെടണം എന്ന് ആഗ്രഹിച്ചിരുന്ന ഞങ്ങൾക്ക് ഏകദേശം അഞ്ചരയോടു കൂടെയേ പുറപ്പെടാൻ സാധിച്ചുള്ളൂ.
രണ്ട് ദിവസത്തെ ഈ യാത്രയിൽ ഇന്നത്തെ ഞങ്ങളുടെ ലക്ഷ്യം വാൽപ്പാറ ആണ്. വലിയ തിരക്കില്ലാത്തതുകൊണ്ടും ഇതൊരു ഫാമിലി യാത്ര ആയതുകൊണ്ടും യാത്ര പരമാവധി ആസ്വദിച്ചു കൊണ്ടായിരുന്നു ഡ്രൈവിംഗ്. തൃശൂർ കഴിഞ്ഞ് നല്ലൊരു ഹോട്ടലിൽ കയറി ഭക്ഷണം പാസ്സാക്കിയ ശേഷം യാത്ര തുടർന്നു. ചാലക്കുടിയിൽനിന്ന് ആതിരപ്പള്ളിയിലേക്കുള്ള റോഡ് വിജനമായിരുന്നു. പ്രളയത്തിനുശേഷം ടൂറിസ്റ്റുകൾ ഒന്നും അധികം വന്നു തുടങ്ങിയിട്ടില്ല എന്നതാണ് കാര്യം. അതുകൊണ്ടുതന്നെ ഡ്രൈവ് ചെയ്യാൻ വളരെ എളുപ്പമായിരുന്നു.
ഏകദേശം 9 മണിയോടെ ആതിരപ്പള്ളിയിൽ എത്തി. അതിരപ്പള്ളി വെള്ളച്ചാട്ടം എത്തുന്നതിനു മുന്നേ ഉള്ള വ്യൂ പോയിന്റിൽ വണ്ടി നിർത്തി വെള്ളച്ചാട്ടം ദൂരേന്ന് ആസ്വദിക്കാൻ അൽപസമയം ചെലവഴിച്ചു. പാൽ വെള്ളം കുത്തിയൊഴുകുന്ന മനോഹരമായ വെള്ളച്ചാട്ടത്തിന്റെ ഈ വിദൂര കാഴ്ച അതിമനോഹരമായിരുന്നു. ആതിരപ്പള്ളി വെള്ളച്ചാട്ടം തുറന്നിട്ടുണ്ടെങ്കിലും വെള്ളച്ചാട്ടം പോയി കാണാൻ നിൽക്കാതെ ഞങ്ങൾ നേരെ വാൽപ്പാറ റോഡിലേക്ക് യാത്ര തുടർന്നു.
ഇവിടുന്നങ്ങോട്ട് ഇനി ഇട തൂർന്ന വനത്തിനുള്ളിലൂടെ ഉള്ള യാത്രയാണ്. വാഴച്ചാൽ ചെക്പോസ്റ്റ് എത്തി പേര് വിവരങ്ങളും മറ്റും എഴുതി കൊടുത്ത ശേഷം അവിടുന്ന് ലഭിച്ച സ്ലിപ്പും ആയി വാഹനത്തിൽ കയറി ഡ്രൈവിംഗ് പുനരാരംഭിച്ചു. രണ്ടുമണിക്കൂർ കൊണ്ട് മലക്കപ്പാറ ചെക്പോസ്റ്റ് എത്തി ഈ സ്ലിപ്പ് കാണിച്ചു കൊടുക്കേണ്ടതുണ്ട്. എന്ന് വച്ചാൽ ഈ സമയത്തിനകം കാടിൽ നിന്ന് പുറത്തുകടക്കണമെന്ന് അർത്ഥം. മറ്റൊന്ന് യാത്രയിലുള്ള കർശന നിർദ്ദേശങ്ങൾ ഇതോടൊപ്പം നമുക്ക് പറഞ്ഞു തരുന്നതാണ്.
വാഹനങ്ങൾ തീരെ ഇല്ലാത്തതിനാൽ ഒരേസമയം പേടിപ്പെടുത്തുന്നതും എന്നാൽ കാനനഭംഗിയാൽ അങ്ങേയറ്റം ആസ്വാദ്യകരവും ആയിരുന്നു പിന്നീടങ്ങോട്ടുള്ള യാത്ര. വിജനമായ കാട്ടുപാതയിലൂടെ മനോഹരമായ കാടിന്റെ ഭംഗി ആസ്വദിച്ചു ചെറിയ ചാറ്റൽമഴയുടെ അകമ്പടിയോടു കൂടെയുള്ള യാത്രയായിരുന്നു അത്. പലപ്പോഴും ഈ ഇടുങ്ങിയ വഴിയിൽ ആനയെ കാണുമോ എന്ന ജിജ്ഞാസ അസ്വസ്ഥപ്പെടുത്തി എന്നതൊഴിച്ചാൽ വന്യമൃഗങ്ങളുടെ സാന്നിധ്യമൊന്നും യാത്രയിൽ ഞങ്ങൾക്ക് കൂട്ടിന് ഉണ്ടായില്ല.
വഴിയിലുടനീളം ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും നിറയെ പച്ച പുതച്ചു കിടക്കുന്ന പ്രകൃതിഭംഗിയും കണ്ണിന് കാഴ്ചയുടെ വിരുന്നൊരുക്കുന്നുണ്ടായിരുന്നു. പലപ്പോഴും ഇരുട്ടുമൂടിയ ഈ കാട്ടു വഴിയിലൂടെ യാത്ര തുടരുമ്പോൾ അറിയാതെ ഒരു കുളിര് ഉള്ളിലേക്കു പടരുന്നതായി തോന്നി. വഴിയിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞ് റോഡിന് നാശം സംഭവിച്ചത് കാണാം. പുഴയിലോ വെള്ളച്ചാട്ടങ്ങളിലോ ഒന്നും ഇറങ്ങാതെ പറഞ്ഞ സമയത്തിനകം മലക്കപ്പാറ ചെക്പോസ്റ്റ് എത്തി സ്ലിപ്പ് കൈമാറി. മലക്കപ്പാറ എത്തുന്നതിനു മുന്നേ കുറച്ചുദൂരം റോഡ് മോശമാണ്. അതിനു മുൻപും ശേഷവും വാൽപ്പാറ വരെ നല്ല റോഡ് തന്നെ.
മലക്കപ്പാറ കഴിഞ്ഞ് ഷോളയാർ ഡാമിൻറെ ഭംഗി ആസ്വദിക്കാൻ വണ്ടി നിർത്തി. കുറച്ചു സമയം അവിടെ ചെലവഴിച്ച ശേഷം പുറത്തെ തട്ടുകടയിൽ ഡാമിലെ മീൻ വറുത്ത് വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടു. ഓരോ കഷ്ണം മീൻ പൊരിച്ച് കഴിച്ച് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഇനിയങ്ങോട്ട് തേയിലത്തോട്ടങ്ങൾ ആണ് വഴി നിറയെ. ഉച്ചയോടെ വാൽപ്പാറയിൽ എത്തി. ഇന്ന് ഇവിടെ താമസിച്ചു നാളെ രാവിലെ തിരിച്ചു ആളിയാർ ആനമല വഴി പൊള്ളാച്ചി യിലൂടെ പാലക്കാട് വഴി നാട്ടിലെത്താൻ ആണ് പ്ലാൻ.
അതിനിടക്ക് ഇന്നലെ ഹോട്ടൽ ബുക്ക് ചെയ്ത സമയത്ത് ചെറിയൊരു അമളി പറ്റിയിരുന്നു. ഇന്നത്തെ ഡേറ്റിന് പകരം അടുത്ത ദിവസത്തെ ഡേറ്റ് ആണ് സെലക്ട് ചെയ്തിരുന്നത്. അതാണെങ്കിൽ ഫുൾ പെയ്മെൻറ് അടച്ച് non refundable ബുക്കിംഗ് ആയിരുന്നു. വിളിച്ചു നോക്കിയിട്ട് ഒന്നും ഒരു റെസ്പോൺസും ഇല്ല. ഇനി എന്ത് ചെയ്യും. ഒരു നിലക്കും നടക്കില്ല എന്ന ബോധ്യത്തോടെ തന്നെ ഇതൊരു തേയിലത്തോട്ടത്തിലെ പ്രത്യേക കോട്ടേജ് ആയതുകൊണ്ട് തന്നെ നേരിട്ട് അവിടെ പോയി വിവരം പറഞ്ഞു എന്തെങ്കിലും നടക്കുമോ എന്ന് നോക്കാം എന്ന് കരുതി വണ്ടി അങ്ങോട്ടേക്ക് വിട്ടു.
അധികൃതരെ കണ്ട് കാര്യം പറഞ്ഞു. അവർക്കൊന്നും ചെയ്യാനില്ലായിരുന്നു. എന്നാലും ബുക്ക് ചെയ്ത ആപ്ലിക്കേഷനിൽ വിളിച്ചു സംസാരിച്ചു അവർ ഓക്കേ ആണെങ്കിൽ നമുക്ക് നോക്കാം എന്ന് പറഞ്ഞ അടിസ്ഥാനത്തിൽ കാര്യങ്ങൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ശേഷം രണ്ടു കൂട്ടരും തമ്മിലുള്ള ആശയവിനിമയത്തിൽ ഒടുവിൽ ഞങ്ങൾക്ക് ഇതേ പ്രോപ്പർട്ടിയിൽ തന്നെ ഇന്നത്തേക്ക് റൂം ശരിയായി കിട്ടി. ഇതിനിടയിൽ വീണു കിട്ടിയ സമയം കൊണ്ട് ഞങ്ങൾ പുറത്തു കറങ്ങാൻ ഇറങ്ങി.
ടൗണിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം പരിസര പ്രദേശത്തെ സ്ഥലങ്ങൾ കാണാനായി വണ്ടി തിരിച്ചു. മനോഹരമായ തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെയുള്ള റോഡ് ആയിരുന്നു എല്ലാ വഴികളിലും. കുറെ ഫോട്ടോ എടുക്കലും തേയില തോട്ടങ്ങളുടെ ഭംഗി ആസ്വദിക്കലും എല്ലാം കഴിഞ്ഞ് ഞങ്ങൾ തിരിച്ചു റൂമിൽ എത്തിയപ്പോൾ സമയം അഞ്ച് മണി കഴിഞ്ഞിരുന്നു. മെയിൻ റോഡിൽ നിന്ന് ഒരു കിലോമീറ്ററിലധികം ഉള്ളിലേക്ക് ഓഫ് റോഡിലൂടെ സഞ്ചരിച്ച് വേണം ഈ പ്രോപ്പർട്ടി യിൽ എത്താൻ.
ചുറ്റുപാടും തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും നിറഞ്ഞ 1500 ഏക്കർ വരുന്ന സ്ഥലത്ത് നടുവിലായി ഇരുട്ട് നിറഞ്ഞ കാട്ടിനുള്ളിൽ ഒരു ബ്രിട്ടീഷ് ബംഗ്ലാവ്. ഏകദേശം 160 വർഷത്തിലധികം പഴക്കമുള്ള അതിപുരാതന കോട്ടേജിൽ താമസിക്കുക എന്നത് ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു. ചെറിയ മഴയും അതിനനുസൃതമായ തണുത്ത കാലാവസ്ഥയും മൂടിപ്പുതച്ച് ഉറങ്ങാൻ പ്രേരിപ്പിക്കുന്നതാണ്. സമയം വൈകിയതിനാൽ കാട്ട് പോത്തും മറ്റും കാണുന്ന ഇടമായതിനാൽ പുറത്തിറങ്ങേണ്ടെന്ന് നിർദേശം കിട്ടി. മഴയായതുകൊണ്ടും ഇന്ന് മറ്റു പ്രത്യേകിച്ച് ആക്ടിവിറ്റികൾ ഒന്നും തന്നെ ഉണ്ടായില്ല.
പുലർച്ചെ എണീറ്റ് പുറംകാഴ്ച കാണാൻ പുറത്തിറങ്ങിയപ്പോൾ നിറയെ കോടമഞ്ഞും തണുത്ത കാലാവസ്ഥയും ശരീരം വിറപ്പിക്കുന്നതായിരുന്നു. ശേഷം 7 മണി മുതൽ രണ്ടു മണിക്കൂറോളം തേയില തോട്ടങ്ങൾക്ക് നടുവിലൂടെ ഉള്ള ട്രക്കിംഗ് ആയിരുന്നു. നിരവധി പക്ഷികളെയും കൂമൻ, മലയണ്ണാൻ, കേഴമാൻ – കുരക്കും മാൻ (barking deer) തുടങ്ങിയവയെ ഒക്കെ കാണാൻ സാധിച്ചു. കൂടാതെ തേയില പറിക്കുന്നതിന്റെയും മെയിന്റയിൻ ചെയ്യുന്നതിന്റയും രൂപങ്ങളെ അടുത്തറിയാൻ പറ്റി.
പതിനൊന്ന് മണിക്ക് ശേഷം ഞങ്ങൾ തിരിച്ചു യാത്ര ആരംഭിച്ചു. പുറത്തിറങ്ങുന്ന വഴിക്ക് നിറയെ സിംഹവാലൻ കുരങ്ങുകൾ കാറിന് വട്ടമിട്ടു. ഗ്ലാസിലും ബോണറ്റിലുമൊക്കെ പറ്റിപ്പിടിച്ച് ഷോ കാണിക്കാൻ തുടങ്ങി. ഇത്രയധികം ഒരുമിച്ച് കാണുന്നത് ആദ്യമാണ്. നേരെ പൊള്ളാച്ചി വഴിയിൽ വണ്ടി ഓടിക്കാൻ തുടങ്ങി. ഈ വഴിയും അതിമനോഹരമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. നാൽപത് കൊടും വളവുകൾ താണ്ടി ചുരമിറങ്ങി വേണം താഴെ എത്താൻ. ഏതു കാലാവസ്ഥയിലും നിരവധി വണ്ടികൾ ഉണ്ടായിരുന്ന ഈ റൂട്ടിൽ ഇപ്പോൾ എന്തോ വാഹനങ്ങൾ തീരെ ഇല്ലാത്ത വിജന പാതയായി മാറിയിരിക്കുന്നു.
കഴിഞ്ഞ യാത്രയിൽ ഈ ചുരത്തിൽ നിന്ന് വരയാടിനെ കാണാൻ പറ്റിയിരുന്നു. പക്ഷെ ഈ പ്രാവശ്യം അത് നടന്നില്ല. ഇടക്ക് വഴിവക്കിൽ അനന്തമായ തേയിലത്തോട്ടത്തിന് ചാരെ കണ്ട ഒരു കുഞ്ഞു ചായ മക്കാനിയിൽ നിന്ന് കടുപ്പത്തിലൊരു ചായ വാങ്ങി സമീപം കെട്ടിയുണ്ടാക്കിയ മനോഹരമായ ഓലക്കുടിലിൽ ഇരുന്ന് ദൂരേക്ക് കണ്ണും നട്ട് മതിവരുവോളം ചായ ഊതിക്കുടിക്കാൻ എന്തു രസം.
കാഴ്ചകൾ ആസ്വദിച്ച് ചുരമിറങ്ങി ഞങ്ങൾ ആളിയാർ ഡാമിൻറെ പരിസരത്തെത്തി. അവിടെ ഒരു നാടൻ ഭക്ഷണ ശാലയിൽ നിന്ന് മീനും കൂട്ടി ഭക്ഷണം കഴിച്ചു. വെള്ളം നിൽക്കുന്ന പ്രദേശത്തെ ദൃശ്യ വിരുന്നും കണ്ട് തിരിച്ചു വീണ്ടും പൊള്ളാച്ചി റോഡിലേക്ക്. ശേഷം പാലക്കാട് വഴി നാട്ടിലെത്തിയത് എട്ടുമണിയോടെ. അതോടെ കാഴ്ചകളാൽ സമൃദ്ധമായ രണ്ടു ദിവസത്തെ യാത്രക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ഓർമ്മകൾ അയവിറക്കി പുതിയ ഒരു യാത്ര സ്വപ്നവും കണ്ട് ഈ ദിവസത്തിന് വിട.