വിവരണം – ശബരി വർക്കല, മാധ്യമത്തിൽ വന്ന യാത്രാവിവരണം.
തലയ്ക്കു മുകളിൽ സൂര്യൻ തിളയ്ക്കുന്ന കൊടുംവേനലിലും നമ്മുടെ തൊട്ടരികിൽ തലനാറിൽ മഞ്ഞിൻറെ തണുപ്പാണ്. തന്നിലേയ്ക്ക് എത്തിച്ചേരുന്ന ഓരോ സഞ്ചാരിയുടെ തലവര മാറ്റാനും പ്രകൃതി സൗഹൃദമായ ഒരു ജീവിതം കെട്ടിപ്പൊക്കാനും തലനാർ നിങ്ങളെ പ്രേരിപ്പിക്കും എന്നതിൽ സംശയമില്ല. തമിഴ്നാട്ടിലെ വാൽപ്പാറയ്ക്കടുത്തുള്ള മിസ്റ്റ് സ്പ്രെഡിങ് സോണിൽ നിന്നുമാണ് തലനാറിലേക്കുള്ള പാത തെളിയുന്നത്.
വാൽപ്പാറയിലേക്കുള്ള എല്ലാ യാത്രയിലും ആ ജംങ്ഷനിലെ ഭാരതി ഹോട്ടലിൽ നിന്ന് ഒരു ചുടു ചായ വർഷങ്ങളായി എന്‍്റെ ഒരു ശീലമാണ്. ചായയും വാങ്ങി മറുവശത്തുള്ള ബസ് സ്റ്റോപ്പിെൻറ കുഞ്ഞ് കെട്ടിടത്തിൽ ഇരുന്ന് ആ കൊടും മഞ്ഞിൽ ആവി പറക്കുന്ന ചായ ഊതി കുടിക്കാൻ ഒരു പ്രത്യേക സുഖം തന്നെയാണ്. മുമ്പുള്ള പല യാത്രകളിലും അവിടെനിന്നും തലനാറിലേക്കുള്ള പാത എന്നെ വല്ലാതെ കൊതിപ്പിച്ചിട്ടുണ്ട്. ഇപ്പോഴാണ് അവിടേക്ക് ഇറങ്ങി ചെല്ലാൻ ഒരു അവസരം കിട്ടിയത്. ആ പാത തിരിഞ്ഞതും പിന്നീട് ഒരു കുതിച്ചു ചാട്ടമായിരുന്നു. മഞ്ഞും മരങ്ങളും പച്ചപ്പും നിറഞ്ഞ ഭൂമിയിലേക്കുള്ള കുതിച്ചു ചാട്ടം. വേനലിൽ നിന്ന് തണുപ്പിലേക്കുള്ള കുതിച്ചു ചാട്ടം.
തമിഴ്നാട്ടിലെ വാൽപ്പാറയ്ക്കടുത്തുള്ള മിസ്റ്റ് സ്പ്രെഡിങ് സോണിൽ നിന്നുമാണ് തലനാറിലേക്കുള്ള പാത തെളിയുന്നത്. ഇരു ദിക്കിലും കാറ്റിൽ ചാഞ്ഞുകിടക്കുന്ന പച്ചയുടുപ്പിട്ട തേയില പരപ്പിന് നടുവിലൂടെ കറുത്ത അരപ്പട്ട ചുറ്റിയെടുത്ത കണക്കെ മലയുടെ അകങ്ങളിലേയ്ക്കുള്ള നിരത്തിലൂടെ വളയങ്ങൾ ഓടിച്ചിറങ്ങാൻ കൊതി തോന്നാത്തവർ വിരളമായിരിക്കും. ഇടവിട്ട് നിൽക്കുന്ന കാടും തേയില തോട്ടങ്ങളും അവക്കിടയിലെ വഴിയിലൂടെ മതി മറന്ന വണ്ടിയും ഞങ്ങളും മുമ്പോട്ട് പോകവെയാണ് റോഡ് സൈഡിൽ ഒരു ആനക്കൂട്ടത്തെ കണ്ടത്. ആദ്യ കാഴ്ച തന്നെ ആഹ്ലാദഭരിതമായ സന്തോഷത്തിൽ കുറച്ചു ചിത്രങ്ങൾ പകർത്തി വീണ്ടും യാത്ര തുടർന്നു.
വഴിയിൽ ഇടയ്ക്കിടെ ലൈൻ കോട്ടേജുകൾ കാണാമായിരുന്നു. ഒരേ നിറത്തിൽ ഷീറ്റുകൾ മേഞ്ഞ് നിവർന്നു നിൽക്കുന്ന കുടിയിടങ്ങൾ. കാറ്റിൽ പറന്നുയരാൻ അനുവദിക്കാതെ ഷീറ്റുകൾക്ക് മുകളിൽ ഭാരമേന്തി കിടക്കുന്ന മണൽച്ചാക്കുകൾ. പട്ടണങ്ങളിലെ ബഹുനില കെട്ടിടങ്ങളെക്കാൾ കൗതുകമുണർത്തുന്ന സൗന്ദര്യമാണ് ഈ കൊച്ചു കിടപ്പാടങ്ങൾക്ക് എന്നത് വലിയ സതമാണ്. മുമ്പ് പല യാത്രകളിലും ഇത്തരം കോട്ടേജുകളിൽ താമസിക്കുവാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഏതൊരു കുളിരും സുഖമാണിവിടമെന്നോ.
അത്യാവശ്യ സ്ഥലങ്ങളെ കണക്കിലാക്കി പണിതുയർത്തിയ ഈ വീടുകളെല്ലാം ഒരേ രീതിയിൽ നിർമിച്ചവയായിരിക്കും. വിശാലമായ വീട്, കുടുംബങ്ങളുടെ അകൽച്ച കൂട്ടുമെന്നതു പോലെ ഒതുങ്ങി കൂടിയ ഈ പാർപ്പിടങ്ങളിൽ വീട്ടുകാരുടെ കളിയും ചിരിയും പിണക്കങ്ങളും ഇണക്കങ്ങളും ഇത്തിരി കഷ്ടപ്പാടും ഒത്തിരി സ്നേഹവും പേറി ഒന്നുചേർന്നിരുത്തുന്നു. ഒരു ഭിത്തിക്കപ്പുറമുള്ള അയൽക്കാരും ഇവിടെ ഒന്നായി കഴിയുന്നു എന്നതാണ് മറ്റൊരു ഭംഗി.
വെള്ളച്ചാട്ടങ്ങളെന്നും യാത്രക്കാരിൽ കോളിളക്കമാണുണർത്തുക. ഉയരങ്ങളിൽ നിന്നുള്ള കുതിപ്പു കണ്ടാൽ ആരും നോക്കി നിന്നു പോകും. പലപ്പോഴും അവയുടെ ഒഴുക്കിന് പുറകെ പോകാനോ കുതിക്കുന്ന മലമുകളിൽ കയറാനോ കൊതിക്കാറുണ്ടെങ്കിലും സാധിക്കാറില്ല. എങ്കിലും വെള്ളച്ചാട്ടത്തിലെ കുളി പതിവാണ്. പക്ഷേ, ഇവിടെ തണുത്തുറഞ്ഞ മഞ്ഞും തനിയ്ക്ക് വേണ്ടിയെത്തിയ ഇരകളെ കണ്ട മാത്രയിൽ ചൂടു രക്തത്തിനായി തുള്ളി കളിക്കുന്ന അട്ടകളും ആയിരുന്നു ഞങ്ങളുടെ അനുഭവം. എന്തായാലും കത്തുന്ന വേനലിലെ ചൂട് അപ്പാടെ ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും ഇറക്കിക്കളഞ്ഞ് ആ തണുത്ത ജലകണികകളുടെ കുളിരണിഞ്ഞ് വീണ്ടും യാത്രയായി.
കാടിെൻറ പ്രകോപനത്തിൽ ഇടറി വീണ മരക്കൊമ്പുകളും മുറിവേറ്റ മരക്കുറ്റികളും വഴിയിലെങ്ങും കാണാം. ഹിമകണങ്ങളുടെ ശുശ്രൂഷയിൽ പച്ചപായലുകളുടെ സംരക്ഷണമേറ്റ് വഴിമാറി വീണു കിടക്കുന്ന ഓരോ മരക്കുറ്റികളും കാടിനെ കൂടുതൽ സൗന്ദര്യവതിയാക്കുന്നുണ്ട്. കൊഴിഞ്ഞു വീണ ഇലകളിലും ഒളിച്ചിരിക്കുന്ന അഴകുപോലെ മഞ്ഞേറ്റു നനുത്ത മരക്കുറ്റികളും പശകൂമ്പുകളും കാടിെൻറ രമണീയതയ്ക്ക് മറ്റെന്തോ നിർവചനങ്ങൾ സൃഷ്ടിക്കുന്നു. അടുത്തതായി ഞങ്ങളെ കാത്തുകിടന്നത് കാടിനുള്ളിലെ ഒരു ചെറിയ ചെക്ക് ഡാമായിരുന്നു.
കാടിെൻറ അടുത്ത ചായക്കൂട്ടാണിവിടം. ഇളംപച്ച കോറിയിട്ട ക്യാൻവാസിൽ അവ പ്രതിഫലിപ്പിക്കുന്ന കടും പച്ച വട്ടക്കണ്ണാടി. വനത്തിന് മുഖം നോക്കാൻ ഓളങ്ങൾ മെനയാതെ തീർത്തും നിശ്ചലമായി കിടക്കുകയായിരുന്നു. ഡാമിലെ ഓളങ്ങളുടെ ഭംഗിയേക്കാളേറെ എന്നെ ആകർഷിച്ചത് ഡാമിനരികിലെ ശിലാലിഖിതമായിരുന്നു. എല്ലാ ഇടങ്ങളിലും പൊതുവേ ഉദ്ഘാടനം ചെയ്തവരുടെയും സംഭാവനക്കാരുടെയും നിർമിച്ച കമ്പനിയുടെയും മന്ത്രിമാരുടെയും എൻജിനീയർമാരുടെയും പേരിൽ ഉയർത്തിയ ശിലകളാണെങ്കിൽ ഇവിടെ ഡാം പണിത ശിവ മേസ്തിരിയുടെ പേരും അഭിമാനപൂർവം രേഖപെടുത്തിയിരിക്കുന്നു. പലതും മറന്നു തുടങ്ങുന്ന മനുഷ്യർ ഈ കാഴ്ചകൾ കണ്ടിരിക്കേണ്ടത് തന്നെയാണ്.
ഓടിത്തളർന്നെങ്കിലും ഇനിയും ഇനിയും കാഴ്ചകളിലോട്ട് മതിമറന്നു കയറുന്ന വണ്ടിക്കൊപ്പം തളരാതെ ഞങ്ങളും നീങ്ങിക്കൊണ്ടിരുന്നു. ഹിമതാപമേറ്റു വഴിയരികിൽ ദർശനം നൽകി നിൽക്കുന്ന കോവിലാണ് അടുത്തതായി കാഴ്ചയിൽപെട്ടത്. തമിഴ്നാട്ടിൽ ഒറ്റപ്പെട്ട ഉൾഗ്രാമങ്ങളിൽ പോലും ക്ഷേത്ര സാന്നിധ്യം ഉണ്ടായിരിക്കും എന്നത് തീർച്ചയാണ്. ഭഗവാനെ ഒന്നു തൊഴുതു വണങ്ങി വണ്ടി വീണ്ടും മുന്നോട്ട്. എങ്ങും മഞ്ഞും മരങ്ങളും മാത്രമുള്ള ആ കുഞ്ഞുപാത ഒരു തിരിച്ചറിവ് തന്നെയായിരുന്നു. നാം വെട്ടിമുറിക്കുന്ന മരങ്ങളും ഇടിച്ചു നിരത്തുന്ന മലനിരകളും തന്നെയാണ് നമ്മുടെ കടുത്ത ചൂടിന് കാരണം എന്നത് ആ വഴിയിൽ ആകമാനം വീശിയടിക്കുന്ന തണുത്ത കാറ്റ് ഏത് ഒരു സഞ്ചാരിയേയും പഠിപ്പിച്ചു കൊണ്ടിരിക്കും.
യാത്രയിൽ ഉടനീളം മഞ്ഞ് മനസ്സറിഞ്ഞ് കൂടെ പൊരുകയാണ്. തണുപ്പും വിശപ്പും ഏതധികം എന്നതിൽ സംശയം തോന്നി തുടങ്ങിയിരിക്കുന്നു. അടുത്തെവിടെയെങ്കിലും ഒരു ചായ കടയുടെ നിഴലാട്ടം പോയിട്ടും ജനവാസത്തിെൻറ സാന്നിധ്യം പോലും അനുഭവപ്പെട്ടിരുന്നില്ല. കുറച്ചു ദൂരം കൂടി സഞ്ചരിച്ച് വണ്ടി നിന്നത് തലനാറിെൻറ സന്ദേശ വാഹക കേന്ദ്രമായ പോസ്റ്റോഫിസിന് മുന്നിലാണ്. വഴി ഇവിടെ അവസാനിച്ചിരിക്കുന്നു. ഈ റോഡിലെ അവസാന പോസ്റ്റോഫിസ് ആണ് ഇത്.
പഴമയുണർത്തുന്ന കെട്ടിടത്തിെൻറ ജനൽ ചില്ലുകൾ പലയിടങ്ങളിലായി പൊട്ടി തുടങ്ങിയിട്ടുണ്ട്. മേൽഷീറ്റിലും ചുമരുകളിലും പായൽ പതിഞ്ഞു കാണാം. മണ്ണറിഞ്ഞ കാലുകൾക്ക് മായാത്ത ഭംഗിയുണ്ടെന്നതു പോലെ മഞ്ഞും പച്ചപ്പും വാരിക്കോരി തലനാറിെൻറ മണ്ണിൽ ഉറച്ചു നിൽക്കുന്ന ഈ പഴയ ചുമർക്കൂടിന് അതിയായ കൗതുകം ആരിലും തോന്നിപ്പിക്കാനാകും. എത്രയെത്ര സൗകര്യങ്ങൾ അവലംബിച്ച് കെട്ടിപ്പൊക്കുന്ന അനേകം ബഹുനില കെട്ടിടങ്ങൾക്ക് മുമ്പിൽ ഈ മങ്ങിയ ചുമരുകൾ ഏവർക്കും പുതുമ പ്രകടമാക്കും എന്നതിൽ സംശയമില്ല. ആഞ്ഞു തള്ളുന്ന വിശപ്പ് അടുത്ത കണ്ട വീടുകളിൽ ഹോട്ടലന്വേഷണം നടത്താൻ പ്രേരിപ്പിച്ചു
വഴി അവസാനിച്ച ഇടത്തു നിന്ന് ടാർ ഇടാത്ത മലമുകളിലേക്ക് കിടക്കുന്ന ഒരു പാത ചൂണ്ടിക്കാട്ടി രണ്ട് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ അടുത്ത ഊരിൽ എത്തുമെന്നും അവിടെ കഴിക്കാൻ എന്തെങ്കിലും കിട്ടുമെന്നും ഒരു പ്രദേശവാസി സൂചിപ്പിച്ചു. വലതു കൈയിൽ നിറഞ്ഞ കാടും ഇടതു കൈയിൽ അഗാധമായ ഗർത്തവും പേറി പോകുന്ന പാതയിലൂടെ മുകളിലേക്കുള്ള ഈ യാത്ര അനുഭവം ഞാനും എെൻറ എറ്റിയോസും വളരെയധികം ആസ്വദിക്കുകയുണ്ടായി. അന്നത്തെ ആ ദിവസം ഞങ്ങളുടെ വാഹനമല്ലാതെ ഇത്രയും ദൂരത്തിൽ വേറൊരു വാഹനത്തെ ഞങ്ങൾ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഡ്രൈവിങ് വലിയ ആനന്ദകരമായിരുന്നു.
വഴിയിടങ്ങളിൽ ചിന്നിചിതറുന്ന വെള്ളച്ചാട്ടങ്ങളും അങ്ങിങ്ങായുള്ള മഞ്ഞും വീശിയടിക്കുന്ന തണുത്ത കാറ്റും ഒട്ടാകെ നിറഞ്ഞു. പ്രകൃതി അതീവ സൗന്ദര്യത്താൽ തുളുമ്പി നിൽക്കുന്ന പാതയിലൂടെ അവസാനം ചക്രങ്ങൾ Plenty Valley Estate ൽ വന്നു നിന്നു. ഒരു വശം നിറയെ കാടും മറുവശം തേയില തോട്ടങ്ങളും ഒപ്പം വന്യ മൃഗങ്ങൾ കടന്നു വരാതിരിക്കാൻ പാതക്ക് ഇരുവശവും വൈദ്യുതി വേലിയും കാണാം. യാത്രയുടെ അവസാന പ്രദേശമായ മലമുകളിൽ ഞങ്ങൾ എത്തിച്ചേർന്നിരിക്കുന്നു. വഴിയിൽ ആകമാനം നിറഞ്ഞു നിൽക്കുന്ന ആളുകൾ. വൈൻഷോപ്പുകൾ. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഒരേ ഒരു കട. ഒരു ചായക്കട. ഒരു പൗൾട്രി ഫാം ഇത്രയും നിറഞ്ഞതായിരുന്നു അവിടം.
കൊടും കാടിന് നടുവിലൂടെ എങ്ങനെയെല്ലാമോ വഴി ഒരുക്കി. അങ്ങകലെ മലമുകളിൽ മഞ്ഞിെൻറ നാട്ടിൽ കുടിലൊരുക്കി ഇത്രയധികം ജനങ്ങൾ താമസിക്കുന്ന അന്യ രാജ്യത്തിൽ എത്തിപ്പെട്ടതു പോലെയാണ് എനിക്കപ്പോൾ തോന്നിയത്. അവിടെ ആദ്യമായി എത്തിയ അന്യ സംസ്ഥാനക്കാരനെ പോലെ ഇത്തിരി അഹങ്കാരത്തോടെ മുന്നോട്ട് നടക്കവേ ഒരു പറ്റം ബംഗാളികളെ കണ്ട് വിസ്മയിച്ചുപോയി. തമിഴ്നാട്ടിൽ പലർക്കും എന്തിന് പറയുന്നു, വാൽപ്പാറയിലുള്ളവർക്കു പോലും ഇങ്ങനെ ഒരു നാട് ഇവിടെ ഉണ്ടൊ എന്നറിയില്ല. അത്രയ്ക്ക് യാത്രാ സൗകര്യമോ പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത ഈ നാട്ടിൽ പോലും ബംഗാളികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. മരം മുറിയ്ക്കാനും കാപ്പി, തേയില, ഏലം തുടങ്ങിയ കൃഷിക്കും ഒക്കെ അവരെ കാണാം. കാലം പണിയെടുക്കാനറിയുന്ന വനഭൂമി നൽകുമെങ്കിൽ നാളെ ഇവിടെയും പെരുമ്പാവൂർ പോലെ ബംഗാളികളുടെ സ്വന്തം നാടായി മാറാൻ സാധ്യതയുണ്ട്.
അവിടെ ആകെയുള്ള ഒരു പലവ്യഞ്ജന കടയിലെ ചുമരെഴുത്താണ് അടുത്ത കൗതുകം ക്യാമറയ്ക്ക് നൽകിയത്. വീടിനോട് ചേർന്ന് മുറിയൊരുക്കി നടത്തുന്ന ഒരു കൊച്ചു കട. ചുമരിൽ ‘സി. രാമൻ മല്ലികൈ കട’ എന്ന് കൈകൊണ്ട് എഴുതിയിരിക്കുന്നു. തൊട്ടടുത്ത് ഒരു ചായയുടെ ചിത്രവും. മൾട്ടിപ്ലെക്സ് പരസ്യങ്ങളേക്കാൾ ആകർഷണം ആ ചുമരെഴുത്തിനുണ്ടായിരുന്നു. അവിടെ ആകെ ഉണ്ടായിരുന്ന ഒരു ചായക്കടയിൽ ഭക്ഷണം കഴിക്കാനായി കയറിയ ഞങ്ങൾക്ക് ലഭിച്ചത് ഒരു വടയും ചായയും മാത്രം. അതുകൊണ്ട് മാത്രം ഒരു കാരണവശാലും ഞങ്ങളുടെ വിശപ്പടക്കാൻ സാധിച്ചിരുന്നില്ല.
കൈയിൽ ആകെ ഉണ്ടായിരുന്ന ഒരു പാക്കറ്റ് ബ്രെഡും അവിടെ കിച്ചനിൽ കിടന്ന കുറച്ചു വെജിറ്റബിൾസും കൂടി ചേർത്ത് സത്യം പറഞ്ഞാൽ ആ കടയിലെ ചേച്ചിയെ കൊണ്ട് ഞങ്ങൾ അന്ന് ബർഗർ സാൻഡ്വിച്ചും ഉണ്ടാക്കാൻ പഠിപ്പിച്ചു. അങ്ങനെ വിശപ്പിന് തൽക്കാല വിരാമമിട്ടു. നീളുന്ന പാതകളിൽ പ്രകൃതി നൽകിയ ദൃശ്യഭംഗികൾ ഞങ്ങളെ ഒട്ടും നിരാശരാക്കിയില്ല. മറിച്ച് വാൽപ്പാറയേക്കാൾ ആകർഷണീയമായ പുതിയ ഒരിടവും അനുഭവങ്ങളും പങ്കിടുവാനും കണ്ടെത്താനും അവസരമൊരുക്കുകയായിരുന്നു. ഒരിക്കൽ കൂടി തണലേകുന്ന തലനാറിനെ പ്രണയിച്ച് കയറി വന്ന വഴികളിലേക്ക് തിരികെ വളയം പിടിക്കുേമ്പാൾ ഒന്നേ മനസ്സിലേക്ക് വന്നുള്ളു. നാം വെട്ടി നശിപ്പിച്ചതും ഇടിച്ചു നിരത്തിയതും.