“ധര്മതൈ നിലൈ നാട്ടാൻ എന്ന വേണാലും സെയ്യലാം”- വരദരാജ മുതലിയാർ (1983). നല്ലവനായ ഡോൺ എന്ന ഇന്ത്യൻ സിനിമാ ലോകത്തിന്റെ ഏറ്റവും വലിയ പ്രചോദനം ‘വരദാ ഭായ്’ എന്നറിയപ്പെട്ടിരുന്ന വരദരാജ മുതലിയാർ എന്ന മനുഷ്യനായിരുന്നു. ഹിന്ദി,തെലുഗ്,മലയാളം തുടങ്ങി ഏകദേശം എല്ലാം ഭാഷയിലും മുതലിയാരെ base ചെയ്ത് കഥാപാത്രങ്ങൾ പിറന്നിരിക്കുന്നു. തമിഴ് സിനിമയിൽ മുംബൈ ആസ്ഥാനമാക്കിയുള്ള അധോലോക കഥകളാണെങ്കിൽ മുതലിയാർ ഒരു പ്രധാനപ്പെട്ട ഘടകമായിരിക്കും. കമൽ ഹസ്സന്റെ നായകൻ മുതൽ അവസാനം വന്ന രജനിയുടെ കാല വരെ ഇതിന് ഉദാഹരണമാണ്.
ഡി കമ്പനിയും പത്താൻ ഗാങ്ങും ചേർന്ന് 1990കളിൽ മുംബൈ അധോലോകം തീവ്രവാദ കേന്ദ്രങ്ങൾ ആക്കുന്നതിനു മുൻപ് അതായത് 1950 മുതൽ 1985 വരെയുള്ള കാലഘട്ടങ്ങളിൽ മുംബൈ ഭരിച്ചിരുന്നത് ഏകദേശം ഇറ്റാലിയൻ -ചിക്കാഗോ മാഫിയകളോടും സാമ്യം ഉള്ള മാഫിയ ഗ്യാങ്ങുകൾ ആയിരുന്നു ബോംബെ തന്നെ പല ഭാഗങ്ങളായി വിഭജിച് കള്ളക്കടത്തും, ചൂതാട്ടവും, കരിംചന്തയും, കള്ളച്ചാരായവും വിറ്റിരുന്ന മുംബൈയിലെ ക്രൈം ഗ്യാങ്ങുകൾ. ഇതിന്റെ നേതാക്കന്മാരായിരുന്നു മുതലിയാർ, ഹാജി മസ്താൻ, കരിം ലാലാ എന്ന മൂന്ന് നേടുംതൂണുകൾ.
തമിഴ്നാട്ടിൽ ആണ് വരദരാജന്റെ ജനനം. 1924 ൽ വേലൂരിലെ ഒരു സവർണ ഹിന്ദു കുടുംബത്തിൽ. വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല. എങ്കിലും ഇംഗ്ലീഷും ഹിന്ദിയും പഠിച്ചെടുത്തു. വിപ്ലവകാരിയായിരുന്ന അച്ഛൻ പോലീസിന്റെ തോക്കിന് മുന്നിൽ കീഴടങ്ങിയപ്പോൾ 19 കാരനായിരുന്ന മുതലിയാർ തമിഴ്നാട്ടിൽ നിന്നും 1945 ൽ ബോംബെയിലേക്ക് കുടിയേറി. മുതലിയാർ ബോംബെയിൽ ആദ്യം എത്തിച്ചേർന്നത് പ്രശസ്തമായ വിക്ടോറിയ ടെർമിനലിൽ കൂലിത്തൊഴിലാളിയായിട്ടാണ്. ആ ജോലിയിൽ വരദരാജൻ കടുത്ത അസംപ്‌തൃപ്തൻ ആയിരുന്നു. അങ്ങനെ മുതലിയാർ അവിടുത്തെ ലോക്കൽ ഗുണ്ടകളുമായി ബന്ധം ഉണ്ടാക്കി. പിന്നീട് ഈ ബന്ധങ്ങൾ വരദരാജന് ഏറെ ഗുണം ചെയ്തു.
1952ൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ആയി മൊറാർജി ദേശായി അധികാരമേറ്റപ്പോൾ മഹാരാഷ്ട്രയിൽ മദ്യനിരോധനം നിലവിൽ വന്നു. അതൊരു സുവർണാവസരമായി വരദരാജൻ കണക്കാക്കി. സെൻട്രൽ മുംബൈയിലെ ഗലികളിൽ നിന്ന് വരദരാജൻ ചാരായം ഉണ്ടാക്കി വിൽക്കാൻ തുടങ്ങി. ആദ്യം ലോക്കൽ ആളുകളെ മുന്നിൽ കണ്ടാണ് ആ പരിപാടി തുടങ്ങിയതെങ്കിലും, മദ്യത്തിന്റെ ബിസ്സിനെസ്സ് തന്നെ വളരെ ഉയരങ്ങളിൽ എത്തിക്കുമെന്ന് വരദരാജൻ ഉടനെ തിരിച്ചറിഞ്ഞു. ധാരാവി, സിയോൺ, കോളിവാദ, അന്റോപ് ഹിൽ എന്നീ സ്ഥലങ്ങൾ വരദരാജന്റെ അതീനതയിലായി.
പോലീസിനെ ഒതുക്കാനും വരദരാജൻ ഒരു വഴി കണ്ടെത്തി. റിട്ടയർ ചെയ്ത പോലീസുകാരെയും താഴ്ന്ന റാങ്കിലുള്ള പോലീസുകാരെയും വരദരാജൻ വിലക്കെടുത്തു. അവരെ തന്നെ പലപ്പോഴും വരദരാജൻ സ്വന്തം ചരക്കു കടത്തലുകൾക്ക് ഉപയോഗിച്ചു. ഒപ്പംതന്നെ പോലീസിന്റെ നീക്കങ്ങൾ മുൻകൂട്ടി അറിയുവാനും കഴിഞ്ഞു. അങ്ങനെ പോലീസിനെ കാഴ്ചക്കാരാക്കിക്കൊണ്ട് മുംബൈയുടെ നിരത്തുകളിലൂടെ വരദരാജന്റെ മദ്യവുമായി ട്രക്കുകൾ യഥേഷ്ടം ഓടി. ടയർ ട്യൂബുകളിൽ ചാരായം നിറച്ചു കള്ളക്കടത്തു നടത്തുന്ന രീതി ആദ്യമായി പരീക്ഷിച്ചതും വരദരാജൻ തന്നെ ആണ്.
ഇതിനിടെ വരദരാജനെ ജനകീയനാക്കിയത് രണ്ടു കാര്യങ്ങളാണ്. ഒന്ന് മുംബൈയിലേക്ക് കുടിയേറിയ ദക്ഷിണേന്ത്യക്കാരുടെ രക്ഷകനായിരുന്നു വരദരാജ മുതലിയാർ. തമിഴനെയും, തെലുങ്കനെയും, കന്നഡിഗനെയും, മലയാളിയെയും വരദരാജൻ ഒരു കുടക്കീഴിൽ നിർത്തി. പകരം അവർ വരദരാജനെ സ്വന്തം നേതാവായി തെരെഞ്ഞെടുത്തു. ഇന്നത്തെ ധാരാവിയുടെ ആദ്യ രൂപം ഉണ്ടായത് കുടിയേറ്റക്കാരായ ദക്ഷിണേന്ത്യക്കാർക്കായി വരദരാജൻ സൃഷ്ട്ടിച്ച കോളനിയായിട്ടാണ്.
ചെറിയ ചെറിയ കുറ്റകൃത്യങ്ങളിൽ നിന്നും തുടങ്ങി പിന്നീട് ഹാജി മസ്താനൊപ്പം ചേർന്ന് കിഡ്നാപ്പിംഗും കൊലപാതകങ്ങളും ഭൂമിയിടപാടുകളും നടത്തി ബോംബൈ മുഴുവൻ അറിയപ്പെടുന്ന അധോലോക നായകനായി മുതലിയാർ അറിയപ്പെടാൻ അതികം നാളുകൾ വന്നില്ല. സ്വന്തമായി ഒരു ജുഡീഷ്യറി തുടങ്ങി ‘മദ്രാസികൾ’ സൗത്ത് ഇന്ത്യൻ സമൂഹത്തിന് സഹായങ്ങൾ ചെയ്ത് കൊടുത്ത് ആളുകൾക്കിടയിൽ വലിയൊരു ഇമ്പാക്ട് മുതലിയാർ ഉണ്ടാക്കിയെടുത്തിരുന്നു. ഇതുകൊണ്ട് തന്നെ ധാരാവി പോലെയുള്ള ചേരി പ്രദേശങ്ങൾ മുഴുവൻ മുതലിയാർക്ക് പിന്തുണയായിരുന്നു. മുതലിയാരുടെ ഗണേശ ചതുർഥി ആഘോഷങ്ങളും ബോംബയിൽ വളരെ പ്രശസ്തമായിരുന്നു.
പക്ഷെ മുതലിയാരുടെ മുഴുവൻ സാമ്രാജ്യവും 1980 കളുടെ തുടക്കത്തിൽ തകർന്ന് തുടങ്ങി. മുതലിയാരുടെ ബഡാ ദോസ്തും മറ്റൊരു തമിഴ്നാട്ടുകാരനും ആയിരുന്ന ഹാജി മസ്താൻ Smuggling ആക്ടിവിറ്റീസിൽ നിന്നും പിൻവാങ്ങിയതുമെല്ലാം അതിനു ഒരു കാരണം തന്നെയായിരുന്നു. ഒടുവിൽ ബോംബയിൽ YC പവാർ എന്ന പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ മുതലിയാരെ തന്നെ ടാർഗറ്റ് ചെയ്ത് അറ്റാക്കുകൾ തുടങ്ങി. മുതലിയാരുടെ കൂട്ടാളികളെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും എൻകൗണ്ടറുകൾ നടത്തി കൊന്നു തള്ളുകയും ചെയ്തു.
മുതലിയാർക്ക് ബോംബയിൽ നിൽക്കാൻ പറ്റില്ല എന്ന അവസ്ഥയിൽ എത്തിച്ചേർന്നതോടെ ഒടുവിൽ 1983 ൽ മുതലിയാർ ബോംബെ വിട്ട് മദ്രസിലേക്ക് തിരിച്ച് വന്നു. 1988ൽ മരമടഞ്ഞ മുതലിയാരുടെ ശരീരം മുതലിയാരുടെ ആഗ്രഹം പോലെ തന്നെ ഹാജി മസ്താൻ ചാർട്ടേർഡ് ഫ്ലൈറ്റിൽ ബോംബയ്ക്ക് തിരിച്ച് കൊണ്ട് വന്നത് ഒക്കെ അന്ന് വളരെ പ്രശസ്തമായിരുന്നു. അന്ന് ബോംബയിൽ അന്തിമോപചാരം അർപ്പിക്കാനുണ്ടായ ജനസാഗരം അവിടെ ഉള്ള ആളുകൾക്ക് അയാളുടെ മേൽ ഉണ്ടായിരുന്ന ബഹുമാനം സൂചിപ്പിക്കുന്നത് തന്നെയായിരുന്നു.
മുതലിയാരുടെ ജീവിതം ഒരുപരിധി വരെ അതേപടി പകർത്തി വെച്ച ചിത്രമാണ് 1987 ൽ ഇറങ്ങിയ മണിരത്നം – കമലഹാസൻ ചിത്രമായ നായകൻ. പോലീസിനും ബ്യൂറോക്രാറ്റുകൾക്കും മാഫിയാ തലവനായിരുന്നപ്പോഴും ധാരാവിയിലെ പാർശ്വവൽകൃത സമൂഹത്തിന്റെ സുഹൃത്തും വഴികാട്ടിയും ആയിരുന്ന വരദരാജ മുതലിയാർ ഇന്നും അവിടത്തുകാർക്ക് പ്രിയപ്പെട്ടത് തന്നെയാണ്.
ലേഖനത്തിനു കടപ്പാട് – Raees Alam, Sachin Devaraj.