മലയാള സിനിമയുടെ തറവാട്.. വരിക്കാശ്ശേരി മന. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് മനശ്ശേരിയിൽ ആണ് ഈ മന സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് പ്രശസ്തിയാർജ്ജിച്ച കേരള ചരിത്രത്തിൽ സ്ഥാനം നേടിയ എത്രയോ മനകൾ നിലംപതിച്ചു കഴിഞ്ഞു. ദേശമംഗലം മന ഇന്ന് ഇല്ല. ആഴ്വാഞ്ചേരി മന പൊളിച്ചു ചെറുതാക്കി. അതുപോലെതന്നെ ആറാംതമ്പുരാന്റെ പൂമുള്ളിയും. എന്നാൽ പ്രായത്തിന്റെ ആഘാതം ഒന്നും പ്രകടിപ്പിക്കാതെ തലയെടുപ്പോടെ നിൽക്കുകയാണ് നമ്മുടെ വരിക്കാശ്ശേരി മന.

118 വർഷത്തിലധികം പഴക്കമുണ്ട് ഈ മനയ്ക്ക്. ഈ മന പണിയുന്ന കാലത്ത് അന്നത്തെ ആശാരി കൂലി വെറും രണ്ടണ ആയിരുന്നത്രെ. ആദ്യം ഓല കൊണ്ടായിരുന്നു പുര മേഞ്ഞത്. പിന്നീട് ഓട് കമ്പനികൾ വന്നതോടെയാണ് ഓട് മേഞ്ഞത്. ആറുമാസം കൊണ്ട് 44,000 രൂപ ചെലവിലാണ് ഈ മന അന്ന് പണിതുയർത്തിയത്. പത്തായപ്പുര, വലിയകുളം ഇതെല്ലാം ഇവിടുത്തെ മറ്റൊരു ആകർഷണീയത ആണ്.

ഇവിടെ എത്തുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടി വരുന്ന മുഖവും പേരും മംഗലശ്ശേരി നീലകണ്ഠൻ ആണ്. തീർത്ഥം എന്ന മലയാള സിനിമയാണ് ആദ്യം ഇവിടെ ഷൂട്ട് ചെയ്തങ്കിലും ദേവാസുരം ആണ് ഈ മനയെ കൂടുതൽ പ്രശസ്തമാക്കിയത്. പിന്നീട് നിരവധി സിനിമകൾ.. പല ഭാഷകളിലുള്ള സിനിമകൾ.. നിരവധി ആൽബങ്ങൾ, ഫോട്ടോഷൂട്ടുകൾ ഇവയിൽ എല്ലാം നമ്മൾ ഈ വരിക്കാശ്ശേരി മനയെ കണ്ടു.

എവിടെ വെച്ചാലും ഭംഗിയുള്ള ഫ്രെയിം ആണ്. ഇവിടെ എത്തുമ്പോൾ പഴയ പ്രൗഢിയുടെ പഴമയുടെ സുഗന്ധം നമ്മളിൽ നിറയും. ഒരുപാട് തവണ ഇതിനുമുമ്പ് പോയിട്ടുണ്ടെങ്കിലും മഴയിൽ മനയെ കാണാൻ സാധിച്ചിട്ടില്ല. ആ വിഷമം ഇപ്പോൾ അങ്ങ് മാറി. ആ നടുമുറ്റത്ത് ഇരുന്ന് മഴ ആസ്വദിക്കാൻ, ചാറ്റൽമഴ കൊണ്ടുനടക്കാൻ എല്ലാം ഒരു അവസരം കിട്ടി. ഇവിടെയെത്തിയാൽ നമ്മളറിയാതെ വേറൊരു ലോകത്ത് ചെന്ന പോലെയാണ്.

ഇതുവരെ നിങ്ങൾ ഈ മന കണ്ടിട്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടം ആണ്. അതുകൊണ്ട് ഈ കൊറോണ കാലഘട്ടം കഴിയുമ്പോൾ ഒരു യാത്ര പോവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഇവിടേക്കും ഒന്ന് പോകണം. വള്ളുവനാടൻ കാഴ്ച്ചകൾ കൊപ്പം നമ്മുടെ മനസ്സിൽ എന്നും ഉയരത്തിൽ തന്നെ നിൽക്കും ഈ വരിക്കാശ്ശേരി മന. കൂടുതലറിയാൻ, കാണാൻ ആഗ്രഹമുണ്ടെങ്കിൽ തൽക്കാലം ഇതോടൊപ്പമുള്ള ഈ വീഡിയോ കണ്ടു തൃപ്തി പെടാം.

വിവരണം, വീഡിയോ – ശാരി സനൽ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.