തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ – ആക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് വട്ടത്തിൽ വെള്ളച്ചാട്ടം. ഇത്തിക്കര ആറിനെ തഴുകി പാറകളിൽ തട്ടി ഒഴുകുന്ന പ്രകൃതിയുടെ ഈ മനോഹര ദ്യശ്യ ഭംഗി കാണാനായിരുന്നു എൻ്റെ കഴിഞ്ഞ ദിവസത്തെ യാത്ര. പ്രകൃതിയുടെ ദൃശ്യ ഭംഗി നുകരുമ്പോൾ കിട്ടുന്ന മനസ്സിന്റെ സുഖം എനിക്ക് അക്ഷരങ്ങളാൽ അക്കമിട്ട് നിരത്താൻ ഒരിക്കലും കഴിയില്ല.

വട്ടത്തിൽ വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള പ്രദേശം ജനവാസ മേഖലയാണ്. ഇവിടെ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുക്കാർ സമരത്തിൽ ആണ്. കൊല്ലം ജില്ലയിലെ ആക്കൽ പ്രദേശത്താണ് പുതിയ ക്വാറിക്കായി സ്വകാര്യ വ്യക്തി നീക്കം നടത്തുന്നത്. പ്രകൃതി സൗന്ദര്യം നിറഞ്ഞ ആക്കൽ – വട്ടക്കയം വെള്ളച്ചാട്ടത്തോട് ചേർന്നുള്ള പാറയാണ് പൊട്ടിച്ച് മാറ്റാൻ ശ്രമിക്കുന്നത്.

പാറപ്പരപ്പിലൂടെ ഇത്തിക്കരയാർ വട്ടം കറങ്ങി ഒഴുകുന്ന ഇവിടെ നിരവധി സഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രദേശമാണ്. കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയാണിത്. സ്വകാര്യ വ്യക്തിയുടെ കൈവശമിരിക്കുന്ന 11 ഏക്കർ ഭൂമിയിലെ പാറ പൊട്ടിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ചുറ്റുമുള്ള വ്യക്തികളുടെ ഭൂമിയും വിലയ്ക്ക് വാങ്ങാൻ തകൃതിയായ ശ്രമങ്ങൾ നടക്കുന്നുമുണ്ട് എന്നാണ് സമീപ വാസികളിൽ നിന്ന് അറിയാൻ കഴിഞ്ഞത് .

നാടിൻറെ പൊതു സ്വത്തായ വെള്ളച്ചാട്ടം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രദേശവാസികൾ മൊത്തം ഇപ്പോൾ സമര രംഗത്ത് വന്നു കഴിഞ്ഞു. ആക്കൽ ആക്ഷൻ കൗൺസിൽ എന്ന പേരിൽ സമര സമിതി ആരംഭിച്ച് ജനങ്ങൾക്കിടയിൽ പ്രകൃതി വത്കരണ ബോധവത്കരണ ക്ലാസ്സുകളും പ്രവർത്തനങ്ങളും നടത്തി വരികയാണ് എന്നാണ് സമീപവാസിക്കിടയിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് . മുഴുന്താങ് മലയില്‍നിന്ന് ഇത്തിക്കരയാറ്റിലേക്ക് വരുന്ന ജലധാര കരിമ്പാറകളില്‍ തട്ടി പളുങ്കുമണികള്‍പോലെ താഴേക്ക് ഒഴുകുന്ന കാഴ്ച സഞ്ചാരികള്‍ക്ക് എല്ലാം വലിയ ഹരമായി മാറിയിരിക്കുകയാണ് .

വിശാലമായ കല്ലടത്തണ്ണി ഭൂപ്രദേശം ഇത്തിക്കരയാറിന്റെ വശ്യ സൗന്ദര്യത്തിന്റെ ഉദാത്തഭാവമാണ് വിളിച്ചറിയിക്കുന്നത്. കല്ലടത്തണ്ണി വെള്ളച്ചാട്ടത്തിനടുത്തുള്ള വട്ടത്തില്‍ തങ്ങളിന്റെ കബര്‍സ്ഥാനം പ്രദേശവാസികളുടെ ആരാധനാകേന്ദ്രമാണ്. പാമരനെന്നോ പണ്ഡിതനെന്നോ ഉള്ള ചിന്തയില്ലാതെ സര്‍വമതസ്ഥരും ഭക്തിനിര്‍ഭരമായി എത്തി വിളക്കുവെച്ച് പ്രണാമം അര്‍പ്പിക്കുന്നത് വര്‍ഷങ്ങളായി തുടരുന്നു.

മുമ്പ് കല്ലടതണ്ണിയില്‍ ജലവൈദ്യുത പദ്ധതിക്ക് ശ്രമം നടന്നെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അധികൃതര്‍ ഇതില്‍നിന്ന് പിന്മാറി. വേനലിലും വന്‍തോതില്‍ വെള്ളം കെട്ടിനില്‍ക്കുന്ന മനോഹരകാഴ്ചയാണ് ഈ ജലാശയത്തെ വേറിട്ടതാക്കുന്നത്. ഇത്തിക്കരയാറ്റിലെ നയനമനോഹരമായ ഈ സ്ഥലം പ്രകൃതി സൗഹൃദ ടൂറിസത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങളുണ്ടായില്ല.

ജടായുപ്പാറ ടൂറിസം പദ്ധതി പ്രവര്‍ത്തനക്ഷമം ആയതോടെ കല്ലടത്തണ്ണി വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാധ്യതകളും വര്‍ധിക്കും. ബോട്ടിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയാല്‍ ആറിന്റെ സൗന്ദര്യം പതിന്മടങ്ങുയരും. കല്ലടത്തണ്ണി വെള്ളച്ചാട്ടത്തിന് ഒരു വിളിപ്പാടകലെ ആറിന്റെ മധ്യത്തുള്ള മാടന്‍ കാവും പ്രസിദ്ധമാണ്. കല്ലടത്തണ്ണി വെള്ളച്ചാട്ടവും ആറിന്റെ തീരത്ത് നടപ്പാക്കാന്‍ ആലോചിച്ച പുഴയോരം പദ്ധതിയും യോജിപ്പിച്ചാല്‍ പ്രകൃതി സൗഹൃദ ടൂറിസത്തിന്റെ സാധ്യതകള്‍ ഏറെയാണ് .

തങ്ങളുടെ നാടിൻറെ അഭിമാനമാണ് വട്ടക്കയം വെള്ളച്ചാട്ടമെന്നും അതിൽ തൊടാൻ ഒരാളെയും അനുവദിക്കില്ലെന്നും പ്രദേശത്തെ യുവാക്കൾ ഒന്നടങ്കം പറയുന്നു. അഭിമാനം തോന്നിയ നിമിഷങ്ങൾ പ്രകൃതിയെ സംരക്ഷിക്കുന്നതിനോടൊപ്പം ഞാനും തയ്യാറാണ് എന്ന് പൂർണ്ണമായ പിൻതുണ നൽകി യാത്ര തിരിച്ചു.

വട്ടത്തിൽ വെള്ളച്ചാട്ടത്തിൽ എത്തിചേരാൻ – ചടയമംഗലം പള്ളിക്കൽ റൂട്ടിൽ കല്ലടത്തണ്ണി പാലത്തിനടുത്ത് നിന്ന് ഏകദേശം 400 മീറ്റർ ദൂരെമേ ഉള്ളു ഈ വെള്ളച്ചാട്ടത്തിലേക്ക് . ഗതാഗത സൗകര്യമുള്ള റോഡാണ് .  സഞ്ചാരികളെ ഇതിലേ ഇതിലേ… വട്ടത്തിൽ വെള്ളച്ചാട്ടം / കല്ലടത്തണ്ണി വെള്ളച്ചാട്ടം സന്ദർശകരെ മാടി വിളിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.