വിവരണം – Rahim D Ce‎.

തിരുവന്തോരത്ത് ജോളിയായി പണ്ട് ജോലി ചെയ്യ്യുന്ന കാലം ഒരു വെള്ളിയാഴ്ച വീട്ടിൽ പോരാനായി രാവിലെ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോഴാണ് Amal വിളിക്കുന്നത്. ഞാൻ തമിഴ്നാടോക്കെ കറങ്ങി തിരിഞ്ഞ് തിരുവനന്തപുരത്തെത്തി വീട്ടിലേക്ക് ആണ് , പോരുന്നോന്ന്.ങ്കി നേരെ തമ്പാനൂർക്ക് വരാൻ പറഞ്ഞു..

11 മണി ആയപ്പോൾ ആൾ എത്തി. തമ്പാനൂരിൽ നിന്ന് ഓന്റെ കൂടെ യാത്ര തുടങ്ങി. നട്ടുച്ച വെയിലത്തുള്ള യാത്രയും കൂടെ കട്ട വിശപ്പും,ഉടൻ അമലിന്റെ ചോദ്യവും വീണു. “എവിടാ നല്ല നാടൻ ഫുഡ് കിട്ടുക. പാണ്ടി ഫുഡ് കഴിച്ചു മടുത്തൂ. നല്ല ഹോട്ടൽ അറിയാമെങ്കിൽ പറയു. അവിടെ നിർത്താം.”

ഞാൻ പറഞ്ഞു ഒരു 1 മണിക്കൂർ കൂടി പിടിച്ചു നിൽക്കുവാണേൽ നമ്മൾ പോകുന്ന വഴിക്ക് ഒരു കിടു ഹോട്ടൽ ഉണ്ട്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും തിരക്കുള്ള ഹോട്ടൽ. പേര് എന്താണെന്ന് ഓൻ ചോദിച്ചപ്പോൾ “പോകുന്ന വഴിയോരത്താ കാണിച്ചു തരാം” എന്ന് പറഞ്ഞതല്ലാതെ പേര് ഞാൻ പറഞ്ഞില്ല..

കിളിമാനൂർ കഴിഞ്ഞ് എം.സി റോഡ് വഴി ഒരു കിലോമീറ്റർ ആയപ്പോൾ വണ്ടി നിർത്താൻ പറഞ്ഞു. ഇതാണ് ഞാൻ പറഞ്ഞ കട എന്ന് പറഞ്ഞപ്പോഴാണ് അവൻ വലതു വശത്തു കാണുന്ന കടയുടെ പേര് വായിച്ചത് വഴിയോരക്കട. പേരിൽ അവനെ ഞെട്ടിച്ചു. അപ്പൊ അവൻ പറയ് വാ ഞാനും കുറെ കെട്ടിട്ടുണ്ട് ഈ പേര്. ഫേസ്ബുക്കിലും ടിവി യിലെ പല പ്രോഗ്രാമ്മിലും.

അകത്തോട്ട് കയറിയതെ ഞങ്ങൾ ആദ്യമേ ശ്രദ്ധിച്ചത് വിജയൻ ചേട്ടന്റെ 2 മീറ്റർ നീളത്തിൽ ഉള്ള വേറാർക്കും പകരം വെയ്ക്കാൻ ഇല്ലാത്ത ചായ അടി ആണ്. ബിരിയാണി ചായ ആണ് സാറേ ഇയാളുടെ മെയിൻ. അതും കണ്ട് അന്തം വിട്ട് നിന്നപ്പോയാണ് കടയുടെ നടത്തിപ്പുകാരൻ ആയ മഹേഷ് ചേട്ടൻ കൗണ്ടറിൽ നിന്ന് എഴുന്നേറ്റ് വന്നിട്ട് പറയുന്നത്. എല്ലാ യിടത്തും സീറ്റ് ഫുൾ ആണ്. ഒരു 10 മിനിറ്റു wait ചെയ്യാമോ. ഇപ്പൊ സീറ്റ് ഒപ്പിച്ചു തരാമെന്ന്..

ഞങ്ങൾ എല്ലാ റൂമിലും നോക്കി. ആളുകൾ ഇടിച്ചു നിൽക്കുന്നു. അമൽ എന്നോട് ചോദിച്ചു “എന്താ ഈ കടയുടെ പ്രത്യേകത? ഇത്ര ആൾ കൂടാൻ” എന്ന്. ഒറ്റവാക്കിൽ ഞാൻ പറഞ്ഞു “ഇവർ ഇത് ബിസിനസ് ആയി അല്ല നടത്തുന്നത്. കഴിക്കാൻ വരുന്ന ആളുകളുടെ സന്തോഷമാണ് വലുത്” എന്ന്.

നീ ഫേസ്ബുക്കിലെ ഇവരുടെ പേജിൽ ഒന്ന് കയറി നോക്കിയാൽ അറിയാം ഇവരുടെ റെഗുലർ കോസ്റ്റമേഴ്‌സ് ആരൊക്കെ ആണെന്ന്. Dam 999 സംവിധായകൻ സോഹൻ റോയ് മുതൽ എല്ലാ മന്ത്രിമാരും രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും ഇവിടുത്തെ രുചിയിൽ അലിഞ്ഞ് നിത്യ സന്ദർശകർ ആയി മാറി കഴിഞ്ഞു. ഇത് അവരുടെ സോഷ്യൽ മീഡിയ സൈറ്റിൽ എല്ലാം കുറിപ്പായി തന്നെ ഉണ്ട്.

ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ ആരും ഇവിടുത്തെ രുചി അറിയാതെ പോവുകയില്ല. M.C റോഡ് സൈഡ് ൽ നല്ല ഒരു അന്തരീക്ഷത്തിൽ ഒരുക്കിയിരിക്കുന്ന Restaurant ആണിത്. 32 പേർക്ക് ഇരിക്കാൻ പറ്റിയ മെയിൻ റൂമും, 42 പേർക്ക് ഇരിക്കാൻ പറ്റിയ ഫാമിലി ഹാളും ഉണ്ട്. ഇത് കൂടാതെ സ്പെഷ്യൽ ഫാമിലി റൂമുകൾ 5 hut കൾ ആയും ഒരുക്കിയിട്ടുണ്ട്.

പിന്നെ എടുത്തു പറയേണ്ടത് ഇവിടുത്തെ ടോയ്ലറ്റിന്റെയും വാഷ് റൂമിന്റെയും വൃത്തി ആണ്. യാത്രക്കാർക്ക് ഉപകാരപ്രദം ആകും വിധമാണ് ഒരുക്കിയിരിക്കുന്നത്. റൂം ഒരെണ്ണം ഫ്രീ ആയിട്ടുണ്ട് എന്നും പറഞ്ഞു കൊണ്ട് നമ്മുടെ main waiter സുധീഷ് ചേട്ടൻ വന്നു. പെട്ടെന്ന് തന്നെ കഴിക്കാൻ ഇരുന്നു. ഊണും നെയ്‌മീൻ ഫ്രൈയും ഒരു താറാവ് കറിയും ഓർഡർ കൊടുത്തു.

അപ്പോഴാണ് ഞാൻ ഓർത്തത് ഇവരുടെ മെയിൻ ഐറ്റങ്ങൾ തലക്കറിയും, നാടൻ ചിക്കൻ കൊണ്ടുള്ള സ്‌പൈസി മസാല യുമാണെന്ന്. സൈഡിൽ എഴുതി ഇട്ടിരുന്ന മെനു കാർഡിൽ നോക്കിയിട്ട് നാടൻ ചിക്കൻ റോസ്റ്റിനും നെയ്‌മീന്റെ തല കറിക്കും ഓർഡർ കൊടുത്തു മച്ചാൻ.

ഇവർക്ക് സ്വന്തം കോഴി ഫാം ഉണ്ട്. അവിടുത്തെ നാടൻ കോഴി തന്നെ ആണ് ഇവർ ഉപയോഗിക്കുന്നത്. ബ്രോയിലർ ചിക്കൻ ഇല്ലാത്ത, ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതെ, കഴിക്കാൻ വരുന്നവരുടെ ആരോഗ്യത്തിനു പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഹോട്ടൽ കൂടി ആണ് ഇത്. അതാണ് ഈ കടയുടെ വിജയവും.

വലിയ പൊൻ താലത്തിനുള്ളിൽ ഓരോ നാടൻ വിഭവങ്ങൾ ആയി ഞങ്ങൾക്ക് മുന്നിൽ നിരന്നു. തൂശനിലയിൽ ചോറും കറികളും. കലർപ്പില്ലാത്ത ഈ രുചിയെ വെല്ലാൻ മറ്റൊന്ന് ഇല്ല. നെയ്‌മീൻ പൊരിച്ചത് വായിൽ വെച്ചപ്പോൾ തന്നെ ഞങ്ങൾ വേറൊരു ലോകത്തായി. നാടൻ കോഴിയുടെ റോസ്റ്റും താരാവിനെ കറി വെച്ചതും കൂട്ടി ഭക്ഷണ ദേവതയെ പ്രാർത്ഥിച്ചു കൊണ്ട് കലാപരിപാടികൾ ആരംഭിച്ചു. നെയ്മീന്റെ തല കറി കൂടെ വന്നപ്പോൾ രുചിയുടെ മാളിക എട്ടു നിലയിൽ ഉയർന്നു.

ഒരു customer വന്നാൽ അവർക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ അവരെ നല്ല രീതിയിൽ പരിഗണിക്കാൻ വേണ്ടി സ്റ്റാഫ് കൾ എല്ലാം ഓടിചാടി നടക്കുന്നു. കുറച്ചു നേരത്തെ പരസ്പരം വിട്ടു കൊടുക്കാതെ ഉള്ള കഴിപ്പിനോടുവിൽ ഞങ്ങൾ മാസം തികഞ്ഞ പെണ്ണുങ്ങളുടെ വയർ പോലെ ആയി. എനിക്ക് 4 മാസവും അവനു 10 മാസവും.

“ഭക്ഷണം ഒക്കെ എങ്ങനുണ്ടായിരുന്നു?” എന്ന ചോദ്യത്തിന് ഞാൻ മറുപടി കൊടുത്തു “വീട്ടിൽ പോലും ഇങ്ങനത്തെ ഭക്ഷണം കഴിച്ചിട്ടില്ലാ”ന്നു. അമൽ ഒറ്റ വാക്കിൽ പറഞ്ഞു “വാക്കുകൾക്ക് അതീതം..”

എന്താ ഈ taste ന്റെ രഹസ്യം എന്നറിയാൻ മഹേഷ് ചേട്ടനോട് അമൽ ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല ആൾ. വാ കാണിച്ചു തരാം എന്ന് പറഞ്ഞു നേരെ ഞങ്ങളെ കിച്ചനിലോട്ടു കൊണ്ട് പോയി കാണിച്ചു തന്നു. ഇതാണ് ഞങ്ങളുടെ കലവറ. ശരിക്കും ഇത് രുചിയുടെ മണിയറ ആണ്. എല്ലാ സാധനവും വിറക് കത്തിച്ചാണ് ഉണ്ടാക്കുന്നത്. വിറക് അടുപ്പു കളുടെ ഒരു നിര തന്നെ ഉണ്ട് അവിടെ.

പാചകക്കാരുടെ ഒരു കൂട്ടായ്മ തന്നെ ആണ് ഇവിടെ. എല്ലാം നല്ല വൃത്തിക്കും അടുക്കും ചിട്ടയോടും കൂടി നമ്മുടെ വീട്ടിലെ അടുക്കളയിൽ ഉണ്ടാക്കുന്ന പോലെ തന്നെ കുറെ അമ്മാമാർ ഉണ്ടാക്കുന്നു. നല്ല കോസ്റ്റമേഴ്സിനെ ഒക്കെ ഈ കിച്ചൻ ഇവർ കയറ്റി കാണിക്കാറുണ്ട്. അതാണ് പ്ലസ് പോയിന്റും.

ഇവരുടെ ഫേസ്ബുക് പേജിൽ ഇട്ടിരിക്കുന്ന തിലകൻ സാറിന്റെ ഉസ്താദ് ഹോട്ടലിലെ ഡയലോഗ് അതെപടി പാലിക്കുന്നു ഇവർ. “വയറു നിറയ്ക്കാൻ ആരെകൊണ്ടും പറ്റും. പക്ഷേ കഴിക്കുന്നവരുടെ മനസ്സും നിറയണം. അതാണ് ശരിയായ കൈപ്പുണ്യം.” നമുക്ക് ഒരു വരവ് കൂടി വരേണ്ടി വരും എന്ന സ്ഥിരം കളീഷേ ഡയലോഗും അടിച്ച് അമൽ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.