ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽപ്പാലം എവിടെയാണെന്ന് അറിയാമോ? അറിയില്ലെങ്കിൽ കേട്ടോളൂ അത് നമ്മുടെ കേരളത്തിലാണ്. എറണാകുളത്തെ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനോടനുബന്ധിച്ച്, വല്ലാർപാടം ദ്വീപിനെയും ഇടപ്പള്ളിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപാതയിലാണ് ഈ പാലം ഉൾക്കൊള്ളൂന്നത്.

വേമ്പനാട്ട് കായലിനു കുറുകെയുള്ള ഈ പാലത്തിന്റെ മാത്രം നീളം 4.62 കിലോമീറ്ററും മൊത്തം റെയിൽപ്പാതയുടെ നീളം 8.86 കിലോമീറ്ററും ആണ്. പാലമുൾപ്പടെയുള്ള ഈ റെയിൽപാതയുടെ പണി 2007 ജൂൺ മാസത്തിലാണ് ആരംഭിച്ചത്. 350 കോടി രൂപ മുതൽമുടക്കിയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. രാജ്യത്ത് റെയില്‍വേക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമായ റെയിൽ വികാസ് നിഗം ലിമിറ്റെഡ് ആണ് ഈ പാതയുടെ നിർമ്മാണം പൂർത്തിയാക്കിയത്.

ബീം ബ്രിഡ്ജ് എന്നാണ് ഇത്തരം നിര്‍മിതികളെ വിളിക്കുക. ഏറ്റവും ലളിതമായ നിര്‍മാണ രീതിയാണിത്. ഭൂമിശാസ്ത്രപരമായും മറ്റും വേറെ സങ്കീര്‍ണതകളൊന്നുമില്ലാത്തതിനാലും ചരക്കുനീക്കം മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നതിനാലും ഏറ്റവും ലളിതവും യോജിച്ചതുമായ ബീം ബ്രിഡ്ജ് നിര്‍മാണരീതി തെരഞ്ഞെടുക്കുകയായിരുന്നു.

വേമ്പനാട് പാലത്തിന്റെ നിർമ്മാണത്തിൽ 11,700 ടൺ സ്റ്റീലും, 58,000 ടൺ സിമന്റും, 99,000 ക്യുബിക് മീറ്റർ മെറ്റലും, 73,500 ക്യുബിക് മീറ്റർ മണലും, 1,27,000 ക്യുബിക് മീറ്റർ കോൺക്രീറ്റും ഉപയോഗിച്ചിട്ടുണ്ട്. മൊത്തം 12.5 ഹെക്ടർ ഭൂമി ഇതിനു വേണ്ടി റെയിൽ‌വേ ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ സർക്കാറിന്റേയും, കൊച്ചിൻ പോർട് ട്രസ്റ്റിന്റേയും ഉടമസ്ഥതയിലുള്ള ഭൂമി ഉണ്ട്. ഇടപ്പള്ളിയിലുള്ള പുതുക്കിയ സ്റ്റേഷൻ ഈ പാലം പദ്ധതിയുടെ ഭാഗമാണ്‌.

2010 മാർച്ചിൽ പാലം പണി പൂർത്തിയായതോടെ ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേപ്പാലം എന്ന റെക്കോർഡ് കേരളത്തിലേക്ക് വരികയായിരുന്നു. ഇതിനു മുൻപ് ബീഹാറിലെ സോൺ നദിക്ക് കുറുകേയുള്ള ‘നെഹ്രു സേ‌തു’വായിരുന്നു ഇന്ത്യയിലെ ഏറ്റവും വ‌‌ലിയ റെയിൽ പാലം. 3.065 കിലോമീറ്റർ ആണ് നെഹ്രു സേ‌തുവിന്റെ നീളം.

80 ശതമാനം ഭാഗവും വെള്ളത്തിനു മുകളിലൂടെയുള്ള ഈ പാലം മൂന്നു ദ്വീപുകൾ താണ്ടിയാണ് വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ എത്തുന്നത്. എറണാകുളം കണ്ടെയ്‌നർ റോഡിൽ പൊന്നാരിമംഗലം – ബോൾഗാട്ടി ഭാഗത്ത് നിന്നും വേമ്പനാട് പാലത്തിന്റെ മനോഹര ദൃശ്യം കാണാവുന്നതാണ്.

കോക്ടൈൽ എന്ന ചിത്രത്തിൽ അനൂപ് മേനോനും സംവൃതയും അഭിനയിച്ച ‘നീയാം തണലിനു താഴെ’ എന്ന ഗാനരംഗത്തിൽ ഈ പാലത്തിന്റെ മനോഹാരിത എടുത്തു കാണിക്കുന്നുണ്ട്. കാര്യം എന്തൊക്കെയാണെങ്കിലും ഈ പാലത്തിലൂടെയുള്ള യാത്ര ആസ്വദിക്കുവാൻ പൊതുജനങ്ങൾക്ക് ഭാഗ്യമില്ല. കാരണം നിലവിൽ ചരക്കു തീവണ്ടികൾ മാത്രമാണ് ഈ പാതയിലൂടെ ഓടുന്നത്.

വിവരങ്ങൾക്ക് കടപ്പാട് – വിക്കിപീഡിയ, drivespark.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.