പുതിയ LHB കോച്ചുകളുമായി വേണാട് എക്സ്പ്രസ്സ് ഓടിത്തുടങ്ങിയത് വലിയ വാർത്തയായതായിരുന്നു. എന്നാൽ അതിൻ്റെ പിറ്റേന്ന് വേണാട് എക്സ്പ്രസിലെ പുത്തൻ സീറ്റുകൾ യാത്രക്കാർ തന്നെ കീറിയ സംഭവം നാണക്കേടുള്ള വാർത്തയായും മാറി. ഇപ്പോഴിതാ വീണ്ടും വേണാട് എക്സ്പ്രസ്സ് വാർത്തകളിൽ നിറയുകയാണ്. ഇത്തവണ യാത്രക്കാരായ രണ്ടു യുവാക്കളാണ് വാർത്തയ്ക്ക് ഇടയാക്കിയ സംഭവത്തിലെ വില്ലന്മാർ.
സംഭവം ഇങ്ങനെ – വേണാട് എക്സ്പ്രസിലെ പുതിയ കോച്ചിൽ യാത്രക്കാരായ യുവാക്കൾ സീറ്റിനു പിന്നിലെ ബോട്ടിൽ വയ്ക്കാനുള്ള ബ്രാക്കെറ്റിലും ഭക്ഷണം വച്ചു കഴിക്കാനുള്ള മിനി ട്രേയിലും കാലുകൾ കയറ്റി വെച്ചിരുന്നു യാത്ര ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരിൽ ആരോ യുവാക്കളുടെ ചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
“പുതിയ വേണാട് എക്സ്പ്രസ് ട്രെയിനിൽ നിന്ന് ഇന്നലത്തെ യാത്രയിൽ ഒരു സുഹൃത്ത് പകർത്തിയത്…സാക്ഷര കേരളം…കക്കൂസിന്റെ പേരിൽ വടക്കേ ഇന്ത്യയെ പരിഹസിക്കുന്ന പുരോഗമന ചിന്തയുടെ അറ്റത്ത് എത്തിയ മലയാളി.” തുടങ്ങിയ തലക്കെട്ടുകളോടെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പരക്കെ ഷെയർ ചെയ്യപ്പെട്ടതോടെയാണ് യുവാക്കൾക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നത്.
തിരുവനന്തപുരം – ഷൊർണ്ണൂർ റൂട്ടിലോടുന്ന വേണാട് എക്സ്പ്രസ്സ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലിങ്ക് ഹോഫ്മാൻ ബുഷ് (LHB) കോച്ചുകളുമായി ഓടിത്തുടങ്ങിയിട്ട് അധികം ദിവസങ്ങളായിട്ടില്ല. അതിനു മുന്നേ തന്നെ ട്രെയിനിന്റെ ഈ ന്യൂജെൻ ലുക്ക് കണ്ട് അസൂയമൂത്ത ചില തലതെറിച്ച യാത്രക്കാർ പണിതുടങ്ങി. ട്രെയിനിലെ പുതിയ സീറ്റുകൾ കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റ് ലിവറുകൾ വലിച്ചൊടിച്ചുമാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.
എല്ലാ ബോഗികളിലെയും സീറ്റുകൾ നശിപ്പിച്ചിട്ടുണ്ടെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഇതിനെല്ലാം പുറമെ മൊബൈൽ ചാർജ് ചെയ്യുന്ന പ്ലഗ് പോയിന്റുകളും സാമൂഹ്യ വിരുദ്ധർ തല്ലിതകർത്തിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങൾ വന്നെങ്കിലും സിസിടിവി ക്യാമറകൾ ഈ കോച്ചുകളിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് കുറ്റക്കാരെ കണ്ടെത്തുവാൻ ബുദ്ധിമുട്ടായിരിക്കുന്നത്. എങ്കിലും ഈ സംഭവത്തിലെ കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.
പൊതുവെ ഇന്ത്യൻ റെയിൽവേയിൽ കാണപ്പെടുന്ന പാട്ട, തകര കോച്ചുകളിൽ നിന്നും വ്യത്യസ്തമായി പുതുപുത്തൻ LHB കോച്ചുകൾ ഒരു വിമാനത്തിനകത്തിരിക്കുന്ന ഫീൽ തരുന്നവയാണ്. LHB കോച്ചുകളുമായി ഏറ്റവും കുറഞ്ഞദൂരം സർവ്വീസ് നടത്തുന്ന ട്രെയിനും വേണാട് എക്സ്പ്രസ്സ് തന്നെയാണ് എന്നത് മറ്റൊരു കാര്യം.
ശുചിമുറിയിൽ ആളുണ്ടോയെന്നറിയാൻ വാതിലിൽ ഇൻഡിക്കേഷൻ സംവിധാനം, മൊബൈൽ ചാർജ് ചെയ്യാൻ സീറ്റിനരികെ പ്ലഗ് പോയിന്റ്, സെക്കൻഡ് സിറ്റിംഗ് കോച്ചിൽ ലഘുഭക്ഷണ കൗണ്ടർ എന്നിവയാണ് ഈ പുതിയ കോച്ചുകളിലെ മറ്റു സൗകര്യങ്ങൾ. ഒരു എസി ചെയർ കാർ, 15 സെക്കൻഡ് ക്ലാസ് സിറ്റിംഗ്, 3 ജനറൽ തേഡ് ക്ലാസ്, പാൻട്രികാർ,2 ലഗേജ് കംബ്രേക്ക് വാൻ എന്നിങ്ങനെയാണ് കോച്ചുകൾ. ജനറൽ കോച്ചിൽ പുഷ്ബാക്ക് സീറ്റുകളാണ്.
സംഭവം മുഖ്യധാരാ മാധ്യമങ്ങളിലുൾപ്പെടെ വാർത്തയായപ്പോൾ നാണക്കേടായത് നമ്മൾ ഉൾപ്പെട്ട നമ്മുടെ നാടിനും സമൂഹത്തിനും കൂടിയാണ്. വാതോരാതെ ഇന്ത്യൻ റെയിൽവേയും മറ്റും കുറ്റം പറയുന്നവരാണ് നമ്മൾ. എന്നാൽ ശരിക്കും ട്രെയിനുകൾ വൃത്തികേടാക്കുന്നത് ആരാണ്? അതിലെ യാത്രക്കാർ തന്നെയാണ്. എന്നിട്ട് കുറ്റം റെയിൽവേയുടെ തലയിലും വെക്കും. നശീകരണ തൊഴിലാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കണം. നശിപ്പിക്കുന്നവരുടെ പക്കൽ നിന്നും ആ ട്രെയിനിലുള്ള നഷ്ടങ്ങളുടെ മുഴുവൻ തുകയും ഈടാക്കണം. എന്നാലേ ഇത്തരം മോശം പ്രവണതകൾക്ക് കുറച്ചെങ്കിലും അറുതി വരികയുള്ളൂ.
1 comment
നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ.