കേരളത്തിലെ ഭൂരിഭാഗം ജില്ലകളിലും പ്രളയദുരിത ബാധിതരുടെ ക്യാമ്പുകൾ സജീവമാണ്. ഇവിടേക്ക് ധാരാളം സഹായങ്ങൾ നേരിട്ട് എത്തിച്ചേരുന്നുമുണ്ട്. വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടവർക്കായി, അവരുടെ പുനരധിവാസത്തിനായി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ സർക്കാരുമായി കൈകോർക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. നിരവധിയാളുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ അയച്ചുകൊണ്ടിരിക്കുന്നത്.
ഇത്തരത്തിൽ സംഭാവനകൾ ചെയ്യുന്നവരിൽ ചെറിയ കുട്ടികൾ വരെയുണ്ടെന്നതാണ് മനസ്സും കണ്ണും ഹൃദയവും നിറയ്ക്കുന്ന ഒരു കാര്യം. നന്മവറ്റാത്ത പുതിയ തലമുറ നമ്മുടെ സമൂഹത്തിൽ വളർന്നു വരുന്നുണ്ടെന്ന യാഥാർഥ്യം ഇതിലൂടെ ലോകത്തിനു മുന്നിൽ മനസ്സിലാക്കിക്കൊടുക്കുകയാണ്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെടുകയുണ്ടായി.
കെഎസ്ആർടിസി ബസ് ഡ്രൈവറായ സുനിലിന്റേയും കെഎസ് ആർടിസി കണ്ടക്ടറായ വിനീതയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് വേണി. ചെറുപ്പം മുതലെ തന്നെ നൃത്തം അഭ്യസിക്കുന്ന വേണി ഇന്ന് ഒരു നർത്തകി കൂടിയാണ്. ഏഴാം ക്‌ളാസ് വിദ്യാർത്ഥിനിയായ വേണി തൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയിരിക്കുന്നത് ഇങ്ങനെയാണ്.
“പ്രിയപ്പെട്ടവരെ, ആകെ അറിയാവുന്നത് ഡാൻസാണ്, ഏഴാം ക്ലാസ്സിൽ പഠിക്കുകയാണ്. പലപ്പോഴായി അത്യാവശ്യം പൊതുപരിപാടികളിൽ അത് അവതരിപ്പിച്ചിട്ടുമുണ്ട്. ചില സ്ഥലങ്ങളിൽ നിന്ന് ടോക്കൻ ഓഫ് അപ്രീസിയേഷൻ എന്ന നിലയ്ക്ക് ചില സാമ്പത്തിക സപ്പോർട്ട് കിട്ടാറുമുണ്ട്. പറഞ്ഞു വന്നത് ഇതാണ്, നിങ്ങളുടെ അടുത്തുള്ള അമ്പലങ്ങളിലോ പൊതുപരിപാടികളിലോ എന്തുമാകട്ടെ, ഒരുമണിക്കൂർ ഡാൻസ് പ്രോഗ്രാം ചെയ്തു തരാം. CMDRF ലേക്ക് പറ്റാവുന്ന തുക അയച്ചു അതിന്റെ റെസീറ്റ് എനിക്ക് അയച്ചാൽ മതിയാകും. വല്യ ഡാൻസർ എന്നു കളിയാക്കരുത്, എന്നെക്കൊണ്ട് പറ്റുന്നത് എന്നെ കരുതാവൂ.”
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന തനിക്ക് ആകെ അറിയാവുന്നത് നൃത്തമാണ്, താൻ അവതരിപ്പിക്കാം, എന്നാൽ നിങ്ങൾ തരാൻ ഉദ്ദേശിക്കുന്ന തുക അത് എത്ര ആയാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടച്ചതിന്റ റെസീപ്റ്റ് മാത്രം നൽകിയാൽ മതിയാകും – ആ അച്ഛനും അമ്മയ്ക്കും മാത്രമല്ല ആ നാടിനു തന്നെ അഭിമാനമായി മാറുകയാണ് വേണിയെന്ന ഈ കൊച്ചുമിടുക്കി. അതോടൊപ്പം തന്റെ പുന്നാര അനുജത്തി ശിവാനി അടക്കമുള്ള വളർന്നു വരുന്ന തലമുറയ്ക്ക് ഒരു മാതൃക കൂടിയായി മാറിയിരിക്കുകയാണ് ഈ പുന്നാര ചേച്ചി.
കെഎസ്ആർടിസി കുടുബത്തിലെ ഈ പൊന്നു മോൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിച്ചുകൊണ്ട് ധാരാളമാളുകളാണ് മുന്നോട്ടു വന്നിരിക്കുന്നത്. പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല, ഒരു നിമിഷം കൊണ്ട് ഉറ്റവരെയും വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങാകുവാൻ വേണ്ടിയാണ് ഈ കൊച്ചു മിടുക്കി, ‘അണ്ണാറക്കണ്ണനും തന്നാലായത്’ എന്നതുപോലെ മുന്നിട്ടിറങ്ങിയിരിക്കുന്നത്. പ്രിയപ്പെട്ട വേണീ, യുവ തലമുറ നിന്നെ കണ്ടു പഠിക്കട്ടെ, നിന്നെപ്പോലെ ചിന്തിക്കട്ടെ…