വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

നമ്മുടെ ഓരോത്തരുടെയും വിരൽ തുമ്പിൽ പ്രക്യതിയുടെ കലവറ നിറഞ്ഞൊഴുക്കുമ്പോൾ ദൂരങ്ങൾ തേടി പോകുന്നത് എന്തിനാണ്?യാത്ര എന്ന സുഹ്യത്ത് തൊട്ട് അരികിൽ തന്നെയുണ്ടന്നേ. ചിലപ്പോഴെല്ലാം മനുഷ്യ മനസ്സിന്റെ ഏത് അവസ്ഥയെയും മാറ്റി മറിക്കാനുള്ള ഒരു മാജിക്ക് കൂടിയാണ് യാത്രകൾ എന്ന് നൂറ് ശതമാനം എടുത്ത് പറയാം.

യാത്ര ഒരു സ്പന്ദനമാണ് പിരിഞ്ഞ് പോകാൻ കഴിയാത്ത ഹൃദയസ്പന്ദനം. ഇന്നോളം ഒരു കലാക്കാരനും പൂർണ്ണമായും ക്യാൻവാസിൽ വരയ്ക്കാൻ കഴിയാത്ത നിഷ്കളങ്ക സൗന്ദര്യമാണ് പ്രകൃതി സൗന്ദര്യം. യാത്ര അറിയും തോറും അകലം കൂടുന്ന മഹാസാഗരം.

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിലെ ഒരു ഗ്രാമപ്രദേശമാണ് വെട്ടിക്കവല എന്ന് പറയുന്നത്. മണ്ണിനോട് ചേർന്ന് മനുഷ്യത്വം പുൽകി, മനുഷ്യർ ഒരുമിച്ചു താമസിക്കുന്നിടം. ഗ്രാമത്തിന്റെ മണവും, പാടങ്ങളും, ചെറു വരമ്പുകളും, തോടുകളും, തെങ്ങുകളും, കരിക്കും, നന്മ നിറഞ്ഞ ഗ്രാമവാസികളുടെയും പ്രകൃതി സൗന്ദര്യം കൊണ്ട് തുളുമ്പുന്നതുമാണ് വെട്ടിക്കവലയുടെ സൗന്ദര്യക്കാഴ്ചകളാവുന്നത്.

പ്രിയപ്പെട്ട സുഹ്യത്ത് അനു എസ് വി വെട്ടിക്കവല, ചേട്ടച്ചാര് Suju Kollamkaran ഇവരുടെ നാടാണ് വെട്ടിക്കവല. അടുത്ത സമയത്ത് ആണ് ഈ പ്രിയപ്പെട്ടവരുടെ മൊട്ടക്കുന്ന് വ്യു പോയിന്റിനെ പ്രതിനിധാനം ചെയ്ത് കൊണ്ടുള്ള ഫോട്ടോയും, വീഡിയോയും ഞാൻ കാണാൻ ഇടയായത്. അങ്ങനെയാണ് വെട്ടിക്കവല വ്യൂ പോയിന്റിൽ അനു വെട്ടിക്കവലയുമായി എത്തിചേർന്നത്. മുന്നിൽ പരന്ന് കിടക്കുന്ന ദൂരത്തെ നോക്കുമ്പോൾ വെയില്‍ പാളികള്‍ മുഖത്തേക്ക് തറച്ചു നിന്നപ്പോള്‍ കൈവിരലുകള്‍ കൊണ്ട് അതിനെ ഞാൻ മറയ്ക്കാന്‍ ശ്രമിച്ചു.

ഉച്ച സമയം, ഏകദേശം പന്ത്രണ്ടര കഴിഞ്ഞ് കാണും വ്യു പോയിന്റിൽ ഞങ്ങൾ എത്തി ചേർന്നപ്പോൾ. ഇവിടെ അതിരാവിലെ സൂര്യോദയമാണ് കാഴ്ചകൾക്ക് മാറ്റ് കൂട്ടുന്നതെങ്കിലും പ്രകൃതി സൗന്ദര്യ ആസ്വദിക്കാനും, പ്രക്യതിയുടെ കാഴ്ചകൾ കൺനിറയെ കാണാനും സമയമോ സന്ദർഭമോ ഒന്നും വേണ്ടന്നേ. കൺമുന്നിൽ ദേ കാണാൻ കഴിയുന്ന കാഴ്ചകൾ കണ്ട് മടങ്ങുക, അത്ര തന്നെ .

മലകൾ ധ്യാനത്തിലാണ്, മഞ്ഞ് മൂടിയ കാലങ്ങൾക്കായി.. സൂര്യനെപ്പോലെ ഭൂമി മുഴുവനും സഞ്ചരിക്കണം. എന്റെ ഹൃദയം അകലെയാണ്. അത് തണുത്ത ആയിരം കയ്യുള്ള മഞ്ഞിനെ കാത്തിരിക്കുകയാണ്. നിറം മങ്ങിയ വെളുത്ത പൂവ് വെയിലില്‍ വാടി നിലത്തേക്ക് വീഴുന്നത് നിര്‍വ്വികാരതയോടെ നോക്കി നിൽക്കാൻ എനിക്ക് സമയമില്ല കാരണം യാത്രകളിൽ ആനന്ദം കണ്ടെത്തുക, യാത്രാ അറിവുകൾ നേടുക അത്ര മാത്രം.

ഈ വ്യൂ പോയിന്റിൽ നിന്നാൽ ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പമായ ജടായൂ പാറയും, കേരള ടൂറിസത്തിലെ മലമേൽ പാറയും കാണാൻ സാധിക്കും. കൊല്ലം ജില്ലയിലെ വെട്ടിക്കവല മഹാദേവർ ക്ഷേത്രവുമായി അടുത്ത് ബന്ധമുള്ള മല കൂടിയാണ് മൊട്ടക്കുന്ന് വ്യു പോയിന്റ് അഥവാ “കഴുവിടാൻ കുന്ന്.”

ഒരുമിച്ചുള്ള ശൈവ-വൈഷ്ണവ പ്രതിഷ്ഠ വെട്ടിക്കവല ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ഈ ക്ഷേത്രത്തിലെ വാതുക്കൽ ഞാലിക്കുഞ്ഞിന്റെ പ്രതിഷ്ഠയും, ആരാധനയും വളരെ പ്രശസ്തമാണ്. വെട്ടിക്കവല മഹാദേവർ ക്ഷേത്രത്തിലെ കഴുവിടാൻ കോവിലും പുരാതന കഴുവിടാൻ കൊട്ടാരവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങൾ ഒക്കെ അനവധിയാണ്.

ദയവായി ശ്രദ്ധിക്കുക പ്രിയപ്പെട്ട സഞ്ചാരികളെ, വെട്ടിക്കവല വ്യു പോയിന്റ് സ്ഥിതി ചെയ്യുന്നത് വെട്ടിക്കവല എന്ന ഗ്രാമ പ്രദേശത്താണ്. ആയതിനാൽ സ്നേഹിതരെ ഇവിടേക്കുള്ള യാത്ര ആർക്കും ദോഷം ചെയ്യാത്ത വിധത്തിലായിരിക്കണം. നമ്മൾക്ക് ദാഹജലം അത്യാവിശ്യമാണല്ലോ. അതിനാൽ കുടിക്കാൻ കൊണ്ടു പോക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ, ആഹാര സാധനങ്ങൾ നമ്മുടെ ആവിശ്യം കഴിഞ്ഞ് വലിച്ചെറിയരുത്.

പ്രിയപ്പെട്ടവരെ നിങ്ങൾ ഓരോത്തരും നല്ല മനസ്സിന് ഉടമകളാണ് ആയതിനാൽ പ്രകൃതിയെ സ്നേഹിച്ച് ദയവായി യാത്രകൾ ചെയ്യുക. അനുഭവങ്ങളുടെ ആഴമാണ് യാത്രകൾ അതിജീവനത്തിന്റെ ആദ്യ പടിയും യാത്രകൾ തന്നെയാണ്. യാത്രകൾ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.