ഇന്ത്യയിലേക്ക് സർവീസുമായി ഒരു ഇന്റർനാഷണൽ എയർലൈൻ കമ്പനി കൂടി വന്നിരിക്കുകയാണ് ഇപ്പോൾ. ബിക്കിനി എയർലൈൻസ് എന്ന വിളിപ്പേരിലറിയപ്പെടുന്ന വിയജെറ്റ് ആണ് ഇന്ത്യയിൽ തങ്ങളുടെ സർവ്വീസ് ആരംഭിക്കുവാൻ മുന്നോട്ടു വന്നിരിക്കുന്നത്. വിയറ്റ്‌നാം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ബഡ്‌ജറ്റ് എയർലൈനാണ് വിയജെറ്റ്.
ഇന്ത്യയിൽ നിന്നും വിയറ്റ്നാമിലേക്കുള്ള സന്ദർശകരുടെ സൗകര്യാർത്ഥമാണ് പുതിയ സർവ്വീസുകൾ ആരംഭിക്കുവാൻ സാഹചര്യമൊരുക്കിയത്. തുടക്കത്തിൽ വിയറ്റ്നാമിലെ ഹോചിമിൻ സിറ്റി, ഹനോയ് തുടങ്ങിയ നഗരങ്ങളിൽ നിന്നും ഇന്ത്യയിലെ ന്യൂഡൽഹിയിലേക്ക് ആയിരിക്കും വിയജെറ്റ് വിമാന സർവ്വീസുകൾ ആരംഭിക്കുക. പിന്നീട് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കൂടി സർവ്വീസുകൾ വ്യാപിപ്പിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
തുടക്കം മുതൽക്കേ തന്നെ മാർക്കറ്റിങ് & പ്രൊമോഷൻ കാര്യങ്ങളിൽ വ്യത്യസ്തതയും ശ്രദ്ധയും പുലർത്തി വരുന്ന വിയജെറ്റ് മികച്ച ഓഫറുകളുമായാണ് ഇന്ത്യയിലേക്ക് സർവ്വീസുകൾ ആരംഭിക്കുന്നതും. 2019 ഡിസംബർ ആറ് മുതലാണ് കമ്പനി ഇന്ത്യയിൽ നിന്നും, ഇന്ത്യയിലേക്കും സർവ്വീസുകൾ ആരംഭിക്കുന്നത്. ആഗസ്റ്റ് 20 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായി വെറും 9 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുന്ന തരത്തിലുള്ള സ്പെഷ്യൽ ഓഫറാണ് കമ്പനി മുന്നോട്ടു വെച്ചിരിക്കുന്നത്. 2020 മാർച്ച് 28 വരെയുള്ള ബുക്കിംഗ് കമ്പനി ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു.
തുടക്കത്തിൽ ഹോചിമിൻ സിറ്റിയിലേക്ക് ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും; ഹാനോയിലേക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും വിമാനസർവീസുകൾ ഉണ്ടായിരിക്കുക.
2011 ൽ ബിക്കിനി ധരിച്ച എയർഹോസ്റ്റസുകളുമായി സർവ്വീസ് നടത്തി വാർത്തകളിൽ ഇടംനേടിയതുകൊണ്ടാണ് വിയജെറ്റിനെ ‘ബിക്കിനി എയർലൈൻസ്’ എന്ന് വിളിക്കുന്നത്. ഇതോടൊപ്പം തന്നെ വിമാനത്തിനുള്ളിൽ വെച്ച്, ഏവിയേഷൻ അതോറിറ്റിൽ നിന്നും പെർമിഷൻ വാങ്ങാതെ എയർഹോസ്റ്റസുമാരുടെ ഫാഷൻ ഷോ ഇവർ അവതരിപ്പിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതിനെത്തുടർന്നു വിയറ്റ്‌നാം ഏവിയേഷൻ അതോറിറ്റി വിമാനക്കമ്പനിയിൽ നിന്നും 60000 രൂപയോളം പിഴയും ഈടാക്കിയിരുന്നു.
ബിക്കിനി വിവാദത്തിൽ പലയിടത്തു നിന്നും എതിർപ്പുകൾ ഉണ്ടായെങ്കിലും യഥാർത്ഥത്തിൽ വിയജെറ്റിന് അതൊരു കിടിലൻ പ്രൊമോഷൻ തന്നെയായിരുന്നു. 2011 ൽ പ്രവർത്തനമാരംഭിച്ച വിയജെറ്റ് ഇന്ന് 400 ലധികം സർവ്വീസുകൾ ആഭ്യന്തര റൂട്ടുകളിലും, അന്താരാഷ്ട്ര റൂട്ടുകളിലുമായി നടത്തുന്നുണ്ട്. വരുമാനത്തിന്റെ കാര്യത്തിലും വിയജെറ്റ് മുകളിലേക്കു തന്നെയാണ് കുതിക്കുന്നത്.2017 ൽ 17 ദശലക്ഷത്തോളം യാത്രക്കാരെ കൈകാര്യം ചെയ്‌ത വിയജെറ്റ് 986 ദശലക്ഷത്തോളം ഡോളറാണ് ആ വര്‍ഷം മാത്രം സമ്പാദിച്ചത്. വിയറ്റ്‌നാമിലെ വനിതാ കോടീശ്വരിയായ ഗുയേന്‍ തീ ഫൂവോംഗ് താവോയാണ് ഈ വിമാന കമ്പനിയുടെ ഉടമസ്ഥ.
ഇതുകൂടാതെ ഒക്ടോബർ മൂന്നു മുതൽ കൊൽക്കത്തയിൽ നിന്നും ഹോചിമിൻ സിറ്റിയിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവ്വീസുകൾ ആരംഭിക്കുന്നുമുണ്ട്. കൂടുതൽ ബഡ്‌ജറ്റ് വിമാന സർവ്വീസുകൾ വിയറ്റ്നാമിലേക്ക് ആരംഭിക്കുന്നതോടെ ഇന്ത്യയിൽ നിന്നും തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലേക്ക് ടൂറിസ്റ്റുകൾ ഒഴുകുന്നതുപോലെ വിയറ്റ്നാമിലേക്കും കൂടുതലായി ആളുകൾ പോകുവാൻ തുടങ്ങും. ടൂറിസം രംഗത്ത് ഒട്ടേറെ മാറ്റങ്ങൾക്ക് ഇത് വഴിതെളിയിക്കും എന്നുതന്നെയാണ് പറയപ്പെടുന്നത്.