കേരളത്തിലെ കാർഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ് ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ് ഈ ദിനം.
‘പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക’ എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ് കാണിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. ഗുരുവായൂർ പോലെയുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്.
വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ല വർഷാരംഭത്തോടെ ആയിരിക്കണം. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന് കാരണം. പണ്ട് മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത് മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്.
ഐതിഹ്യം : മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം വെണ്മണിയിലെ ശാർങ്ങക്കാവിലെതാണ്(ചാമക്കാവ്). വിഷു ദിനത്തിൽ കെട്ടുകാഴ്ചകളുമായി വെണ്മണിയിലെ വിവിധ കരകളിൽ നിന്നും ഭക്തർ ഇവിടെ വന്നു കൂടുന്നു. അച്ചൻകോവിലാറിന്റെ മറുകരയിൽ നിന്നുള്ള കെട്ടു കാഴ്ചകൾ വള്ളങ്ങളിൽ കയറ്റി ചാമക്കാവിലെത്തിക്കുന്നു. തേര്,കുതിര,കെട്ടുകാളകൾ,എടുപ്പ് കുതിര തുടങ്ങി നിരവധി കെട്ടുകാഴ്ചകൾ ഇവിടെയുണ്ടെങ്കിലും ഏറ്റവും പ്രത്യേകതയുള്ളത് ചാമക്കാവിലെ വേലത്തേരാണ്. മുഖാമുഖമായി നിർത്തുന്ന വീതിയുള്ള വേലത്തേരുകളുടെ തട്ടിൽ നിന്നും, യുദ്ധം ചെയ്യുന്നതിന് സമാനമായ വേലകളി ചാമക്കാവിലെ മാത്രം പ്രത്യേകതയാണ്.കാർഷിക വിഭവങ്ങളുടെയും,മറ്റ് ഗ്രാമീണ ഉൽപ്പന്നങ്ങളുടെ വൻവിപണനം വിഷു ദിനത്തിൽ ഇവിടെ നടത്തപ്പെടുന്നു. വിവിധ കാർഷിക വിളകളുടെ വിത്തുകൾ വാങ്ങുന്നതിന് ദൂരദേശങ്ങളിൽ നിന്നും ആളുകൾ ഇവിടെയെത്താറുണ്ട്.
വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ് പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ “യാവന” എന്നാണ് പറയുക.വിഷു ഫലം സൂര്യൻ മേട രാശിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ അടിസ്ഥാനമാക്കി വിഷുഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതൽ നില നിന്നിരുന്നു.
വിഷുക്കണി : മേടമാസം ഒന്നാം തീയതി പുലർച്ചെയുള്ള ആദ്യ കാഴ്ചയെ കണികാണൽ എന്നു പറയുന്നു.ഈ കാഴ്ചയായിരിക്കും ആ വർഷത്തെ മുഴുവൻ ഐശ്വര്യങ്ങളെയും സ്വാധീനിക്കുക എന്ന വിശ്വാസം ഉണ്ട്.അതിനാൽ മനോഹരവും സുന്ദരവുമായ കണി ഒരുക്കി വെക്കുന്നു, ഇതിനു വിഷുക്കണി എന്നു പറയുന്നു. വീട്ടിലെ മുതിർന്ന ആൾ തലേദിവസം രാത്രി തന്നെ കണിഒരുക്കി വെക്കും. ഇതിനെ കണിക്ക് മുതിർത്ത് വെക്കുക എന്ന് വടക്കൻ മലബാറിൽ പ്രയോഗമുണ്ട്. കണികാണേണ്ട സമയമാകുമ്പോൾ വീട്ടമ്മ വീട്ടിലെ എല്ലാവരേയും കണികാണാൻ വിളിച്ചുണർത്തുന്നു. കണ്ണുമടച്ച് ചെന്ന് കണ്ണ് തുറക്കുമ്പോൾ കാണുന്നത് കാർഷിക സമൃദ്ധിയുടെ കാഴ്ചയാണ്. ഗൃഹനാഥൻ ആശിർവദിച്ച് അരി നൽകും. കണി കണ്ടുകഴിഞ്ഞാൽ കുടുംബാംഗങ്ങൾ സൂര്യനെ അരിയെറിഞ്ഞ് വന്ദിക്കുന്നു. പിന്നെ ഭൂമി തൊട്ട് നമസ്കരിക്കുന്നു,ശേഷം ഗൃഹ നാഥന്റെ വക കൈനീട്ടവും പലഹാരവും നൽകുന്നു. പശുക്കളെയും കണി കാണിക്കും. തൊഴുത്തിൽ വിളക്കും ചക്ക മടലുമായി അവയെ കണികാണിച്ച് ഭക്ഷണം നൽകുന്നു.വിഷു ദിനത്തിൽ കണികണ്ടുകഴിഞ്ഞാൽ കണ്ടത്തിൽ കൈവിത്തിടൽ ഒരു പ്രധാന ചടങ്ങാണ് ചിലയിടങ്ങളിൽ. ചക്ക, കുലമാങ്ങ, നാളികേരം, അരി, കോവക്ക, പഞ്ച ധാന്യങ്ങൾ, വെള്ളരിക്ക തുടങ്ങിയ കാർഷിക വിളകളും കൊന്നപ്പൂവ്, സ്വർണ്ണം ,നാണയം, വെള്ളമുണ്ട് തുടങ്ങിയവയും നിലവിളക്കും ഉൾപ്പെടുന്നു. വിഷു ദിനത്തിൽ മുതിർന്നവർ കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകാറുണ്ട്.
കടപ്പാട് – വിക്കിപീഡിയ. ഫോട്ടോ – റസാഖ് അത്താണി.