വിവരണം – അരുൺ വിനയ്.
ആകെക്കൂടി ജീവിതം വഴിതെറ്റി കിടന്നത് കൊണ്ടാവണം എവിടേക്ക് പോകാന്‍ ഇറങ്ങിയാലും ലക്ഷ്യത്തില്‍ എത്തുന്നതിനും മുന്നേ ഇങ്ങനെ എവിടെയെങ്കിലുമൊക്കെ വഴിതെറ്റി എത്തുന്നത്. പൈതൃകം ഉറങ്ങുന്ന കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് നിറഞ്ഞ തിരുവനന്തപുരത്തിന്‍റെ ചരിത്രം പൂര്‍ണ്ണമാകണമെങ്കില്‍ ക്ഷേത്രങ്ങളുടെ പങ്ക് പറയാതെ വയ്യ. തിരുവല്ലം ഭാര്‍ഗ്ഗവ സ്വാമി ക്ഷേത്രത്തില്‍ തുടങ്ങി ഏകദേശം ആയിരക്കണക്കിനു ക്ഷേത്രങ്ങളുടെ ചുമതല വഹിക്കുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മറന്നു പോകുന്ന ചില ലാഭക്കണക്കുകളില്‍ പെടാത്ത,സാധാരണക്കാര്‍ക്ക് പോലും അറിയാത്ത ക്ഷേത്രങ്ങള്‍ കൂടി ഉണ്ട്.
പത്താം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ക്ഷേത്രം ഇന്നിപ്പോള്‍ കാട് കയറി നഷ്ടപെടുന്നു എന്ന് പറയുമ്പോള്‍ ഒരു പക്ഷെ വലിയൊരു കാര്യമായി പലര്‍ക്കും തോന്നിയെന്ന് വരില്ല . എന്നാല്‍ സാമ്പത്തിക ലാഭത്തിനും അപ്പുറം പഴമയുടെ പ്രൌഡി ഉറങ്ങുന്ന കല്‍മണ്ടപങ്ങള്‍ നിറഞ്ഞ വിഴിഞ്ഞം ആയ്ക്കുടി ക്ഷേത്രത്തിലേക്കുള്ള വഴി വിഴിഞ്ഞം നിവാസികളില്‍ പലര്‍ക്കും പോലും അന്യമാണ്. ഇതുവരെ കേട്ടിട്ടുള്ള പേരുകളിലൊന്നും നമ്മള്‍ കേള്‍ക്കാന്‍ തീരെ സാധ്യത ഇല്ലാത്ത ഒരിടം. നമ്മുടെ ടൂറിസ്റ്റ് മാപ്പിന്‍റെ ഏഴയലത്ത് പോലും ഇല്ലാത്ത ഒരു പുരാതന ക്ഷേത്രം.
കറങ്ങിത്തിരിഞ്ഞ് വിഴിഞ്ഞം ഹാര്‍ബറിന്‍റെ അടുത്തെത്തിയപ്പോള്‍ അവിടെക്കണ്ട മീന്‍കാരി ചേച്ചിമാരുടെ അടക്കം പറച്ചിലിനിടയ്ക്കാണ് ആയ്ക്കുടി ക്ഷേത്രത്തിന്‍റെ കഥ ആദ്യമായി കേള്‍ക്കുന്നത്. കയ്യിലെ ക്യാമറ കണ്ടപ്പോള്‍ അവര്‍ക്കും ആവേശമായി. വഴിയും പറഞ്ഞു തന്നു കൂടെ നിന്നൊരു സെല്ഫി എടുത്തപ്പോ ലവര്‍ ഹാപ്പി. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപെട്ട വിഴിഞ്ഞം ഗുഹ ക്ഷേത്രത്തെക്കുറിച്ച് ഏകദേശം ഒരു ഐഡിയ നമുക്കൊക്കെ കാണും. ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിന്‍റെ കയ്യിലായത് കൊണ്ടാവണം ഗുഹാക്ഷേത്രം സംരക്ഷിത പ്രദേശമായി സൂക്ഷിക്കുന്നത്.
എന്നാല്‍ പത്താം നൂറ്റാണ്ടുകള്‍ക്കും അപ്പുറം നമ്മുടെ ചരിത്രത്തില്‍ പറയപ്പെടുന്ന ആയ് രാജവംശത്തിന്‍റെ ബാക്കിപത്രമായ ഒരു പഴയ ക്ഷേത്രം വിഴിഞ്ഞത്തായി ഉള്ളത് പലര്‍ക്കും അറിയില്ല. ദക്ഷിണ കേരളത്തിന്‍റെ ഏറ്റവും പഴക്കം ചെന്ന രാജവംശമാണ് ആയ് രാജവംശം. സംഘകൃതികളായ അകനാനന്നൂറിലും പുറനാന്നൂറിലും പറയുന്നത് അനുസരിച്ച് ഇന്നത്തെ തിരുവല്ലയില്‍ തുടങ്ങി തെക്കന്‍ പ്രദേശങ്ങളും കോയമ്പത്തൂരിന്‍റെ തെക്കന്‍ ഭാഗവും തിരുനെല്‍വേലിയുടെ ചില ഇടങ്ങളും സഹ്യപര്‍വതനിരകളും ആയ് രാജവംശത്തിന്റെ കീഴില്‍ ആയിരുന്നത്രെ.
ആയ് ആണ്ടിരനെന്ന രാജാവിനാല്‍ സ്ഥാപിതമായി കേരളത്തിന്റെ അശോകന്‍ എന്ന് ചരിത്രത്തിന്‍റെ ഏടുകളില്‍ പറയപ്പെടുന്ന വിക്രമാധിത്യ വരഗുണനില്‍ അവസാനിച്ച ആയ് രാജവംശത്തിന്‍റെ ആദ്യകാല തലസ്ഥാനം അഗസ്ത്യമലയിലെ പൊതിയൻമലയിലെ ആയ്ക്കുടി ആയിരുന്നു. കുറെ അന്വേഷിച്ചു ചെന്നപ്പോള്‍ ആയ് രാജവംശത്തിന്റെ പരദേവത മഹാവിഷ്ണു ആയിരുന്നെന്നും ക്ഷേത്രത്തിലെ കാവല്‍ദൈവങ്ങളായി പരമശിവനും പാര്‍വതിയും മഹാകാളിയും പുതിയ തലസ്ഥാനമായ വിജയപുരി എന്നാ വിഴിഞ്ഞത്തെ സംരക്ഷിച്ചു എന്നുമാണ് കേട്ടറിഞ്ഞത്.
എന്നാലും ശെരിക്കും ഞെട്ടിച്ചത് യുദ്ധ സമയങ്ങളില്‍ വലിയ ചടങ്ങുകളോടെ മൃഗബലിയും ആയുധപൂജകളും ഇവിടെ നടത്തിപ്പോന്നിരുന്നു എന്നതാണ്. ക്ഷേത്രത്തിന്റെ ഭാഗമായി നിരവധി വേദപഠന ശാലകളും സര്‍വകലാശാലയും ഉണ്ടായിരുന്നതായും കോട്ടയാല്‍ ഇവിടം സംരക്ഷിതമായിരുന്നതയും ചരിത്രം പറയുന്നുണ്ടെങ്കിലും ഇന്ന് കോട്ടയുടെ അവശിഷ്ടങ്ങള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കില്ല. ഏറ്റവുമൊടുവില്‍ കോട്ടയുടെ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്തെയാണ് കോട്ടപ്പുറം എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നതയും ഇടയ്ക്കെവിടെയോ വായിച്ചിരുന്നു.
പ്രാചീന സര്‍വകലാശാലയായ കാന്തള്ളൂർ ശാല ആയ് രാജാവായിരുന്ന “കരുനന്തടക്കൻ” എന്നാ രാജവിനാല്‍ സ്ഥാപിക്കപെടുകയും ചോള രാജവംശത്തിന്‍റെയും പാണ്ട്യരാജവംശത്തിന്റെയും സ്ഥിരം യുദ്ധങ്ങള്‍ക്കു വിധേയമായപ്പോള്‍ കാന്തള്ളൂർ ശാല നശിക്കപെടുകയും ചെയ്യുകയായിരുന്നു. എന്നാലിന്നു പൂര്‍ണ്ണമായും കാടുപിടിച്ചും ആല്‍മരത്തിന്റെ വേരുകള്‍ക്കുള്ളില്‍ ചക്രശ്വാസം വലിക്കുന്ന ഈ ചരിത്ര ക്ഷേത്രം ഏകദേശം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ചുറ്റിലുമായുള്ള സ്ഥലങ്ങള്‍ പലരും കയ്യേറി വീടുകളും കടകളും നിര്‍മ്മിച്ചപ്പോള്‍ അന്നട്ടുകര്‍ക്ക് പോലും അറിയാതെ പോകുന്നത് മഹത്തായ ഒരു സംസ്കാരത്തിന്റെ രാജവംശത്തിന്‍റെ ബാക്കിപത്രമാണ്.
സാമുഹികവിരുദ്ധരുടെയും പ്രദേശവാസികളുടെയും ഉപയോഗത്താല്‍ ഇല്ലാതെയകുന്നത് പ്രാചീന ഭാരത സംസ്കാരത്തിന്‍റെ തന്നെ നാഴികക്കല്ലുകളിലൊന്നായ ഒരു വലിയ സര്‍വകലാശാലയുടെയും രാജവംശത്തിന്‍റെയും തിരുശേഷിപ്പുകളാണ്. ഉള്ളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച്കൊണ്ട് പൂട്ടിയിട്ടിരിക്കുന്ന പുറത്തെ ഗേറ്റില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്നുള്ള എഴുത്തിനും അപ്പുറം ഒരു വിധത്തിലുള്ള പഠനങ്ങള്‍ക്കും വിധേയമാകാതെ നശിക്കപെടുകയാണ് ഇവിടം. മനസ്സിലാക്കിയിടത്തോളം ശ്രീ പദ്മനാഭ സ്വാമീ ക്ഷേത്രത്തെക്കള്‍ പഴക്കമുള്ള ഇവിടം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഒരുപക്ഷെ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുക്കുകയാണെങ്കില്‍ നിരവധി പഠനങ്ങളുടെ ഭാഗമാകേണ്ട മണ്ണാണ് ആയ്ക്കുടി ക്ഷേത്രവും പരിസരവും.