വിവരണം – അഖിൽ ആനന്ദ് A, കവർ ചിത്രം – ആശിഷ് മാത്യു.
ജോലി സംബന്ധമായി നാളെ രാവിലെ തന്നെ കുമിളിയിൽ എത്താൻ ഒരു ഫോൺ വരുന്നു അതും വൈകിട്ട് ആറുമണിക്ക്. കാറിനു പോകണോ അതോ ബൈക്ക് എടുക്കണമോ എന്ന ചിന്തിച്ചു നിൽക്കുമ്പോൾ അമ്മയും ഭാര്യയും ബസ്സിൽ പോയാൽ മതിയെന്നായി. അങ്ങനെ ഫോൺ എടുത്തു Mufeek Moosa യെ വിളിച്ചു. അവൻ ഫോൺ എടുത്തില്ല.
അടുത്ത വിളി Haris Km ഇക്കയെ ആക്കി. ഇക്ക ഫോൺ എടുത്തു. ചോദ്യം മുഴുവൻ ആയില്ല മറുപടി വന്നു രാവിലെ 7.50 ന് വൈറ്റില നിന്ന് രാവിലെ 7.50ന് Holy kings ഉണ്ടെന്നും, പിറവം പാലാ ഈരാറ്റുപേട്ട വാഗമൺ ഏലപ്പാറ വഴി ആണ് പോകുന്നതെന്നും, ഏറ്റവും സമയം കുറവുള്ള (5മണിക്കൂർ) റൂട്ടാണെന്നും, എല്ലാം തിരിച്ചു വരുമ്പോൾ കമ്പം തേനി മധുര വഴി തിരിച്ചു പോരാനും നിർദ്ദേശം.
രാവിലെ 6.10 നുള്ള ആറ്റുപറമ്പത്ത് പോയാൽ Holykings ട്രാക് പിടിക്കുന്നതിന് മുൻപേ എത്താമെന്നും ഇക്കയുടെ ഇക്ക പറഞ്ഞു. ഇക്കയുടെ ഫോൺ കട്ട് ചെയ്തപ്പോൾ തന്നെ മുഫി തിരിച്ചു വിളിച്ചു ഇക്ക പറഞ്ഞത് അതുപോലെ തന്നെ. അങ്ങനെ രാവിലെ 6.00 മണിക്ക് തന്നെ വീട്ടിൽ നിന്നിറങ്ങി കീഴ്ത്തളി ബസ്റ്റോപ്പിൽ എത്തി. സ്റ്റോപ്പിൽ എത്തിയപ്പോൾ തന്നെ അതാ വരുന്നു വൈറ്റില ബോർഡ് വച്ചു ഒരു ആനവണ്ടി. അതിൽ കയറാൻ കാലുവച്ചപ്പോൾ മനസ്സിന്റെ പിൻവിളി ആറ്റുപറമ്പത്തിൽ പോയാൽ മതിയെന്ന്. അങ്ങനെ മനസ്സ് പറഞ്ഞത് അനുസരിക്കാൻ തീരുമാനിച്ചു.
6.15 ആയപ്പോൾ തന്നെ അതാ വരുന്നു ആറ്റു വിന്റെ സ്വന്തം വേദിക. കണ്ടക്ടർ ഡ്യൂട്ടിയിൽ നിസാർ. ബാക്ക് ലോങ്ങ് സീറ്റിൽ ഒരു സീറ്റ് മാത്രം ഒഴിഞ്ഞു കിടക്കുന്നു. എന്നാലും ഇരുന്നില്ല നിസാറുമായി സംസാരിച്ചു അങ്ങനെ യാത്ര തുടർന്നു. ഏകദേശം 7.16 ആയപ്പോൾ വണ്ടി വൈറ്റില എത്തി. അതിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ടു മുന്നിൽ അതാ കിടക്കുന്നു നമ്മുടെ കഥാനായകൻ “HOLYKINGS.” വണ്ടിയുടെ മുന്നിൽ കണ്ടക്ടർ റോണിയും Abhijith Prakash നിൽക്കുന്നു. അവരോട് വണ്ടിയുടെ സമയം ചോദിച്ചു. ഇപ്പോൾ മുതൽ പെട്ടിപ്പുറം പിടിക്കാമെന്നും, പാലാ കഴിയുമ്പോൾ പെട്ടിയിൽ ഇരുന്നുകൊള്ളാൻ റോണി പറഞ്ഞു.
അങ്ങനെ 7.40 ആയപ്പോൾ വണ്ടി ട്രാക്കിൽ ഇടാൻ സാരഥി ശ്രീജിത്ത് എത്തി. ട്രാക്കിൽ ഇട്ടു. കൃത്യം 7.50 നു വണ്ടി എടുത്തു. തൃപ്പൂണിത്തുറ ആയപ്പോഴേക്കും സ്റ്റാന്റിംഗ് ആളായി. കൂടുതലും വിദ്യാർഥികൾ ആയിരുന്നു. ഞാൻ പതുക്കെ ഉറക്കത്തിലേക്ക് പോയി.
ഉറക്കത്തിൽ നിന്ന് കണ്ണുതുറക്കുമ്പോൾ ഒൻപത് മണിയായിക്കാണും. വണ്ടി പിറവം സ്റ്റാൻഡിൽ നിന്ന് പുറത്തിറങ്ങുന്നു. വണ്ടിയിൽ കാലുകുത്താൻ പറ്റാത്തത്ര തിരക്കും. എല്ലാം വിദ്യാർഥികൾ ആണെന്ന് മാത്രം. ഉഴവൂർ എത്തുന്നതിനു മുൻപേ ഒരു ജംഗ്ഷനിൽ എല്ലാ കുട്ടികളും ഇറങ്ങി. പിന്നെ സീറ്റിൽ മാത്രം ആളുകൾ ഉണ്ടായിരുന്നുള്ളു.
9.45 നു പാലായിൽ എത്തി. 10.20 നു ഈരാറ്റുപേട്ടയിലും എത്തി. തീക്കോയി എന്ന സ്ഥലം ആയപ്പോഴേക്കും വണ്ടിയിൽ ആളുകൾ കുറഞ്ഞു. ഞാൻ പോയി പെട്ടിപ്പുറം പിടിക്കുകയും ചെയ്തു. അങ്ങിനെ നമ്മുടെ ഹോളികിങ്‌സ് പതുക്കെ വാഗമൺ ലക്ഷ്യമാക്കി ചുരം കയറി തുടങ്ങി.
ചുരത്തിലെ വളവുകളും കയറ്റങ്ങളും ഒരു പുഷ്പത്തിൽ കാറ്റുതഴുകുന്ന ലാഘവത്തിൽ 6ചക്ര രഥത്തെ സാരഥി ശ്രീജിത്ത് അനായാസം മുന്നേറി. ഏകദേശം 11.15 നു വാഗമൺ എത്തി. അവിടെ നിന്ന് അടുത്ത മെയിൻ ടൌൺ ആയ ഏലപ്പാറയും കടന്നു.
പല വീഡിയോകളിലും ഫോട്ടോകളിലും കണ്ടിട്ടുള്ള ചെങ്കര പാലത്തിൽ കൂടി ഉള്ള ഇവന്റെ യാത്രയെ ഉള്ളിൽ നിന്ന് വീഡിയോ പിടിക്കുക എന്നതാണ് എന്റെ പെട്ടിപ്പുറയാത്രയുടെ ഉദ്ദേശം. വണ്ടി ചെങ്കര എത്താറായി എന്ന് അഭിജിത് പറഞ്ഞപ്പോൾ തന്നെ ക്യാമറ വീഡിയോ അൾട്രാ വൈഡ് ആംഗിൾ മോഡിൽ ആക്കി വച്ചു. അങ്ങനെ ആ നിമിഷം എത്തി. കഷ്ട്ടിച്ചു ഒരു ബസ്സിന്റെ വീതിയുള്ള ചെങ്കര പാലത്തിൽ കൂടിയുള്ള HOLYKINGS ന്റെ യാത്ര വിഡിയോ പിടിച്ചു സംതൃപ്തനായി ഞാനും.
അങ്ങനെ വണ്ടി കൃത്യം 1.05 നു കുമിളി സ്റ്റാന്റിലേക് എത്തി. വണ്ടിയിൽ നിന്നിറങ്ങി അഭിയോടും റോണിയോടും ശ്രീജിത്തിനോടും യാത്ര പറഞ്ഞു ഞാൻ എന്റെ കുമിളി യാത്രയുടെ ലക്ഷ്യത്തിലേക്ക് നടന്നു.
കൊണ്ടോടി ഓട്ടോക്രാഫ്റ്സ് ലെയ്ലാൻഡ് വൈക്കിങ് ഷാസിയിൽ നിർമിച്ച ഒരു ബോഡികോഡ് വണ്ടിയിൽ ആദ്യമായാണ് ഞാൻ യാത്ര ചെയ്യുന്നത്. പണ്ടത്തെ കൊണ്ടോടി സീറ്റ് അപേക്ഷിച്ചു കാലുകൾക്ക് സപ്പോർട്ട് ഉള്ള, നല്ല ഹെഡ് റെസ്റ്റുള്ള സീറ്റുകൾ. കുലുക്കം ഇല്ലാത്ത നല്ല സസ്പെൻഷൻ ഉള്ള അനാവശ്യ ശബ്ദങ്ങൾ ഇല്ലാത്ത സുഖകരമായ യാത്ര നൽകുന്ന ഒരു വണ്ടി ആയിട്ടാണ് എനിക്ക് തോന്നിയത്. അനന്തരാജിലും വൈഷ്ണോദേവിയിലും ഒക്കെ യാത്ര ചെയ്യുന്ന ഒരു യാത്ര സുഖം ഉണ്ടായിരുന്നു.
ഏറ്റവും കൂടുതൽ പറയേണ്ടത് ജീവനക്കാരുടെ പെരുമാറ്റം ആയിരുന്നു. എല്ലാവരോടും സൗമ്യമായ പെരുമാറ്റം. വിദ്യാർഥികൾ എല്ലാവരും ഇറങ്ങുന്നത് വരെ 5-6 മിനിറ്റ് വണ്ടി നിർത്തി കൊടുത്തതും, വാഗമൺ വച്ചു പാർസൽ വന്ന സാധനങ്ങൾ ഇറക്കാൻ ധൃതി പിടിക്കാതെ, പ്രായമായവർ ഇറങ്ങാൻ വൈകുമ്പോൾ വഴക്ക് പറയാതെ അങ്ങനെ ഒരുപാട് കണ്ടു. എല്ലാത്തിലും ഉപരി ശ്രീജിത്ത് എന്ന സാരഥിയുടെ കിടു ഡ്രൈവിങ്. ഇതുപോലെ ഡ്രൈവിംഗ് ഒരു കല പോലെ തോന്നിയ അപൂർവം ഡ്രൈവർമാരിൽ ഒരാൾ എന്നാണ് ഈ 5 മണിക്കൂർ നീണ്ട യാത്രയിൽ എന്റെ അനുഭവം..
അറബിക്കടലിന്റെ മടിത്തട്ടിൽ നിന്ന്, പൂർണത്രയീശന്റെ തട്ടകത്തിലൂടെ, ജേക്കബ് സാറിന്റെ പിറവം വഴി, പാലായുടെ മാണിക്യം മാണിസാറിന്റെ നാട്ടിലൂടെ, ബാർബർ ബാലന്റെ ഈരാറ്റുപേട്ട വഴി, വാഗമൺ എന്ന കേരളത്തിന്റെ കശ്മീർ കടന്ന്, പെരിയാറിന്റെ മടിത്തട്ടിലേക്ക് ഒരു യാത്ര.
എറണാകുളത്തുനിന്ന് ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് കുമിളി എത്തുന്ന HOLYKINGS KL 17 T 2484. ഒരിക്കലും മറക്കാനാകാത്ത യാത്ര സമ്മാനിച്ച HOLYKINGS നും ജീവനക്കാർക്കും ഒരായിരം നന്ദി.
1 comment
Thanks Akhil mentioning our beauty vaishnodevi