വിവരണം – Gokul Vattackattu‎.

വാഗമണ്ണിലേക്ക് ഒരു യാത്ര..വരത്തൻ സിനിമ ഈ അടുത്ത് കണ്ടപ്പോൾ ആണ് ഞങ്ങൾ 2017 ഒക്ടോബറിൽ വാഗമണ്ണിലേക്ക് പോയ ഓർമ്മകൾ മനസ്സിലേക്ക് വീണ്ടും ഓടിയെത്തിയത്. കല്യാണം കഴിഞ്ഞ് മൂന്നാറിലേക്ക് ഒരു ചെറിയ യാത്ര ചെയ്തിരുന്നെങ്കിലും ഒരു മധുവിധു യാത്രയായി ഒന്നും കണക്കാക്കാൻ കഴിയില്ലായിരുന്നു. അങ്ങനെ എന്റെ 100 CC ബൈക്കിൽ തിരുവല്ലയിൽ നിന്ന് വാഗമണിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്തു.

രാവിലെ തന്നെ വീട്ടിൽ നിന്ന് പുറപ്പെടാൻ ഉദ്ദേശിച്ചിരുന്നെങ്കിലും, ഉച്ചയോടെയേ യാത്ര തുടങ്ങാൻ സാധിച്ചുള്ളൂ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ റൂട്ട് പിടിച്ചു. തിരുവല്ല, ചങ്ങനാശേരി, ഭരണങ്ങാനം, ഈരാറ്റുപേട്ട വഴി വാഗമൺ. അതായിരുന്നു പ്ലാൻ. ഹൈറേഞ്ച് മേഖലയിലൂടെ ബൈക്ക് ഓടിച്ച് വല്യ പരിചയമില്ല. എന്നെയൊഴിച്ച് ലോകത്തുള്ള സകലതും പേടിയുള്ള നല്ലപാതി ഒപ്പം. 40 കിലോമീറ്റർ മുകളിൽ ഓടിക്കാൻ സമ്മതിക്കൂല!

അങ്ങനെ ഞങ്ങൾ കെട്ടിയോനും കെട്ടിയോളും കൂടി എന്റെ ബജാജ് ഡിസ്കവർ ബൈക്കിൽ ഉച്ചയോടെ യാത്ര തുടങ്ങി. ഈരാറ്റുപേട്ട കഴിഞ്ഞാൽ പിന്നെ ഉള്ള ഹൈറേഞ്ച് യാത്രയുടെ ഹരം പറഞ്ഞു അറിയിക്കാൻ ആവില്ല. വഴിയിൽ നല്ല കാഴ്ചകൾ.. ഇടക്ക് വണ്ടി നിർത്തി അതൊക്കെ ആസ്വദിച്ചു.

ബുള്ളറ്റിൽ ചുരം കേറുന്നവരെ കണ്ട് ഒരു നാൾ നമ്മളും വാങ്ങും ഒരു ബുള്ളറ്റ് എന്ന് പെണ്ണുംപിള്ളയോട് ആഗ്രഹം പറഞ്ഞു. വാഗമണ്ണിൽ ഒരു റിസോർട്ടിൽ റൂം ബുക്ക് ചെയ്തിരുന്നു. വൈകിട്ട് 5.30/6.00 മണിയോട് കൂടി വാഗമൺ ടൗണിൽ എത്തിച്ചേർന്നു.. ഗൂഗിൾ ആശാൻ പറഞ്ഞത് അനുസരിച്ചു വീണ്ടും ദൂരമുണ്ട് ബുക്ക് ചെയ്ത റൂമിൽ എത്താൻ..

ആ സമയത്ത് തന്നെ നല്ല പോലെ ഇരുൾ വീണു.. ഒപ്പം കണ്ണ് കാണാൻ പോലും കഴിയാത്ത പോലെ കോടമഞ്ഞും. ഒന്നു കൈ തെറ്റിയാൽ തൊട്ടപ്പുറത്ത് ആഴമുള്ള കൊക്കയാണ്. ബൈക്കിന്റെ ചെറിയ വെളിച്ചത്തിൽ കോടവീണ വഴി അത്രയ്ക്ക് നിശ്ചയമില്ല. അന്ന് bike ഓടിച്ചത് ഓർക്കുമ്പോൾ ഇന്നും പേടി തോന്നും. വഴിയിൽ എങ്ങും ഒരു street light പോലും ഇല്ല. പേടിച്ചരണ്ട പെണ്ണുമ്പിള്ളയും… കൂടാത്തതിന് പിറകിൽ ഇരുന്നു എന്നെയും പേടിപ്പിച്ചു.

റിസോർട്ടിലേക്കുള്ള വഴിയും കുത്തനെ കയറ്റമായിരുന്നു, ഹെയർപിൻ വളവുകളും. ഒരു വിധേന എത്തിച്ചേർന്നു. റിസോർട്ടിലെ നല്ല ജീവനക്കാർ.. മനോഹരമായ സ്ഥലം.. തേയിലത്തോട്ടങ്ങൾ…. അതിനു നടുവിൽ ഒരു വില്ല… അത് മുഴുവനായി ഞങ്ങൾക്ക്. അത്താഴം കഴിക്കാനായി ചെന്നപ്പോൾ നല്ല ഉഗ്രൻ ഫുഡും കിട്ടി. നേരത്തെ ഓർഡർ ചെയ്ത പൊറോട്ടയും ബീഫും റെഡി.

പിറ്റേ ദിവസം മഞ്ഞു നിറഞ്ഞ ഒരു പ്രഭാതത്തിലേക്കാണ് ഞങ്ങൾ കൺ തുറന്നത്. തേയിലത്തോട്ടമാകെ കോടവീണ് സ്വർഗ്ഗസമാനമായ പ്രകൃതി. ദൈനം ദിന തിരക്കിൽ നിന്നൊക്കെ ഒഴിഞ്ഞ് സ്വസ്ഥമായി ചിലവഴിക്കാനൊരിടം. അവിടെ ചുറ്റിക്കാണേണ്ട സ്ഥലം ഒക്കെ ഒരു കടലാസിൽ വരച്ചു അവിടത്തെ മാനേജർ തന്നു. അവിടുത്തെ ജീവനക്കാരുടെ പെരുമാറ്റം അതിഥി ദേവോ ഭവ: എന്ന ചൊല്ലിനെ അന്വർഥമാക്കുന്നു.

അന്ന് വാഗമൺ മൊട്ടകുന്നുകളും…പാലൊഴുകും പാറ വെള്ളച്ചാട്ടവും… പൈൻ മരത്തോട്ടവും ഒക്കെ പോയി കണ്ടു. ഒരു രാത്രി കൂടി അവിടെ തങ്ങി. പിറ്റേന്ന് തിരികെ വീട്ടിലേക്ക് പുറപ്പെട്ടു. കയറിപ്പോയ വഴി തിരിച്ചിറങ്ങിയപ്പോളാണ് ആ വഴിയുടെ ഭീകരമായ മനോഹാരിത മനസ്സിലായത്. തിരികെ വരും വഴി ഒന്ന് രണ്ടു വെള്ളച്ചാട്ടങ്ങളും കണ്ടു. ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു ആ യാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.