വിവരണം – ആതിര ജി. മേനോൻ.
സദാചാര വാദികളായ സഹോദരി സഹോദരന്മാരും പ്രായപൂർത്തിയാകാത്തവരും തുടർന്നു വായിക്കേണ്ടതില്ലെന്നും, മുന്നറിയിപ്പു ലംഘിച്ചുള്ള നടപടിയിൽ ഉടലെടുക്കുന്ന ആസ്വാരസ്യത്തിനു ഈയുള്ളവൾ ഉത്തരവാദി അല്ലെന്നും ആദ്യമേ പറഞ്ഞുകൊള്ളട്ടെ….
അമർ അക്ബർ അന്തോണി കണ്ട് പട്ടായ പോവാൻ കൊതിച്ച ഒരുപറ്റം മലയാളികളിൽ ഒരാളാണ് ഞാനും. അതുകൊണ്ടുതന്നെ ആദ്യത്തെ വിദേശയാത്ര അങ്ങോട്ടാക്കാമെന്ന് കരുതി. “പട്ടായക്കോ…? “, “ശരിക്കും അങ്ങോട്ടാണോ പോണത്?” ഇത്യാദി ചോദ്യങ്ങൾ ഉയർന്നുവെങ്കിലും ഞങ്ങൾ പറന്നു. ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഒരു കുഞ്ഞു രാജ്യമാണ് തായ്‌ലൻഡ്.
സെക്സ് ടൂറിസത്തിന് പേരുകേട്ട ചുരുക്കം ചില രാജ്യങ്ങളിലൊന്നാണിത്. ഇത്തരമൊരു വിശേഷണം ഉള്ളതുകൊണ്ടുതന്നെ കുടുംബ സമേതം തായ്‌ലണ്ടിലേക്ക് പോവാൻ ശങ്ക പ്രകടിപ്പിക്കുന്നവരാണ് ഭൂരിഭാഗം പേരും. തായ്‌ലൻഡിലെ പ്രധാന ആകർഷണങ്ങൾ പാട്ടായ, ബാങ്കോഗ്, ക്രാബി എന്നിവിടങ്ങളിലാണ്. സഞ്ചാരികളുടെ പറുദീസയാണ് പാട്ടായ. അവിടത്തെ ഉറക്കമില്ലാത്ത സുന്ദരിയാണ് വാക്കിങ് സ്ട്രീറ്റ് (Walking street). വൈകീട്ട് 7 മണിയോടുകൂടി ഗതാഗതം ദിശതിരിച്ച് വിടുന്നു. പിറ്റേന്ന് പുലർച്ചെ 3 മണി വരെ വാക്കിങ് സ്ട്രീറ്റ് കാൽനടക്കാർക്ക് സ്വന്തമാവുന്നു.
വര്ണശബളവും ശബ്ദമുഖരിതവുമായ നടപ്പാതയിലൂടെ കാഴ്ചകൾ ആസ്വദിച്ചു നടന്നു നീങ്ങാം. റോഡിൽ തലകുത്തി നൃത്തം ചെയ്യുന്ന യുവാക്കളും, അൽപ വസ്ത്രധാരികളായ തരുണീമണികളും, തിങ്ങി നിറഞ്ഞ പുരുഷാരവിന്ദവും കാണേണ്ട കാഴ്ച തന്നെയാണ്. പകുതി വേവിച്ചതും വറുത്തതും, പൊരിച്ചതുമായ ഭക്ഷണത്തിന്റെ ഗന്ധം മൂക്കിലേക്കടിച്ചുകയറി. തായ്‌ലൻഡ് കാരുടെ ഭക്ഷണ രീതി രസകരമാണ്. പച്ചക്കകറികളും മാംസവും കോലിൽ കോർത്തു വെച്ചിരിക്കും. നമുക്ക് വേണ്ട കോലുകൾ തിരഞ്ഞെടുത്ത് അവർ തയ്യാറാക്കിയ ലായനികളിൽ സ്വന്തമായി വേവിച്ച്, ഇരുന്നോ നടന്നോ ഇഷ്ടപ്രകാരം അകത്താക്കാം.
നൈരന്തര്യ ജീവിത വ്യഥകളിൽ നിന്നും സ്വതന്ത്രരായി, അടിച്ചു പൊളിക്കാൻ വരുന്നവരാണിവിടെ. ആടി തിമർക്കാൻ നിരവധി നിശാ ക്ലബ്ബുകളും ബാറുകളും ഉണ്ട്. ഒരു പബ്ബിൽ കയറുക എന്ന എന്റെ ചിരകാലാഭിലാഷം അവിടെ പൂവണിഞ്ഞു. ദേശസ്നേഹം നിലനിർത്തി ഞങ്ങൾ ഒരു ഇന്ത്യൻ പബ്ബിലേക്ക് കയറി. കയറി ചെന്നപ്പോഴേ തുടച്ചാൽ പോവാത്ത മഷികൊണ്ട് ഒരു ഹിന്ദിക്കാരൻ കയ്യിൽ ചാപ്പ കുത്തി. തെല്ലു സഭാകമ്പത്തോടെ ഉള്ളിലെത്തി. ഒരു ഫാസ്റ്റ് നമ്പർ ഹിന്ദി പാട്ടിനു അലക്ഷ്യമായി ചുവടുകൾ വെക്കുന്നവർ. സ്ത്രീകളും പുരുഷന്മാരും എല്ലാം അക്കൂട്ടത്തിലുണ്ട്. പലരുടെയും കയ്യിൽ ബിയർ ഗ്ലാസ്സുണ്ട്.
അവിടവിടങ്ങളിൽ സുന്ദരികൾ ഇരുപ്പുറപ്പിച്ചിരുന്നു. ചക്കരയെ ഈച്ച പൊതിയും പോലെ വികാര നിർഭരരായ യുവ കോമളന്മാർ അവരോട് വില പേശിക്കൊണ്ടിരുന്നു . പറഞ്ഞ വിലയിൽ അണുകിട കുറയില്ലെന്ന തലക്കനത്തോടെ രാജ്ഞി കണക്ക് അവരിരുന്നു. ഭൂമിയിലല്ലാത്തൊരു ലോകത്തെത്തിപ്പെട്ട കൗതകത്തോടെ ഞാൻ ഇതെല്ലാം നോക്കി നിന്നു. അന്തം വിടൽ മാറിയപ്പോൾ ഞങ്ങളും ഡാൻസ് കളിച്ചു. വിജ്രംഭിച്ച സ്റ്റെപ്പുകൾ കണ്ട് പരസ്പരം നോക്കി ചിരിച്ച്, മതിയാവും വരെ. ആരും അറിയുന്നവരില്ല എന്നു തോന്നുമ്പോൾ കിട്ടുന്ന കോൺഫിഡൻസ്…. അത് വേറെ ലെവൽ ആണ്… എക്കാലത്തെയും അഭിലാഷം നിറവേറ്റിയതിന്റെ ചാരിതാർഥ്യത്തിൽ അവിടെ നിന്നും ഇറങ്ങി.
ചാടിക്കളി കഴിഞ്ഞ് വിശപ്പിന്റെ വിളി എത്തിയപ്പോൾ വഴിയരികിലെ കടയിൽ നിന്നും ഷവർമ വാങ്ങി. അതിമനോഹരമായി ഒരു സായിപ്പ് ഷവർമ മുറിച്ചെടുത്ത് പൊതിഞ്ഞു തന്നു. ഞങ്ങൾ നടത്തം തുടർന്നു. 500 മീറ്ററോളം നീളമുള്ള നടപ്പാതയാണത്.
എന്നെ ഏറ്റവും കൂടുതൽ അമ്പരപ്പിച്ചത് ‘Live sex show ‘ എന്ന ബോർഡ് ആണ്. വരൂ വരൂ എന്നു പറഞ്ഞു ആൾക്കാരെ ആനയിക്കാൻ ഒരു സുമുഖനും നിന്നിരുന്നു. കയ്യിലെ ലാമിനേറ്റ് ചെയ്ത കടലാസ് കാണിച്ച് ഇതിൽ ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാം എന്നു മുറിയൻ ഇംഗ്ലീഷിൽ അയാൾ പറഞ്ഞൊപ്പിച്ചു. ഒരു നിമിഷം അയാളുടെ മുഖത്തേക്ക് നോക്കാൻ തന്നെ എനിക്ക് ജാള്യത തോന്നി. എന്താണവിടെ നടക്കുന്നതെന്നറിയാൻ കൗതുകം കൂടിയെങ്കിലും, ഉപബോധ മനസിലെ കുലീന കുമാരി ആ തൃഷ്ണയെ കൊന്നു തള്ളി. വീട്ടിൽ എത്തിയതിനു ശേഷം ഒന്നു കയറാമായിരുന്നു എന്ന് ഇതേ കുലീന സ്ത്രീ കുണ്ഠിതപ്പെടുകയും ചെയ്തു.
പാട്ടായ തെരുവുകൾ ഫാഷൻ ഷോ റാംപ് പോലെ തോന്നും. റോഡിനിരുവശവും പുരുഷന്മാരെ മാടി വിളിക്കുന്ന ലൈംഗിക തെഴിലാളികൾ. തായ് സുന്ദരികളുടെ ചന്തം ഒന്നു വേറെ തന്നെയാണ്. പൊതുവെ പൊക്കം കുറഞ്ഞ, വെളുത്ത് മെലിഞ്ഞ മഹിളകൾ നൃത്തം ചെയ്തും വിവിധ ചേഷ്ടകൾ കാണിച്ചും ആണുങ്ങളെ വശീകരിച്ചു കൊണ്ടേ ഇരിക്കുന്നു.
വഴിയിലെല്ലാം ഡാൻസ് ബാറുകളുണ്ട്. ഓരോ ടേബിളിന്റെയും മധ്യത്തിൽ നാട്ടിയിരിക്കുന്ന സ്റ്റീൽ തൂണുകളിൽ യുവതികൾ നൃത്തം വെക്കുന്നു. ഇവിടത്തെ മസ്സാജ് പാർലറുകളും പ്രസിദ്ധമാണ്. വഴിയിൽ നിന്നു തന്നെ സുതാര്യമായ ചില്ലിലൂടെ മസാജ് ചെയ്യുന്നത് കാണാം. വിവിധ നിരക്കുകളുണ്ട് ഇവക്ക്. 150 ബാത്ത് മുതൽ തുടങ്ങുന്നു.
വാക്കിങ് സ്ട്രീറ്റ് ഒരു വേറിട്ട ലോകമാണ്. കുടുംബമായും അവിടെ പോകാം. ഒന്നോ രണ്ടോ പെഗ് അടിക്കാം. പുതിയ ഭക്ഷണങ്ങൾ പരീക്ഷിക്കാം. മതിയാവോളം കാഴ്ചകൾ കാണാം. ആഘോഷങ്ങളുടെ ലോകമാണത്. അതെ, വാക്കിങ് സ്ട്രീറ്റ് ആരെയും നിരാശപ്പെടുത്തുകയില്ല.