എഴുത്ത് – ആൽബിൻ മഞ്ഞളിൽ, പാലക്കാട്.

WAP 4 – ഒരുപക്ഷേ നമ്മളെല്ലാവരും ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള ലോക്കോ ഇതായിരിക്കും. ഏറ്റവും വിജയകരമായ പാസഞ്ചര്‍ ലോക്കോമോട്ടീവ്. എണ്ണത്തില്‍ ഏറ്റവും അധികമുള്ള പാസഞ്ചര്‍ ലോക്കോമോട്ടീവും ഇതാണ്. എഴുനൂറ്റി അന്‍പതിന് മുകളില്‍ വരും ഈ ഇലക്ട്രിക് ലോക്കോകളുടെ മൊത്തം അംഗസംഘ്യ.

1993 ഡിസംബറില്‍ വെസ്റ്റ് ബംഗാളിലെ ചിത്തരഞ്ജന്‍ ലോക്കോമോട്ടിവ് വര്‍ക്ക്സിലാണ് WAP 4 ൻ്റെ ജനനം. 2015 ഡിസംബറില്‍ അവസാനത്തെ WAP 4 ഉം ഇറങ്ങി. അതായത് ഇപ്പോള്‍ പ്രൊഡക്ഷന്‍ ഇല്ലെന്ന് സാരം. മുകളിലെ 25 കിലോവോള്‍ട്ട് AC (ആള്‍ട്ടര്‍നേറ്റിവ് കറണ്ട്) ഓവര്‍ഹെഡ് ഇലക്ട്രിക് ലൈനില്‍ നിന്നും ലോക്കോയ്ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ട് പാന്‍റോഗ്രാഫുകള്‍ (ഒരു സമയം ഒരെണ്ണം) വഴി വൈദ്യുതി എടുത്താണ് അകത്തെ ട്രാക്ഷന്‍ മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

രണ്ടു ക്യാബിനുകള്‍ ഉള്ള ഇവയ്ക്ക് ആദ്യകാലങ്ങളില്‍ ബോഡിയുടെ മധ്യഭാഗത്തായിരുന്നു ഹെഡ്ലാംപുകള്‍ (Mid mount) ട്രാക്കിലേക്കുള്ള കാഴ്ച കുറവാണെന്ന കാരണത്താല്‍ പിന്നീട് ഇതൊക്കെ റൂഫില്‍ മധ്യഭാഗത്തേക്ക് മാറ്റി പണിയുകയായിരുന്നു. ചില ലോക്കോകളില്‍ വിന്‍ഡ്ഷീല്‍ഡ് വാഷറും, റിയര്‍വ്യൂ മിററുകളും, പുതിയ (അവസാനം ഇറങ്ങിയ) യൂണിറ്റുകളില്‍ ഡിജിറ്റല്‍ ഡിസ്പ്ലേ മീറ്ററുകളും മറ്റും ഫിറ്റ് ചെയ്തിട്ടുണ്ട്. മുന്നേ ഇറങ്ങിയ WAP 1, WAP 3, WAP 6 എന്നീ ലോക്കോകള്‍ മോഡിഫിക്കേഷന്‍ വരുത്തി WAP 4 ആയി കസ്റ്റമൈസ് ചെയ്തെടുത്ത ചരിത്രവും റെയില്‍വേയ്ക്കുണ്ട്.

112 ടണ്‍ ഭാരവും 5350 ഹോഴ്സ്പവറും ഉള്ള ഇവര്‍ക്ക് 140kmph വരെ വേഗം കൈവരിക്കാനാവും. അതായത് 24 കോച്ചുകളുള്ള എക്സ്പ്രസ്സ് ട്രെയിനുകള്‍ ഒക്കെ പുല്ലുപോലെ ഇവര്‍ വലിച്ചോണ്ട് പോവും. ആദ്യം ഇറങ്ങിയ WAP 4 ഉകളേക്കാള്‍ അവസാനം ഇറങ്ങിയ ബാച്ചുകളലിലുള്ളവ ടെക്നിക്കലി കുറച്ചുകൂടി അഡ്വാന്‍സ്ഡ് ആയിരുന്നു. ഇവയ്ക്ക് മൈക്രോപ്രൊസ്സസര്‍ ഫിറ്റഡ് ഡയഗ്നോസര്‍, സ്റ്റാറ്റിക് കണ്‍വേര്‍ട്ടര്‍ യൂണിറ്റ്, റൂഫ് മൗണ്ടഡ് ഡൈനാമിക് ബ്രേക് റെസിസ്റ്റര്‍ എന്നിവയുണ്ടായിരുന്നു.

സില്‍വര്‍ നിറത്തിലുള്ള റൂഫും ചുവന്ന ബോഡിയില്‍ മഞ്ഞ ബാന്‍ഡും വരുന്നതാണ് ഇവരുടെ പെയിന്‍റ് ലിവറി. പല വര്‍ക്ഷോപുകള്‍ മെയിന്‍റനന്‍സ് സമയത്ത് റീപെയിന്‍റ് ചെയ്യുമ്പോള്‍ ഈ ചുവപ്പ്, ക്രിംസണ്‍ റെഡ്, ബ്രിക് റെഡ്, ഡാര്‍ക്ക് ഓറഞ്ച്, മെറൂണ്‍, റെഡ്ഡിഷ് ബ്രൗണ്‍ എന്നിങ്ങനെ മാറിമറിഞ്ഞ് ഇരിക്കും നിറം. എന്നാലും ബേസിക്കലി ഇവര്‍ ചുവപ്പന്മാരാണ്.

ഇരുപതോളും ഷെഡ്ഡുകള്‍ക്കാണ് നിലവില്‍ WAP 4 അലോട്ട് ചെയ്ത് കൊടുത്തിരിക്കുന്നത്. കേരളത്തില്‍ ഇലക്ട്രിക് ലോക്കോ ഷെഡ് ഇല്ലാത്തതിനാല്‍ നമുക്ക് സ്വന്തമായി ഇല്ല. നമ്മുടെ ഏറ്റവും അടുത്ത് കിടക്കുന്ന WAP 4 ഷെഡ്ഡുകള്‍ തമിഴ്നാട്ടിലെ ഈറോഡ്, അരക്കോണം എന്നിവയാണ്. അതുകൊണ്ടുതന്നെ ഇവിടെ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന WAP 4 കള്‍ അവരുടേതാണ്.

പണ്ടൊക്കെ പ്രീമിയം വണ്ടികളായ രാജ്ധാനി, ശതാബ്ദി എന്നിവ സ്ഥിരമായ് വലിച്ചുകൊണ്ടിരുന്നത് WAP 4 കള്‍ ആയിരുന്നു. പിന്നീട് കൂടുതല്‍ പവറുള്ള WAP 5, WAP 7 എന്നിവയൊക്കെ ഇറങ്ങിയപ്പോള്‍ ആ ഡ്യൂട്ടിയൊക്കെ അധികവും അവര്‍ക്ക് പോയി. എന്നാലും ഇപ്പോഴും ഇടയ്ക്ക് WAP 4 ഒക്കെ രാജധാനിയുടെ കൂടെ കാണാം. മെയില്‍, എക്സ്പ്രസ്സ്, സൂപ്പര്‍ഫാസ്റ്റ്, പാസഞ്ചര്‍ ഒക്കെയായിട്ടാണ് ഇവരുടെ സ്ഥിരം ഡ്യൂട്ടികള്‍ അധികവും. Abbreviation : W – Wide/Broad gauge, A – AC Electric traction, P – Passenger class, 4 – Fourth model used.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.