എഴുത്ത് – സുബി കാസർഗോഡ്.
“ഇനിയൊരു യുദ്ധമുണ്ടെങ്കിൽ അത് ജലത്തിനുവേണ്ടിയായിരിക്കും.” “കൂട്ടുകാരെ ജലം അമൂല്യമാണ് അത് പാഴാക്കല്ലേ..” പോസ്റ്റർ രചന മത്സരത്തിൽ പലപ്പോഴും ഞാൻ ഉപയോഗിച്ചിട്ടുള്ള വാചകങ്ങൾ. അമ്മ വീടിനു മുന്നിലെ പഞ്ചായത്തുവക പൈപ്പിൻ ചോട്ടിലെ സ്ത്രീജനങ്ങളുടെ തമ്മിലടി കണ്ട് മടുത്ത പാവം പാവാടക്കാരിയുടെ മനസ്സിൽ യുദ്ധമല്ലാതെ വേറൊന്നും വരില്ലല്ലോ.
വെള്ളമില്ലാത്ത ഒരവസ്ഥ വെറുതെയെങ്കിലും ഒന്നാലോചിച്ചു നോക്കു. തണ്ണീർതടങ്ങൾ, പാടങ്ങൾ, ചതുപ്പുനിലങ്ങൾ, കുളങ്ങൾ, എല്ലാമെല്ലാം അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റത്തോടെ അമ്മയായ ഭൂമി നമ്മിൽ നിന്നും പലതും മറച്ചു വെക്കാൻ തുടങ്ങി എന്നത് വാസ്തവം. എന്നാൽ പ്രകൃതി എന്ന മഹാ മാന്ത്രിക നമുക്ക് മുൻപിൽ പല അത്ഭുതങ്ങളും കാണിച്ചു തരാറുമുണ്ട്.
കണ്ണൂർ ജില്ലയിലെ മാലൂർ പഞ്ചായത്തിലെ കൂവക്കര നാട്ടിലെ ചന്ദ്രേട്ടന്റെ വീട്ടിലെ അത്ഭുതപ്രവാഹത്തെ പറ്റിയാണ് ഞാൻ പറഞ്ഞു വരുന്നത്. അതി കഠിന വേനലിലെ വരൾച്ചയിൽ കുടിവെള്ളമില്ലാത്ത അവസ്ഥ വന്നപ്പോഴാണ് കുഴക്കിണർ കുഴിച്ചാലോ എന്ന ആശയം ചന്ദ്രേട്ടനിൽ ഉണ്ടായത്. അങ്ങനെ 2016 ഏപ്രിൽ 29ന് വീട്ടു മുറ്റത്ത് കുഴൽ കിണർ കുഴിക്കാൻ തുടങ്ങി. ഏകദേശം 130 അടി കുഴിച്ചപ്പോൾ തന്നെ ശക്തമായി ജലം പുറത്തേക്കു പ്രവഹിക്കാൻ തുടങ്ങിയത്രേ. 42 അടിയോളം കുഴിച്ചു മതിയാക്കേണ്ടി വന്നു.
അരുവിയായോ, പുഴയായോ, ഭൂമിക്കടിയിലൂടെ ഒഴുകുന്ന സമയത്ത്, കുഴൽ കിണർ കുഴിച്ചപ്പോഴുണ്ടായ ദ്വാരത്തിലൂടെ വെള്ളം ശക്തമായി പ്രവഹിച്ചതാവാം എന്ന് കരുതപ്പെടുന്നു. ഇവിടെ തടസം ജലത്തിനുണ്ടായ സ്വതന്ത്ര്യ പ്രക്രിയ മൂലം ഉരുൾപൊട്ടൽ സാധ്യത വരെ ഇല്ലാതാക്കാൻ കഴിയുമത്രേ. സമീപത്തുള്ള 200 ഓളം കുടുംബങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്തെടുക്കുന്നുണ്ട്. ഫാക്ടറിയും, സ്കൂളും, പോലീസ് സ്റ്റേഷനും വരെ ഇതിലുൾപ്പെടുന്നു.
കാഴ്ചകൾ കണ്ട്, കാര്യങ്ങൾ ചോദിച്ചു മടങ്ങുമ്പോൾ ചന്ദ്രേട്ടൻ വീണ്ടുമൊർമ്മിപ്പിച്ചു “ഇനിയൊരിക്കൽ കൂടെ വരൂ” എന്ന്. അതെ, ഓരോ ഉറവയും ദൈവങ്ങളായി മാറും. ജലമാണ് ജീവന്റെ ആവശ്യം.