എഴുത്ത് – പ്രകാശ് നായർ മേലില.
ലോകോത്തര ടൂറിസ വികസനം ലക്ഷ്യമിട്ട് നീതി ആയോഗ് 15000 കോടി രൂപ ചിലവിൽ മാലിദ്വീപ് മോഡൽ വാട്ടർ വില്ലകൾ ലക്ഷദ്വീപ്, ആൻഡമാൻ കടലുകളിൽ നിർമ്മിക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു.
ഇവിടങ്ങളിൽ പുതിയ എയർപോർട്ടുകൾ, ഹെലിപ്പാഡുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കുന്നതോടൊപ്പം കടലിൽനിർമ്മിക്കുന്ന വില്ലകളിലേക്ക് സീ പ്ലെയിൻ സർവീസുകളും ഹെലികോപറ്റർ സർവീസും നടപ്പിലാക്കുകയും ചെയ്യും.നീന്തൽ പരിശീലനത്തിനുള്ള ജെട്ടികളും തയ്യാറാക്കപ്പെടും. ഈ പ്രോജെക്ടിനുള്ള ടെണ്ടർ ഇപ്പോൾ പുറപ്പെടുവിച്ചുകഴിഞ്ഞു.
ലക്ഷദ്വീപിലെ മിനിക്കോയ്, സുഹേലി, കടമത്ത് ദ്വീപുകളിൽ മൊത്തം 125 വില്ലകളാണ് നിർമ്മിക്കുക. ആൻഡമാനിലെ ലോംഗ്, എവിസ്, സ്മിത്ത്, ഷഹീദ് ദ്വീപുകളിൽ 460 വില്ലകളാണ് കടലിൽ നിർമ്മിക്കുക.
അടുത്ത വർഷം ഏപ്രിലിൽ പ്രൊജക്റ്റുകളുടെ ജോലി ആരംഭിക്കുകയും വർഷാവസാനത്തോടെ അവ പൂർത്തിയാക്കുകയും ഡിസംബർ മുതൽ വില്ലകൾ സന്ദർശകർക്കായി ലഭ്യമാക്കുകയും ചെയ്യാനാണ് പദ്ധതിയിടുന്നത്. പരിസ്ഥിതി സംബന്ധമായ എല്ലാ അനുമതികളും ഇതിനായി നീതി ആയോഗ് നേടിയിട്ടുണ്ട്.
ഇന്ത്യയിൽ അന്തരാഷ്ട്രനിലവാരത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കുക എന്നതാണ് ഈ പ്രോജെക്റ്റുകൾകൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ലക്ഷദ്വീപ്, ആൻഡമാൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സഞ്ചാരികൾ ധാരാളമായി എത്തിച്ചേരുന്നുണ്ട്. ഇത്തരത്തിൽ മനോഹരങ്ങളായ വാട്ടർ വില്ലകൾ കൂടി വരുന്നതോടെ ടൂറിസം രംഗം ഒന്നുകൂടി ഉഷാറാകും എന്നുറപ്പാണ്. എന്തായാലും പദ്ധതി ഉടൻ തന്നെ യാഥാർഥ്യമാകുമെന്നു പ്രതീക്ഷിക്കാം.