വിവരണം – ദീപ ഗംഗേഷ്.

കാടുകൾ എന്നും ഒരു വികാരമാണ്. ആദ്യകാല യാത്രകൾ മിക്കതും കാടിനെ അറിയാനായിരുന്നു. പ്രകൃതിയുടെ സംഗീതം കേട്ട് അവളോട് ചേർന്ന് നടക്കാൻ. അതൊരു ലഹരി തന്നെയാണ്. കാട്ടിൽ പോകുമ്പോൾ ഭൂമിയുടെ അവകാശികളോട് കാണിക്കേണ്ട അത്യാവശ്യം ചില മര്യാദകളും ഉണ്ട്. ഇത് അറിഞ്ഞോ അറിയാതെയോ ലംഘിച്ച കുറച്ചുപേർ കാരണം മുത്തങ്ങ വനത്തിൽവച്ച് ഉണ്ടായ ഒരു ഭീകരമായ അനുഭവം ആണ് ഇന്നത്തെ ഓർമ്മകുറിപ്പുകൾ.

വയനാടൻ യാത്രയുടെ രണ്ടാം ദിവസം രാവിലെ 7 മണി ആയപ്പോഴേക്കും മുത്തങ്ങ വന്യജീവി കേന്ദ്രത്തിലെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ ഒരു ഗ്രാമമാണ് മുത്തങ്ങ. മറ്റൊന്ന് തോൽപ്പെട്ടിയും. കർണ്ണാടകത്തിലെ ബന്ദിപ്പൂർ തമിഴ്നാട് മുതുമല കടുവ സങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നാണ് കിടക്കുന്നത്. സുൽത്താൻ ബത്തേരി – മൈസൂർ റോഡിലാണ് മുത്തങ്ങയുടെ സ്ഥാനം. കനത്ത സസ്യസമൂഹവും വൈവിധ്യമാർന്ന ജന്തുജാലങ്ങളും ഈ വന്യജീവി സങ്കേതത്തിൻ്റെ ഭാഗമാണ്. ആനകൾക്ക് പ്രസിദ്ധമാണ് മുത്തങ്ങ വനമേഖല.

സഞ്ചാരികളെ കാത്ത് ജീപ്പുകൾ പ്രവേശന കവാടത്തിന് മുന്നിൽ നിരന്ന് കിടന്നിരുന്നു. കാടിനുള്ളിലൂടെ 10 കി.മി ജീപ്പ് സഫാരിക്ക് അനുമതിയുണ്ട്. രാവിലെആദ്യത്തെ ജീപ്പുകളിൽ പോകുന്നവർക്കാണ് കൂടുതൽ മൃഗങ്ങളെ കാണാൻ കഴിയുക എന്ന് അറിയാവുന്നതുകൊണ്ട് നേരത്തേ ടിക്കറ്റ് കൗണ്ടറിൽ സ്ഥാനം പിടിച്ചു.

ഞങ്ങൾക്ക് തൊട്ടടുത്ത്നിന്ന ഗ്രൂപ്പിലെ ആളുകളെ ശ്രദ്ധിച്ചപ്പോൾ ആദ്യം ചിരിയാണ് വന്നത്. വനയാത്രയ്ക്ക് യാതൊരു തരത്തിലും ചേരാത്ത ചുവപ്പ് പോലുള്ള നിറങ്ങളുള്ള വസ്ത്രങ്ങൾ അണിഞ്ഞ്. അതിരാവിലെതന്നെ കൂളിംഗ് ഗ്ലാസും തൊപ്പിയും വച്ച്. ക്യാമറ കഴുത്തിൽ തൂക്കി. കൂടെ നാഴിയും ചിരട്ടയും പോലെ മൂന്നു നാല് വികൃതി കുട്ടികളും. ഇവരെ കണ്ടപ്പോഴേ ഉള്ളിലെന്തോ പന്തികേട് തോന്നി തുടങ്ങിയിരുന്നു.

ജീപ്പുകൾ ഓരോന്നായി ഉള്ളിലേക്ക് കടന്നു തുടങ്ങി. ഗൈഡ് എന്തുകൊണ്ടോ ലഭ്യമായില്ല. തോൽപ്പെട്ടിയിലെ വനയാത്രയിൽ കൂടെ ഗൈഡും ഉണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ അല്പം പേടിക്കാരിയായ ഏടത്തിയെ മുൻസീറ്റിൽ ജീപ്പ് ഡ്രൈവറുടെയും ചേട്ടൻ്റെയും നടവിലിരുത്തി. ഞങ്ങളുടെ ഫാമലിയും കുട്ടികളും ജീപ്പിൻ്റെ പിൻവശത്തെ സീറ്റുകളിലുമായി ജീപ്പ് നീങ്ങി തുടങ്ങി. കാടിനെ ശരിക്കും കാണാൻ പിൻവശത്ത് അറ്റത്തായി ഞാനും സ്ഥാനം പിടിച്ചിരുന്നു.

സംസാര പ്രിയനായ ജീപ്പ് ഡ്രൈവർ ഗൈഡിൻ്റെ കുറവ് അറിയിച്ചതേയില്ല. സ്ഥിരപരിചയം കൊണ്ടാവാം വനത്തെക്കുറിച്ചും ഓരോ മൃഗങ്ങളെ സാധാരണ കാണുന്ന സ്ഥലത്തെക്കുറിച്ചും അയാൾക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. മുത്തങ്ങ സമരം നടന്ന കാലത്ത് ആദിവാസികൾ കാട്ടിൽ കുടിൽ കെട്ടി സമരംചെയ്ത സ്ഥലമെല്ലാം ഗൈഡ് കാണിച്ചു തന്നു. മലയണ്ണനാണ് ആദ്യം ഞങ്ങളെ വരവേറ്റ കക്ഷി. കവാടത്തിനടുത്തുള്ള മരത്തിൽ തലകീഴായി കിടന്ന് മൂപ്പർ എന്തോ ആസ്വദിച്ച് കഴിക്കുകയാണ്. ഞങ്ങളെ കണ്ട ഭാവം ഇല്ല. കുറച്ചു കൂടി നീങ്ങിയപ്പോൾ മാൻകൂട്ടങ്ങളാണ് കണ്ടത്. വനയാത്രയിൽ സാധാരണ കാണുന്ന കാഴ്ച ആയതിനാൽ അതിന് വലിയ പ്രാധാന്യം തോന്നിയില്ല. ജീപ്പ് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

തീരെ പ്രതീക്ഷിക്കാതെ ഒരു ആന വേഗത്തിൽ റോഡ് ക്രോസ് ചെയ്ത് കടന്നു. തിരിഞ്ഞു നോക്കാതെ അവനും കാട്ടിൽ മറഞ്ഞു. തോൽപ്പെട്ടിയിൽ വച്ച് ഒരു കാട്ടുപോത്തായിരുന്നു ഇതുപോലെ റോഡ് മുറിച്ച് ചാടിക്കടന്നത്. ജീപ്പ് ഇടിക്കാഞ്ഞത് ഭാഗ്യം. മുത്തങ്ങയിലെ കടുവകളെ പറ്റിയും പല തരത്തിലുള്ള പക്ഷികളെ പറ്റിയും ഡ്രൈവർ വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു. യാത്രയിൽ പേരറിയാത്ത പല പക്ഷികളെയും അദ്ദേഹം കാണിച്ചു തന്നു.

കുറെ മുന്നോട്ട് നീങ്ങിയപ്പോൾ കുറച്ചു ദൂരെയായി മരങ്ങൾക്കിടയിൽ ഒരു ഒറ്റ കൊമ്പനാന. പേടി കൊണ്ട് ചെറിയ വിറയൽവന്നു എന്ന് പറയാതെ വയ്യ. പക്ഷെ വലിയൊരു മരച്ചില്ല ഒടിച്ചിട്ട് ആരേയും നോക്കാതെ ചെവിയാട്ടികൊണ്ട് മലയണ്ണാനെ പോലെ മൂപ്പരും ആസ്വദിച്ച് പ്രഭാത ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു. ചെവിയാട്ടി നിൽക്കുന്ന ആനകൾ പ്രശ്നക്കാരല്ലത്രെ. ആ സമയത്ത് കിട്ടിയ അറിവ്. ജീപ്പ് അടുത്തുകൂടെ സ്ലോ മോഷനിൽ കടന്നിട്ടും മൂപ്പർ അതൊന്നും അറിഞ്ഞ ഭാവം കാട്ടിയില്ല.

പിന്നെയും കുറച്ചു ദൂരം മുന്നോട്ട് പോയി. ഞങ്ങളുടെ ജീപ്പിൻ്റെ മുന്നിൽ ചോപ്പകുപ്പായം അണിഞ്ഞ ഫ്രീക്കൻ ഗ്രൂപ്പിൻ്റെ ജീപ്പാണ് സഞ്ചരിച്ചിരുന്നത്. ഒരോ മൃഗങ്ങളെയും കാണുമ്പോൾ ആ ജീപ്പിൽ നിന്ന് വലിയ ബഹളമായിരുന്നു. കാട്ടിൽ ശബ്ദമുണ്ടാക്കരുതെന്ന് അവർക്കറിയില്ല എന്നു തോന്നുന്നു. പെട്ടന്ന് ആജീപ്പ് വഴിയിൽ നിൽക്കുന്നത് കണ്ടു. പിന്നാലെ വന്ന ഞങ്ങളുടെ ജീപ്പും പിന്നിൽ നിർത്തേണ്ടി വന്നു.

നോക്കുമ്പോൾ തൊട്ടടുത്തായി ഒരാനയും കുട്ടിയും നിന്ന് ഇലകൾ തിന്നുന്നുണ്ട്. നല്ല ഓമനത്തമുള്ള ഒരു കുഞ്ഞാന. കുട്ടികൾ കൂടെയുള്ള ആനകൾ അപകടകാരികൾ ആയിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഞങ്ങൾ നോക്കുമ്പോൾ ജീപ്പിലെ കുട്ടികൾ സന്തോഷം കൊണ്ട് ഉറക്കെ ഒച്ചയെടുക്കുന്നുണ്ട്. കല്യാണത്തിൻ്റെ താലികെട്ട് സമയത്ത് ഫോട്ടോഗ്രാഫർമാർ ഒന്നിച്ച് ഫോട്ടൊകൾ എടുക്കുമ്പോൾ ഫ്ലാഷ് മിന്നുന്ന പോലെ ജീപ്പിൽനിന്നും ക്യാമറകളുടെ ഫ്ലാഷ് ലൈറ്റുകൾ തുരുതുരെ മിന്നുന്നു.

അലർച്ചയും ബഹളവും ലൈറ്റുമൊക്കെ കണ്ട് പേടിച്ച് പാവം കുട്ടിയാന ഒരു ശബ്ദമുണ്ടാക്കി അമ്മയുടെ അടുത്തേക്ക് ഓടി. തൻ്റെ കുട്ടിയെ ആക്രമിക്കാൻ വരികയാണ് എന്നുകരുതി അമ്മയാന ശക്തമായി ഉറക്കെ ചിന്നം വിളിച്ചു കൊണ്ട് ഒരു മരച്ചില്ല ഒടിച്ചെടുത്ത് ജീപ്പിനു നേരേ പാഞ്ഞ് വരികയാണ്. ഫോട്ടോ എടുത്തവർ പറപറന്നു. പിന്നിൽ ഞങ്ങളുടെ വണ്ടിയാണ്. “വണ്ടിയെടുക്കൂ…” ഞങ്ങൾ അലറി.

ഞാൻ നോക്കുമ്പോൾ എട്ടത്തി ഡ്രൈവർ സീറ്റിൽ എത്തിയിട്ടുണ്ട്. പാവം ഡ്രൈവർ സ്റ്റിയറിംഗിൽ തൂങ്ങി പുറത്ത് കിടക്കാണ്. ആനയുടെ വരവ് കണ്ട് മുന്നിലുള്ളവർ പേടിച്ച് ഉള്ളിലേക്ക് നീങ്ങിയപ്പോൾ ഡ്രൈവർ പുറത്ത്. “നീങ്ങു…” ഡ്രൈവറുടെ വിലാപസ്വരം. ചേട്ടൻ ചേച്ചിയെ വലിച്ച്നീക്കി. ഡ്രൈവർ സീറ്റിലെത്തി വണ്ടി എടുത്തപ്പോഴേക്കും ഞങ്ങൾ ഇരിക്കുന്ന ബാക്ക് ഭാഗത്ത് ആന ശക്തമായി മരച്ചില്ല കൊണ്ട് അടിച്ചു കഴിഞ്ഞു. ജീപ്പ് നീങ്ങിയതിനാൽ അടിയുടെ ശക്തി കാര്യമായില്ല. അറ്റത്തിരുന്ന എൻ്റെ ശരീരത്തിൽ ഇലകൾ കൊണ്ടു എന്നു മാത്രം. ഒരുഅമ്പത് മീറ്ററോളം ആന ജീപ്പിൻ്റെ പുറകെ ഓടി വന്നു. പിന്നെ കുട്ടിയെ ഓർത്തിട്ടോ എന്തോ തിരിച്ചു നടന്നു.

ഒരാൾക്കും ശബ്ദിക്കാൻ പറ്റുന്നില്ല. കുട്ടികൾ എന്താ സംഭവിച്ചതെന്ന് മുഴുവൻ മനസ്സിലാവാതെ കണ്ണു മിഴിച്ച് ഇരിക്കുന്നു. ഓടുന്ന ജീപ്പിനു പിന്നാലെ മരച്ചില്ലയുമായി ഇപ്പോൾ എത്തി പിടിക്കും എന്ന നിലയിൽ ഓടി വരുന്ന ആന. ശരിക്കും ഒരു സിനിമ ക്ലൈമാക്സ് രംഗം പോലെ ആയിരുന്നു. ആനയോട് ഒന്നുംചെയ്യല്ലേ എന്ന് ഞാൻ അപ്പോൾ പറഞ്ഞുന്നൊക്കെ പിന്നീട് എന്നെ കളിയാക്കുമ്പോൾ മക്കൾ പറയാറുണ്ട്. പക്ഷെ ആ രംഗം ഓർക്കുമ്പോൾ ഇന്നും ഹൃദയമിടിപ്പ് കൂടാറുണ്ട്.

പിന്നീട് ഒന്നും കാണാനുള്ള മനോബലം ഉണ്ടായില്ല. എത്രയും പെട്ടന്ന് തിരിച്ചെത്തിയാൽ മതി എന്ന ചിന്തമാത്രം. കവാടത്തിനടുത്ത് ഞങ്ങൾ ഫ്രീക്കൻ ഗ്രൂപ്പിനെ തിരഞ്ഞു. ആട് കിടന്നിടത്ത് പൂടപോലും ഇല്ല എന്ന പോലെ അവർ സ്ഥലം കാലിയാക്കിയിരുന്നു.

അതിനു ശേഷം കാട്ടിലേക്ക് പോകുന്നവരോട് കൊടുക്കുന്ന ഒരു ഉപദേശമുണ്ട്. “കാടിനെ ഒരിക്കലും ടൂറിസ്റ്റ് സ്പോട്ടായി കാണരുത്. കാടിനു ചേരുന്ന വസ്ത്രങ്ങൾ ധരിക്കുക. മൃഗങ്ങളെ ശല്യപ്പെടുത്തരുത്. കാട്ടിൽ ഉറക്കെ ശബ്ദം ഉണ്ടാക്കാതിരിക്കുക. ഫോട്ടോ എടുക്കുമ്പോൾ ക്യാമറ ഫ്ലാഷ് ലൈറ്റ് ഓഫാക്കി വയ്ക്കുക. ഇല്ലെങ്കിൽ ഒരു പക്ഷെ നിങ്ങൾ ചെയ്യുന്നതിൻ്റെ ഫലം മറ്റൊരാളാവും അനുഭവിക്കുക. അനുഭവം ഗുരു…”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.