കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ് താമരശ്ശേരി ചുരം. ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ് എങ്കിലും വയനാട് ചുരം എന്നും ഇത് അറിയപെടുന്നു. . ഇതു ദേശീയപാത 212-ന്റെ ഭാഗമാണ്. പാതയ്ക്ക് ഇരുവശങ്ങളിലും ഉള്ള ഇടതൂർന്ന വനം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു. ജില്ലയിൽനിന്നും വയനാട് ജില്ലയിലേക്കും മൈസൂരിലേക്കുമുള്ള ഏകപാത.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ കഠിനമായ ഒമ്പത് ഹെയർപിൻ വളവുകളാണുള്ളത്. ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴെക്ക് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,625 അടി മുകളിൽ എത്തുന്നു. ഒമ്പതാമത്തെ ഹെയർപിൻ വളവിലെ വ്യൂ പോയന്റിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ മൊത്തത്തിലുള്ള ആകാശദൃശ്യം കാണാനാകും. അസ്തമയവും 55 കിലോമീറ്റർ അകലെയുള്ള കടൽപ്പരപ്പും അപൂർവ്വമായി കാണാം. മേഘങ്ങളും കോടമഞ്ഞും ചിലപ്പോൾ കാഴ്ചയെ മറക്കാറുണ്ട്. മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമുള്ള അന്തർസംസ്ഥാന പാതയായും ചുരം അറിയപ്പെടുന്നു.
ചരിത്രം : ബ്രിട്ടീഷുകാരാണ് താമരശ്ശേരി ചുരം പാത നിർമ്മിച്ചത്. ബ്രിട്ടീഷ് എഞ്ചിനീയർക്ക് ഈ വഴി കാണിച്ച് കൊടുത്തത് തദ്ദേശീയരായ ആദിവാസികളായിരുന്നു. വഴി കാണിച്ചു കൊടുത്ത കരിന്തണ്ടൻ എന്ന ആദിവാസിയെ ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ് എഞ്ചിനീയർ കൊന്നു കളഞ്ഞു എന്നു പറയപ്പെടുന്നു. വയനാട്ടിലെ ആദിവാസി പണിയർ വിഭാഗത്തിലെ ഒരു കാരണവരായിരുന്നു കരിന്തണ്ടൻ. 1750 മുതൽ 1799 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം ജീവിച്ചിരുന്നതായി കരുതുന്നു കോഴിക്കോട്-വയനാട് പാതയിലുള്ള താമരശ്ശേരി ചുരത്തിന്റെ പിതാവായാണ് കരിന്തണ്ടനെ ആദിവാസികൾ കാണുന്നത്. എഴുതപ്പെട്ട രേഖകളൊന്നും ലഭ്യമല്ല. ആദിവാസികൾക്കിടയിലുള്ള വായ്മൊഴിക്കഥകളിലൂടെ തലമുറകളായി പകർന്ന അറിവ് മാത്രമാണ് നിലവിലുള്ളത്.
കോഴിക്കോട്ടു നിന്നും ചുരം വഴി വയനാടിലേക്കും അതുവഴി മൈസൂരിലേക്കും കടക്കുന്നതിന് ഒരു പാത നിർമ്മിക്കുന്നതിന് ബ്രിട്ടീഷുകാർ ശ്രമിക്കുന്ന കാലം. പല മാർഗ്ഗങ്ങളും ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. വയനാടൻ കാടിനെയും ഭൂപ്രകൃതിയെയും നന്നായി അറിയാവുന്ന കരിന്തണ്ടന്റെ സഹായത്തോടെ ബ്രിട്ടീഷ് എഞ്ചിനീയർമാർ പുതിയ വഴി കണ്ടെത്തി എന്നാണ് പറയപ്പെടുന്നത്. ഒരു പ്രബല സാമ്രാജ്യത്തിന്, കേവലനായ ഒരു ആദിവാസിയുടെ സഹായം തേടേണ്ടി വന്നു എന്ന നാണക്കേട് മായ്ക്കാനും ഇനിയീ വഴി മറ്റാർക്കെങ്കിലും കാട്ടിക്കൊടുത്താലോ എന്ന ഭയം കൊണ്ടും കരിന്തണ്ടനെ ചതിച്ചുകൊന്നു എന്നാണ് ഐതിഹ്യം.
ചതിയാൽ മരണപ്പെട്ട കരിന്തണ്ടന്റെ ആത്മാവ് അലഞ്ഞു നടന്നു എന്നും ചുരം വഴി പോകുന്ന കാളവണ്ടികളും മറ്റു വാഹനങ്ങളും അപകടത്തിൽപ്പെട്ടുവെന്നും, ഒടുവിൽ പ്രശ്നവിധിയായി ഈ ആത്മാവിനെ ഇരുമ്പു ചങ്ങലയിൽ തളച്ചു എന്നും ആദിവാസികൾ വിശ്വസിക്കുന്നു. ഈ ആത്മാവിനെ ഇരുമ്പു ചങ്ങല ബന്ധിച്ച ചങ്ങലമരം ലക്കിടിയിൽ ഇപ്പോഴുണ്ട്. കൽപറ്റയിൽ നിന്നും 16 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 41 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 51 കിലോമീറ്ററുമാണ് ചങ്ങലമരത്തിലേക്കുള്ള ദൂരം.
ചരിത്രവും, കെട്ടുകഥകളും, കാനനഭംഗിയും ഒത്തിണങ്ങിയ വയനാടന്‍ ചുരം സഞ്ചാരികളെ വളരെയതികം കൊതിപ്പിക്കുന്ന പാതയാണ്. ഇടക്ക് കോടമഞ്ഞ് ഇറങ്ങിവന്ന് ഭൂമിയെ തഴുകുന്ന കാഴ്ച പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. മുകളില്‍നിന്നും താഴേക്കു നോക്കിയാല്‍ തീപ്പട്ടികൂടിന്‍റെ വലിപ്പത്തില്‍ വാഹനങ്ങളും, താഴെനിന്നു നോക്കിയാല്‍ ഇടതൂര്‍ന്ന മലനിരകളും, ഭൂമിയിലേക്ക് ഇറങ്ങിവരുന്ന കോടമഞ്ഞും, മതിവരാത്ത കാനന കാഴ്ച്ചകളും സഞ്ചാരികളുടെ കണ്ണുകള്‍ക്ക് ആനന്ദമാണ്. സമയം ചിലവഴിക്കാന്‍ കുട്ടികുരങ്ങന്മാര്‍ റെഡി. ഭക്ഷണം നല്‍കുകയാണെങ്കില്‍ ഫോട്ടോയ്ക്ക് പോസ് തരികയും ചെയ്യും. നല്ല തണുപ്പും, മതിവരാത്ത കാനന കാഴ്ച്ചകളും എന്നും സഞ്ചാരികള്‍ക്ക് ഒരു വിസ്മയമാണ് ഈ കാനന പാത…
ലോകത്തിലെ ഏറ്റവും വലിയ കുരിശിൻറെ വഴി താമരശേരി ചുരത്തിലാണ് നടക്കുന്നത്. വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലൂടെ നടൻ കുതിരവട്ടം പപ്പു താമരശ്ശേരി ചുരത്തെക്കുറിച്ച് പറയുന്ന ” താമരശ്ശേരി ചൊരം… അയ്.. മ്മഡെ താമരശ്ശേരി ചൊരന്നേയ് ” എന്ന ഡയലോഗ് വളരെ പ്രസിദ്ധമാണ്.
Photos – Nisar Kolakkadan, Suresh Ravi.
1 comment
“ജില്ലയിൽനിന്നും വയനാട് ജില്ലയിലേക്കും മൈസൂരിലേക്കുമുള്ള ഏകപാത.” അല്ല കുറ്റിയാടി ചുരം ഉണ്ട്..അതും കോഴിക്കോട് ആണ്