വിവരണം – Vasudha Vasudevan.

പ്രത്യേകിച്ചു പ്ലാനുകൾ ഒന്നും ഇല്ലാത്ത ഒരു വീക്കെൻഡ് മടിപിടിച്ചു ഉറങ്ങി തീർക്കാം എന്നു കരുതി ഇരുന്നപ്പോഴാണ് ഭർത്താവ് പതിവ് പോലെ സർപ്രൈസ് പ്ലാനും കൊണ്ട് വരുന്നത്.. തിരുവനന്തപുരം – കുറ്റാലം – തെങ്കാശി ടൂ വീലർ ട്രിപ്പ് !! ഈ ചൂടിൽ എങ്ങനെ അത്രേം ദൂരം അതും സ്‌കൂട്ടറിൽ എന്ന് ആദ്യം മനസ്സിൽ തോന്നിയെങ്കിലും യാത്ര ചെയ്യാനുള്ള പ്രാന്ത് കാരണം ഞാനും പറഞ്ഞു..ഡബിൾ ഓക്കെ! പക്ഷെ ദൈവം സഹായിച്ചു ഞങ്ങൾക്കൊപ്പം ഒരു സുഹൃത്തും കുടുംബവും ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് യാത്ര അവരുടെ കാറിൽ ആക്കി.. അങ്ങനെ വണ്ടിക്കൂലീം ലാഭം, വെയിലും കൊള്ളേണ്ട. അങ്ങിനെ ശനിയാഴ്ച കാലത്ത് ഞങ്ങൾ കഴക്കൂട്ടത്ത് നിന്നും പുറപ്പെട്ടു.

2 – 3 മണിക്കൂർ കൊണ്ട് തെങ്കാശി എത്തി..ഒരുപാട് കാലം ആയി കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് തെങ്കാശി. തെങ്കാശി എന്ന പേരു കേട്ടാലേ ചില തമിഴ് സിനിമകളിലെ ഗ്രാമീണ രംഗങ്ങൾ ആണ് ഓർമ്മ വരിക.. കൃഷിയാണ് തെങ്കാശിക്കരുടെ പ്രധാന ജീവിതമാർഗം എന്നു തോന്നുന്നു.. ഏക്കറുകണക്കിന് കൃഷിഭൂമിയാണ് പോകുന്ന വഴി കാണാൻ സാധിച്ചത്..പക്ഷെ വേനൽക്കാലം ആയതിനാൽ അവിടമെല്ലാം വറ്റി വരണ്ടു കിടക്കുകയായിരുന്നു. തെങ്കാശി യാത്ര പൂര്‍ത്തിയാകണമെങ്കില്‍ ഇവിടുത്തെ ഒരു മഴ നിര്‍ബന്ധമാണത്രേ. “മഴക്കാലത്തു ഒരിക്കൽ കൂടി വരണം” അപ്പോളേ തീരുമാനിച്ചു.

താമസിക്കാൻ ഉള്ള റൂം അവിടെ ഒരു ലോഡ്ജിൽ ബുക്ക് ചെയ്തിരുന്നു. ഉച്ച കഴിഞ്ഞപ്പോഴേക്കും അവിടെയെത്തി. അങ്ങനെ ഉച്ചഭക്ഷണത്തിന് ശേഷം നല്ല ഒരു ഉറക്കം. പിന്നീട് സന്ധ്യക്ക് കുളിച്ച് പുറത്തേക്കിറങ്ങി. കേട്ടു പരിചയം മാത്രമുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക്. കാശിയോ ? അതേ ഇവിടെ നമ്മുടെ അടുത്തും ഉണ്ട് ഒരു കാശി വിശ്വനാഥ ക്ഷേത്രം. തെങ്കാശി എന്നാൽ തെക്കൻ കാശി എന്നാണത്രേ അർത്ഥം. തെങ്കാശി പട്ടണത്തിന്റെ നടുക്ക് തന്നെയാണ് ഈ മനോഹരമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. റൂമിൽ നിന്നും 5 മിനിട്ടു കൊണ്ട് ക്ഷേത്രത്തിൽ എത്തി. മധുര മീനാക്ഷി ക്ഷേത്രം പോലെ, പദ്മനാഭസ്വാമി ക്ഷേത്രം പോലെ അതിമനോഹരമായ ഒരു ഗോപുരമാണ് ഈ ക്ഷേത്രത്തിനുമുള്ളത്. തമിഴ്നാട്ടിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ഗോപുരമാണിത്. 180ഓളം അടി പൊക്കമുള്ള ഗോപുരം കൊത്തുപണികളാൽ സമ്പന്നമാണ്.

പുറത്തു നിറയെ മുല്ലപ്പൂവും ചെമ്പകവും വിൽക്കുന്ന സ്ത്രീകൾ, തൊഴുതു വിശ്രമിക്കുന്നവർ, തൊഴാൻ വന്നവർ അങ്ങനെ ഒരുപാട് പേർ. ഞങ്ങൾ പതുക്കെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. അത്രയും നേരം നല്ല ചൂടായിരുന്നു എങ്കിൽ അമ്പലത്തിനകത്ത് നല്ല തണുത്ത കാറ്റാണ്. ആ കാറ്റിനും ഉണ്ട് ഒരു പ്രത്യേകത.. ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനകത്ത് എത്തിയാൽ ആ കാറ്റ് നമ്മെ ക്ഷേത്രത്തിനകത്തേക്ക് തള്ളിവിടുന്ന പോലെയാണ് നമുക്ക് അനുഭവപ്പെടുക. എന്നാൽ തൊഴുത് പുറത്തേക്ക് വരുമ്പോൾ ആ കാറ്റ് നമ്മെ ക്ഷേത്രത്തിന്റെ പുറത്തേയ്ക്ക് പറഞ്ഞു വിടുന്ന പോലെയും തോന്നും. ഭാരതീയ വാസ്തുവിദ്യയുടെ ഈ പ്രത്യേകതയ്ക്ക് പിന്നിലുള്ള രഹസ്യം ഇപ്പോളും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. ഭഗവാൻ ശിവനാണ് പ്രധാന പ്രതിഷ്ഠ..ഒപ്പം ദുർഗാ ദേവിയും. ദേവിക്കും ഉണ്ട് ഒരു പ്രത്യേകത. സാധാരണയായി തെക്കോട്ട് ദര്‍ശനമുള്ള ദുര്‍ഗ്ഗ ഇവിടെ പടിഞ്ഞാറോട്ടാണ് ദര്‍ശനം നല്കുന്നത്.

ദ്രാവിഡ ശില്പ കലയുടെ ഏറ്റവും നല്ല ഒരു മാതൃകയായ ഈ പുരാതന ക്ഷേത്രത്തിന്റെ ഉല്പത്തിയെ കുറിച്ചുള്ള കഥ ഇങ്ങിനെയാണ്; 16ആം നൂറ്റാണ്ട് വരെ തെങ്കാശി മധുരയുടെ ഒരു ഭാഗമായിരുന്നു. 1428 കാലത്ത് ഇപ്പോഴത്തെ തെങ്കാശി ഉൾപ്പെടുന്ന മധുരയുടെ തെക്കൻ പ്രദേശങ്ങൾ ഭരിച്ചിരുന്ന പാണ്ഡ്യരാജാവായ പരാക്കിരാമ പാൻഡ്യനാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് പറയപ്പെടുന്നത്. ശിവ ഭക്തനായിരുന്ന അദ്ദേഹം ഇടയ്ക്കിടെ കാശിയിലേക്ക് തീര്‍ത്ഥാടനം നടത്തിയിരുന്നു. തന്റെ നാട്ടിൽ ഒരു ശിവക്ഷേത്രം പണിയണം എന്ന ആഗ്രഹവുമായി അദ്ദേഹം ഒരിക്കൽ കൂടി കാശിയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു. കാശിയിലെ നിന്നും ഒരു ശിവ ലിംഗം കൊണ്ടു വരാനായിരുന്നു യാത്ര. എന്നാൽ ഒരു രാത്രി അദ്ദേഹത്തിന്റെ സ്വപ്നത്തിൽ ഭഗവാൻ ശിവൻ പ്രത്യക്ഷപ്പെടുകയും ഇങ്ങിനെ പറയുകയും ചെയ്തു – “കാലത്ത് ഉറക്കം ഉണർന്നാൽ ഒരു ഉറുമ്പിൻകൂട്ടം വരിവരിയായി പോകുന്നത് കാണാം. നീ ആ ഉറുമ്പുകളെ പിന്തുടർന്നു പോകണം. ആ ഉറുമ്പിൻകൂട്ടം അവസാനിക്കുന്നിടത്ത് ഒരു ക്ഷേത്രം പണിയണം.” സ്വപ്നത്തിൽ കണ്ടപോലെ രാജാവ് ഉറക്കം ഉണർന്നപ്പോൾ ഒരു ഉറുമ്പിൻ കൂട്ടത്തെ കാണുകയും അവയെ പിന്തുടർന്നു പോയി ആ നിര അവസാനിക്കുന്നിടത് ഒരു ശിവക്ഷേത്രം പണിതു എന്നുമാണ് ഐതിഹ്യം.

വൃക്ഷലതാദികളാൽ സമ്പന്നമാണ് ക്ഷേത്രപ്പറമ്പ്. വിവിധയിനം പൂച്ചെടികളും മരങ്ങളും ഔഷധസസ്യങ്ങളും ആ പുണ്യഭൂമിയെ കൂടുതൽ ഭംഗിയാക്കുന്നു. കൂടാതെ ഒരുപാടൊരുപാട് പക്ഷികളും അണ്ണാറക്കാൻമാരും സന്തോഷത്തോടെ ഓടിച്ചാടികളിക്കുന്നതും കാണാം. ക്ഷേത്രത്തിനു പിന്നിലായി ചെറിയൊരു ഗോശാലയുണ്ട്. അതിൽ സുന്ദരികളായ 4 പശുക്കൾ. എല്ലാത്തിനെയും കെട്ടിപ്പിടിച്ചു തലോടി ഞങ്ങൾ യാത്രയായി. പറയാൻ വിട്ടു.. രാത്രിയിലെ സന്ദർശനത്തിൽ മതിവരാതെ പിറ്റേന്ന് കാലത്ത് ഞങ്ങൾ വീണ്ടും തൊഴാൻ വന്നു. നിലാവെളിച്ചത്തിലാണോ പകൽ വെളിച്ചത്തിലാണോ ക്ഷേത്രം കൂടുതൽ മനോഹരം എന്നറിയില്ല.

പിറ്റേന്ന് കാലത്ത് ക്ഷേത്രദർശനത്തിനു ശേഷം പ്രഭാതഭക്ഷണവും കഴിച്ച് കുറച്ചു നേരം വിശ്രമിച്ചു. കനത്ത ചൂട് കാരണം എങ്ങോട്ടും ഇറങ്ങാൻ വയ്യ. അടുത്ത് ഒരു ചെറിയ മാൾ ഉണ്ടത്രേ. അങ്ങനെ അന്വേഷിച്ച കണ്ടുപിടിച്ചു മാളിൽ എത്തി. ഇവിടെത്തെ ലുലുവും സെൻട്രൽ മാളുമൊക്കെ കണ്ടു ശീലിച്ച നമ്മളെ പോലത്തെ പരിഷ്കാരികൾക്ക് ഒരു അത്ഭുതമായിരുന്നു ആ കുഞ്ഞു മാൾ. ആകെ മൂന്നോ നാലോ പേര്.. ഏതായാലും ക്ലാസ് കട്ട് ചെയ്ത് കറങ്ങാൻ വന്ന 2 യുവ മിഥുനങ്ങളുടെ സ്വർഗത്തിലെ കട്ടുറുമ്പായി ഞങ്ങളും കുറെ നേരം അവിടെ ഇരുന്നു ഐസ്ക്രീം കഴിച്ചു വീണ്ടും റൂമിലെത്തി. പിന്നെ നല്ലൊരു ഉറക്കം. ഉണർന്നപ്പോൾ വൈകുന്നേരമായി. അടുത്തുള്ള തട്ടുകടയിൽ പോയി ഒരു ചായ കുടിച്ചു. അവിടുത്തെ ചേട്ടനോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ജൂലായ് ഓഗസ്റ് മാസങ്ങളിൽ ആണ് നല്ല സീസൺ.. ഇപ്പോൾ കൃഷിയൊന്നും ഇല്ല. അപ്പോൾ വന്നാൽ നല്ല ഫോട്ടോസ് കിട്ടുമായിരിക്കും..ഞാൻ മനസ്സിൽ പറഞ്ഞു. അപ്പോഴേക്കും നേരം സന്ധ്യയാവാൻ തുടങ്ങിയിരുന്നു. ഒന്നു കറങ്ങിയിട്ടു വരാമെന്ന് പറഞ്ഞു ഞങ്ങൾ കാറിൽ പുറത്തിറങ്ങി.

എങ്ങോട്ടെന്നില്ലാതെ കാർ പോയിക്കൊണ്ടിരുന്നു. അപ്പോഴാണ് സുന്ദരപാൻഡ്യപുരം എന്ന ഗ്രാമം അവിടുന്നു അടുത്താണ് എന്നും അവിടെ അടുത്ത് ഒരു ആഗ്രഹാരം ഉണ്ടെന്നും അവിടെ മുറുക്കും പലഹാരങ്ങളുമൊക്കെ ഉണ്ടാക്കി വിക്കുന്ന ഒരു മാമി ഉണ്ടെന്നുമുള്ള വിവരം എന്റെ ഭർത്താവ് ഇന്റർനെറ്റിൽ നിന്നും കണ്ടുപിടിച്ചത്. അങ്ങനെ ഞങ്ങളുടെ ലക്ഷ്യം ആ മാമി താമസിക്കുന്ന ആഗ്രഹാരമായി. ഇരുട്ടിൽ മലകളും കുന്നുകളും കാറ്റാടികളും ഒക്കെ കടന്നു പോയത് ശെരിക്കു കാണാൻ സാധിച്ചില്ല. കൂടെയുള്ള സുഹൃത്തിനും കുടുംബത്തിനും ബോറടിക്കുന്നുണ്ടാവോ എന്നു എനിക്ക് ചെറിയ സംശയം ഉണ്ടായിരുന്നു. അങ്ങനെ ചോദിച്ചു ചോദിച്ചു ഞങ്ങൾ ആ അഗ്രഹാരത്തിലെത്തി. അവിടെ കണ്ട ഒരു മാമിയുടെ സഹായത്താൽ പലഹാരം ഉണ്ടാക്കുന്ന നമ്മുടെ ശാന്ത മാമിയുടെ വീട്ടിലെത്തി. ഒരു പരമ്പരാഗത തമിഴ് ബ്രാഹ്മണ വീട്.. നെറ്റിയിൽ വലിയ പൊട്ടു തൊട്ട പാട്ടുസാരിയുടുത്ത ഐശ്വര്യമുള്ള ഒരു അമ്മ്യാര്.. അവരാണ് നമ്മുടെ കഥാപാത്രം.

ആവശ്യം അറിയിച്ചപ്പോൾ അകത്തു കേറിയിരിക്കാൻ പറഞ്ഞു.. ഞങ്ങൾ എല്ലാവർക്കും വെള്ളവും പലഹാരങ്ങളും തന്നു. നല്ല കറുമുറുവായ മുറുക്ക്.. പൊട്ടുകടല കൊണ്ടുള്ള ലഡ്ഡു.. പക്കവട.. വെപ്പിലക്കട്ടി എല്ലാം ടെസ്റ്റ് ചെയ്യാൻ തന്നു.. എല്ലാം എടുത്തോളാൻ പറഞ്ഞു..അത്രയും രുചിയായിരുന്നു. അങ്ങനെ വലിയൊരു സഞ്ചി നിറച്ചും പലഹാരങ്ങൾ വാങ്ങി ഞങ്ങൾ അവിടുന്ന് യാത്രയായി. പോരും മുൻപ് അവരുടെ നമ്പറും വാങ്ങി. ഇനിയും എപ്പോഴെങ്കിലും മുറുക്ക് കഴിക്കാൻ തോന്നിയാലോ? അടുത്ത വട്ടം വരുമ്പോൾ അവിടെയെല്ലാം എന്നെ നടന്നു കാണിക്കാം എന്നും രാവിലെ നല്ല ഫോട്ടോസ് കിട്ടും എന്നും മാമിയുടെ ഭർത്താവ് എന്നോട് ഏറ്റിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ് ആയിരുന്നു ആ ആഗ്രഹാരത്തിലേക്കുള്ള യാത്ര. തിരിച്ചു വീണ്ടും റൂമിലെത്തി ഡിന്നറും കഴിച്ച് ഞങ്ങൾ പുറപ്പെട്ടു. രണ്ടു ദിവസത്തെ സന്തോഷത്തിനു ശേഷം വീണ്ടും തിരക്കിൻറെ ലോകത്തേക്ക്.. മറ്റൊരു യാത്രയും സ്വപ്നം കണ്ടു ഉറക്കം ഉണർന്നപ്പോഴേക്കും അതാ പപ്പനാവന്റെ മണ്ണിൽ തിരിച്ചെത്തിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.