‘ഷില്ലിബിയർ കോച്ചസ്’ ഈ പേരിനു ഒരു എതിരഭിപ്രായം പറയാൻ പോന്ന ബസ് പ്രേമിയൊരാൾ കേരളത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല. നിരത്ത് വിട്ടിട്ടും കേരളത്തിലെ മുഴുവൻ ബസ് പ്രേമികളും കാത്തിരിക്കുന്ന ഒരേയൊരു തിരിച്ചു വരവ് ഏത് ബസിന്റെ ആണെന്നും നിങ്ങൾക്ക് അറിയാം. ആ ബസ് നിർമ്മിച്ചതാരെന്നും. അതേ, ഷില്ലിബിയർ തന്നെ. കേരളത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രൈവറ്റ് ബസ്സായ ‘പരശുറാം’ AC എയർബസ് പുറത്തിറങ്ങിയത് ഷില്ലിബിയറിൽ നിന്നുമായിരുന്നു.

2002 ൽ ബസ് നിർമ്മാണത്തിൽ വലിയ മോഹങ്ങളുമായി ചെറിയ അറ്റുകുറ്റപ്പണികളുമായി ഷില്ലിബിയറിന്റെ പിച്ചവപ്പ് തൃശൂർ – പട്ടിക്കാട് നടക്കുമ്പോൾ ഒരുപിടി “അടുത്ത ലെവൽ “ബസുകളുടെ ജനനത്തിന് കൂടിയാണ് നാന്ദി കുറിച്ചത്. രണ്ടു പേരുടെ പ്രയത്നം ആണ് ഷില്ലിയുടെ മൈലേജിന് അടിത്തറയിട്ടത്. കോട്ടയം കുമാരനെല്ലൂർ സ്വദേശി ശ്രീ സുരേഷ്, അദ്ദേഹം ടാറ്റയിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്നു. ഇൻഡിക്ക ഇറങ്ങുമ്പോൾ കാറിന്റെ ഇന്റീരിയർ വിഭാഗം മേധാവിയും. കാറുകളുടെ സുരക്ഷാ എന്ത് കൊണ്ട് വലിയ യാത്ര സംവിധാനമുള്ള ബസുകളിലില്ല എന്നത് എന്ത് കൊണ്ട് തിരുത്തികൂടാ ചിന്ത അദ്ദേഹത്തിന്റെ ഉള്ളിലുദിച്ചു.

അടുത്തയാളെ ബസ്‌പ്രേമികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല, വടക്കാഞ്ചേരി സ്വദേശി രാജേഷ് നമ്പൂതിരി. ബെംഗളൂരുവിൽ വോൾവോ ബസുകൾക്കു വേണ്ടി ബോഡി നിർമ്മാണം നടത്തിയിരുന്ന ഒരു കമ്പനിയിലെ മിടുക്കനായ ജീവനക്കാരൻ ആയിരുന്നു രാജേഷ് നമ്പൂതിരി. വോൾവോയിലെ പരിചയവും ബസുകളുടെ കൂടുതൽ ആധുനികവും സുരക്ഷിതവുമാക്കണമെന്ന അടങ്ങാത്ത ആഗ്രഹം കൂടുതൽ മികച്ച ബസുകളെ വടക്കൻ കേരളത്തിലെ നിരത്തുകളിലേക്ക് ഇറക്കിവിട്ടു.

രാജേഷ് നമ്പൂതിരിയുടെ കരവിരുതിൽ മാത്രം വിശ്വസമർപ്പിക്കാൻ ഉടമകളുടെ നിര തന്നെ ഉണ്ടായി. സുഖകരമായ യാത്ര, ഉയർന്ന മൈലേജ് എന്നിവയായിരുന്നു ഷില്ലിബിയർ കോച്ച് ബസ്സുകളുടെ പ്രത്യേകതകൾ.

ഇങ്ങനെ തൃശൂർ പട്ടിക്കാട് ഭാഗത്ത് ദേശീയപാതയ്ക്കരികിൽ പ്രവർത്തനം തുടർന്നു വന്ന ഷില്ലിബിയർ കാലക്രമത്തിൽ കുടിച്ച കയ്പ് നീരിന്റെ കഥയാണ് മാതൃഭൂമി പങ്കുവക്കുന്നത്. ബസ് മാത്രം അല്ല ബസുമായി ബന്ധപ്പെട്ട ഒന്നും ഗതിപിടിക്കുന്നില്ല എന്ന അപ്രിയ സത്യം.

ദേശീയപാത വികസനത്തിനായി ഷില്ലിബീയറിന്റെ 18 സെന്റ് സ്ഥലം ഏറ്റെടുത്തതോടെ ബാക്കിയുള്ള സ്ഥലത്തായി മാറി ബസ് ബോഡി വർക്കുകൾ. ഇതിലും വലിയ ഇടിത്തീയായിരുന്നു പിന്നീട് ഇവരെ കാത്തിരുന്നത്. ഷില്ലിബിയർ കോച്ചസ് ലിമിറ്റഡ് എന്ന കമ്പനിയുടെ തുടക്കത്തിൽ വാണിജ്യ നികുതി വകുപ്പിന്റെ നിർദേശാനുസരണം 4% നികുതി ആണ് അടച്ചു വന്നിരുന്നത്. എന്നാൽ ഇടക്കാലത്ത് കമ്പനി സേവനത്തിലൂന്നിയ ബിസിനസ് കാറ്റഗറിയാണെന്നും, അതിൻ പ്രകാരം നികുതി 13.5% കുടിശിക ഉൾപ്പെടെ തിരിച്ചു അടക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നും ഓർഡർ വന്നു. ഭീമമായ തുക ഈടാക്കുന്നതിനായി സർക്കാർ കമ്പനി ഉൾപ്പെടുന്ന സ്ഥലം ജപ്തി ചെയ്തു. കമ്പനി ഇതിന്മേൽ കോടതി നടപടികളുമായി നീങ്ങിയിരിക്കുകയാണ്.

ചുരുങ്ങിയ സമയത്തിനുള്ളിൽ കേരളത്തിലെ ബസ് ജീവനക്കാരുടെയും, ബസ്‌പ്രേമികളുടെയും, യാത്രക്കാരുടേയുമെല്ലാം പ്രശംസ പിടിച്ചു പറ്റിയ ഷില്ലിബിയർ കോച്ച് വീണ്ടും പഴയതുപോലെ, ആർക്കും പകരം വെയ്ക്കാൻ സാധിക്കാത്ത തങ്ങളുടെ സ്ഥാനത്തേക്ക് തിരികെയെത്തുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. നല്ലൊരു തിരിച്ചു വരവിനായി ആശംസകൾ മാത്രം…

അവലംബം : മാതൃഭൂമി, കടപ്പാട് – Private Bus Kerala.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.