ലേഖകൻ – അനുരാഗ്.

“കരോളി ടക്കാസിന് വലതു കൈ നഷ്ടപ്പെട്ടിരിക്കുന്നു.” കാതുകളിൽ നിന്ന് കാതുകളിലേക്കും ഹംഗേറിയൻ ഗ്രാമ ഗ്രാമാന്തരങ്ങളിലേക്കും ആ വാർത്ത ഒഴുകിപ്പരന്നു. “എന്ത്..? രാജ്യത്തെ ഏറ്റവും മികച്ച ഷൂട്ടർക്ക് തന്റെ ‘ഷൂട്ടിങ്ങ് ഹാന്റ് ‘ നഷ്ടപ്പെട്ടു എന്നോ … ? ” കേട്ടവരെല്ലാം ആശ്ചര്യപ്പെട്ടു! ചിലർ വിധിയെ പഴിച്ചു ! പലരും ടക്കാസിനെയോർത്ത് കണ്ണീർ പൊഴിച്ചു !

1938-ൽ കരോളി ടക്കാസിന്റെ 28-ആം വയസിൽ ഹംഗേറിയൻ സൈന്യത്തിൽ ജോലി ചെയ്യവേ , ഒരു സൈനിക പരിശീലനത്തിൽ വച്ച് വലതുകയ്യിലെ ഗ്രനേഡ് പൊട്ടിതെറിച്ചായിരുന്നു ആ ദുരന്തം സംഭവിച്ചത് ! അതിന് ശേഷം ആ ഷൂട്ടറുടെ വലതുകയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു.

1936 ന് മുന്നേ തന്നെ രാജ്യത്തിന്റെ ഏറ്റവും മികച്ച ഷൂട്ടർമാരുടെ നിരയിലേക്ക് ഉയർന്നു വന്ന ടക്കാസിന് ആ വർഷത്തെ Olympics ന് പങ്കെടുക്കാനുള്ള അവസരം തഴയപ്പെട്ടതാണ്. ഹംഗേറിയൻ സൈനൈത്തിലെ കീഴുദ്യോഗസ്ഥർക്ക് അതിനുള്ള അവസരം സൈന്യം അക്കാലത്ത് അനവധിച്ചിരുന്നില്ല . പക്ഷെ ആ വർഷത്തോടെ ആ ‘ മണ്ടൻ നിയമം ‘സൈന്യം നീക്കം ചെയ്യുകയുണ്ടായി അതോടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ‘ Olympic Gold ‘ എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള അവസരം ടക്കാസിന് വീണ്ടും തെളിഞ്ഞു വന്നു.

പക്ഷെ ഖേദകരം എന്ന് പറയട്ടെ 1940 – ലെ Olympics ന് വേണ്ടി തയ്യാറെടുക്കുമ്പോഴായിരുന്നു ആ ദുരന്തം നടന്നത്. പിന്നീട് 1939 ലെ National shooting championship വച്ച് കരോളി ടക്കാസിനെ വീണ്ടും ജനങ്ങളും ഷൂട്ടർമാരും കാണുകയുണ്ടായി.തീർത്തും സഹതാപത്തോടെ “ഞങ്ങളെ പ്രോൽസാഹിപ്പിക്കാനെങ്കിലും നീ വന്നല്ലോ.. ” എന്ന് ഷൂട്ടർമാരിലൊരാൾ ടക്കാസ് നോട് നന്ദി പൂർവ്വം പറഞ്ഞു. അതിന് ടക്കാസ്സ് നൽകിയ മറുപടി ഏവരെയും അമ്പരപ്പിച്ചു അത് ഇപ്രകാരമായിരുന്നു “ഞാൻ വന്നത് മത്സരിക്കാണ്.”

ഷൂട്ടിങ്ങ് ഹാന്റ് നഷ്ടപ്പെട്ടിട്ടും നഷ്ടപ്പെടാത്ത മനശക്തി കൊണ്ട് ടക്കാസ് ഒഴുക്കിയ ചുവന്ന വിയർപ്പിന്റെ ഗന്ധമുണ്ടായിരുന്നു ആ വാക്കുകളിൽ. അന്ന് ഇടം കൈ കൊണ്ട് ടക്കാസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി അങ്ങനെ 36 – ൽ സൈന്യവും 38 ൽ വിധിയും തഴയാൻ ശ്രമിച്ച Olympic മോഹങ്ങളിലേക്ക് അദ്ദേഹം ഒരു പടി കൂടി അടുത്തു . പക്ഷെ 1940 ൽ രണ്ടാം ലോകമഹായുദ്ധം മൂലം Olympics മാറ്റിവെക്കപ്പെട്ടു. വീണ്ടും Olympics നഷ്ടമായിരിക്കുന്നു. പക്ഷെ അതും ടക്കാസിനെ തളർത്തിയില്ല അദ്ദേഹം 1944- ന് വേണ്ടി തയ്യാറായി. മുറതെറ്റാത്ത കഠിന പരിശ്രമങ്ങൾ അദ്ദേഹം കാഴ്ചവച്ചു. പക്ഷെ 1944 ൽ ലോക മഹായുദ്ധം അവസാനിക്കാത്തതുമൂലം വീണ്ടു Olympics മാറ്റിവച്ചു.

ഇപ്പോൾ പ്രായം 34 ആയിരിക്കുന്നു. ഇനി മറ്റൊരു Olympics 38 ആം വയസിൽ മാത്രം ! പുതിയ താരങ്ങൾ വരും. അതും ചെറുപ്പക്കാർ ! അവർക്കെല്ലാം കയ്യുമുണ്ട് ! തന്റെ ഷൂട്ടിങ്ങ് ഹാന്റ് പ്രവർത്തനക്ഷമമല്ലല്ലോ. ഇത്തരം ചിന്തകൾ അദ്ദേഹത്തെ കീഴടക്കിയില്ല എന്ന് വേണം കരുതാൻ. കഠിന പരിശ്രമങ്ങൾ വീണ്ടും നടന്നു കൊണ്ടേയിരുന്നു. അങ്ങനെ 1948 ൽ ടക്കാസ് Olympics ൽ മൽസരിക്കാനെത്തി.
മുൻപ് സംഭവിച്ച അപകടം അറിഞ്ഞതു കൊണ്ടാവണം മത്സരത്തിന് മുന്നേ.. നിലവിലെ ലോക ചാമ്പ്യൻ Saenz Valiente ടക്കാസിന്റെ അടുത്തെത്തി ചോദിച്ചു ” താങ്കൾ എന്താണ് ഇവിടെ ? ” ടക്കാസ് മറുപടി പറഞ്ഞു “ലോക റെക്കോഡ് സ്ഥാപിക്കുന്നത് പഠിക്കാൻ വന്നതാണ്.”

മത്സരത്തിലും ആ ആത്മവിശ്വാസം പ്രതിഫലിച്ചു ‘ 25 m rapid fire pistol’- Olympic സ്വർണ്ണ മെഡൽ രൂപത്തിൽ വിധിയെ ടക്കാസ് വെടിവെച്ച് വീഴ്ത്തി. മത്സരശേഷം Saenz Valiente വീണ്ടും ടക്കാസിനടുത്തെത്തി ശേഷം അഭിനന്ദങ്ങളോടെ പറഞ്ഞു ” താങ്കൾ ആവശ്യത്തിന് പഠിച്ചിരിക്കുന്നു.” അതൊരു അവസാനമായിരുന്നില്ല ടക്കാസ് വീണ്ടും ഇടം കൈ ഷൂട്ടിങ്ങിന്റെ മൂർച്ച രാകി മിനുക്കിക്കൊണ്ടിരുന്നു ആ ഷൂട്ടറിന്റെ പിസ്റ്റണിന്റെ മൂർച്ചയിൽ 1952 ലും Olympic സ്വർണ്ണ മെഡലും വിധിയും കടപുഴകി വീണു.

അന്ന് വീണ്ടും Saenz Valiente ടക്കാസിനടുത്തെത്തി ഇങ്ങനെ പറഞ്ഞു “നിങ്ങൾ ആവശ്യത്തിലധികം പഠിച്ചിരിക്കുന്നു ഇനി എന്നെ പഠിപ്പിക്കാനുള്ള സമയമായിരിക്കുന്നു.” തുടർച്ചയായ 12 വർഷം വിവിധ രൂപത്തിൽ Olympics Gold എന്ന ജീവിത ലക്ഷ്യം തഴയപ്പെട്ടിട്ടും , അതിനിടയിൽ വലം കൈ നഷ്ടപ്പെട്ടിട്ടും വിധിയെ വെടിവച്ചു വീഴ്ത്തിയ കരോളി ടക്കാസ് പാഠമാവുന്നത് Valiente ന് മാത്രമാവില്ല , പ്രതിസന്ധികളിലും പരാജയങ്ങളിലും തളർന്നു പോകുന്ന മനുഷ്യകുലത്തിനാകെയാണ്.

ജയിക്കണം എന്ന വാശിക്ക് മുൻപിൽ പലതും തകർന്നടിയും. ബാല്യത്തിൽ നമ്മുക്ക് ഉണ്ടായിരുന്നു ഒരു പ്രതേക കഴിവായിരുന്നു ‘പിടിവാശി ‘, എന്നാൽ യൗവനത്തിൽ എത്തുമ്പോഴേക്കും നമ്മളറിയാതെ അത് നമ്മുടെ കൈകളിൽ നിന്ന് വഴുതിപോവും. വീണ്ടും അതെ വാശി ചികഞ്ഞെടുക്കുന്നവർ ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയ അതുല്യ പ്രതിഭ കളാവും. നാം ഓരോരുത്തരും ചിന്തിക്കുന്ന ആ ഒരു നിമിഷത്തിൽ, ചരിത്രത്താളുകൾ നമുക്കായി മാറ്റിവെക്കപ്പെട്ടേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.