‘ഹഷാഷിൻ’ അഥവാ ‘അസ്സാസ്സിൻ’ എന്നറിയപ്പെടുന്ന കൊലയാളികളുടെ കഥ

Total
0
Shares

എഴുത്ത് – Chandran Satheesan Sivanandan.

1092 എപ്രിൽ 28 , ജറുസലേമിലെ രാജാവായി തിരഞ്ഞെടുക്കപ്പെട്ട കോൺറാഡ് ഡി മോൺട്ഫെറാറ്റ് (conrad de montferrat) തന്റെ സുഹൃത്തും ബൂവേയിലെ ബിഷപ്പുമായ ഫിലിപ്പിന്റെ ഗൃഹത്തിൽ പോയി തിരികെ വരുമ്പോള്‍ തെരുവിന്റെ ഇടുങ്ങിയ ഭാഗത്തായി കൈകളില്‍ ജപമാലകളുമായി ലത്തീനിൽ ക്രിസ്ത്യന്‍ പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ട് രണ്ടു ക്രിസ്ത്യന്‍ സന്യാസിമാർ എന്തോ പരാതിയുമായി കാത്ത് നിൽപ്പുണ്ടായിരുന്നു. ധീരനും ബുദ്ധിമാനുമായിരുന്ന കോൺറാഡ് മൂന്നാം കുരിശുയുദ്ധത്തിൽ പേരുകേട്ട മുസ്ലീം യോദ്ധാവായിരുന്ന സലാഹുദീൻ അയ്യൂബിയോട് പോലും ശക്തമായ പോരാട്ടവീര്യം പ്രകടമാക്കുകയും ഒടുവില്‍ ഇദ്ദേഹത്തിന്റെ കോട്ടനഗരിയുടെ(fort city of tyre) ഉപരോധത്തിൽ നിന്നും അയ്യൂബി പിൻവാങ്ങാൻ നിർബന്ധിതനാകുകയും ചെയ്തിട്ടുണ്ട് .

തന്നെ കാത്തു നിൽക്കുന്ന സന്യാസിമാരുടെ അഭിവാദ്യം സ്വീകരിച്ച് അവരുടെ പരാതിപത്രം വാങ്ങി വായിക്കുന്നതിനിടയിൽ സന്യാസിമാർ ഉൗരിപ്പിടിച്ച കഠാരയുമായി കോൺറാഡിന് മേല്‍ ചാടി വീണ് അദ്ദേഹത്തെ കുത്തി വീഴ്ത്തി .പാഞ്ഞെത്തിയ സുരക്ഷാഭടന്മാർ കൊലയാളികളിൽ ഒരാളെ അപ്പോള്‍ തന്നെ വധിച്ചു , മുറിവേറ്റ രണ്ടാമനെ പിടികൂടി കഠിനമായി പീഡിപ്പിച്ച് ചോദ്യം ചെയ്തു കൊന്നു .മരണത്തിന് മുമ്പ് കൊലയാളി താനാരാണെന്ന് വെളിപ്പെടുത്തി .അക്കാലത്തെ ക്രിസ്ത്യന്‍ മുസ്ളിം ഭരണാധികാരികളുടെ പേടിസ്വപ്നമായിരുന്ന ഹഷാഷിനുകളിൽ(assassins) ഒരുവനായിരുന്നു അവന്‍ .ആറുമാസത്തിലേറെയായി കോൺറാഡിനെ വധിക്കാനായി ഒരവസരത്തിനായി കാത്തിരിക്കയായിരുന്നത്രേ അവര്‍ . കൊലയാളികളെ പിടികൂടാനായെങ്കിലും കോൺറാഡിന്റെ ജീവന്‍ രക്ഷിക്കാനായില്ല ജറുസലേമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കിരീടധാരണത്തിന് മുമ്പ് അദ്ദേഹം ജീവന്‍ വെടിഞ്ഞു .കോൺറാഡിനെ കൊന്നത് ഹഷാഷിനുകൾ ആണെങ്കിലും കൊല്ലിച്ചതാരാണെന്ന കാര്യത്തില്‍ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായസമന്വയം ഉണ്ടായിട്ടില്ല.

ഹഷാഷിനുകളുടെ കഠാരയ്ക്ക് ഇരയായത് കോൺറാഡ് മാത്രമല്ല മറ്റു നിരവധി പേരുണ്ട് സെൽജുക്ക് സാമ്രാജ്യത്തിലെ മന്ത്രിയും മഹാപണ്ഡിതനും നിസാമിയ സ്കൂളുകളുടെ സ്ഥാപകനുമായിരുന്ന നിസ്സാം അൽ മുൽക്ക് (1092), ഫാത്തിമദ് സാമ്രാജ്യത്തിൽ മന്ത്രി (vizier) ആയിരുന്ന അൽ അഫ്ദൽ (1122),അലപ്പോയിലെ ഇബ്ൻ അൽ ഖഷ്ഷാബ് (1124) മൊസ്സൂളിലെ അൽ ബർസൂക്കി (1126),ട്രീപ്പോളിയിലെ റെയ്മെണ്ട് രണ്ടാമൻ (1152), ബലീഫ മുസ്തർഷീദ് (1131 )ഫാത്തിമദ് ഖലീഫയായിരുന്ന അൽ അമീർ (1030).. ഇങ്ങനെ പല പ്രമുഖരും ഹഷാഷിനുകളാൽ കൊല്ലപ്പെട്ടു .ഇംഗ്ളണ്ടിലെ റിച്ചാർഡും റിച്ചാർഡ് ഒന്നാമനും ഹഷാഷിനുകളുടെ കത്തിയ്ക്കിരയായെങ്കിലും ജീവന്‍ നഷ്ടപെട്ടില്ല .

ആരാണ് ഹഷാഷിനുകൾ? ഹഷാഷിനുകളെക്കുറിച്ച് യൂറോപ്യന്മാർക്ക് ഏതാണ്ട് ധാരണ വരുന്നത് മാർക്കോപോളോയുടെ സഞ്ചാരകൃതികളിലൂടെയാണ് .travels of marcopolo,book 1,chapter 23 ൽ അദ്ദേഹം പറയുന്നു. മുലെഹെത്ത് (alamut) എന്നയിടത്ത് രണ്ടു മലകൾക്കിടയിലൊരു കോട്ടയിൽ ഒരു വൃദ്ധൻ വാണരുന്നുണ്ട്. അലാവുദീൻ (Aloadin) എന്നാണ് അന്നാട്ടുകാർ അദ്ദേഹത്തെ വിളിക്കുന്നത്. കോട്ടയോട് ചേര്‍ന്ന് താഴ്വരയിൽ മനോഹരമായ ഒരുദ്യാനം വൃദ്ധൻ നിർമ്മിച്ചിട്ടുണ്ട്. ആ ഉദ്യാനത്തിൽ എല്ലാത്തരം പൂക്കളും ഫലവൃക്ഷങ്ങളുമുണ്ട് ഒപ്പം തേനും പാലും മദ്യവും ജലവും ഒഴുകുന്ന ചെറുഅരുവികളും .നൃത്തകലകളിലും വാദ്യോപകരണങ്ങൾ പ്രയോഗിക്കുന്നതിലും വിദഗ്ദ്ധകളായ അതീവസുന്ദരികളായ യുവതികൾ ഉദ്യാനോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാലും ചിത്രപ്പണികളാലും അലങ്കരിച്ച കൊട്ടാരത്തിൽ അവിടെയെത്തുന്ന അതിഥികളുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കവാൻ തയ്യാറായി നിൽക്കുന്നു .

മഹാപണ്ഡിതനായ വൃദ്ധന്റെ അടുത്ത് എത്തുന്ന 12നും20നും ഇടയില്‍ പ്രായമുള്ള ആൺകുട്ടികളെ മതപഠനത്തോടൊപ്പം വിവിധ ഭാഷകളിലും ആയോധനമുറകളിലും പരിശീലനം നല്‍കുന്നു .അവരോട് ഇടയ്ക്കിടെ സ്വർഗ്ഗത്തിലെ സുഖ ജീവിതത്തെക്കുറിച്ച് വിവരിച്ച് മോഹിപ്പിക്കുന്നു .ചിലപ്പോൾ ഇവരില്‍ ചിലരെ തിരഞ്ഞെടുത്ത് കടുത്ത ലഹരിയുള്ള പാനീയം കുടിപ്പിക്കുന്നു .ആ ലഹരി പാനീയം കുടിച്ച് ബോധം നഷ്ടപ്പെടുന്ന യുവാക്കളെ തന്റെ കൃത്രിമമായി നിർമ്മിച്ച സ്വർഗ്ഗസമാനമായ ഉദ്യാനത്തിൽ എത്തിക്കുന്നു . ബോധമുണരുന്ന യുവാക്കൾ തങ്ങള്‍ സ്വർഗ്ഗത്തിലെത്തിയതായി വിചാരിച്ച് അവിടുത്തെ സുഖങ്ങളിൽ മുഴുകുന്നു. വീണ്ടും മണിക്കൂറുകൾക്ക് ശേഷം വീണ്ടും ബോധമുണരുന്ന അവര്‍ മുന്നില്‍ കാണുന്നത് സാധാരണ ലോകത്തേയും ഒപ്പം തങ്ങളുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കിനിൽക്കുന്ന വൃദ്ധനെയുമായിരിക്കും.

കണ്ണുമിഴിച്ചാലുടൻ വൃദ്ധൻ അവരോട് ചോദിക്കും നിങ്ങള്‍ എവിടെയായിരുന്നുവെന്ന് തങ്ങള്‍ സ്വർഗ്ഗത്തിലായിരുന്നവെന്നവർ മറുപടി പാറയും.തന്നെ അനുസരിച്ചാൽ വീണ്ടും സ്വർഗ്ഗത്തിലെത്തിക്കാമെന്നവർക്ക് അദ്ദേഹം ഉറപ്പു നൽകും .ഇങ്ങനെ തങ്ങളുടെ സ്വർഗ്ഗീയ നിമിഷങ്ങളെ താലോലിക്കുന്ന യുവാക്കളെ തന്റെ നിർദ്ദേശമനുസരിക്കുന്ന പ്രൊഫഷണല്‍ കൊലയാളികളാക്കി വൃദ്ധൻ മാറ്റുന്നു .കൊലപാതക ശ്രമത്തിനിടയിൽ കൊല്ലപ്പെട്ടാൽ അവര്‍ സ്വർഗ്ഗത്തിലെത്തുമെന്ന് വൃദ്ധൻ അവർക്ക് ഉറപ്പു നല്‍കുന്നു .അങ്ങനെ സമൂഹത്തിലെ ഉന്നത വൃക്തികളെ കൊല്ലാനും കൊല്ലപ്പെടാനുമായെത്തുന്ന കടുത്ത വിശ്വാസികളായ അർപ്പണബോധമുള്ള കൊലയാളികളുടെ സംഘമാണ് ഹഷാഷിനുകൾ എന്നറിയപ്പെടുന്നത്. അറബിയിൽ ആ വൃദ്ധനെ ഷേക്ക് അൽ ജബൽ എന്നാണത്രേ പറഞ്ഞിരുന്നത് . മാർക്കോപോളോ വിവരിച്ച വൃദ്ധന്റെ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഫ്രേയ സ്റ്റാർക്ക് (Freya stark) എന്ന പരൃവേക്ഷക 1931 ൽ ഇറാനിയൻ പീഠഭൂമിയേയും കാസ്പിയൻ കടലിനേയും വേർതിരിക്കുന്ന മലനിരകൾക്കിടയിൽ കണ്ടെത്തുകയുണ്ടായി .അതേക്കുറിച്ച് അവര്‍ എഴുതിയ പുസ്തകമാണ് ദ വാലി ഒാഫ് അസ്സാസ്സിൻസ്(The valley of Assassins) .

ഹഷാഷിനുകളുടെ പ്രാരംഭ ചരിത്രം : ഇസ്ലാമിക ലോകത്തെ പ്രധാന വിഭാഗങ്ങളാണ് മഹാഭൂരിപക്ഷം വരുന്ന സുന്നികളും ന്യൂനപക്ഷമായ ഷിയാക്കളും .ഖുറാനും മുഹമ്മദ്‌ നബിയുടെ ജീവിത രീതിയും ആധാരമാക്കിയാണ് സുന്നികൾ തങ്ങളുടെ ഫിലോസഫി വികസിപ്പിച്ചിട്ടുള്ളതെങ്കിൽ മുഹമ്മദ്‌ നബിയുടെ മകളായ ഫാത്തിമയുടെയും നാലാമത്തെ ഖലീഫയും ഫാത്തിമയുടെ ഭർത്താവുമായിരുന്ന അലിയുടേയും പരമ്പരയിൽപ്പെട്ട ഇമാമുകളുടെ വ്യാഖ്യാനങ്ങൾക്ക് അനുസരിച്ച് മതജീവിതം ചിട്ടപ്പെടുത്തിയവരാണ് ഷിയാക്കൾ . ഷിയാ മുസ്ലിങ്ങൾക്കിടയിലുള്ള ഉപവിഭാഗമാണ് നിസ്സാറി ഇസ്മയിലുകൾ .ആധുനിക കാലത്ത് ഇവര്‍ അഗാഖാനികൾ എന്നാണ് അറിയപ്പെടുന്നത് .മുഹമ്മദ്‌ നബിയുടെ പൗത്രനായ ഹുസൈന്റെ വംശപരമ്പരയിലെ ഇസ്മയിൽ ബിൻ ജാഫറിനെ ഇമാമായി അംഗീകരിക്കുന്ന ഷിയ വിഭാഗമാണ് ഇസ്മയിലികൾ ഇവരാണ് ഫാത്തിമദ് ഖാലിഫേറ്റ് എന്ന സാമ്രാജ്യം സ്ഥാപിച്ചത് .

ഫാത്തിമദ് ഖലീഫയായിരുന്ന ഇമാം മുസ്തൻസീർ ബില്ലാഹ് തന്റെ മൂത്ത മകനായിരുന്ന നിസ്സാറിനെ അടുത്ത ഖലീഫയായി വാഴിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു എന്നാല്‍ ഖലീഫയുടെ മരണശേഷം അഫ്ദൽ ഷെഹൻഷാ എന്ന പടത്തലവൻ പിൻതുടർച്ചാ കാര്യത്തില്‍ ഇടപെടുകയും നിസ്സാറിന്റെ അനുജനും ദുർബലനുമായ മുസ്താലിയെ ഖലീഫയാക്കി വാഴിക്കുകയും ചെയ്തു .തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ അഫ്ദൽ നിസ്സാറിനെ കെയ്റോവിൽ വെച്ച് വധിച്ചു അങ്ങനെ ഇസ്മയിലുകൾ മുസ്തലികളെന്നും നിസ്സാറികളെന്നും രണ്ടായി പിരിഞ്ഞു .നിസ്സാറിന്റെ മകനായ ഹാദിക്ക് കൂറുപ്രഖ്യാപിച്ചുകൊണ്ട് പോരാടി ജീവൻ പോലും വെടിയാൻ തയ്യാറായി വന്ന വിശ്വാസികളായ പോരാളികളെ ഫിദായി എന്നാണ് പറഞ്ഞിരുന്നത് എന്നാല്‍ ശത്രുക്കൾ ഇവരെ ഹഷീഷിന്റെ ലഹരിയില്‍ പോരാടുന്നവർ എന്ന അർത്ഥത്തിൽ ഹഷാഷിനുകൾ എന്നു വിളിച്ചു .

അക്കാലത്ത് കെയ്റോവിൽ ഉണ്ടായിരുന്ന നിസ്സാർ അനുകൂലിയായിരുന്ന ഇസ്മയിലി പണ്ഡിതനായിരുന്നു പേർഷ്യക്കാരനായിരുന്ന ഹസ്സന്‍ ഇ സബാ .തുർക്കികളായ സെൽജൂക്കുകളുടെ സുന്നിമുസ്ളീം സാമ്രാജ്യത്തോടും ഷിയാക്കളാണെങ്കിലും എതിർപക്ഷക്കാരായ ഫാത്തിമദ് സാമ്രാജ്യത്തോടും പടപൊരുതാൻ ശ്രമിക്കുന്നത് അബദ്ധമായിരിക്കും എന്ന് മനസ്സിലാക്കിയ ഹസ്സന്‍ ഇ സബ പ്രതിരോധത്തിന്റെ ചെറുതുരുത്തുകൾ സൃഷ്ടിക്കാനുറച്ച് അതിന് പറ്റിയ ഇടങ്ങൾ തേടി യാത്രയായി .മാർക്കോപോളോ സൂചിപ്പിച്ച മലയിൽ വാഴും വൃദ്ധൻ (Old man of mountain ) എന്നറിയപ്പെട്ടത് ഇദ്ദേഹമായിരുന്നു .

മലമുകളിലെ കോട്ട (Castle of Alamut) – A D 1050ൽ ഇറാനിയൻ നഗരമായ ഖോം(Qom)മിലാണ് ഹസ്സന്‍ ഇ സബ ജനിച്ചത് .തന്റെ പതിനേഴാമത്തെ വയസ്സില്‍ പന്ത്രണ്ട് ഇമാമുകളെ അംഗീകരിക്കുന്ന (twelver) ഷിയാവിശ്വാസരീതിയിൽ നിന്നും ഇസ്മയിലി വിശ്വാസത്തിലേക്ക് അദ്ദേഹം പരിവർത്തനം ചെയ്യുകയും അതിന്റെ പ്രചാരകനാകുകയും ചെയ്തു തുടർന്ന് ഇസ്മയിലി ഖാലിഫേറ്റിന്റെ ആസ്ഥാനമായ കെയ്റോവിൽ എത്തി .അവിടെ ഇസ്മയിലുകൾക്കിടയിൽ പിളർപ്പുണ്ടായപ്പോൾ ന്യൂനപക്ഷമായ നിസ്സാറികളിൽ പ്രമുഖനായതിനാൽ ഹസ്സന് കെയ്റോ വിട്ടുപോകേണ്ടി വന്നു .പേർഷ്യൻ സാമ്രാജ്യത്തിലെ വിവിധ പ്രദേശങ്ങളില്‍ ദാവാ അൽ ജദീദ് എന്നപേരിൽ നിസ്സാറി ആശയങ്ങള്‍ പ്രചരിപ്പിക്കുകയും നിരവധി പേരെ തങ്ങളുടെ വിശ്വാസരീതിയിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു .സുന്നികളായ സെൽജുക്കുകൾ നിസ്സാറികളെ അപകടകാരികളായ തീവ്രവാദികളായാണ് കണ്ടിരുന്നത് .ഹസ്സനെയും കൂട്ടരെയും ആക്രമിക്കുവാനും പിടികൂടാനും അവര്‍ ശ്രമിച്ചു .

1090ൽ ഹസ്സന്‍ ഇ സബ, റബ്ദാർ (Rabdar) മലനിരകൾക്കിടയിലുള്ള ആലമൂദ് കോട്ട ഒരു രക്തരഹിത വിപ്ലവത്തിലൂടെ കൈവശപ്പെടുത്തി അതിന്റെ അധിപനായി .മറ്റുള്ളവർക്ക് എത്തിച്ചേരാൻ പ്രയാസമുള്ള വളരെ തന്ത്രപ്രധാനമായ ഇടത്താണ് ഇൗ കോട്ട(Castle of Alamut) സ്ഥിതിചെയ്തിരുന്നത് .കോട്ടയും ചുറ്റുമുള്ള പ്രദേശങ്ങളും നിസ്സാറികളുടെ ആകർഷണകേന്ദ്രമായി മാറി .നിസ്സാറികൾ ശക്തിയാർജ്ജിക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കിയ സെൽജൂക്കുകളുടെ മന്ത്രിയായിരുന്ന നിസ്സാം അൽ മുൽക്ക് ഹസ്സനെയും കൂട്ടരെയും തുരത്താനായി പട്ടാളത്തെ അയച്ചെങ്കിലും വിജയിക്കാനായില്ല .

തന്റെ ആശയങ്ങള്‍ക്കും മതപ്രചരണസ്വാതന്ത്ര്യത്തിനും നിരന്തരം ഭീഷണി നേരിട്ട ഹസ്സന്‍ തന്റെ നിർദ്ദേശമനുസരിക്കുന്ന ഫിദായിൻ എന്ന കൊലയാളികളുടെ സംഘത്തിന് രൂപം നല്‍കി .ഇവരെ ഹസ്സനെ പിൻതുടരുന്നവരെന്ന നിലയില്‍ ഹസ്സാസ്സിൻ എന്നു വിളിച്ചു എന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലര്‍ പറയുന്നത് വിശ്വാസം അടിസ്ഥാനമാക്കി ജീവിക്കുന്നവർ എന്നർത്ഥത്തിൽ അസ്സാസ്സിയിയൂൻ എന്ന് വിളിച്ചിരുന്നുവെന്നാണ് .ഫാത്തിമദ് ഖലീഫയായിരുന്ന അൽ അമീറാണത്രേ ഇവരെ ഹഷീഷിന്റെ അടിമകൾ എന്നർത്ഥത്തിൽ ഹഷാഷിനുകൾ എന്നു വിളിച്ചു തുടങ്ങിയത് .ഇൗ വാക്ക് യൂറോപ്പിലെത്തിയപ്പോൾ അസ്സാസ്സിൻസ് എന്നായി മാറി .

ഇവരെക്കുറിച്ച് മാർക്കോപോളോയ്ക്കും ഒരു നൂറ്റാണ്ടിന് മുമ്പ് ജീവിച്ചിരുന്ന ജൂതസഞ്ചാരിയായിരുന്ന ബെഞ്ചമിൻ (Benjamin of Tudela) ഇങ്ങനെ എഴുതുന്നു “അവർ അദ്ദേഹത്തെ വിളിക്കുന്നത് ഷേക്ക് അൽ ഹഷാഷിം എന്നാണ് ,തങ്ങളുടെ നേതാവായ അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് അവര്‍ (ഹഷാഷിൻ) മലയിറങ്ങി വരുകയും തിരിച്ചു പോവുകയും ചെയ്യുന്നു , അദ്ദേഹത്തിന്റെ വാക്കുകളില്‍ അവര്‍ വിശ്വാസമർപ്പിച്ചിരിക്കുന്നു , എല്ലായിടത്തും എല്ലാവര്‍ക്കും അവരെ ഭയമാണ്, രാജാക്കന്മാരെ പോലും കൊല ചെയ്യുന്നവരാണവർ”.

വിവിധ സംസ്കാരങ്ങളോട് ഇഴുകിച്ചേർന്ന് പ്രാദേശിക ഭാഷകൾ സംസാരിച്ച് , അന്നാട്ടിലെ ആചാരമര്യാദകളും വസ്ത്രധാരണരീതികളും സ്വീകരിച്ച് തന്റെ ഇരയെ കൊല്ലാനുള്ള കനകാവസരത്തിനുവേണ്ടി ഹഷാഷിനുകൾ കാത്തിരിക്കുമത്രേ. മിക്കപ്പോഴും അപ്രതീക്ഷിതമായി മുന്നിലെത്തി കഠാര കൊണ്ട് ഇരയെ കുത്തിക്കൊല്ലുകയാണ് പതിവ്. മൂന്നാം കുരിശുയുദ്ധത്തിൽ യൂറോപ്യന്മാരെ ജറുസലേമിൽ നിന്നും തുരത്തിയ മുസ്ലീം പടനായകനും വീരപുരുഷനുമായ സലാഹുദീൻ അയ്യൂബി പോലും ഹസ്സാസ്സിനുകളുടെ ഭീഷണിയ്ക്ക് മുന്നില്‍ മുട്ടു മടക്കുകയും സിറിയയിലെ ഹഷാഷിനുകളുടെ നേതാവായിരുന്ന റാഷിദുദീൻ സിനാനുമായി സന്ധിയാകുകയും ചെയ്തിട്ടുണ്ട് .

ഏതാണ്ട് മൂന്ന് നൂറ്റാണ്ടോളം പ്രതാപവാന്മാരായി വാണ ഹസ്സാസ്സിനുകളുടെ അന്ത്യമാകുന്നത് അലമൂദിലെ കോട്ടയ്ക്കു നേരെ മംഗോൾ ആക്രമണം ഉണ്ടാകുന്നതോടെയാണ്. ഗ്രേറ്റ് ഖാന്മാർക്ക് ഭീഷണി ഉയര്‍ത്തിയ ഹഷാഷിനുകളെ ഇല്ലായ്മ ചെയ്യാന്‍ 1256 ഡിസംബറില്‍ മംഗോൾ പട്ടാളം അലമൂദിലെത്തി. ചെങ്കിസ്ഖാന്റെ പിൻമുറക്കാരോട് പോരാടി നില്‍ക്കാന്‍ ഹഷാഷിനുകൾക്കായില്ല. മംഗോൾ പട്ടാളം കോട്ട തകർത്ത് അവിടുത്തെ വലിയ ഗ്രന്ഥശാല ചുട്ടുകരിച്ചു. നിസ്സാറികളെക്കുറിച്ചും ഹഷാഷിനുകളെക്കുറിച്ചും വെളിച്ചം നല്‍കുന്ന രേഖകള്‍ അങ്ങനെ ഇല്ലാതെയായി. 1275 ൽ കുറച്ച് കാലത്തേക്ക് കോട്ട തിരിച്ചുപിടിച്ചെങ്കിലും ഹഷാഷിനുകളുടെ പ്രതാപകാലം അസ്തമിച്ച് പോയിരുന്നു. ഹഷാഷിനുകളുടെ സിറിയയിലെ ശാഖയെ മാമ്ലൂക്ക് സുൽത്താൻ ഇല്ലായ്മ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post