ലേഖനം എഴുതിയത് – പ്രവീണ്‍ എന്‍.യു.

പഴയകാലം മുതലേ കണ്ടുവരുന്ന ഒരു രീതിയാണ് തിയേറ്ററിൽ സിനിമ കാണുമ്പൊൾ ഏറ്റവും പുറകിലെ സീറ്റുകൾ തെരഞ്ഞെടുക്കുക എന്നത്. അതിന് പല കാരണങ്ങൾ ഉണ്ടാവാം. ഒന്ന് പഴയ രീതിയിൽ സീറ്റ് ക്രമീകരിച്ചിരിക്കുന്ന വിധമാണ്. ഉയരമുള്ള ആരെങ്കിലും മുന്നിൽ വന്ന് ഇരുന്നാൽ പുറകിൽ ഉള്ളവർ പെട്ട്. അപ്പോൾ അതിനനുസരിച്ച് കൂടുതൽ കയറി ഇരുന്നാൽ പുറകിൽ നിന്ന് ഉള്ളവന്റെ തെറി കേൾക്കേണ്ടി വരും. മറ്റൊന്ന് സ്ത്രീകളുമായി സിനിമക്ക് പോകുന്ന ഫാമിലി പ്രേക്ഷകർ പല കാരണങ്ങൾ കൊണ്ട് സേഫ് ആയ ഏറ്റവും പുറകിലെ സീറ്റുകൾ തെരഞ്ഞെടുക്കുന്നു.

പിന്നെ കുറേകാലം പുറകോട്ട് പോയാൽ ഏറ്റവും മുന്നിൽ ഇരുന്നാൽ ഏതാണ്ട് മുകളിലേക്ക് നോക്കി സിനിമ കാണേണ്ട അവസ്ഥ തന്നെ ഉണ്ടായിരുന്നു. വലിയ സ്‌ക്രീൻ ഉള്ള തിയേറ്ററുകളിൽ സ്‌ക്രീൻ നമ്മുടെ കണ്ണിൽ ഒതുങ്ങുക പോലും ഇല്ലായിരുന്നു. അത്തരം സീറ്റുകൾക്ക് റേറ്റും കുറവായിരുന്നു. എന്നാൽ കാലം മാറി. സ്റ്റേഡിയം ടൈപ്പ് സിറ്റിങ് വന്നതോടെ എവിടെ ഇരുന്നാലും തടസമില്ലാതെ സ്ക്രീനിലേക്ക് കാണാം എന്ന അവസ്ഥ വന്നു. പക്ഷെ ഇതൊക്കെ മാറിയിട്ടും ഇപ്പോഴും ബുക്കിങ് പാറ്റേൺ നോക്കിയാൽ പുറകിൽ നിന്നാണ് അത് തുടങ്ങുക. അതൊക്കെ ഫിൽ ആയിട്ടാണ് പതുക്കെ മുന്നോട്ട് പോവുക.

ഇനി പറയാൻ പോകുന്നത് ഡോൾബി അറ്റ്മോസ് തിയേറ്ററുകളിലെ കാര്യമാണ്. ഇങ്ങനെ ഏറ്റവും പുറകിലെ വരികളിൽ ഇരുന്ന് സിനിമ കാണുമ്പൊൾ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് 360 ഡിഗ്രി സൗണ്ടിന്റെ ഒരു മാജിക് ആണ്. സിനിമാ ഹാളിന്റെ നീളത്തിനെ മൂന്നായി പകുത്താൽ ഏതാണ്ട് സ്‌ക്രീനിൽ നിന്നും പുറകിലേക്ക് പോകുമ്പോൾ മൂന്നാമത്തെ പകുതി തുടങ്ങുന്ന ഇടത്താകും മിക്കവാറും തിയേറ്ററുകളിൽ സറൗണ്ട് സബ് വൂഫർ വെച്ചിരിക്കുക. സ്‌ക്രീനിന്റെയും അതിന്റെയും ഇടക്ക് ഏത് റോയിൽ ഇരുന്നാലും അറ്റ്മോസ് വേറെതന്നെ ഒരു അനുഭവമാണ്. നല്ല അറ്റ്മോസ് മിക്സിങ് ഉള്ള സിനിമകളിൽ ഈ പറഞ്ഞ പൊസിഷനിൽ എവിടെ ഇരുന്ന് കണ്ടാലും ആ ഒരു സീനിന്റെ ഇടക്ക് നമ്മൾ ഇരിക്കുന്ന ഒരു ഫീൽ ആണ്.

ഏറ്റവും പുറകിലെ വരികളിൽ ഇരുന്നാൽ നിങ്ങൾ എന്തോ നടക്കുന്നതിന്റെ പുറകിൽ ഒരു ഓരത്ത് മാറിയിരിക്കുന്ന പോലെ ആയിട്ടാണ് തോന്നുക. ഏറ്റവും പുറകിലെ വരിയിൽ ഇരുന്നാൽ പറയാനുമില്ല. കാരണം നിങ്ങളുടെ പുറകിൽ ഒന്നും തന്നെ സംഭവിക്കുന്നില്ല എന്നത് തന്നെ കാരണം. ഒരുപാട് അറ്റ്മോസ് തിയേറ്ററുകളിൽ ഇരുന്ന് സിനിമ കണ്ടു നോക്കി, തിരക്കില്ലാത്ത സമയത്ത് സീറ്റ് മാറി മാറി ഇരുന്ന് ആ വ്യത്യാസം അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

ചിത്രത്തിൽ ഇടത് വശത്ത് കാണുന്നത് ഒരു അറ്റ്മോസ് തിയേറ്ററിലെ സ്പീക്കർ ലേഔട്ട് ആണ്. വലതു വശത്ത് ഒരു അറ്റ്മോസ് തിയേറ്ററിൽ ഇപ്പോഴും നടക്കുന്ന ബുക്കിംഗ് ന്റെ പാറ്റേണും. വശങ്ങളിലെ അവസ്ഥ: ഇമ്മേഴ്‌സിവ് സൗണ്ട് സിസ്റ്റത്തിൽ നിങ്ങൾ സ്‌ക്രീനിൽ കാണുന്ന സീനിന്റെ ഇടയിൽ ഇരിക്കുകയാണ് എന്ന് തോന്നണം എങ്കിൽ നമ്മളുടെ പുറകിലും ആ ശബ്ദങ്ങളുടെ സാന്നിധ്യം വേണം. പുറകിലത്തെ റോയിൽ ഇതിനുള്ള ഒരു സ്പേസ് ഇല്ല. നിങ്ങൾ ആ ബോർഡറിൽ ആണ്.

അപ്പോൾ വശങ്ങളിൽ ഇരുന്നാലും ഇടതോ വലതോ ഏതെങ്കിലും ഒരു വശം നഷ്ടമായി ഇതേ അവസ്ഥ വരില്ലേ എന്ന് സംശയം തോന്നാം. പക്ഷെ അങ്ങനെ അല്ല. കാരണം സ്‌ക്രീനിന്റെ പ്രത്യേകത കാരണം അതിന്റെ വശങ്ങളിലൂടെ ആണ് സ്ക്രീനിലേക്ക് വസ്തുക്കളും ക്യാരക്ടറുകളും ഒക്കെ എൻറ്റർ ചെയുന്നത്. അത് എക്സിറ്റ് ചെയ്യുന്നതും അങ്ങനെ തന്നെ. അപ്പോൾ വശങ്ങളിലൂടെ വളരെ കൂടുതൽ തന്നെ പലതരം ശബ്ദങ്ങൾ പാസ് ചെയ്തുപോകുന്നുണ്ട്. അതുകൊണ്ട് അവിടെ ഇരിക്കുമ്പോൾ നമ്മൾ ഒരുപാട് മാറി ഇരികുന്നപോലെ തോന്നില്ല. പുറകിൽ അതല്ല അവസ്ഥ. നമ്മൾ തീർത്തും ഈ ഒരു സീനിന്റെ ഒരു അറ്റത്താണ്. നമ്മുടെ മുന്നിൽ മാത്രമാണ് എല്ലാം സംഭവിക്കുന്നത്. അത് തന്നെ ആണ് അതിന്റെ പ്രശ്നവും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.