വെളുത്ത മരുഭൂമി ; ഇന്ത്യയിലെ മുഴുവൻ സഞ്ചാരികളുടെയും സ്വപ്ന ഭൂമി…

Total
23
Shares

വിവരണം – Sakeer Modakkalil.

ഒരിക്കൽ ബാക്കി വെച്ച ഒരു മോഹം പൂർത്തിയാക്കാൻ വേണ്ടിയുള്ള ഒരു യാത്രയാണിത്. വെളുത്ത മരുഭൂമി.. ഇന്ത്യയിലെ മുഴുവൻ സഞ്ചാരികളുടെയും സ്വപ്ന ഭൂമി… കച്ചിലെ വെളുത്ത മരുഭൂമിയെ കുറിച്ച് കേൾക്കാത്തവർ കുറവാകും. നോക്കെത്താ ദൂരത്തോളം അപ്പൂപ്പൻ താടി പോലെ,മഞ്ഞു പെയ്ത പോലെ,വെളുത്ത നിറം മാത്രമുള്ള ഭൂമി. പിന്നെ കച്ചി സംസ്കാരത്തിന്റെ ആത്മാവ് തൊട്ടറിയാൻ കുറേ കരകൗശല ഗ്രാമങ്ങളും, അവിടത്തെ ആളുകളെയും, അവരുടെ ജീവിതവും കാണണം, അറിയണം .അപ്പൊ യാത്ര തുടങ്ങാം..ല്ലേ…ഗയ്‌സ്…. ഒരു ഉച്ച തിരിഞ്ഞ സമയം.ബൈക്കും എടുത്ത് അങ്ങ് പുറപ്പെട്ടു..ചങ്ക് ലക്ഷ്മൺ സാറും കൂട്ടിനുണ്ട്. ജാംനഗറിൽ ( ഗുജറാത്ത്‌ ) നിന്നു 255 km ഉണ്ട് ബുജ്ജിലെത്താൻ.. രാത്രിയോടെ ബുജ്ജിലെത്തി അവിടെ ഉറങ്ങണം അതാണ്‌ പ്ലാൻ..

യാത്ര തുടങ്ങി അധികം കഴിഞ്ഞില്ല വണ്ടി പഞ്ചറായി. നമ്മുടെ വണ്ടിക്ക് ഇത് പതിവാണ്. ഭാഗ്യത്തിന് അടുത്തു തന്നെ പഞ്ചർ കട ഉണ്ടായിരുന്നു. അത് കൊണ്ട് ഉടൻ പഞ്ചർ അടച്ചു യാത്ര തുടർന്നു. നല്ല ചൂടും പൊടിയുമാണ്.പോരാത്തതിനു റോഡും അത്ര നല്ലതല്ല. ബൈക്കിൽ ഇത്രയും ദൂരം ഒരു യാത്ര ആദ്യമായാണ്. അതിന്റെ ഒരു സന്ദേഹം ഉണ്ട് മനസ്സിൽ. താമസിയാതെ ഗാന്ധിധാം ഹൈവേയിൽ കയറി..ഇനിയുള്ള ഡ്രൈവിംഗ് കുറച്ചു സാഹസികം ആണ്. ഗാന്ധിധാം – അഹമ്മദാബാദ് ഹൈവേ ആണ്..

ഗാന്ധിധാം പോർട്ടിൽ നിന്നു ചരക്കു കയറ്റിയ ട്രക്കുകൾ പരക്കം പായുന്നു. ഇതിനിടയിൽ നമ്മുടെ കുഞ്ഞു ബൈക്കും കൊണ്ട് വെട്ടിച്ചും ഓവർ ടേക്ക് ചെയ്തും. സംഭവം ത്രില്ലിംഗ് ആണ്.. രണ്ടു ട്രക്കുകളുടെ ഗ്യാപ്പിൽ ഒക്കെ നൂണ്ടു കയറി ഓവർ ടേക്ക് ചെയ്യുമ്പോൾ ചെറുതായി കിളി പോകും. ഇതിനിടയിൽ വണ്ടി ഒന്ന് കൂടി പഞ്ചർ ആയി.പഞ്ചർ മാത്രമല്ല ഒരു ഡിവൈഡറിൽ ഇടിച്ചു മറിയുകയും ചെയ്തു . ദേ കിടക്കുന്നു ചട്ടിയും കലവും 😀 ( ഞാനും ലക്ഷ്മണും ).. ഭാഗ്യം എണീറ്റു നോക്കിയപ്പോൾ ചട്ടിയും കലവും പൊട്ടിയിട്ടില്ല.. ഒരു പോറൽ പോലും ഏറ്റിട്ടില്ല. അധികം അന്വേഷിക്കേണ്ടി വന്നില്ല പഞ്ചർ കട മുന്നിൽ തന്നെ ഉണ്ട്. പക്ഷെ ട്യൂബ് മാറ്റേണ്ടി വന്നു .പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട് കറക്റ്റ് ആയി പഞ്ചർ കടയുടെ മുന്നിൽ വെച്ചു തന്നെ എങ്ങനെയാ ഇത് പഞ്ചർ ആകുന്നെ എന്ന് !

ബചാവ് എത്തിയപ്പോഴേക്കും വഴിയിൽ ഇരുൾ വീണു തുടങ്ങി,ചെറിയ തണുപ്പും. ഇനി ബുജ്ജിലേക്കു രണ്ടു വഴികളുണ്ട് അൻജാർ വഴി ഒന്ന്..മോർഗർ, ധുതയ് വഴി വേറൊന്ന്. ഇനിയുള്ള റൈഡിനായി രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു..ഒരു വെറൈറ്റി ഒക്കെ വേണ്ടേ…വാഹനങ്ങൾ ഉണ്ടെങ്കിലും എന്തോ ഒരു വിജനത. ചുറ്റിലും അധികം ജനവാസം ഇല്ലാത്ത പ്രദേശങ്ങൾ ആയത് കൊണ്ടാവാം ..മനസ്സിൽ നിറയെ വെളുത്ത മരുഭൂമിയെ കുറിച്ചുള്ള സ്വപ്‌നങ്ങൾ. ഓടിച്ചിട്ടും ഓടിച്ചിട്ടും എത്താത്ത പോലെ.. രാത്രി 11 മണിയോടെ ബുജ്ജിലെത്തി. കുറച്ചു തെണ്ടിത്തിരിഞ്ഞെങ്കിലും അവസാനം കുറഞ്ഞ റേറ്റിൽ റൂം കിട്ടി… അപ്പൊ ഗുഡ്‌നൈറ്റ്… രാവിലെ വെയിൽ മൂക്കുന്നതിനു മുൻപ് യാത്ര തുടങ്ങണം..

രാവിലെ 7 മണിക്ക് തന്നെ റെഡി ആയി പുറപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയാണ് കച്ച്. ആ കച്ചിന്റെ തലസ്ഥാനം ആണ്‌ ഭുജ്‌ എന്ന പട്ടണം. പോകുന്ന വഴിയിൽ ഒരു തട്ടുകടയിൽ കയറി പൂരിയും ഉരുളക്കിഴങ്ങ് കറിയും തട്ടി. രണ്ടാൾക്കും കൂടി ബില്ല് വെറും 70 രൂപ.ബുജ്ജ് പട്ടണം കഴിഞ്ഞതോടെ ആകപ്പാടെ ഒരു മാറ്റം.നല്ല റോഡ് ആണ് കച്ചിലേക്ക്. റോഡിനിരുവശവും കാറ്റാടി മരങ്ങളും മുൾച്ചെടികളും വളർന്നു നില്ക്കുന്നു.വഴിയിൽ ഒരു പുഴയും ഒരു ചെറിയ കാന്യനും കഴിഞ്ഞു പോയി..പതിയെ പതിയെ മരങ്ങളുടെ എണ്ണം കുറയാൻ തുടങ്ങി ഭൂമി കൂടുതൽ ഊഷരമാകുന്നു.

ഒരു നേർ രേഖ പോലെയാണ് റോഡ്‌. വെറുതെ ഹാൻഡ്‌ലിൽ പിടിച്ചു ഇരുന്നാൽ മതി. വല്ലപ്പോഴും പാസ്സ് ചെയ്‌തു പോകുന്ന ചില വാഹനങ്ങൾ മാത്രമേ ഉള്ളൂ. എങ്കിലും അമിത വേഗത മൂലമുള്ള അപകടങ്ങൾ ഇവിടെ പതിവാണ്.. ഒരു ബൈക്കുകാരനെ രക്ഷിക്കാൻ ശ്രമിച്ചു അപകടത്തിൽ പെട്ട ഒരു കാർ ഞങ്ങൾ വഴിയിൽ കണ്ടു. മനുഷ്യ വാസം കഠിനമായ ഭൂപ്രദേശം. കുടിവെള്ളം ഇവിടെ കിട്ടാക്കനിയാവാം. ചിലയിടങ്ങളിൽ കടൽ വെള്ളം വറ്റി വെള്ളപ്പാണ്ട് പോലെ ഉപ്പ് വട്ടത്തിൽ. വാണം വിട്ടത് പോലെ റൈഡർമാരുടെ ഒരു ടീം ഞങ്ങൾക്ക് കൈ കൊണ്ട് ചില ആംഗ്യങ്ങൾ കാണിച്ചു കടന്നു പോയി.റൈഡർമാരുടെ സിഗ്നൽ ഒന്നും അറിയാത്ത ഞാൻ അന്തം വിട്ടു നോക്കി നിന്നു.അല്ല പിന്നെ..

ആദ്യ ലക്ഷ്യം കാലോ ദുൻഗർ ( black hills ) ആണ്. ഇനിയും കുറേ ദൂരമുണ്ട് കാലോ ദുൻഗറിലേക്ക്. റൈഡ് കുറച്ചു കഠിനമാണെങ്കിലും അതൊന്നും മനസ്സിനെ ബാധിക്കുന്നില്ല.കാരണം വഴിയിൽ ഇടയ്ക്കിടെ കാണുന്ന കാഴ്ചകൾ തന്നെ. തീര്ത്തും വ്യത്യസ്തമായ ഭൂപ്രദേശം, ആളുകൾ എല്ലാം ഒരു കുട്ടിയുടെ കൗതുകത്തോടെ നോക്കി നിന്നു. കച്ച് ഉൾപ്പെടുന്ന പ്രദേശം ഒരു കാലത്ത് കടൽ ആയിരുന്നു. ഭൗമ പ്രക്രിയയുടെ ഭാഗമായി സമുദ്ര നിരപ്പിൽ നിന്നു ഉയർത്തപ്പെട്ടതാണ്.

ഇടക്കൊരു ചെറിയ ഗ്രാമത്തിൽ എത്തി. ബീരന്ദ്യരാ എന്ന കൊച്ചു ഗ്രാമം. ഇവിടെ നിന്നു ഒരു ചായ കുടിച്ചിട്ടാകാം ഇനിയുള്ള യാത്ര.ഒരു നിമിഷം ഞാൻ വഴി തെറ്റി പാകിസ്ഥാനിലെ ഏതോ ഗ്രാമത്തിൽ എത്തിയോ എന്ന് തോന്നിപ്പോയി. ചിത്രങ്ങളിലും സിനിമകളിലും നമ്മൾ കാണുന്ന പാക്കിസ്ഥാനികളെ പോലുള്ള ആൾക്കാർ..നല്ല ഉയരമുള്ള,നീണ്ട മൂക്കുള്ള വലിയ തലേക്കെട്ടുള്ള, പൈജാമയും ജുബ്ബയും ധരിച്ച ആളുകൾ.. വിഭജനം ഈ ജനതയെ രണ്ടായി വെട്ടി മുറിച്ചതാണ്….ആദ്യത്തെ കൗതുകം ഒന്ന് ശമിച്ചപ്പോൾ അവരോടൊക്കെ ഒന്ന് മിണ്ടി നോക്കി…. നല്ല സ്നേഹമുള്ള മനുഷ്യർ.. അഭിമാനിക്കാം നാം ഇന്ത്യക്കാർക്ക്‌. എല്ലാ ടൈപ്പ് ആൾക്കാരും നമ്മുടെ രാജ്യത്തുണ്ട്… ആഫ്രിക്കനും, പട്ടാണിയും, ചപ്പിയ മൂക്കുള്ള മംഗോളിയനും ഒക്കെ ഉള്ള വൈവിധ്യ ഭാരതം….

ആദ്യ ലക്ഷ്യമായ കാലോ ദുൻഗർ ആണ്‌ കച്ചിലെ ഏറ്റവും ഉയർന്ന പ്രദേശവും വെളുത്ത മരുഭൂമിയുടെ പനോരാമിക് വ്യൂ കിട്ടുന്നതുമായ ഏക സ്ഥലം. പാകിസ്ഥാൻ ബോർഡറിനടുത്താണ് കാലോ ദുൻഗർ. അതുകൊണ്ട് തന്നെ ഇതിനപ്പുറത്തേക്കു സൈനികർക്കല്ലാതെ പോകാൻ അനുമതിയില്ല . കാവ്ട മുതൽ റോഡ്‌ കുറച്ചു മോശമാണ്. ഇത് വരെ സ്ട്രൈറ്റ് റോഡായിരുന്നെങ്കിൽ ഇനിയുള്ളത് വളവുകളും തിരിവുകളും ഉള്ള, ചെറിയ കുന്നുകളിൽ കൂടി കയറിയും ഇറങ്ങിയുമുള്ള, ചെറിയ ഗ്രാമങ്ങൾക്കിടയിലൂടെ പോവുന്ന റോഡ് ആണ്‌ .വഴിയിൽ കാണുന്ന കുട്ടികൾ ഞങ്ങളെ നോക്കി കൈവീശുന്നുണ്ട്. സൗഹൃദം പങ്കു വെച്ചു ഗ്രാമീണരും.. കാലോ ദുൻഗർലേക്കുള്ള റോഡിൽ ഇടക്കാലത്തു ഭൂമിക്കു വികര്ഷണം ഉള്ളതായി കുറെ വാർത്തകൾ വന്നിരുന്നു.. നിറുത്തിയിട്ട വാഹനങ്ങൾ കയറ്റം കയറി പോകുന്നതും, ബോട്ടിലുകൾ താനേ കയറ്റം കയറുന്നതും ഒക്കെയായി. പിന്നീടുള്ള പഠനങ്ങൾ ഇതൊക്കെ വെറും തോന്നലാണെന്നു ( optical illusion ) തെളിയിച്ചു..

കാലോ ദുൻഗറിനെ ചുറ്റിപ്പറ്റി നിരവധി അപസർപ്പക കഥകൾ പ്രചാരത്തിലുണ്ട്.. ദത്താത്രേയ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഒരു കഥ.. കാലോ ദുൻഗറിലെ തീർത്ഥാടന കേന്ദ്രമാണ് ദത്താത്രേയ ക്ഷേത്രം. 400 വർഷത്തോളം പഴക്കമുണ്ട് ക്ഷേത്രത്തിനു എന്ന് കരുതുന്നു. ദത്താത്രേയൻ ഭൂമിയിൽ സഞ്ചരിക്കുമ്പോൾ കാലോ ദുൻഗറിൽ എത്തിയത്രെ. വിശന്നു വലഞ്ഞ ഒരു കൂട്ടം കുറുക്കന്മാരെയാണ് അദ്ദേഹത്തിന് അവിടെ കാണാൻ കഴിഞ്ഞത്. മനസ്സലിഞ്ഞ ദത്താത്രേയൻ സ്വന്തം ശരീരം കുറുക്കന്മാർക്കു ഭക്ഷണമായി നല്കിയത്രെ. കുറുക്കന്മാർ കഴിക്കുന്നതിനനുസരിച്ചു അദ്ദേഹം ശരീരം വീണ്ടും പഴയതു പോലെയാക്കും. ഏതായാലും ഇപ്പോഴും വൈകുന്നേരത്തെ ആരതിക്കു ശേഷമുള്ള പ്രസാദം ഇവിടുത്തെ കുറുക്കന്മാർക്കു ഉള്ളതാണ്.

ക്ഷേത്രത്തിനു അര കിലോമീറ്റർ ദൂരെയായി വേണം വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ. ഇവിടന്നങ്ങോട്ടു നടന്നു പോകാം, അല്ലെങ്കിൽ ഒട്ടകപ്പുറത്തു ഒരു സവാരിയാകാം. നല്ല ഭംഗിയായി അലങ്കരിച്ച ഒട്ടകങ്ങൾ യാത്രക്കാരെയും കൊണ്ട് തലങ്ങും വിലങ്ങും നടക്കുന്നു. ഒരു ചെറിയ കുന്നു കയറി വേണം മുകളിലെത്താൻ. ഒട്ടക പുറത്തു ഒരിക്കൽ മാത്രമേ ഞാൻ കയറിയിട്ടുള്ളൂ. അതത്ര സുഖമുള്ള പരിപാടി അല്ല എന്ന് അന്നേ ഞാൻ ഉറപ്പിച്ചതാണ്..നമുക്ക് നടന്നു പോകാം. ക്ഷേത്ര മുറ്റത്ത്‌ കൂടിയാണ് വ്യൂ പോയിന്റിലേക്കുള്ള വഴി. വ്യൂ പോയിന്റിലെ കാഴ്ച അതിമനോഹരം തന്നെ.

കണ്ണെത്താ ദൂരത്തോളം വെളുത്ത മരുഭൂമി. കടലിലേക്ക് നോക്കുന്നത് പോലെ അറ്റം കാണില്ല. ഇതിനപ്പുറം പാകിസ്ഥാൻ ആണ്‌. ഒരിക്കലെങ്കിലും പോവാൻ ആഗ്രഹമുണ്ട്.. എനിക്കേറ്റവും പ്രിയപ്പെട്ട ഹാരപ്പയും, മോഹറിൻജോദാരോയും അവിടെയാണല്ലോ.. അതിരുകളില്ലാത്ത ലോകമാണ് ഒരു സഞ്ചാരിയുടെ സ്വപ്നം..ഇന്ത്യയും പാകിസ്താനുമായി ഈ നാടിനെ വിഭജിച്ചില്ലായിരുന്നുവെങ്കിൽ എന്ന് ഒരു നിമിഷം ഓർത്തു പോയി. ബൈനോക്കുലർ കൊണ്ട് ചിലർ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. ഇതിലൂടെ നോക്കിയാൽ BSF ഔട്ട്‌ പോസ്റ്റ്‌ കാണാം, പാക്കിസ്ഥാൻ ബോർഡർ കാണാം എന്നൊക്കെ പറഞ്ഞു. രണ്ടു നാടോടി ഗായകർ അവിടെയിരുന്നു സഞ്ചാരികൾക്കായി പാടുന്നു. ഏതോ പരിചയമില്ലാത്ത വരികളും സംഗീതവും.. അവരുടെ കയ്യിലെ സംഗീതോപകരങ്ങളും പരമ്പരാഗത രീതിയിൽ ഉള്ളത് തന്നെ. അധികം സമയം ഇവിടെ ചിലവഴിക്കാനില്ല, തിരിച്ചിറങ്ങുക തന്നെ..

പല കുന്നുകളും ക്വറി മാഫിയ കൈവെച്ചു തുടങ്ങിയിട്ടുണ്ട്. വെയിലിനു ചൂട് കൂടാൻ തുടങ്ങി. കാലോ ദുൻഗറും വൈറ്റ് ടെസേര്റ്റ് ഉം കാണുക എന്നതിനപ്പുറം കച്ചിലെ പരമ്പരാഗത കരകൗശല വസ്തുക്കൾ നിർമിക്കുന്ന ഗ്രാമങ്ങൾ കാണുക, അവിടത്തെ ആളുകളെ കാണുക, അവരുടെ കര കൗശല വിദ്യകൾ അറിയുക തുടങ്ങിയ ഉദ്ദേശവും ഈ യാത്രയിലുണ്ട്.. ഇങ്ങോട്ട് വരുമ്പോൾ തന്നെ ഞാൻ അത്തരം ഒരു ബോർഡ് നോക്കി വെച്ചിരുന്നു.. കാലോ ദുൻഗറിൽ നിന്നു ഇറങ്ങി വരുമ്പോൾ ഉള്ള ആദ്യത്തെ ഗ്രാമത്തിലാണത്.

ലക്ഷ്മണിന് ഈ പരിപാടിയിൽ അത്ര താല്പര്യം ഇല്ല എന്നാലും എന്റെ നിർബന്ധത്തിനു വഴങ്ങി ഞങ്ങൾ ആ ബോർഡിൽ കണ്ട വീട് തേടി മെയിൻ റോഡിൽ നിന്നു ഗ്രാമത്തിനുള്ളിലേക്കു കടന്നു.. ഇടുങ്ങിയ തെരുവുകളിൽ ആളുകൾ അപരിചിതരായ ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ട്. ഫോട്ടോയെടുക്കാൻ വിളിച്ചപ്പോൾ കുട്ടികൾ നിന്നു തരുന്നില്ല.. അവർക്കെന്തോ പേടി പോലെ. അവസാനം ഒരു കുട്ടി ആ വീട് കാണിച്ചു തന്നു. വീടിന്റെ ഗേറ്റ് മുതൽ തന്നെ നല്ല മനോഹരമായ പെയിന്റിംഗ് ആണ്‌. വീടും നല്ല ചിത്രങ്ങൾ വരച്ചു അലങ്കരിച്ചിരിക്കുന്നു.. ലക്ഷ്മണൻ കൂടെയുള്ളത് കൊണ്ട് ഭാഷ ഒരു പ്രശ്നമല്ല. ഞങ്ങൾ ചെല്ലുമ്പോൾ ഗൃഹനാഥൻ ഉറങ്ങുകയായിരുന്നു. പുള്ളിയെ പിന്നീട് നിരാശനാക്കണ്ട എന്ന് കരുതി ആദ്യമേ ഞാൻ പറഞ്ഞു ഞങ്ങൾ വന്നത് ഇതൊക്കെ കാണുവാൻ വേണ്ടി മാത്രമാണെന്നും നിങ്ങളോട് സംസാരിക്കാൻ വേണ്ടിയാണെന്നും. അല്ലെങ്കിൽ നമ്മൾ വാങ്ങിക്കുവാൻ വന്നതാണെന്ന് കരുതി ആ പാവം പിന്നീട് നിരാശനാവും. പക്ഷെ അദ്ദേഹം നല്ലൊരു മനുഷ്യനാണ്. അതിനെന്താ മക്കളെ എല്ലാം കണ്ടോളൂ എന്ന് പറഞ്ഞു.

ചെറിയ ബാഗുകൾ, കളിപ്പാട്ടങ്ങൾ പോലുള്ള നിരവധി രൂപങ്ങൾ,എംബ്രോയിഡറി വർക്കുകൾ തുടങ്ങി അദ്ദേഹത്തിന്റെ കരകൗശല വസ്തുക്കൾ ഒക്കെ കാണിച്ചു തന്നു. എങ്കിലും എനിക്ക് ചെറിയ നിരാശ ഉണ്ട് ഇതൊക്കെ ഉണ്ടാക്കുന്നത് കാണാൻ ആണ്‌ ഞാൻ വന്നിരിക്കുന്നത്. ഇതൊക്കെ ഉണ്ടാക്കി വെച്ചവ മാത്രമാണ്. പക്ഷെ അദ്ദേഹത്തിൽ നിന്നു ഒരു പാട് അറിവ് കിട്ടി.

ഒരു കോംബൗണ്ടിനുള്ളിൽ രണ്ടു മൂന്നു കെട്ടിടങ്ങൾ ആയാണ് അദ്ദേഹത്തിന്റെ വീട് ഒരു നടുമുറ്റവും.. ഒരു വീട് ഓടിട്ടതാണ് വേറൊന്ന് വട്ടത്തിൽ പരമ്പരാഗത രീതിയിൽ ഓലമേഞ്ഞതു. അത്തരം വീടുകൾ മാത്രമാണ് ഭൂകമ്പത്തെ അതിജീവിച്ചതെന്നു അദ്ദേഹം പറഞ്ഞു. കച്ചിലെ ആളുകൾ പ്രത്യേകിച്ച് സ്ത്രീകൾ വളരെ കളർഫുൾ ആയ വസ്ത്രം ധരിക്കുന്നതിന്റെ രഹസ്യവും അദ്ദേഹം പറഞ്ഞു തന്നു.. ഈ മരുപ്രദേശത്തു ദൂരെ നിന്നെ ആളുകളെ തിരിച്ചറിയാനും പെട്ടെന്ന് കണ്ടെത്താനുമാണത്രെ.. തുകൽ കൊണ്ടുള്ള വെള്ളം എടുക്കുന്ന പരമ്പരാഗത ബോട്ടിലും അദ്ദേഹം എനിക്ക് കാണിച്ചു തന്നു.. അപ്പോഴാണ് അദ്ദേഹത്തിന്റെ മകൾ അങ്ങോട്ട്‌ വന്നത്. നല്ല കളർ ഫുൾ ഡ്രെസ്സിട്ട ഒരു കൊച്ചു സുന്ദരിയാണവൾ, ഭയങ്കര നാണക്കാരിയും എങ്കിലും ഞാൻ നിർബന്ധിച്ചപ്പോൾ ഒരു ഫോട്ടോ എടുക്കാൻ സമ്മതിച്ചു..ഞങ്ങളെ കൊണ്ട് ഒരു സാമ്പത്തിക നേട്ടവും ഉണ്ടാകില്ല എന്നറിഞ്ഞിട്ടും ഞങ്ങളെ സൽക്കരിച് എല്ലാം പറഞ്ഞു തന്ന ആ മനുഷ്യനോടുള്ള കടപ്പാടുമായി അവിടെ നിന്നിറങ്ങി..

ഈ പ്രദേശത്തെ നിരവധി കരകൗശല ഗ്രാമങ്ങളുടെ പേരടങ്ങിയ ലിസ്റ്റ് എന്റെ കയ്യിൽ ഉണ്ടെങ്കിലും അതിലെ പേരുകൾ ഓരോന്നോരോന്നായി വെട്ടിക്കൊണ്ടിരിക്കേണ്ട അവസ്ഥയാണ്.. പലയിടത്തും സന്ദർശകരെ അവർ സ്വാഗതം ചെയ്യില്ല. അല്ലെങ്കിൽ നിങ്ങൾ വല്ലതും വാങ്ങാനോ പണം കൊടുക്കാനോ തയ്യാറാവണം.. ചിലയിടത്തു ഉണ്ടാക്കുന്നത് വീടുകളിലും വിൽപ്പന നടത്താൻ അവർക്കു സർക്കാർ അനുവദിച്ച ചെറിയ കുടിലുകളും ഉണ്ട്. അത്തരം നിരവധി സ്ഥലങ്ങൾ വഴിയിൽ കാണാം. പക്ഷെ എനിക്ക് വേണ്ടത് അതല്ല ഇതൊക്കെ എങ്ങനെ ഉണ്ടാക്കുന്നു എന്ന് നേരിട്ട് കാണുകയാണ്.

കാവ്ടായിൽ അടുത്തുള്ള ചില ഗ്രാമങ്ങളെ കുറിച്ചു അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം..അന്വേഷണത്തിനൊടുവിൽ ഗാന്ധിനു ഗാവ് എന്ന സ്ഥലത്തെ കുറിച്ച് കേട്ടു . കാവ്ഡാ കഴിഞ്ഞ ശേഷം ( കാലോ ദുൻഗറിൽ നിന്നു വരുമ്പോൾ ) ഇടത്തോട്ട് ഒരു രണ്ടു കിലോമീറ്റർ പോകണം ഇവിടേയ്ക്ക്, പക്കാ ഗ്രാമ പ്രദേശം.. ഒടുവിൽ ആ ഗ്രാമത്തിലെത്തി. ഭൂകമ്പത്തിനു ശേഷം സർക്കാർ അനുവദിച്ചു നൽകിയ ഒരു പദ്ധതിയുടെ ഭാഗമാണിത് . ഞങ്ങളെ പോലെ നിരവധി സഞ്ചാരികൾ ഉണ്ടവിടെ.. നല്ല പൈന്റിങ്‌സ് ചെയ്ത കുറെ വീടുകൾ. കച്ചി വേഷം ധരിച്ച ആളുകളും. വീടുകളിൽ വെച്ചു ഉണ്ടാക്കുകയാണ്, ആവശ്യക്കാർക്ക് വാങ്ങാം. ഫോട്ടോഗ്രഫി അനുവദിക്കില്ല. വീണ്ടും നിരാശ തന്നെ. മാത്രവുമല്ല ആ ആളുകൾ അത്ര ഫ്രണ്ട്‌ലി ആയി തോന്നിയില്ല.. പക്ഷെ ഞാൻ വിടാൻ ഭാവമില്ല എവിടെയെങ്കിലും ഇതൊക്കെ ഉണ്ടാക്കുന്നത് കണ്ടിട്ടേ പോകൂ എന്ന് ലക്ഷ്മണിനോട് ഉറപ്പിച്ചു പറഞ്ഞു.

കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ ഞങ്ങൾ വേറൊരു ഹാൻഡി ക്രാഫ്റ്റ് വില്ലേജിൽ എത്തി. അതൊരു ഗവണ്മെന്റ് സ്ഥാപനം ആണ്‌. പല കരകൗശല വസ്തുക്കളുടെയും പ്രദർശനവും വിൽപനയും ഉണ്ട് . പക്ഷെ അവിടെ ഞങ്ങളെ ആകർഷിച്ചത് അതൊന്നുമല്ല. അവധി ദിവസമായിട്ടും കുറെ കുട്ടികൾ അവിടെ ഇരുന്നു പഠിക്കുന്നു. രണ്ടു ക്ലാസുകൾ ആയി കുറച്ചു കുട്ടികളും രണ്ടു ടീച്ചർമാരും.. ഏതായാലും അതിന്റെ ചുമതലക്കാരായ ഹനീഫ് ഭായിയും അഷ്‌റഫ്‌ ഭായിയും ഞങ്ങൾക്ക് എല്ലാം വിശദീകരിച്ചു തന്നു.. ഈ കുട്ടികൾ ഗുജറാത്തി മീഡിയം സ്കൂളിൽ ആണ്‌ പഠിക്കുന്നത്. അതിനാൽ കുട്ടികൾക്ക് അത് ഫോളോ ചെയ്യാൻ വലിയ വിഷമം ഉണ്ട്. അതിനാൽ കച്ചി ഭാഷയും ഗുജറാത്തി ഭാഷയും അറിയുന്ന ഈ അധ്യാപികമാർ കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ്സ്‌ എടുത്ത് കൊടുക്കുകയാണ്.. കച്ചി ഒരു സംസാര ഭാഷ മാത്രമാണ് ( dialect ).. കച്ചിലെ ജീവിതത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചുമൊക്കെ ഹനീഫ് ബായ് ഞങ്ങൾക്ക് വിശദീകരിച്ചു തന്നു.

ഇതിനിടയിൽ ഒരു ചെറിയ അബദ്ധം പറ്റിയിട്ടുണ്ട്. അതായതു കാവ്ടാ കഴിഞ്ഞപ്പോൾ തന്നെ വൈറ്റ് ടെസേര്റ്റ് ലേക്ക് വലത്തോട്ട് തിരിഞ്ഞു പോകാൻ ഉള്ള റോഡുണ്ട്. അത് മിസ്സായി ഇപ്പൊ ബീരാന്ദ്യരാ എത്തിയിരിക്കുകയാണ്. ഇവിടെ നിന്നും നല്ല റോഡ്‌ തന്നെ. പക്ഷെ കുറച്ചു ദൂരം വെറുതെ ഓടി അത്രേ ഉള്ളൂ. 30 km ഓടിയാലേ white desert എത്തൂ. പോകുന്ന വഴി മുഴുവൻ റാൻ ഉത്സവത്തിന്റെ ബോർഡുകൾ കാണാം ധാരാളം റിസോർട്ടുകളും താത്കാലിക ടെന്റുകളും ഒക്കെയുണ്ട്. അവസാനം വൈറ്റ് ടെസേര്റ്റ് എത്തി. മൊത്തത്തിൽ ഒരു ഉത്സവ പ്രതീതി തന്നെ.. കച്ചി കരകൗശല ഉൽപ്പന്നങ്ങളുടെയും ഭക്ഷണ സാധനങ്ങളുടെയും ഒക്കെ നിരവധി സ്റ്റാളുകൾ.. നിരവധി ടെന്റുകൾ സഞ്ചാരികളെ കാത്തു ഒരുക്കിയിരിക്കുന്നു. തൊട്ടടുത്തു BSF കാരുടെ വക ഒട്ടക അഭ്യാസ പ്രകടനങ്ങൾ.

ഉപ്പ് മരുഭൂമിയിലേക്ക് കടക്കുന്നതിന് മുൻപ് ഇന്നർലൈൻ പെർമിറ്റ്‌ എടുക്കണം.. Id കാർഡും ചെറിയ ഫീസും നൽകി പെർമിഷൻ വാങ്ങി. കുറച്ചു സമയം ആ ഉപ്പിൽ ഉരുണ്ടു കളിച്ചും ഉപ്പ് വാരി മുകളിലെറിഞ്ഞും ഒക്കെ സമയം പോയതറിഞ്ഞില്ല. ഫോട്ടോ എടുക്കാൻ നല്ല രസമാണ്. മുകളിൽ കത്തി നിൽക്കുന്ന സൂര്യൻ, താഴെ കര കാണാ ദൂരത്തിൽ ഉപ്പ് മരുഭൂമി.. അധിക സമയം നിൽക്കാനാവില്ല അവിടെ തൊണ്ട വരളും.

പലരും കരുതുന്നത് പോലെ ഇതൊരു വേലിയേറ്റ വേലിയിറക്ക പ്രതിഭാസം അല്ല. വേനൽക്കാലത്തും മഴക്കാലത്തും ഇവിടേയ്ക്ക് കയറുന്ന കടൽ വെള്ളം തണുപ്പു കാലത്താണ് ഉപ്പുറഞ്ഞു വെളുത്ത മരുഭൂമിയായി മാറുന്നത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്തെ ഈ പ്രതിഭാസം കാണാൻ സാധിക്കൂ.. അതിൽ തന്നെ പൗർണമി നാളുകളിൽ രാത്രിയിൽ പൂർണ ചന്ദ്രന് താഴെ തിളങ്ങുന്ന മരുഭൂമിയാണ് ഏറ്റവും ആകർഷകം.. അത്തരം ദിവസങ്ങളിൽ ഇവിടെ സഞ്ചാരികളുടെ തിരക്ക് കൂടും. അധികം വൈകുന്നതിന് മുൻപ് തിരിച്ചു ബുജ്ജിൽ എത്തണം എന്നത് കൊണ്ട് അവിടെ നിന്നു പോന്നു.. ഇന്നും ബുജ്ജിൽ താമസിച്ചു രാവിലെ തിരിച്ചു പോകാം.

രാവിലത്തെ ആദ്യ ലക്ഷ്യം ഭുജിയോ ഹിൽസ് ആണ്‌. കഴിഞ്ഞ യാത്രയിൽ പോകാൻ പറ്റാതെ മിസ്സ്‌ ആയതായിരുന്നു ഭുജിയോ ഹിൽസ് ഭുജ്ജ് പട്ടണത്തിൽ തന്നെയാണ് ഭുജിയോ.. മുകളിലേക്കുള്ള വഴിയന്വേഷിച്ചു ഞങ്ങൾ കുന്നിനെ ഒന്ന് വലം വെച്ചു.. ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ ഓർമക്കായി അവിടെ സ്മാരകങ്ങൾ നിർമിക്കുന്നുണ്ട് . അതിനു കുറച്ചപ്പുറത്തു തന്നെയുള്ള ഒരു ക്ഷേത്രത്തിനടുത് കൂടെയാണ് ശരിക്കുള്ള വഴി. ഒരു തകർന്ന കോട്ടയാണ് ഇവിടുള്ളത് . ചിത്ര കഥകളിൽ വായിക്കുന്ന പോലുള്ള കോട്ട.. പലയിടത്തും തകർന്നിരിക്കുന്നു. എങ്കിലും പ്രതാപ കാലത്തിന്റെ ചില തെളിവുകൾ അവിടവിടെ കാണാം. സ്വകാര്യത തേടി വന്ന കാമുകീ കാമുകന്മാർ, വിവാഹ ആൽബം എടുക്കാൻ വന്ന ചിലർ ഒക്കെയാണ് ആകെയുള്ളത്.. ഒരു തകർച്ചയുടെ വക്കിലായതു കൊണ്ട് തന്നെ കോട്ടമതിലിനു മുകളിലൂടെ നടക്കുന്നതൊക്കെ സൂക്ഷിച്ചു വേണം. ഏതു നിമിഷവും നിലം പൊത്താം. അല്പം സാഹസികത ഇഷ്ടമുള്ളവർക്ക് അള്ളിപ്പിടിച്ചു കേറാൻ ഉള്ള സഥലങ്ങളും ഉണ്ട്.

ഭുജിയോ ഹില്ലിൽ നിന്നിറങ്ങി ജാംനഗറിലേക്ക് വെച്ചു പിടിക്കുന്നതിനിടയിൽ ആണ്‌ അജ്‌റാഖ്‌പുർ എന്ന ഗ്രാമത്തിലെത്തുന്നത്.. എന്റെ ലിസ്റ്റിൽ പെട്ട ഗ്രാമമാണിത്. അജ്‌റാഖ് ബ്ലോക്ക്‌ പ്രിന്റിങ്ങിൽ തലതൊട്ടപ്പനായ Dr ഇസ്മായിൽ മുഹമ്മദ്‌ ഖത്രിയുടെ ഗ്രാമം. അദ്ദേഹത്തെ ഒന്ന് കാണുവാനും, സംസാരിക്കുവാനും അജ്‌റാഖ് ബ്ലോക്ക് പ്രിന്റിങ്ങിനെ ( വസ്ത്രങ്ങളിലെ പ്രിന്റിംഗ് ) കുറിച്ചറിയാനും ഒരു പാട് മോഹങ്ങളോടെ ഞങ്ങൾ അവിടെയെത്തി. അദ്ദേഹം നാട്ടുക്കാർക്കൊക്കെ സുപരിചിതനായതിനാൽ അദ്ദേഹത്തിന്റെ ഓഫീസ് കണ്ടെത്താൻ വലിയ ബുദ്ധിമുട്ടില്ല. അദ്ദേഹത്തിന്റെ ബന്ധുക്കളിൽ ആരോ ആണ്‌ ഞങ്ങളെ സ്വീകരിച്ചത് ഞങ്ങൾ ചെല്ലുമ്പോൾ അവിടെ അദ്ദേഹത്തെ കുറിച്ചുള്ള ഒരു വീഡിയോ വലിയ Tv യിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവചരിത്രവും അജ്‌റാഖ് ബ്ലോക്ക്‌ പ്രിന്റിങ്ങിന്റെ പ്രത്യേകതയും ഒക്കെ ആണ്‌ കാണിക്കുന്നത്. വിദേശികൾ അടക്കമുള്ളവർ ഉണ്ട് കാഴ്ചക്കാരായി. അദ്ദേഹത്തിന് ഡോക്ടറേറ്റ് കിട്ടിയ കഥ രസകരമാണ്. ഡി മോൻട്ഫോർട്ട്‌ യൂണിവേഴ്സിറ്റിയിൽ നിന്നു മുൻപൊരു പെൺകുട്ടി അജ്‌റാഖ് ബ്ലോക്ക്‌ പ്രിന്റിങ്ങിനെ കുറിച്ച് ഗവേഷണം നടത്താൻ ഇവിടെ വന്നു. ഇസ്മായിൽ മുഹമ്മദ്‌ ഖത്രി ആണ്‌ ആ പെൺകുട്ടിക്ക് ഗവേഷണത്തിനാവശ്യമായ മുഴുവൻ വിവരവും നൽകിയത്. ഇതിന്റെ പ്രതിഫലം ആയാണ് ഡി മോൻട്ഫോർട്ട്‌ യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിച്ചിരിക്കുന്നത്. ബ്ലോക്ക്‌ പ്രിന്റിങ്ങിനു വേണ്ടി പ്രകൃതി ദത്തമായ കളറുകൾ മാത്രമാണ് അദ്ദേഹം ഉപയോഗിക്കുന്നത്.. പ്രിന്റ് ചെയ്യാൻ മരത്തിൽ വേണ്ട ഡിസൈൻ കൊത്തിയെടുക്കുകയാണ്.. ഓരോ ഡിസൈനിനും അതിന്റെതായ ചരിത്രവും പ്രത്യേകതകളും ഉണ്ട്.

പ്രിന്റ് ചെയ്ത വസ്ത്രങ്ങൾ അവിടെ തന്നെ വിൽപ്പനക്ക് വെച്ചിട്ടുണ്ട്.. പക്ഷെ നമ്മുടെ പ്രശ്നം ഇതൊന്നുമല്ലല്ലോ. ഇസ്മായിൽ മുഹമ്മദ്‌ കത്രിയെ കാണണം, അജ്‌റക് ബ്ലോക്ക്‌ പ്രിന്റിംഗ് ചെയ്യുന്നത് നേരിട്ട് കാണണം.. അദ്ദേഹത്തെ കാണാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ അവിടെയുള്ളവർ ഞങ്ങളെ തീർത്തും നിരാശരാക്കുന്ന മറുപടി ആണ്‌ തന്നത്. അദ്ദേഹം ഇപ്പൊൾ വീട്ടിലാണെന്നും മുൻകൂട്ടി അനുമതി വാങ്ങിയാലേ കാണാൻ പറ്റൂ എന്നും.. സാരമില്ല അജ്‌റക് പ്രിന്റിംഗ് നടത്തുന്ന പണിസ്ഥലം ( workshop ) കാണാൻ പറ്റുമോ എന്ന് ചോദിച്ചു. അതിനവർ സമ്മതം തന്നു.. ഗ്രാമത്തിന്റെ വേറൊരു ഭാഗത്താണ് ഈ പണിസ്ഥലം. ഞങ്ങൾ അവിടെയെത്തുമ്പോൾ കുറെ ആളുകൾ തുണി ഡൈ ചെയ്യുകയാണ്.

രാവിലെ തൊട്ട് വൈകുന്നേരം വരെ നിറങ്ങൾ കലക്കിയ വെള്ളത്തിൽ നിൽക്കുന്നവർ.. നീലഛായത്തിൽ വീണ കുറുക്കനെ പോലുണ്ട് ചിലർ. ഒരു വലിയ ഹാളിൽ വിരിച്ചു വെച്ച തുണികളിൽ ബ്ലോക്ക്‌ പ്രിന്റിംഗ് ചെയ്യുന്നതും കണ്ടു.. അവിടെയുള്ള ആളുകളോടും ഞങ്ങൾ അന്വേഷിച്ചു ഇസ്മായിൽ മുഹമ്മദ്‌ കത്രിയെ ഒന്ന് കാണാമോ എന്ന്. നിരാശയായിരുന്നു ഫലം.. എന്റെ ഈ ചെറിയ ചൂണ്ടയിൽ കുടുങ്ങുന്ന മീനല്ല അദ്ദേഹം. ഒരു കൊമ്പൻ സ്രാവാണ് അത് എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ..ഒരു പക്ഷെ ഒരു ഡോക്യൂമെന്ററി ചെയ്യാനുള്ള സെറ്റപ്പ് കൊണ്ടൊക്കെ ചെന്നിരുന്നെങ്കിൽ നടന്നേനെ.. അന്ന് രാത്രിയോടെ ജാംനഗറിൽ തിരിച്ചെത്തി.

കുറെ പ്ലാനിങ്ങും കുറെ പ്ലാനിങ് ഇല്ലായ്മയുടെയും ഗുണവും ദോഷവും അനുഭവിച്ച യാത്രയായിരുന്നു.. ഞാൻ കരുതിയിരുന്നത് പോലെ എളുപ്പമായിരുന്നില്ല കരകൗശല ഗ്രാമങ്ങളിൽ ചെന്ന് അവരോടു സംസാരിച്ചു അവർ എങ്ങനെയാണ് ഇതൊക്കെ ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കൽ..എങ്കിലും അനുഭവങ്ങളും പാളിച്ചകളും അടുത്ത യാത്രക്ക് കരുത്താവും.

Travel tips : നവംബർ 1 മുതൽ ഫെബ്രുവരി 20 വരെയാണ് വൈറ്റ് ടെസേര്റ്റ് സീസൺ. ( rann utsav ). ഭുജ്‌ വരെ ധാരാളം യാത്ര സൗകര്യങ്ങൾ ഉണ്ടെങ്കിലും അവിടുന്നങ്ങോട്ട് പലപ്പോഴും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരും.. കാവ്ഡാ, ബീരാന്ദ്യരാ വരെയൊക്കെ GSRTC ബസ്‌ ലഭിക്കും. പ്രധാന കരകൗശല ഗ്രാമങ്ങൾ – ബുജോഡി, അജ്‌റാഖ്‌പുർ, കുക്മ, ലുധിയാ, കാവ്ഡാ, ഹോഡ്‌ക, ഡോർഡോ, ഗാന്ധി നു ഗാവ്, സമ്രസർ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post