ലേഖകൻ – പ്രകാശ് നായർ മേലില.

പ്രധാനമന്ത്രി എവിടെപ്പോയാലും SPG കമാൻഡോകൾ അദ്ദേഹത്തിന് കനത്ത സുരക്ഷയാണൊരുക്കുന്നത്. ഒരു പിഴവും അക്കാര്യത്തിൽ വരുത്താറില്ല. എന്നാൽ ഈ സുരക്ഷാഭടന്മാർ രാത്രിയും പകലുമെല്ലാം കറുത്ത കണ്ണടയാണ് ധരിക്കാറുള്ളത്. ഇതെന്തുകൊണ്ടാണ് ? കാരണങ്ങൾ ഒന്നല്ല പലതാണ്.

ഒന്ന്. അവർക്കു നൽകുന്ന പ്രത്യേക ട്രെയിനിങ്ങിൽ കണ്ണിനു വലിയ പ്രാധാന്യമാണുള്ളത്. ഒരു വ്യക്തിയെ വീക്ഷിക്കുമ്പോൾ അയാളുടെ ശരീരഭാഷയും അയാളുടെ അടുത്ത നീക്കം വരെയും ഗ്രഹിക്കാൻ ഇവർക്ക് ഞൊടിയിടയിൽ കഴിയും. അയാളുടെ കണ്ണുകളിലൂടെ ആ വ്യക്തി അറിയാതെ അയാളുടെ മനസ്സുവരെ വായിക്കാൻ കഴിയുമത്രേ. എന്നാൽ കറുത്ത കണ്ണട മൂലം ആ വ്യക്തിയുടെ ഇതേ രീതിയിലുള്ള നിരീക്ഷണം തടയാനും കഴിയുന്നു.

രണ്ട്. സുരക്ഷയുടെ ഭാഗമായി കമാൻഡോകൾ കറുത്ത കണ്ണട ധരിക്കുന്നതു മൂലം അവർ ആരെയൊക്കെ ശ്രദ്ധിക്കുന്നു എന്നത് മറ്റുള്ളവർക്കു മനസ്സിലാക്കാൻ കഴിയുകയില്ല എന്നതാണ്. മൂന്ന്. അപകടം, വെടിവെപ്പ് ,സ്‌ഫോടനം, ആൾത്തിരക്ക്, വാഹനങ്ങൾ,ഹെലികോപ്റ്റർ ഇവയിൽ നിന്നൊക്കെ ഉണ്ടാകുന്ന പൊടിപടലങ്ങളിൽ നിന്ന് ഒഴിവായി കണ്ണുകളെ സംരക്ഷിച്ചുകൊണ്ട് കൃത്യമായ സുരക്ഷയൊരുക്കാനും കറുത്ത കണ്ണടകൾ മൂലം ഇവർക്ക് കഴിയുന്നു.

നാല്. പകൽ വെയിലിൽ നിന്ന് മുറിയിലേക്ക് കയറുന്പോൾ പെട്ടെന്ന് കണ്ണുകാണാൻ കഴിയാത്ത അവസ്ഥ എല്ലാവർക്കുമുണ്ടാകാറുണ്ട്. സുരക്ഷാഭടന്മാർക്കു ഇങ്ങനെയുള്ള അവസരങ്ങൾ അനവധിയാണ് ഉണ്ടാകുന്നത്. തൊഴിവാക്കാൻ പൂർണ്ണമായും കറുത്ത കണ്ണടക്കു കഴിയുന്നു. കൂടാതെ ഫ്‌ളാഷ് ലൈറ്ററുകൾ, ഫ്ളഡ് ലൈറ്റുകൾ തുടങ്ങിയവ മൂലം പലപ്പോഴും കണ്ണ് മങ്ങിപ്പോകുന്ന അവസ്ഥ സംജാതവുമാകാറുണ്ട്. ഇതും കറുത്ത കണ്ണടമൂലം ഒഴിവാകുന്നു എന്നതാണ് പ്രത്യേകത. ഈ കാരണങ്ങൾ കൊണ്ടാണ് പ്രധാനമന്ത്രിയുടെയും മറ്റു VVIP കളുടെയും സുരക്ഷയൊരുക്കുന്ന കമാൻഡോകൾ കണ്ണുകളിൽ കറുത്ത കണ്ണട ധരിക്കുന്നത്.

നിലവിൽ മൂന്ന് തലത്തിലുള്ള സുരക്ഷയാണ് പ്രധാനമന്ത്രിക്ക് ഒരുക്കുന്നത്. ഒന്നാം നിരയിൽ എസ്.പി.ജി ( സ്പെഷ്യൽ പ്രോട്ടക്ഷൻ ഗ്രൂപ്പ്)ലെ കൗണ്ടർ അസാൾട്ട് ടീമിന്റെ കനത്ത സുരക്ഷാ വലയമാണ് പ്രധാനമന്ത്രിക്ക് ചുറ്റും. അത്യാധുനിക ആയുധങ്ങളാണ് കമാൻഡോസിന്റെ പക്കലുള്ളത്. ഉന്നത നിലവാരത്തിലുള്ള പരിശീലനം പൂർത്തിയാക്കിവരാണ് കമാൻഡോകൾ. പൊതു ജനങ്ങളുമായോ മാധ്യമങ്ങളുമായോ ഒരു തരത്തിലുള്ള സമ്പർക്കവും ഇവർക്കുണ്ടാവില്ല. രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് ഇവരുടെ ഓരോ ചലനങ്ങളും.ഒന്നിലധികം ആയുധങ്ങൾ ഇവരുടെ പക്കലുണ്ടാവും.ഇവരുടെ എണ്ണത്തിൽ ഇനി മുതൽ വർധന ഉണ്ടാകും.

രണ്ടാം നിര സുരക്ഷ ഒരുക്കുന്നതും എസ്.പി.ജി ( സ്പെഷ്യൽ പ്രോട്ടക്ഷൻ ഗ്രൂപ്പ്) തന്നെയാണ്.പ്രധാനമന്ത്രി പൊതു പരിപാടികളിൽ പങ്കെടുക്കുമ്പോൾ ഇവരുടെ കർശന സുരക്ഷാ വലയത്തിലായിരിക്കും. ചുറ്റുവട്ടത്തുള്ളവരുടെ ചെറിയ ചലനങ്ങൾ പോലും ഇവർ അതിവേഗം തിരിച്ചറിയും. മൂന്നാം നിര സുരക്ഷ ഒരുക്കുന്നത് പാരാമിലിട്ടറി ഫോഴ്സും അതാത് സംസ്ഥാനങ്ങളിലെ പോലീസ് സംവിധാനവുമാണ്. സംസ്ഥാന പോലീസ് മേധാവിക്കാണ് ഇതിന്റെ ചുമതല.600 മുതൽ 1000 വരെ ഉദ്യോഗസ്ഥർ ഇതിലുണ്ടാവും. ഇതിന് പുറമേ കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് തുടങ്ങി അമ്പതോളം ആൾക്കാർ വേറെയും ഉണ്ടാകും. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹന വ്യൂഹവും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ളതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.