വിവരണം – ഗീതു മോഹൻദാസ്.
ലഡാക് ഏതൊരു സഞ്ചാരിയുടെയും സ്വപ്നഭൂമിയാണ് , ബൈക്കിൽ ലോകം ചുറ്റാൻ ആഗ്രഹിക്കുന്ന ഏതൊരു റൈഡറിന്റെയും മനസ്സിൽ ആദ്യം എത്തുന്ന സ്ഥലം ചിലപ്പോൾ ലഡാക്ആകാം . ഒരിക്കൽ പോയവർ വീണ്ടും വീണ്ടും പോകാൻ കൊതിക്കുന്ന ഒരു മാസ്മരിക സൗന്ദര്യം ആണ് അവിടെ. പോയി വരുന്നവർക്ക് പറയാനായി ആയിരമായിരം കഥകൾ കാണും… ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹനം ഓടിക്കാൻ കഴിയുന്ന റോഡ് ആയ കർദുങ് ല പാസും, പിന്നെ ചാങ്ലാ പാസും കയറി ഇറങ്ങുന്നത് സ്വപ്നം കാണാത്ത സഞ്ചാരികൾ കുറവായിരിക്കും. തെളിഞ്ഞ നീലാകാശവും, ഹിമാലയൻ മലനിരകളും, മഞ്ഞുമൂടിയ വഴിപാതകളും ഓരോ സഞ്ചാരികളും നൽകുന്ന അനുഭവം ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല.
പക്ഷെ, ഇന്ന് ഞാൻ പറയാൻ പോകുന്നത് ലഡാക് എന്ന മനോഹരമായ സ്ഥലത്തെ രണ്ടുമൂന്നു മാസം റൈഡേഴ്സിൽനിന്നും മറ്റു സ്ഥലങ്ങളിൽ നിന്നെല്ലാം അകറ്റിനിറയ്ത്തുന്ന മഞ്ഞുകാലത്തെ പറ്റിയാണ്. 0 ഡിഗ്രിക്കുതാഴെക്കു പോകുന്ന താപനില, എവിടെയും മഞ്ഞിന്റെ ധവളവർണ്ണം, സൂര്യപ്രകാശം മഞ്ഞിൽത്തട്ടി പ്രതിഫലിച്ചു ചുറ്റും തെളിഞ്ഞ അന്തരീക്ഷം . എപ്പോളും തഴുകി തലോടിപ്പോകുന്ന ശീതക്കാറ്റ്, വീടിനകത്തെ ചിമ്മിനി യോടുചേർന്നു വേനൽക്കാലത്തു കരുതിവച്ച ധാന്യങ്ങളും, ഉണക്കി സൂക്ഷിച്ച പച്ചക്കയുമായി ഒരു ജനത, ഈ അതിശൈത്യത്തെ നേരിടാൻ ലഡാക്കി ജനത എന്നേ പഠിച്ചു കഴിഞ്ഞു, വേനൽ കാലത്തെ ജീവിതരീതിയിൽ നിന്നും തീർത്തും വ്യത്യസ്‍തമായ ജീവിതരീതിയുടെ കടന്നുപോകുന്നവർ.
ലഡാക്കിലേക്കെത്താനുള്ള എല്ലാ വഴികളിലും പൂർണമായും മഞ്ഞുവീണടഞ്ഞ നിലയിലാണ് ഈ മഞ്ഞു കാലം എന്നിട്ടും എന്താകും ഈ മഞ്ഞുകാലവും ലഡാക്കിനെ സഞ്ചാരികളുടെ പറുദീസ ആക്കാനുള്ള കാരണം? ആ കഥ ഇവിടെ തുടങ്ങാം. വേനലിൽ നിറഞ്ഞൊഴുകുന്നൊരു നദി , അത് ശിശിരത്തിൽ ഉറഞ്ഞു നിശ്ചലമാകുന്നു . പുഴയോടൊപ്പം അതിനോട് ചേർന്നുള്ള വെള്ളച്ചാട്ടങ്ങളും ഉറയുന്നു, , വെള്ളം കുത്തിയൊഴുകി നിന്ന അതെ അവസ്ഥയിൽത്തന്നെ , സമയവും കാലവും ഒക്കെ നിശ്ചലമായപോലെ നമ്മുടെ കണ്മുന്നിൽ ഇങ്ങനെ നിൽക്കുംപോലെ ! എങ്ങിനെ ഉണ്ടാകും ? സങ്കൽപം അല്ല , ഇന്ത്യയുടെ അങ്ങ് വടക്കേയറ്റത്തു ഹിമാലയങ്ങളിലൂടെ ഒഴുകുന്ന സങ്സ്കാർ എന്ന നദിയുടെ കാര്യമാണ് പറഞ്ഞു വന്നത് . ശിഥിലമായ നദിയിൽ മഞ്ഞു പാളികളിലൂടെ നടന്നു ആണ് സങ്സ്കാരികൾ എന്ന് വിളിക്കപ്പെടുന്ന ജനവിഭാഗം നൂറ്റാണ്ടുകളായി അവരുടെ മഞ്ഞുകാല ജീവിതം മുന്നോട്ട്കൊണ്ടുപോയതു.
വേനൽക്കാലത്തു നാനൂറു കിലോമീറ്റർ ദൂരംവരുന്ന ലേഹ് മഞ്ഞുറഞ്ഞ പുഴയിലൂടെ നൂറിൽത്താഴെ കിലോമീറ്റർ അടുത്തു എത്തും.
ഇതേ പാതയിലൂടെ ഉള്ളൊരു ട്രെക്കിങ്ങ് , മൈനസ് തണുപ്പിൽ , ഒരാഴ്ചയോളം എടുത്തു , ഉറഞ്ഞുപോയ പുഴക്കുമീതെയും , ചിലയിടങ്ങളിൽ മലയിലൂടെയും ഒക്കെ നടന്നു , കാലപ്രവാഹത്തെ പിടിച്ചുകെട്ടിയപോലത്തെ വെള്ളച്ചാട്ടങ്ങൾ ഒക്കെ കണ്ടു , സങ്സ്കാരികളുടെ സംസ്കാരത്തെ അറിഞ്ഞും അനുഭവിച്ചും ഒരു യാത്ര ! കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ, രാത്രിയിലെ നക്ഷത്രം നിറഞ്ഞ ആകാശം… സൻസ്‌കാരി ജനതയോടൊപ്പം ഗുഹകളിൽ താമസിച്ചും, ടെന്റുകളിൽ അന്തിയുറങ്ങിയും, തണുത്തുറഞ്ഞ പുഴയുടെ മുകളിലൂടെ നടന്നും, ലഡാക്കിലെ മഞ്ഞുകാല സംസ്കാരത്തെ അറിഞ്ഞുകൊണ്ടുള്ള ഒരുയാത്ര. ആരാണ് അത്തരം ഒരു യാത്ര ആഗ്രഹിച്ചു പോകാത്തത്?
പ്രതികൂലമായ കാലാവസ്ഥയെ തരണം ചെയ്തുമുന്നേറാൻ എന്നും മനുഷ്യൻ മിടുക്കൻ ആയിരുന്നു.. കാണാകാഴ്ചകൾ തേടി, അതിജീവനത്തിനായി മുന്നേറിയ മനുഷ്യനെ എന്നും ചരിത്രത്തിൽ നമുക്ക് കാണാം. ആ സാഹസികത, പുതിയ ലോകം കാണാനുള്ള അവന്റെ ആഗ്രഹം ഇതെല്ലാമാണ് ഒരു സഞ്ചാരിയെ മഞ്ഞുകാലത്തു സങ്സ്കാരിലെത്തിക്കുന്നത് .
“ചാധർ ട്രെക്ക്” എന്നപേരിൽ അറിയപ്പെടുന്ന ഈ യാത്ര ഒരുകാലത്തു വിദേശികൾ മാത്രം ആണ് എത്തിയിരുന്നെങ്കിൽ ഇന്ന് ധാരാളം ഇന്ത്യൻ സഞ്ചാരികളെയും ആകർഷിക്കുന്നു. ചാധർ എന്നാൽ ഒരു പുതപ്പുപോലെ പരന്നു കിടക്കുന്ന മഞ്ഞു ..പേരിനെ ശരിവെക്കും വിധം തണുത്തുറഞ്ഞ സങ്സ്കാർ നദി !!
ചിത്രങ്ങൾ കാണുമ്പോൾ, സങ്സ്കാരിനെ കുറിച്ച് വായിക്കുമ്പോൾ ഏതു സഞ്ചാരിയുടെയും മനസൊന്നുകൊതിക്കും അവിടെ എത്താൻ. പോകാൻ തെയ്യാറാകുന്നതിനു മുൻപ് താഴെയുള്ള കാര്യങ്ങൾ കൂടി കേട്ടോളു .
1 . ഇതു വിചാരിക്കുന്ന പോലെ എളുപ്പം ഉള്ള ഒരു യാത്ര അല്ല, 0 ഡിഗ്രിക്ക് താഴെ ഉള്ള താപനില, ചിലപ്പോൾ -30 വരെ പോകാം. 2 . ഹൈ അൾട്ടിട്യൂഡ് സിക്നെസ്സ് or AMS നു സാധ്യത കൂടുതൽ, ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര, കൃത്യമായ റെസ്റ്റിലത്തെ യാത്രചെയ്താൽ ഉണ്ടാകുന്ന ശക്തമായ തലവേദന, മരണത്തിനു വരെ കാരണമാകാം. ഇതിനു പരിഹാരങ്ങൾ ഉണ്ട്, Diamox ടാബ്ലറ്റ് യാത്ര തുടങ്ങുന്നതിനു 2 ദിവസം മുൻപേ കഴിച്ചുതുടങ്ങുക, ആദ്യദിവസം നല്ല മൂത്രശങ്ക തോന്നുമെങ്കിലും അതുകാര്യമാകാതിരിക്കുക . ധാരാളം വെള്ളം കുടിക്കുക, പിന്നെ ഉയർന്ന സ്ഥലവുമായി നമ്മുടെ ശരീരം തതന്മ്യം പ്രാപിക്കാൻ വേണ്ട രണ്ടു ദിവസത്തെ കൃത്യമായ റസ്റ്റ്. ചാധർ യാത്രക്ക് ഈ റസ്റ്റ് വളരെ കൃത്യമായി പാലിക്കേണ്ട ഒന്നാണ്. 3 . ഓക്സിജന്റെ ലഭ്യത കുറവ്. 4. 9 ദിവസം നീണ്ടുനിൽക്കുന്ന യാത്ര, 2 ദിവസം നിർബന്ധം ആയും ലഡാക്കിൽ. 6 ദിവസം ട്രെക്കിങ്ങ്, ദിവസവും 15 km ദൂരത്തിൽ കൂടാതെയുള്ള നടപ്പ് . 5 . മഞ്ഞു പാളികൾക്കു മുകളിലൂടെ തെന്നി നീങ്ങി നടനുള്ള യാത്ര , ഇടയ്ക്കിടെ തെന്നി വീണും, മറിഞ്ഞും യാത്ര തുടരുന്നത് . ഓരോ കാലടികളും കൃത്യമായി വെക്കണം, മഞ്ഞുപാളിക്ക് താഴെ ഒരു പുഴ ഉറങ്ങിക്കൊണ്ടു ഒഴുകുന്നുണ്ട്. ഐസിൽ പൊട്ടലുകൾ വീഴാനുള്ള സാധ്യത. 6. മരംകോച്ചുന്ന തണുപ്പ് – ഇതെല്ലാം ഈ യാത്രയെ ഒരു difficult ട്രെക്കിന്റെ ഗ്രൂപ്പിൽ പെടുത്താം.
ഇതുകൂടാതെ, മഞ്ഞുകാലത്തു ലഡാക്കിൽ എത്താൻ ആകെ ഉള്ള മാർഗം ഫ്ലൈറ്റ് ആണ് അതുകൊണ്ടു സാധാരണയിൽ കൂടുതലായുള്ള യാത്രയ്ക്കൂലി, ട്രെക്കിങ്ങ് സമയത്തെ യാത്രയും ടെന്റും, ഭക്ഷണത്തിനായി സാധനങ്ങൾ എടുത്തുകൊണ്ടു കൂടെപ്പോരുന്ന പോട്ടർമാർ, വളരെ പ്രഗൽപന്മാരായ ട്രെക്ക് ലീഡ്. മെഡിക്കൽ സൗകര്യങ്ങൾ മഞ്ഞുകാലത്തു ഭക്ഷണം / താമസം ഇതിനെല്ലാം ഉണ്ടാകുന്ന വർധിച്ച വില, ഇതെല്ലം ചാധർ ട്രെക്കിനെ ഒരു expensive യാത്രയാക്കി മാറ്റും.
ഇങ്ങനെയൊക്കെ ആണെകിലും ഓരോ വർഷവും ചാധർയാത്രക്കെത്തുന്ന ആളുകളുടെ എണ്ണം കൂടിവരുകയാണ്. ചില മലിനീകരണ പ്രേശ്നങ്ങൾകാരണം ടൂറിസം ഡിപ്പാർമെൻറ് ചില നിബന്ധനകളും, എൻവിയോർമെന്റൽ ഫീയും നൽകാൻ നിർദേശിച്ചിട്ടുണ്ട്.
ചാധർ എന്ന് കേൾക്കുമ്പോൾ നാളെത്തന്നെ പോയിക്കളയാം എന്ന് കരുതല്ലേ, പോകാൻ തയ്യാറായി കഴിഞ്ഞാൽ 2 മാസം എങ്കിലും കൃത്യമായി വ്യായാമം ചെയ്തു ശരീരത്തെ ഫിറ്റ് ആക്കി മാറ്റണം. അവിടെ കാത്തിരിക്കുന്നത് കാഴ്ചയുടെ ഒരു മായാലോകം ആണ്. തണുത്തുറഞ്ഞ നദി, തണുത്തുറഞ്ഞുപോയ വെള്ളച്ചാട്ടങ്ങൾ.. രാത്രിയിലെ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം, ഗുഹകളിൽ താമസം, രാത്രിയിൽ തണുത്തുറഞ്ഞ പുഴക്കുസമീപം ടെന്റിൽ താമസം.. പറഞ്ഞു അറിയിക്കാൻ കഴിയാത്ത അനുഭവങ്ങൾ.
ഓരോ യാത്രയും പ്രയാസമുള്ളതും എളുപ്പമുള്ളതും ആക്കിത്തീർക്കുന്നത് ഒരു യാത്രക്കാരന്റെ ആത്മവിശ്വാസം ആണ്. എനിക്ക് കഴിയും എന്ന് മനസ്സിൽ കുറിച്ചിടുന്നു ഓരോ യാത്രയും, എത്ര ബുദ്ധിമുട്ടുകൾ സഹിച്ചും അവർ ആഘോഷമാക്കും. മനസിലെ ആഗ്രഹം ശക്തം ആണെകിൽ പിന്നെ, ലോകത്തെ നമ്മൾ കൂടെ നിർത്തിക്കും ആ ആഗ്രഹത്തിലേക്കെത്താൻ!!!
തണുത്തുറഞ്ഞ സങ്സ്കാർ നദിയും , നിശ്ചലമായിപോയ വെള്ളച്ചാട്ടവും, കണ്ണാടിപോലെ ഉള്ള ഐസിനു മുകളിലൂടെ യാത്രചെയ്യുന്ന സാഹസികരെയും, മഞ്ഞുമൂടിയ ഹിമാലയൻ മലനിരകളുടെയും ചിത്രങ്ങൾ കാണുന്ന നാൾമുതൽ ഈ യാത്ര എന്റെ സ്വപ്നം ആയിരുന്നു. ആ സ്വപ്നം സത്യമാകുകയാണ് ഈ ജനുവരിയിൽ!!