ലോകത്തിലെ മികച്ച പോലീസ് സേനകളിൽ ഒന്നാണ് ന്യൂസിലാൻഡ് പോലീസ്. കുറച്ചു നാൾ മുൻപ് ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന രീതിയിൽ പ്രൊമോഷണൽ വീഡിയോ ഇറക്കി ലോകത്തെ ആശ്ചര്യപ്പെടുത്തി പേരെടുത്തിരുന്നു ന്യൂസിലാൻഡ് പോലീസ്. അന്ന് ആ വീഡിയോ കണ്ടു ന്യൂസിലാൻഡ് പോലീസിൽ ചേരാൻ കൊതിച്ചവർ ഏറെയാണ്. ഇപ്പോഴിതാ അതേ പോലീസ് ഫോഴ്സിൽ ചേർന്നിരിക്കുകയാണ് ഇന്ത്യക്കാരിയായ, മലയാളിയായ, അതിലുപരി ചാലക്കുടിക്കാരിയായ ഒരു യുവതി. പേര് അൽഫി ജോളി. ആരും സഞ്ചരിക്കാത്ത പാതയിലൂടെ സഞ്ചരിക്കാൻ ഇഷ്ടപെടുന്ന അൽഫി കഷ്ടപെടാനുള്ള മനസ്സുണ്ടെങ്കിൽ സ്വപ്നങ്ങൾക്ക് ചിറകുവച്ചു ആകാശത്തെ എത്തിപിടിക്കാം എന്ന് സ്വന്തം ജീവിതംകൊണ്ട് പഠിപ്പിക്കുകയാണ്.
ന്യൂസിലാൻഡ് പോലീസിൽ ഡിപ്പാർട്മെന്റ് ഓഫ് കറക്ഷൻ വിഭാഗത്തിൽ പോലീസ് ഓഫീസറായി അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് ഈ ചാലക്കുടിക്കാരി. ഓൺലൈൻ ടെസ്റ്റ്, പാനൽ ഇന്റർവ്യൂ, ഫിസിക്കൽ ടെസ്റ്റ്, ട്രെയിനിങ് അങ്ങനെ കടമ്പകൾ ഒരുപാടുണ്ട് ഈ നേട്ടത്തിന് പിന്നിൽ. ആ കടമ്പകളൊക്കെ ന്യൂസിലാൻഡ് പോലീസിന്റെ പ്രോമോ വീഡിയോ കണ്ടാൽ മനസ്സിലാകും.
സോഷ്യൽ മീഡിയയിലെ ‘ഞങ്ങൾ ചാലക്കുടിക്കാർ’ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ വിവരം പോസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് ഇത് കൂടുതലാളുകൾ അറിയുവാനിടയായത്. ഇതോടെ ചാലക്കുടിക്കാർ ഉൾപ്പെടെ നിരവധിയാളുകളാണ് അൽഫിയ്ക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത്. “ചാലക്കുടിക്കാർക്ക് അങ്ങ് ന്യൂസിലാൻഡ് പോലീസിലും പിടിയുണ്ട്” എന്നൊക്കെയാണ് പോസ്റ്റിനു താഴെ വരുന്ന അഭിനന്ദന കമന്റുകൾ.
കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ ഇഷ്ടപെട്ടത് നേടാം എന്ന് പഠിപ്പിച്ച ഈ വനിത നമുക്ക് എല്ലാവർക്കും ഒരു പ്രചോദനമാവട്ടെ. നാലു ചുവരുകൾക്കുള്ളിൽ ഒതുക്കാൻ കഴിയുന്നതല്ല ഒരു സ്ത്രീയുടെ കഴിവുകൾ, അവരുടെ ചിറകുകൾ കെട്ടിയിടുന്നത് പലപ്പോഴും വീട്ടുകാർ തന്നെയാണ്. അവർ പറക്കട്ടെ സ്വപ്‌നങ്ങൾ എത്തിപിടിക്കട്ടെ , ചാലക്കുടിയുടെ അഭിമാനം ഉയർത്തിയ അൽഫി അതിനൊരു കാരണമാവട്ടെ, ചിന്താഗതികൾ മാറാനുള്ള കാരണം. അൽഫി ജോളിയ്ക്ക് എല്ലാവിധ ആശംസകളും, ഇനിയും ഉയരങ്ങൾ എത്തിപ്പിടിക്കാൻ സാധിക്കട്ടെ.
1840 ലാണ് ന്യൂസിലാൻഡ് പോലീസിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. കോൺസ്റ്റബിൾ, സീനിയർ കോൺസ്റ്റബിൾ, സെർജെന്റ്, സീനിയർ സെർജെന്റ്, ഇൻസ്‌പെക്ടർ, സൂപ്രണ്ടന്റ്, അസിസ്റ്റന്റ് കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, കമ്മീഷണർ എന്നിങ്ങനെയാണ് ന്യൂസിലാൻഡ് പൊലീസിലെ ഉദ്യോഗസ്ഥരുടെ സ്ഥാനങ്ങൾ. പോലീസ് ഓഫീസർമാർ തമ്മിൽ പരസ്പരം ബന്ധപ്പെടുന്നത് ആപ്പിൾ ഐഫോൺ മുഖേനയാണ്. ഫേസ്‌ബുക്കിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉണ്ടായിരുന്ന പോലീസ് ഫേസ്‌ബുക്ക് പേജ് ന്യൂസിലാൻഡ് പോലീസിന്റേത് ആയിരുന്നു. ഈ റെക്കോർഡ് പിന്നീട് കേരള പോലീസ് മറികടക്കുകയും ചെയ്തു.