ഓൺലൈൻ ടാക്സികളിൽ ഏറ്റവും പ്രശസ്തമാണ് യൂബർ ടാക്സി. നമ്മളിൽ പലരും യൂബറിൽ സഞ്ചരിച്ചിട്ടുമുണ്ടാകും. എന്നാൽ യാത്രയ്ക്കിടയിൽ ടാക്സി ഡ്രൈവർ ഉറങ്ങിപ്പോയാലോ? പകരം നിങ്ങൾ ടാക്സി ഓടിക്കേണ്ടി വന്നാലോ? കേൾക്കുമ്പോൾ ഏതോ സിനിമയിലെ കോമഡി രംഗമെന്നു തോന്നുമെങ്കിലും സംഭവം ശരിക്കും നടന്നതാണ്. കേൾക്കുന്നവരെയെല്ലാം അമ്പരപ്പിക്കുന്ന ആ സംഭവം ചുവടെ കൊടുക്കുന്നു.. ഒന്നു വായിക്കാം.
28 വയസ്സുള്ള തേജസ്വിനി ദിവ്യ എന്ന യുവതിയാണ് യാത്രയ്ക്കിടയിൽ ടാക്സി ഓടിക്കേണ്ടി വന്ന ആ ഹതഭാഗ്യ. രാവിലെ പൂനെയിൽ നിന്നും മുംബൈയിലേക്ക് ഇന്റർസിറ്റി യൂബർ ടാക്സി ഓൺലൈനായാണ് തേജസ്വിനി ബുക്ക് ചെയ്തത്. കാറുമായി ഡ്രൈവർ യുവതി നിൽക്കുന്നയിടത്തേക്ക് വരികയും യുവതിയെയും കയറ്റി Destination point ലേക്ക് യാത്രയാരംഭിക്കുകയും ചെയ്തു.
പൂനെ – മുംബൈ റൂട്ടിൽ സാധാരണയായി ടാക്സിയ്ക്ക് മൂന്നു മണിക്കൂറോളം യാത്ര ചെയ്യേണ്ടി വരും. യാത്രയാരംഭിച്ചു കുറേക്കഴിഞ്ഞാണ് യുവതി ഞെട്ടിക്കുന്ന ആ കാര്യം കണ്ടത്. ടാക്സി ഡ്രൈവർ വണ്ടിയോടിക്കുന്നതിനിടെ മയങ്ങിപ്പോകുന്നു. അർദ്ധബോധാവസ്ഥയിലാണ് അദ്ദേഹം വണ്ടിയോടിക്കുന്നത്. ഇതിനിടെ അയാൾ കഷ്ടപ്പെട്ട് കണ്ണു തുറക്കാനും നേരെ നോക്കി വണ്ടിയോടിക്കുവാനുമൊക്കെ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ശരിയാകുന്നില്ല. തലേദിവസം തുടങ്ങിയ ഡ്യൂട്ടി കാരണമാകാം.
യുവതി ബഹളം വെച്ച് ഡ്രൈവറെ ഉണർത്തുകയും കാർ വഴിയോരത്ത് നിർത്തിക്കുകയും ചെയ്തു. തുടർന്ന് ഡ്രൈവർക്ക് വണ്ടിയോടിക്കുവാനുള്ള ശാരീരികക്ഷമതയില്ലെന്നു (ഉറക്കക്ഷീണം) മനസ്സിലാക്കിയതിനാൽ യാത്രക്കാരിയായ തേജസ്വിനി ഡ്രൈവിംഗ് സീറ്റിൽ കയറുകയായിരുന്നു. പാവം ഡ്രൈവറെ തൊട്ടരികിലെ സീറ്റിൽ ഇരുന്നുറങ്ങുവാനും അനുവദിച്ചു. അങ്ങനെ ടാക്സി കാർ യാത്രക്കാരി സ്വയം ഡ്രൈവ് ചെയ്ത് ലക്ഷ്യസ്ഥാനത്തെത്തുകയും ചെയ്തു. വണ്ടി മുംബൈയിൽ എത്തിയപ്പോഴാണ് ടാക്സി ഡ്രൈവർ ഉറക്കമുണർന്നത്.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ട് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ സഹിതം പോസ്റ്റിട്ടതോടെ കാര്യം പുറംലോകമറിയുകയും യൂബർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് ക്ഷമാപണവുമായി യൂബർ കമ്പനി രംഗത്തു വരികയും ചെയ്തു. സംഭവത്തിൽ പോലീസ് കേസുമായി മുന്നോട്ടു പോകുവാനാണ് യൂബർ കമ്പനി യുവതിയോട് ആവശ്യപ്പെട്ടത്.
വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരുന്നത് ഡ്രൈവർ മാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്, മാത്രമല്ല രാത്രി കാലങ്ങളിലെ ഡ്രൈവിംഗ് വലിയ അപകടത്തിന് കാരണമാകുന്നു.
എത്ര മികച്ച ഡ്രൈവർ ആണെങ്കിൽ പോലും ഈ പ്രശ്‌നത്തെ നേരിടാന് വലിയ പ്രയാസമാണ്. രാത്രി നടക്കുന്ന പല അപകടങ്ങൾക്കും കാരണം ഇത്തരത്തിൽ ഡ്രൈവറുടെ ഉറക്കം തന്നെയാകാം. പലപ്പോഴും ഡ്രൈവർ അറിയാതെയാണ് ഉറക്കത്തിലേക്ക് വീണുപോകുന്നത്. ഉറക്കം വരുന്നു എന്ന് തോന്നിയാൽ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തി വെക്കണം.
ഉറക്കംതൂങ്ങുന്ന ഡ്രൈവർ മദ്യപിച്ചു വാഹനം ഓടിക്കുന്നയാളുടെ അത്രയും തന്നെ അപകടകാരിയായിരിക്കാം. ദൂരയാത്ര പോകേണ്ട സാഹചര്യത്തിൽ, അല്ലെങ്കിൽ ഡ്രൈവ് ചെയ്യുന്ന സമയത്ത് ശ്രദ്ധിച്ചാല്‍ ഉറക്കം വരുന്ന പ്രശ്‌നം ഇല്ലാതാക്കാം. അതിന് ആദ്യം വേണ്ടത് നല്ല ഉറക്കം ലഭിക്കുക എന്നതാണ്. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഏഴോ എട്ടോ മണിക്കൂർ ഉറങ്ങിയതിനു ശേഷം മാത്രം നീണ്ട ഡ്രൈവിംഗ് തുടരുക.