ലേഖനം എഴുതിയത് – സച്ചിൻ (ചരിത്രാന്വേഷികൾ ഗ്രൂപ്പ്).
വിമാനങ്ങള്‍ കാണാത്തവര്‍ ഉണ്ടാവില്ല. അതില്‍ കയറിയിട്ടും ഉണ്ട് നമ്മില്‍ പലരും. പക്ഷെ ലോകത്തിലെ ഏറ്റവും വലിയ വിമാനം കണ്ടിട്ടുണ്ടോ? പോട്ടെ, അത് ഏതാനെന്നെങ്കിലും അറിയാമോ? എയര്‍ ബസ് നിര്‍മിച്ച A 380 ആണ് അതെന്നു പലരും തെറ്റിദ്ധരിക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ അല്ല. ലോകത്തിലെ ഏറ്റവും വലിയ വിമാനം ഒരു ഒറ്റയാന്‍ ആണ്. അതായത് ആ ജനുസ്സില്‍ പെട്ട ഒരെണ്ണം മാത്രമേ നിര്‍മിച്ചിട്ടുള്ളൂ എന്നര്‍ത്ഥം. ആ ചരിത്രം പറയാം.
സ്പേസ് റേസിന്റെ അവസാന കാലത്ത് ആണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. മറ്റേതൊരു മേഖലയിലും എന്ന പോലെ വിമാനങ്ങളുടെ വികസനവും സൈനിക ആവശ്യങ്ങള്‍ക്കായിരുന്നു. അതില്‍ നിന്നും ഉണ്ടാകുന്ന പുതിയ കണ്ടുപിടുത്തങ്ങള്‍ സിവില്‍ ഏവിയേഷന് വേണ്ടിയും ഉപയോഗിച്ചിരുന്നു എന്ന് മാത്രം.
സൈനികരേയും യുദ്ധോപകരണങ്ങളും വഹിച്ചു ഏറെ ദൂരം പറക്കാന്‍ സാധിക്കുന്ന കാരിയര്‍ വിമാനങ്ങല്‍ക്കയുള്ള പരീക്ഷണങ്ങള്‍ ശീത യുദ്ധ കാലത്ത് കൊണ്ട് പിടിച്ചു നടന്നിരുന്നു. ടെക്നോളജിയും ആധുനിക സംവിധാനങ്ങളും ആയിരുന്നു അമേരിക്കയുടെ തുരുപ്പു ചീട്ടു എങ്കില്‍ വലിപ്പവും എണ്ണത്തില്‍ ഉള്ള ആധിക്യവും ആയിരുന്നു റഷ്യയുടെ പ്രത്യേകത. അങ്ങനെ രണ്ടു കൂട്ടരും മത്സരിച്ചു പുതിയ പുതിയ ക്യാരിയര്‍ വിമാനങ്ങള്‍ നിര്‍മിച്ചു കൊണ്ടിരുന്നു.
ഇങ്ങനെ ഇരിക്കുമ്പോള്‍ ആയിരുന്നു അമേരിക്ക സ്പേസ് ടെക്നോളജിയില്‍ വന്‍ കുതിച്ചു ചാട്ടം നടത്തി കൊണ്ട് വീണ്ടും ഉപയോഗിക്കാവുന്ന ബഹിരാകാശ വാഹനങ്ങള്‍ (സ്പേസ് ഷട്ടില്‍) കണ്ടു പിടിക്കുന്നതും അത് വിജയകരമായി ഉപയോഗിക്കുന്നതും. ചന്ദ്ര യാത്ര മുതല്‍ പുറകില്‍ ആയി പോയെങ്കിലും അമേരിക്കക്ക് തൊട്ടു പുറകെ തന്നെ റഷ്യയും സ്പേസ് ഷട്ടില്‍ നിര്‍മിക്കാന്‍ ആരംഭിച്ചു.ബുറാന്‍. പക്ഷെ ഒരു പ്രധാന പ്രശ്നം അവരെ അലട്ടി. മോസ്കോയിലെ അത്യാധുനിക ലാബുകളില്‍ വച്ച് നിര്‍മിക്കുന്ന ഷട്ടില്‍ എങ്ങനെ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള കസാക്കിസ്ഥാനിലെ ബൈക്കന്നുര്‍ വിക്ഷേപണ തറയില്‍ എത്തിക്കും. സാധാരണ ഇതിനായി ഉപയോഗിച്ചിരുന്നത് ട്രെയിന്‍ ആയിരുന്നു. പക്ഷെ ഭീമന്‍ ഷട്ടിലിനെ റെയില്‍ മാര്‍ഗം കൊണ്ട് പോകാന്‍ സാധിക്കില്ലായിരുന്നു. അമേരിക്കക്കാര്‍ ഉപയോഗിച്ച മാര്‍ഗം തന്നെ ഒടുവില്‍ ഇതിനായി സ്വീകരിക്കാന്‍ റഷ്യ തീരുമാനിച്ചു. വായു മാര്‍ഗം.
അമേരിക്ക തങ്ങളുടെ സ്പേസ് ഷട്ടിലുകള്‍, ചില മാറ്റങ്ങള്‍ വരുത്തിയ Boeing 747 വിമാനം വഴിയായിരുന്നു കൊണ്ട് പോയിരുന്നത്. അന്ന് ലോകത്തില്‍ നിലവിലുണ്ടായിരുന്ന ഏറ്റവും വലിയ വിമാനം സോവിയറ്റ് യൂണിയന്റെ കൈ വശം ആയിരുന്നു. (ഇന്നും പ്രൊഡക്ഷന്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനം എന്ന റെക്കോഡ് ഈ വിമാനത്തിനു തന്നെയാണ്. കാര്‍ഗോ സര്‍വീസും നടത്തുന്ന ഇത്തരത്തില്‍ ഒരു വിമാനത്തില്‍ ആണ് നമ്മുടെ ഡല്‍ഹി മെട്രോയുടെ ട്രെയിനുകള്‍ ജര്‍മനിയില്‍ നിന്നും കൊണ്ട് വന്നത്) അന്ട്ടനോവ് 124 എന്ന പേരില്‍ അറിയപ്പെട്ട ഈ വിമാങ്ങള്‍ക്ക് പക്ഷെ ബുറാന്‍ കൊണ്ട് പോകാന്‍ ഉള്ള ശേഷി ഇല്ലായിരുന്നു.
അങ്ങനെ ഇതിനു വേണ്ടി മാത്രം ഒരു ഭീമന്‍ വിമാനം നിര്‍മിക്കാന്‍ സോവിയറ്റ് യൂണിയന്‍ തീരുമാനിച്ചു. ബേസ് മോഡലായി എ എന്‍ 124 തന്നെയാണ് എടുത്തത്. ഇത്തരം ഒരു വിമാനത്തിനു ഏതാണ്ട് 600 കോടി രൂപ നിര്‍മാണ ചെലവ് ഉണ്ടായിരുന്നു എങ്കില്‍ പുതുതായി നിര്‍മിക്കുന്ന ഭീമന്‍ വിമാനത്തിനു ചെലവ് അതിന്റെ മൂന്നിരട്ടി ആയിരുന്നു. രണ്ടു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയായി 1988 ഇല്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനം പുറത്തിറങ്ങി അന്റൊനോവ് 225 എന്നായിരുന്നു ഈ രാക്ഷസന്റെ പേര്. പക്ഷെ സോവിയറ്റ് യൂണിയന്‍ ഇതിനെ വിളിച്ച ഓമനപ്പേര് മ്രീയ (സ്വപ്നം എന്ന് റഷ്യന്‍ ഭാഷയില്‍) എന്നായിരുന്നു.
ശരിക്കും സ്വപ്നത്തില്‍ കൂടി കാണാന്‍ സാധിക്കാത്ത അത്ര ഭീമം ആയിരുന്നു ഇതിന്റെ വലുപ്പവും ശേഷിയും വാലറ്റം തൊട്ടു മൂക്കിന്‍ തുംബ് വരെ ഇതിന്റെ നീളം 84 മീറ്റര്‍ ആയിരുന്നു എങ്കില്‍ ചിറകുകളുടെ വിസ്താരം 88 മീറ്റര്‍ ഉണ്ടായിരുന്നു. ആറു എന്‍ജിനുകള്‍ വേണമായിരുന്നു ഇവനെ ആകാശത്ത് എത്തിക്കുവാന്‍. പക്ഷെ ഇതൊന്നും അല്ല, ഭാരം ചുമക്കാനുള്ള ഇവന്റെ ശേഷി ആയിരുന്നു ഇതിനെ ശരിക്കും വേറിട്ട് നിര്‍ത്തിയിരുന്നത്. 250 ടണ്‍ ആയിരുന്നു മ്രീയക്ക് ചുമക്കാന്‍ സാധിക്കുന്ന മാക്സിമം ലോഡ്. (ഒരു ടണ്‍ ആയിരം കിലോ) തൊട്ടു പുറകില്‍ നില്‍ക്കുന്ന An 124 നു 150 ഉം അമേരിക്കയുടെ ഏറ്റവും വലിയ ക്യാരിയര്‍ ജെട്ടായ ഗ്യാലക്സിക്ക് 125 ഉം ടണ്‍ ആണ് ഉയര്‍ത്താന്‍ സാധിക്കുള്ളൂ എന്നിടത്താണ് മ്രീയയുടെ 250 ടണ്‍ അത്ഭുദം ആകുന്നത്.
ഈ എയര്‍ക്രാഫിട്ടിനു എംറ്റി വെയിറ്റ് മാത്രം 280 ടണ്‍ വരുമായിരുന്നു. ഇതിനൊക്കെ പുറമേ അമ്പതു ടണ്ണിനു അടുത്ത് ഫ്യൂവലും. അങ്ങനെ മൊത്തത്തില്‍ ഏതാണ്ട് അരന്നൂര്‍ ടണ്‍ ഭാരം വരുന്ന ഒരു വസ്തു ആണ് ആകാശത്ത് പറന്നു പോകുന്നത്. (ഒരു സാധാരണ ആനയുടെ ഭാരം അഞ്ചോ ആറോ ടണ്‍ ആണെന്ന് വായനക്കാരന്‍ ഓര്‍ക്കണം) ഈ പുത്തന്‍ വിമാനം ആ വര്‍ഷത്തെ പാരീസ് എയര്‍ ഷോയില്‍ കാണികളെ അക്ഷാരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു. ബുറാന്‍ ചുമലില്‍ ഏറ്റി ഇവന്‍ തന്റെ ലക്ഷ്യങ്ങള്‍ തേടി അനന്ത വിഹായസ്സിലൂടെ പറന്നു. പുതിയ ലോകാത്ഭുധത്തെ കാണാന്‍ കാണികള്‍ തിരക്ക് കൂട്ടി.
പക്ഷെ മ്രീയയുടെ ഈ സെലിബ്രെട്ടി പദവി അധിക കാലം നീണ്ടില്ല. ജനന സമയം മോശം ആയതുകൊണ്ട് ആയിരിക്കണം വിമാനം നിര്‍മിച്ചു അധിക കാലം കഴിയും മുന്‍പേ തന്നെ സോവിയറ്റ് യൂണിയന്‍ ചിന്ന ഭിന്നം ആയി. ബുരാന്‍ പ്രോഗ്രാം തന്നെ ക്യാന്‍സല്‍ ചെയ്തു. ആണ്ട്ടനോവ് കമ്പനി ഉക്രയിന്റെ ഭാഗമായി. സ്വകാര്യ വല്‍ക്കരിക്ക പെട്ട കമ്പനിയുടെ ഗവന്മേന്റ്റ് ഫണ്ടിംഗ് നിലച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളുടെ ശില്‍പ്പികള്‍ കടക്കെണിയിലും ദാരിദ്ര്യത്തിലും ആയി.
യുവാക്കള്‍ ആയ ഡിസൈനര്‍മാര്‍ പാശ്ചാത്യ രാജ്യങ്ങള്‍ തേടി പോയി. മ്രീയ കട്ട പുറത്തും ആയി. ഓരോ ഭാഗങ്ങള്‍ ആയി കമ്പനി ഊരി വില്‍ക്കാന്‍ തുടങ്ങി. ഇനിയൊരു തിരിച്ചു വരവ് ഇല്ലാത്ത വിധം ഈ രാക്ഷസന്‍ ഏഴു കൊല്ലം മഞ്ഞും വെയിലും കൊണ്ട് മരണം കാത്തു കിടന്നു. പക്ഷെ തൊണ്ണൂറുകളുടെ അവസാനത്തില്‍ കമ്പനി കാര്‍ഗോ ഫീല്ടിലേക്ക് തിരിഞ്ഞതോടെ ഇവനെ വീണ്ടും പൊടി തട്ടി എടുത്തൂടെ എന്ന് ചിന്തിക്കാന്‍ തുടങ്ങി.
അങ്ങനെ രണ്ടും കല്‍പ്പിച്ചു തുരുംബെടുത്തു തുടങ്ങിയ മ്രീയയെ ആണ്ട്ടനോവ് വന്‍ തുക ചിലവിട്ടു ആധുനിക സജ്ജീകരണങ്ങള്‍ വരുത്തി പുതുക്കി പണിയാന്‍ തുടങ്ങി. പുതിയ മില്ലേനിയം ഒരിക്കല്‍ ചിറകറ്റു പോയ ഈ ഭീമന്‍ പറവയുടെ ഉയിര്തെഴുന്നെല്‍പ്പിനു സാക്ഷിയായി. പതിയെ പതിയെ മ്രീയയെ പോലെ തന്നെ ആണ്ട്ടനോവ് കമ്പനിയും പഴയ പ്രതാപം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നു. ലോകമെങ്ങും അസാധാരണ വലിപ്പമുള്ള കാര്‍ഗോയും പേറി ഇന്നും മ്രീയ പറക്കുന്നു.