വിമാനങ്ങളിൽ യാത്ര ചെയ്യുവാൻ ഇഷ്ടമില്ലാത്തവർ അധികമാരും കാണില്ല. എന്നാൽ നിങ്ങൾ യാത്ര ചെയ്യുന്ന വിമാനങ്ങളെക്കുറിച്ചോ മോഡലുകളെക്കുറിച്ചോ ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ? ഇന്ന് ലോകത്തിൽ സർവ്വീസ് നടത്തുന്നവയിൽ ഏറ്റവും വലിയ യാത്രാ വിമാനം ഏതാണ്? ചിലർക്കെങ്കിലും ഉത്തരം അറിയാമായിരിക്കും. എങ്കിലും പറഞ്ഞു തരാം.
ലോകത്തിലെ പ്രമുഖ വിമാന നിർമ്മാണ കമ്പനിയായ ‘എയർബസ്’ നിർമ്മിച്ച A 380 എന്ന മോഡലാണ് ഇന്ന് സർവ്വീസ് നടത്തുന്നവയിൽ ഏറ്റവും വലിയ മോഡൽ വിമാനം. നമ്മൾ കണ്ടിട്ടുള്ള സാധാരണ വിമാനങ്ങളെ അപേക്ഷിച്ച് രണ്ടു നിലകൾ ഉണ്ടെന്നുള്ളതാണ് ഇതിന്റെ എടുത്തു പറയേണ്ട ഒരു സവിശേഷത.
2007 ഏപ്രിൽ 27 നു ഫ്രാൻസിലെ ടുളുസിൽ വെച്ചായിരുന്നു ഇതിന്റെ ആദ്യ പറക്കൽ. എന്നാൽ A 380-യുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ യാത്ര 2007 ഒക്ടോബർ 25-നായിരുന്നു. സിംഗപ്പൂർ എയർലൈൻസായിരുന്നു ഈ ഇരുനില ഭീമൻ വിമാനത്തെ ആദ്യമായി സ്വന്തമാക്കിയത്. സിംഗപ്പൂർ എയർലൈൻസിന്റെ സിംഗപ്പൂർ – സിഡ്‌നി റൂട്ടിലെ SQ380 വിമാനമാണ് ആദ്യമായി യാത്രാ സർവ്വീസ് നടത്തുന്ന A 380 വിമാനം. മറ്റൊരു പ്രമുഖ വിമാന നിർമ്മാണ കമ്പനിയായ ബോയിങ്ങിന്റെ B747 എന്ന മോഡലിനെ ജംബോ ജെറ്റ് എന്നു വിളിക്കാറുണ്ട്. ഇതേപോലെ A380 യെ ‘സൂപ്പർ ജംബോ’ എന്നാണു അറിയപ്പെടുന്നത്.
യാത്രക്കാർ ഏറ്റവും കൂടുതൽ സഞ്ചരിക്കുവാൻ ഇഷ്ടപ്പെടുന്ന വിമാന മോഡലാണ് A 380. സീറ്റുകൾക്കിടയിലെ നല്ല ലെഗ് സ്‌പേസും മികച്ച സൗകര്യങ്ങളുമുള്ള ഈ വിമാനത്തിന്റെ ഉൾവശം കണ്ടാൽ ഒരു മിനി തിയേറ്റർ ആണെന്നേ തോന്നൂ. ദീർഘദൂര സർവ്വീസുകൾക്കാണ് ഈ മോഡൽ വിമാനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്. പക്ഷേ ജനപ്രിയമായിട്ടും ഈ മോഡലുകളുടെ നിർമ്മാണം അവസാനിപ്പിക്കുവാൻ പോകുകയാണ് എയർബസ് കമ്പനി. കാരണം മറ്റൊന്നുമല്ല പ്രതീക്ഷിച്ച പോലെ ഈ മോഡലുകൾ ഒന്നും വിറ്റു പോകുന്നില്ല. പുതിയ A 380 വിമാനങ്ങൾക്കായി നൽകിയിരുന്ന ഓർഡറുകൾ വിമാനക്കമ്പനികൾ ക്യാൻസൽ ചെയ്യുകയും കൂടി ചെയ്തതോടെ ഈ ഭീമൻ വിമാനത്തിന്റെ അവസാനമാകുകയായിരുന്നു.
സൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ഈ മോഡൽ ഉപയോഗിച്ചു സർവ്വീസ് നടത്തുന്നതിനുള്ള അധിക ചെലവുകളാണ് എയർലൈനുകളെ മറ്റു മോഡലുകൾ വാങ്ങുന്നതിലേക്കുള്ള തീരുമാനങ്ങളിലേക്ക് എത്തിച്ചത്. A 380 വെച്ച് നടത്തുന്ന സർവീസുകളിൽ ഒരു സീറ്റ് ഒഴിഞ്ഞു കിടന്നാൽ എയര്ലൈനുകൾക്ക് അതുമൂലമുണ്ടാകുന്ന നഷ്ടം ഏറെയാണ്. മികച്ച യാത്രാ സൗകര്യങ്ങൾ വാഗ്ദാനം തരുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് ഉയർന്നതായതിനാൽ സാധാരണക്കാരായ യാത്രക്കാർ മറ്റു വിമാനങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ഇതാണ് ഇതിൽ യാത്രക്കാർ കുറയുവാൻ കാരണവും. നീളം കുറഞ്ഞ റൺവേകളുള്ള എയർപോർട്ടുകളിൽ ഇറക്കുവാൻ സാധ്യമല്ലാത്തതും ഈ മോഡലിന്റെ ഡിമാൻഡ് കുറയുവാൻ ഇടയാക്കി.
ഉയർന്ന തുക നൽകി ഒരു A 380 വിമാനം വാങ്ങി സർവ്വീസ് നടത്തിയിട്ട് അതിനനുസരിച്ചുള്ള ലാഭം വിമാനക്കമ്പനികൾക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. ഇന്ധനത്തിനും അറ്റകുറ്റപ്പണികൾക്കുമാണ് A 380 മോഡലിന് ചിലവുകൾ ഏറെയും വരുന്നത്. ഏറ്റവും കൂടുതൽ A 380 സൂപ്പർ ജംബോ വിമാനങ്ങൾ വാങ്ങിയിരുന്ന എമിറേറ്റ്സ് കമ്പനിയും ഓർഡറുകൾ വെട്ടിക്കുറച്ചതോടെ ഈ മോഡൽ ഇനി പുറത്തിറക്കേണ്ട എന്ന നിലപാടിലാണ് എയർബസ് കമ്പനി. നിലവിലുള്ള ഓർഡറുകൾ കൊടുത്ത ശേഷമായിരിക്കും ഈ മോഡൽ ഉൽപ്പാദനം നിർത്തുക. ഇതുപ്രകാരം 2021 ഓടെ A 380 എന്ന ഇരുനില ഭീമൻ വിമാനം കളത്തിൽ നിന്നും പിന്മാറും.
എയർബസ് പുറത്തിറക്കുന്ന, A 380 യെക്കാൾ വലിപ്പം കുറഞ്ഞ A 330, A 350 മോഡലുകൾക്കാണ് ഇപ്പോൾ കൂടുതൽ ആവശ്യക്കാർ. കൂടുതൽ സൗകര്യപ്രദവും കൂടുതൽ കാലം ഈട് നിൽക്കുന്നതുമെന്നതിനാലാണ് എയർലൈൻ കമ്പനികൾക്ക് ഈ മോഡലുകൾ A 380 യെക്കാൾ പ്രിയങ്കരമായത്. എയർബസ് A 380 മോഡൽ നിർത്തുന്നതോടെ ഏകദേശം 3500 ഓളം തൊഴിലാക്കികൾക്ക് ജോലി നഷ്ടപ്പെടുമെന്നാണ് സൂചന. എങ്കിലും പരമാവധി ആളുകളെ ജോലി നഷ്ടപ്പെടാതെ തന്നെ തങ്ങളുടെ വിവിധ മേഖലകളിലേക്ക് തിരഞ്ഞെടുക്കുമെന്ന് എയർബസ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
എയർ ഫ്രാൻസ്, ബ്രിട്ടീഷ് എയർവേയ്‌സ്, ഏഷ്യാന എയർലൈൻസ്, ചൈന സതേൺ എയർലൈൻസ്, എമിറേറ്റ്സ്, ഇത്തിഹാദ്, കൊറിയൻ എയർ, ലുഫ്താൻസ, മലേഷ്യ എയർലൈൻസ്, ക്വാണ്ടാസ്, ഖത്തർ എയർവേയ്‌സ്, സിംഗപ്പൂർ എയർലൈൻസ്, തായ് എയർവേയ്‌സ് എന്നീ എയർലൈനുകളാണ് നിലവിൽ A 380 മോഡൽ വിമാനങ്ങൾ ഉപയോഗിച്ച് സർവ്വീസ് നടത്തുന്നത്.